ലോകത്തെയാകമാനം നടുക്കിക്കൊണ്ട് കടന്നുവന്ന ഒരു പ്രതിസന്ധിയെ സമയോചിതമായ ഇടപെടലുകൾ കൊണ്ട് സമചിത്തതയോടെ നേരിടുന്നതിന്റെ പാഠങ്ങളാണ് കർണാടക മലയാളം മിഷന് പങ്കുവെക്കാനുള്ളത്.

കർണാടകത്തിൽ ആദ്യത്തെ ഒന്നുരണ്ട് കോവിഡ്‌ കേസുകൾ സ്ഥിരീകരിച്ച സമയത്തു തന്നെ, സർക്കാർ തലത്തിലുള്ള സംവിധാനങ്ങൾ നിലവിൽ വരുന്നതിനു മുൻപേ തന്നെ മലയാളം മിഷൻ തങ്ങളുടെ “കോവിഡ്‌ 19 ഹെൽപ്ഡെസ്ക്” സ്ഥാപിച്ചു.മലയാളം മിഷൻ കർണാടക കോർഡിനേറ്റർ ബിലു സി നാരായണൻ, പ്രസിഡന്റ്‌ ശ്രീ.ദാമോദരൻ, സെക്രട്ടറി ടോമി ജെ ആലുങ്കൽ, എന്നിവരുടെ നേതൃത്വത്തിൽ മാർച്ച് പതിമൂന്നാം തിയതിയാണ് ഹെൽപ്ഡെസ്ക് നിലവിൽ വന്നത്. കർണാടകത്തിലെ പല ഭാഗങ്ങളിലുള്ള മലയാളികൾക്ക്‌ രോഗവ്യാപനവും അതിനോട് അനുബന്ധിച്ച മറ്റു പ്രതിസന്ധികളും നേരിടാനുളള പിന്തുണ കൊടുക്കാനാണ് ഹെൽപ്ഡെസ്ക് സ്ഥാപിച്ചത്. ബാംഗ്ലൂരിൽ നിലവിലുള്ള ചെറുതും വലുതുമായ സാമൂഹിക സാംസ്കാരിക സംഘടനകൾ ഈ ഉദ്യമത്തിൽ മലയാളം മിഷന്റെ കൂടെയുണ്ട്. എല്ലാ സംഘടനകളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും കേന്ദ്ര/ സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശമനുസരിച്ച് ക്രമീകരിക്കുകയും ചെയ്യുന്നത് ബിലു ടീച്ചറുടെ നേതൃത്വത്തിലാണ്. കർണാടക മലയാളം മിഷന്റെ എല്ലാ ഭാരവാഹികളും ഈ ഉദ്യമത്തിന് പൂർണ്ണ സഹായവുമായി മുൻനിരയില്‍‌ത്തന്നെയുണ്ട്.

രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ ജനങ്ങളെ ബോധവൽക്കരിക്കുകയും അവരുടെ സംശയങ്ങൾ ദൂരികരിക്കുകയും ചെയ്യുക എന്നതായിരുന്നു ഹെൽപ്ഡെസ്ക്കിന്റെ പ്രവർത്തനം. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്ക് വേണ്ട നിർദേശങ്ങൾ ഫോൺ വഴി നൽകാനും അവർക്കു വേണ്ട വൈദ്യസഹായം ഉറപ്പു വരുത്താനും ഹെൽപ്ഡെസ്ക്കിന് കഴിഞ്ഞു. കേരള സർക്കാർ നിർദേശിച്ച “ബ്രേക്ക് ദ ചെയിൻ” പദ്ധതി അതേ മാതൃകയിൽ എല്ലാ മലയാളം മിഷൻ സെന്ററുകളും നടപ്പിലാക്കി.

