കവിത രചിച്ചു പഠിക്കാം – വിഷയം ഒന്ന് വീക്ഷണം പലവിധം
(കേൾക്കുവാനായി താഴെ ക്ലിക്ക് ചെയ്യുക)

 

തെങ്കിലും വിഷയം മനസ്സു തുറന്നെഴുതിയോ. എഴുതിക്കഴിഞ്ഞപ്പോൾ അത് മനസ്സു തുരക്കുന്ന വിധത്തിലായോ.

ചൂലിനെക്കുറിച്ച് ഒരു കുട്ടി എഴുതി.

കോഴികൾ കൂകും മുമ്പ്
കാക്കകൾ കരയും മുമ്പ്
എണീറ്റു തുടങ്ങണം
അകമെല്ലാം അടിക്കണം
പുറമെല്ലാം അടിക്കണം
വിയർപ്പൊന്നു തുടയ്ക്കാതെ
വിഴുപ്പൊക്കെ ചുമക്കണം
കല്ലിലും മുള്ളിലും
ചെളിക്കുണ്ടിലും നടക്കണം
അഴുക്കിലിറങ്ങുമ്പോഴും
വെറുപ്പു കാട്ടിക്കൂടാ
ചലത്തിലും മലത്തിലും
മുങ്ങി നിവർന്നെണീറ്റ്
ജീവിതം തുലച്ചാലും
അറയ്ക്കുന്ന ഭാഷയിൽ
കേൾക്കുന്നു നികൃഷ്ടമാം
ചൂലേ എന്നുള്ള വിളി

മറ്റൊരു കുട്ടി എഴുതിയതിങ്ങനെ.

നേരം വെളുത്താലെഴുന്നേറ്റു ഞാനെന്റെ
ഓരോ ജോലിയും ചെയ്തു തീർക്കും
ആരോടുമില്ല പരിഭവമൊട്ടുമേ
ഓരോ ദിവസവുമൊന്നുപോലെ

നോക്കുകുത്തിയെ പല വിധത്തിൽ കണ്ടവരുണ്ട്.

ഏതു തിരക്കിലും
എന്നെക്കണ്ടാൽ
ആരുമൊന്നു നിൽക്കും
നോക്കും
ചിരിക്കും
ഞാൻ കരുതി
ഞാനൊരു സുന്ദരൻ
ഞാൻ കാണുന്നില്ല
തലയിലെ ചട്ടി
മുഖം നിറയെ ചുട്ടി
കുഴിച്ചു വെച്ച കണ്ണ്
കുഴച്ചു വെച്ച മൂക്ക്
ഞാനറിയുന്നില്ല
വാക്കൊഴിഞ്ഞാണ്
നാക്കു നീണ്ടതെന്ന്
ഏറു കൊണ്ടത്
നാറ മുണ്ടിലെന്ന്
പീറയായത്
അറിവില്ലാഞ്ഞെന്ന്

മറ്റൊരു കുട്ടി നോക്കുകുത്തിയെ അവതരിപ്പിക്കുന്നതു് മറ്റൊരു വിധത്തിൽ.
അതെങ്ങനെയെന്നു നോക്കൂ.

ചിരിക്കേണ്ട
എന്നെപ്പോലൊരുത്തൻ
ഉണ്ടായിരുന്നു പണ്ട്
രണ്ടായിരം വർഷം മുമ്പ്
കൈകൾ വിരുത്തി
ഇരു ഭാഗത്തും വെച്ച്
ഉള്ളംകൈയിൽ
മുള്ളാണികൾ
ആഞ്ഞു തറച്ചു വെച്ച്
മരപ്പലകയിലുറപ്പിച്ച്
മരിക്കും മുമ്പ് ചുറ്റും നിന്ന്
കല്ലെറിഞ്ഞും
കളിയാക്കിച്ചിരിച്ചും
നൃത്തം വെച്ചും
കൊണ്ടു നടന്നില്ലേ
വഴിയായ വഴിയൊക്കെ

ഇത്തരത്തിൽ ഏതു വിഷയവും വ്യത്യസ്ത രീതിയിൽ ആവിഷ്കരിക്കാം. ഗാന്ധിജിയെക്കുറിച്ച് ഓരോ കവിയും ഓരോ വിധത്തിൽ എഴുതിയതു് വായിച്ചു നോക്കുക.
പൂമ്പാറ്റയെക്കുറിച്ച് എത്രയെത്ര കവിതകളുണ്ട്.

പൂവിലിരിക്കും പൂമ്പാറ്റേ
പൂന്തേനുണ്ണും പൂമ്പാറ്റേ

എന്നു തുടങ്ങി കുമാരനാശാന്റെ

ഈ വല്ലിയിൽ നിന്നു ചെമ്മേ
പൂക്കൾ പോവുന്നിതാ പറന്നമ്മേ

വരെ കുറെയധികം കവിതകൾ പെട്ടെന്ന് ഓർമ്മ വരുന്നില്ലേ.
ഈ കവിത തന്നെ ഇനിയും വ്യത്യസ്ത രീതിയിൽ എഴുതി ക്കൂടെ. ഇത്രയും നാൾ പൂമ്പാറ്റയോട് മനുഷ്യൻ അങ്ങോട്ടു ചോദിക്കുകയായിരുന്നു. തിരിച്ച് പൂമ്പാറ്റയ്ക്ക് നമ്മോട് ചോദിക്കാനുള്ള കാര്യം ഭാവനയിൽ കണ്ട് എഴുതാമല്ലോ.

അതുപോലെ അമ്പിളി അമ്മാവനോട് എത്ര കാലമായി നാം അങ്ങോട്ട് സംസാരിക്കുന്നു.
അമ്പിളി അമ്മാവന് ഇങ്ങോട്ടും ചോദിക്കാൻ അവസരം നൽകൂ.
മഴയും പുഴയും കാടും കടലും മലയും മഞ്ഞും മണ്ണും വിണ്ണും സൂര്യനും നക്ഷത്രങ്ങളും പക്ഷികളും വൃക്ഷങ്ങളും നമ്മെ നോക്കി എന്തു ചിന്തിക്കുന്നു. അവർക്കു ചോദിക്കാനും പറയാനും എന്തൊക്കെയുണ്ട്. ഭാവനയിൽ കാണൂ. ഭാവാർദ്രമായി, തനിമയോടെ എഴുതി നോക്കൂ. പ്രതിപാദ്യം ഒന്നാണെങ്കിലും പ്രതിപാദനം വ്യത്യസ്തമായി, ആശയം ഒന്നാണെങ്കിലും ആവിഷ്കാരം പലതായി വീണ്ടും വീണ്ടും എഴുതി നോക്കൂ.

 

എടപ്പാൾ സി.സുബ്രഹ്മണ്യൻ

0 Comments

Leave a Comment

FOLLOW US