വിജനമായ പാർക്കിലെ ആൽമരം

ന്തുപറ്റീ ഈ മനുഷ്യർക്കെല്ലാം? കഴിഞ്ഞ കുറെ ദിവസമായി ഇവിടെ മനുഷ്യരുടെ അനക്കമില്ലാതായിട്ട്. ഇത്രയും കാലത്തിന് ഇടക്ക് ഇങ്ങനെ ഒരവസ്ഥ ഉണ്ടായിട്ടേയില്ല. നൂറ് കൊല്ലത്തോളമായി ഇവിടെ ജീവിക്കാൻ തുടങ്ങിയിട്ട് അതിനിടക്ക് ഇതാദ്യമാണ് ഇങ്ങനെ ഒരവസ്ഥ.

പണ്ടിവിടെ ഒരു ചെറിയ കാടായിരുന്നു. പലപ്പോഴായി മനുഷ്യർ നിരവധി മരങ്ങളും ചെടികളും വെട്ടി നശിപ്പിച്ചു. നിരവധി ജീവനുകൾ പൊഴിഞ്ഞു വീഴുന്നത് സങ്കടത്തോടെ കണ്ടു നിന്നിട്ടുണ്ട്. ഇലകൾ പൊഴിച്ച് സങ്കടപ്പെടാൻ മാത്രമല്ലേ എനിക്കാവൂ.

എൻെറ അടുത്ത് വരാറുള്ള മൈനയും തത്തയും കാക്കയും ഓലഞ്ഞാലിയും കുരുവിയും മൂങ്ങയും ഇരട്ടത്തലച്ചിയുമൊക്കെ മനുഷ്യരുടെ ക്രൂരതയെ കുറിച്ച് വാചാലരാവും. അപ്പോഴെല്ലാം ജീവനെടുക്കാതെ എന്നോട് കരുണകാട്ടിയ മനുഷ്യരെ കുറിച്ച് അത്ഭുതപ്പെടാറുണ്ട്.

ഒരു വ്യാഴവട്ടത്തിനു മുമ്പാണ് ഇവിടം ഒരു പാർക്കാക്കി മാറ്റാൻ തുടങ്ങിയത്. നിരവധി സിമൻറ് ബെഞ്ചുകൾ സ്ഥാപിച്ചു. സ്വാഭാവികമായി വളരുന്ന ചെടികളൊക്കെ വെട്ടിമാറ്റി ഇവിടൊന്നും കണ്ടിട്ടില്ലാത്ത ഏതെല്ലാമോ ചെടികൾ നട്ടു പിടിപ്പിക്കുന്ന മനുഷ്യർ എന്നും ഒരത്ഭുതം തന്നെ. ഊഞ്ഞാൽ , കളിയന്ത്രങ്ങൾ, ചുറ്റുു മതിൽ ഗേയ്റ്റ്, പുൽതകിടി അങ്ങനെ പുതിയ ഒരുലോകം വളർന്നു വന്നു. ഇപ്പോൾ കുട്ടികൾക്ക് എൻെറ അടുത്ത് വന്ന് കളിക്കാൻ പണം കൊടുക്കേണ്ട സ്ഥിതിയുമായി.

ഞാൻ തലനീട്ടി നോക്കാറുള്ള ഗേയ്റ്റിനപ്പുറത്തുള്ള കറുത്ത റോഡിൽ ഇന്ന് ഒരു വാഹനം പോലും ഇല്ല. ഉന്തുവണ്ടിയിൽ കച്ചവടം നടത്തിയിരുന്നവർ എവിടെപ്പോയി? വൈകുന്നേരമായാൽ വറക്കുന്നതിൻെറയും പൊരിക്കുന്നതിൻെറയും മണം നിറയും . വാഹനങ്ങളുടെ പുകയും കൂടിയാവുമ്പോൾ ഓക്കാനം വരും. പൊടിപിടിച്ച് ചൊറിഞ്ഞിരുന്ന ഇലകൾ ഇന്നലത്തെ മഴയിൽ കുളിച്ചപ്പോൾ എന്തൊരു സുഖം.

ഇപ്പോൾ സൂര്യൻെറ ചൂടിന് എന്തൊരു സ്വാദാണ്. ഇത്രയും നല്ല വായു ഇതുവരെ അനുഭവിച്ചിട്ടേ ഇല്ല. താഴെ വീണ് മണ്ണിനെ പൊതിഞ്ഞ് എനിക്ക് തന്നെ വളമാകാറുള്ള ഇലകൾ അവയൊന്നും കാണാനേ കിട്ടാറില്ല. എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി വീണ ഇലകളെല്ലാം കാൽചുവട്ടിൽ കിടക്കുന്നു.

എന്നും താഴെ വീണ ഇലകൾ അടിച്ചു വരാൻ വരുന്ന രണ്ടു മനുഷ്യരുണ്ടായിരുന്നു. അവർ വർത്തമാനം പറഞ്ഞ് വിശ്രമിച്ചിരുന്നത് എൻെറ തണലിലായിരുന്നു. എല്ലാ ദിവസവും വന്നിരുന്ന അവർ എവിടെയാണ് ഒളിച്ചിരിക്കുന്നത്?

പുതിയ കുറെ അതിഥികൾ എത്തിയിട്ടുണ്ട്. അവരെല്ലാം പണ്ടിവിടത്തെ താമസക്കാരായിരുന്നു. മനുഷ്യരുടെ ശല്യം സഹിക്കാതെ ഓടിപ്പോയവർ. കീരിയും കുട്ടികളും വന്നിരുന്നു. കുറെ നേരം അവരിവിടെ ഓടിക്കളിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ ചേര ഇരതേടി വന്നു. പറക്കലിനിടക്ക് പരുന്ത് കുശലം പറയാൻ വന്നിരുന്നു.

ഇപ്പോൾ രാത്രിയും പകലും ഉണ്ട്. മുൻപ് രാത്രിയെന്നോ പകലന്നോ തിരിച്ചറിയാൻ കഴിയാതെ ഞാനെത്ര വിഷമിച്ചിട്ടുണ്ട്. ദിവസം മുഴുവനും വെളിച്ചവും ശബ്ദ കോലാഹലങ്ങളും. ഇന്ന് തെരുവ് നായകൾക്ക് പകലും രാത്രിയും ഇവിടെ കിടന്നുറങ്ങാം . ആരും അവരെ ഓടിക്കാൻ വരില്ല. മനുഷ്യരുടെ മാത്രമായിരുന്ന പാർക്ക് ഇപ്പോൾ എല്ലാവരുടേതുമാണ്. ടിക്കറ്റും പരിശോധനയുമില്ലാതെ എപ്പോഴും കടന്നു വരാൻ കഴിയുന്ന സ്ഥലം.

ഈ കൊറോണക്കാലത്ത് നിങ്ങളുടെ ചുറ്റുമുള്ള മരങ്ങളും ചെടികളുമൊക്കെ എന്താവും ചിന്തിക്കുന്നുണ്ടാവുക? എഴുതി നോക്കൂ.

പി. രാധാകൃഷ്ണൻ ആലുവീട്ടിൽ

0 Comments

Leave a Comment

FOLLOW US