പിന്നീട് രോഗവ്യാപനം രൂക്ഷമാവുകയും രാജ്യത്ത് ലോക്ക്ഡൗൺ നിലവിൽ വരികയും ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി അകപ്പെട്ട മലയാളികൾക്ക് കൂടുതൽ സഹായങ്ങളിൽ എത്തിക്കുന്നതിലേക്ക്‌ ഹെൽപ്ഡെസ്ക്കിന്റെ പ്രവർത്തനങ്ങൾ വ്യാപിച്ചു. നീളുന്ന ലോക്ക്ഡൗൺ കാരണം സംഭവിക്കാവുന്ന ഭക്ഷണ ദൗർലഭ്യം മുൻകൂട്ടി കണ്ട് “Break hunger” എന്ന കാമ്പെയിൻ വഴി പറ്റാവുന്ന വിധത്തിൽ ഭക്ഷണവും അവശ്യ സാധനങ്ങളുമടങ്ങുന്ന “സർവൈവൽ കിറ്റുകൾ” തയ്യാറാക്കി വെക്കാൻ മലയാളം മിഷൻ സെന്ററുകൾക്കും ബാംഗ്ലൂരിലെ സംഘടനകൾക്കും കഴിഞ്ഞു. കഴിഞ്ഞ രണ്ട് പ്രളയകാലത്തും കേരളത്തിലെ കുട്ടികൾക്ക് വേണ്ടി ഏറ്റെടുത്ത “ചങ്ങാതിക്കുടുക്ക”, “ഇമ്മിണിബല്യബാഗ്” എന്നീ ദൗത്യങ്ങൾ പോലെ “Break hunger” നും നല്ല സ്വീകാര്യതയാണ് ലഭിച്ചത്. വിവിധ മലയാളം മിഷൻ സെന്ററുകളിൽ നിന്നും കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സമാഹരിച്ച *1.75 ലക്ഷം രൂപയുപയോഗിച്ച് തയ്യാറാക്കിയ 500 രൂപ വിലമതിക്കുന്ന കിറ്റുകൾ ആവശ്യക്കാർക്ക് നേരിട്ട് എത്തിച്ച് കൊടുക്കാൻ മലയാളം മിഷൻ പ്രവർത്തകർക്ക് കഴിയുന്നുണ്ട്. ലോക്ക്ഡൗൺ കാരണം വരുമാനം നഷ്ടപ്പെട്ടു പോയവർക്കും പല സ്ഥലങ്ങളിലായി ഒറ്റപ്പെട്ടു പോയവർക്കും കിറ്റുകൾ എത്തിക്കാനും അവരെ സമയോചിതമായി സഹായിക്കാനും ഈ കാമ്പെയിൻ വഴി സാധിക്കുന്നു എന്നത് നമുക്കഭിമാനിക്കാവുന്ന നേട്ടമാണ്.

അന്യനാട്ടിൽ നിന്നു വന്ന് ലോക്ക്ഡൗൺ കാരണം ബാംഗ്ലൂരിൽ കുടുങ്ങിപ്പോയ മലയാളികളെ കണ്ടുപിടിക്കാനും അവർക്ക് വേണ്ട താമസ സൗകര്യങ്ങൾ ഏർപ്പെടുത്താനും വിദേശയാത്ര കഴിഞ്ഞ് ബാംഗ്ലൂരെത്തി രോഗലക്ഷണങ്ങൾ കാരണം നാട്ടിലേക്കുള്ള യാത്രയ്ക്ക് അനുമതി ലഭിക്കാത്തവർക്ക് ഇവിടെത്തന്നെ മികച്ച വൈദ്യസഹായങ്ങൾ ഉറപ്പാക്കാനും പല സാഹചര്യങ്ങളിൽ നാട്ടിലേക്ക് പോകേണ്ടവർക്ക്‌ കർണാടക/ കേരള സർക്കാരുകളുടെ അനുമതിയോടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് യാത്രാസൗകര്യം ഒരുക്കാനുമുള്ള എല്ലാ സംരംഭങ്ങൾക്കും ചുക്കാൻ പിടിക്കാനും സംഘടനകൾക്ക് വേണ്ട നിർദേശങ്ങളും പിന്തുണയും കൊടുക്കാനും ഹെൽപ്ഡെസ്ക്കിന് സാധിച്ചു.

കർണാടകത്തിൽ തുടങ്ങിവെച്ച ഈ സാമൂഹിക ഇടപെടലിന്റെ പ്രസക്തി തിരിച്ചറിഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള മലയാളം മിഷൻ കേന്ദ്രങ്ങളോടും ഇതേ മാതൃക പിന്തുടരാനും അതുവഴി പ്രവാസി മലയാളികൾക്ക് കരുത്താവാനും മലയാളം മിഷൻ ഡയറക്ടർ ശ്രീമതി സുജ സൂസൻ ജോർജ്ജ് ആഹ്വാനം ചെയ്തത് ഹെൽപ്ഡെസ്ക്കിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്.

ലോക്ക്ഡൗൺ അതിന്റെ രണ്ടാംഘട്ടത്തിലേക്ക് കടന്നപ്പോഴും തുടങ്ങിവെച്ച പ്രവർത്തനങ്ങൾ ആദ്യഘട്ടത്തിനെക്കാൾ ഫലവത്തായി നിർവ്വഹിക്കുന്നതിൽ ഹെൽപ്ഡെസ്ക്ക്‌ പ്രവർത്തകർ വ്യാപൃതരാണ്. ഹെൽപ്ഡെസ്കിലേക്ക് വരുന്ന ഫോൺ കോളുകൾ നിയന്ത്രിക്കുന്നതും തുടർ നടപടികൾ ഉറപ്പാക്കുകയും ചെയ്യുന്നത്, ഓർഗനൈസിങ് സെക്രട്ടറി ജെയ്സൺ മാഷും ബാംഗ്ലൂർ സൗത്ത് മേഖല കോർഡിനേറ്റർ ജോമോൻ മാഷും ചേർന്നാണ്.

ലോക്ക്ഡൗണിന്റെ ഭാഗമായി വീടുകളിലിരിക്കുന്ന കുട്ടികൾക്ക് മലയാളപഠനം തുടരാനും ഒറ്റപ്പെടലിന്റെ വിരസതയകറ്റാനും വേണ്ടിയുള്ള സംരംഭങ്ങളും ഇതിനിടയിൽ ഭംഗിയായി നടക്കുന്നുണ്ട്. പൂർണ്ണമായും ഓൺലൈൻ സങ്കേതങ്ങൾ മാത്രമുപയോഗിച്ച് നടത്തുന്ന ദൈനംദിന ഭാഷാപ്രവർത്തനങ്ങളാണ് ഇതിനായി ക്രമീകരിച്ചിരിക്കുന്നത്. കഥാരചന, കവിതയെഴുത്ത് തുടങ്ങി കുട്ടികൾക്ക് അവരുടെ ഒഴിവു സമയങ്ങളെ ക്രിയാത്മകമായി ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള പ്രവർത്തനങ്ങളെ തിരുവനന്തപുരത്തെ മലയാളം മിഷൻ ഓഫിസിൽ നിന്ന് കിട്ടുന്ന നിർദേശങ്ങൾക്കനുസരിച്ച് നടപ്പിലാക്കുന്നത്തിനും അനവധി സെന്ററുകളെ ഇതിനായി ഏകോപിപ്പിക്കുന്നതിനുമുള്ള നേതൃത്വം നൽകുന്നത് ദാമോദരൻ മാഷാണ്. ലോക്ക്ഡൗൺ കാലത്തെ പഠനപ്രവർത്തനങ്ങളെ കോർത്തിണക്കി പ്രസിദ്ധീകരിക്കാനുള്ള ശ്രമങ്ങൾ ശ്രീമതി മീര നാരായണൻ നയിക്കുന്നു. വരും നാളുകളിൽ സാഹചര്യം ആവശ്യപ്പെടുന്ന സേവന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവാനാണ് ഹെല്പ്ഡസ്ക് മിഷൻ ഉദ്ദേശിക്കുന്നത്.


0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content