ജി ശങ്കരപ്പിള്ളയുടെ ‘കുട്ടികളുടെ നാടകവേദി’ എന്ന പാഠം കൂട്ടുകാർ പഠിച്ചുവോ ? ‘നിങ്ങൾ പഠിപ്പിക്കുന്നത് ഞങ്ങൾക്ക് പഠിയുന്നില്ല. ഞങ്ങൾക്കു പഠിയും വിധം അവ ഞങ്ങൾക്കു പറഞ്ഞു തന്നാൽ എന്താ!’ എന്ന് ഓരോ കുട്ടിയും നിശബ്‌ദം അധ്യാപകരോട് ചോദിക്കുന്നുണ്ടാകണം. ഈ ആശയത്തോടൊപ്പം പരിസരം തന്നെ മികച്ച പാഠപുസ്‌തകം എന്ന ആശയം ഇതൾ വിരിയുന്ന ഒരു ലഘു നാടകം ഇതാ.

ലഘു നാടകം

ഹായ്… ഹൂ…

– എം.വി.മോഹനൻ

കഥാപാത്രങ്ങൾ
പ്രധാന അധ്യാപകൻ
കുട്ടികൾ
അധ്യാപിക

(സ്കൂൾ യുവജനോത്സവവേദി – മൈക്കിലൂടെ പ്രധാന അധ്യാപകന്റെ ശബ്ദം)
പ്രധാന അധ്യാപകൻ : കുട്ടികൾ ബഹളമുണ്ടാക്കരുത് (പതുക്കെ). എല്ലാ സാറന്മാരും ഇവിടെ കൂട്ടം കൂടി നിന്നാലോ..? ആ ചൂരല് ട്ത്ത് ഒന്ന് പൊറത്തെറങ്ങ്വാ… കേട്ടില്ലേ… കോലാഹലം… (ഉറക്കെ) കുട്ടികൾ നിശ്ശബ്ദരായി ഇരിക്കണം. ഏകാങ്കനാടക മത്സരം ഇതാ ആരംഭിക്കുകയായി. (പതുക്കെ) എന്താ ആദ്യത്തെ നാടകത്തിന്റെ പേര്?
മറ്റൊരു ശബ്ദം : (മൈക്കിലൂടെ, പതുക്കെ) ഹായ്….ഹൂ…ന്നാത്ര..!
പ്രധാന അധ്യാപകൻ : (ശബ്ദം, മൈക്കിലുടെ ഉറക്കെ) ഇതാ വേദിയിൽ ഗ്രൂപ്പ്-ഇ അവതരിപ്പിക്കുന്ന നാടകം ഹായ്..ഹൂ… (പതുക്കെ) ഒക്കെ വാലു മുളച്ച ജാത്യോളാ… എന്ത് കോപ്രായങ്ങളാ ഇവറ്റ കാട്ടിക്കൂട്ട്വാന്നാവോ…? ടീച്ചറ് സ്ക്രിപ്റ്റ് പരിശോധിച്ചിട്ടുണ്ടോ…?
സ്ത്രീ ശബ്ദം : (പതുക്കെ) അതിന്റെ ചാർജ്ജ് നിക്കല്ല സാറേ…
(വിസിൽ മുഴങ്ങുന്നു. കർട്ടൻ ഉയരുന്നു)
ഒരു കുട്ടി : (വേദിയുടെ നടുവിലെത്തി, വിനയത്തോടെ അറിയിക്കുന്നു) അധ്യാപകരെ… രക്ഷിതാക്കളെ… കൂട്ടുകാരെ… ഈ നാടകം ഞങ്ങടെ നാടകം… ഇത് ഞങ്ങടെ സങ്കടങ്ങളാണ്… മോഹങ്ങളാണ്.
(ആക്ഷൻ മാറി തിമർപ്പോടെ പാടുന്നു)
ഹായ് ഹു എന്തു രസം
എന്തു രസം ഹായ് എന്തു രസം! (2)
(അണിയറയിൽ നിന്നും കുട്ടികൾ അതേറ്റുപാടി വരുന്നു)
ഹായ് ഹു എന്തു രസം
എന്തു രസം ഹായ് എന്തു രസം!
കളിച്ചു തിമർക്കാനെന്തു രസം
അങ്ങനെ വളരാനെന്തു രസം!
(കുട്ടികൾ കൈ കോർത്തു പാടി നൃത്തം ചവിട്ടുന്നു)
കുട്ടി – ഒന്ന് : സമയാ പോണ്. ഇപ്പ ബല്ലടിക്കും… അതിനു മുമ്പ് ഒരു നല്ല കളി…
കുട്ടി – രണ്ട് : നമ്പൂര്യച്ചനും പുലീം മതി.
കുട്ടി – മൂന്ന് : അത് ന്നാള് കളിച്ചതാ… മറ്റൊന്നാവാം.
കുട്ടി – നാല് : തർക്കിക്കാനൊന്നും നേരം ല്ല്യ… തത്ക്കാലം അതന്നെ മതി.
(ഏതാനും കുട്ടികൾ കെണിയായി മാറുന്നു. ഒരു കുട്ടി കെണിക്കകത്തു കെട്ടിയിട്ട ആട്ടിൻകുട്ടിയായി മാറുന്നു. ആട്ടിൻകുട്ടിയുടെ കരച്ചിൽ…)
കുട്ടികൾ : ഇതില്യാ പുലി വര്വാ… ഇവിടെ കെണി തുറക്കാം…
(പറയുന്നതിനൊപ്പം കെണി വട്ടം കറങ്ങുന്നു. തുറന്ന കെണിയിലകപ്പെടുന്നത് പുലിക്കു പകരം ഏന്തി വലിഞ്ഞു തത്രപ്പെട്ടു വരുന്ന അധ്യാപകന്റെ വേഷമെടുത്ത കുട്ടിയാണ്…)
അധ്യാപകൻ : (കെണിയിൽ കിടന്നു പരാക്രമം. ആക്രോശം….) കൊരങ്ങൻമാര്…മൊച്ചക്കൊരങ്ങൻമാര്… (കുട വീശി കുട്ടികളെ കിട്ടിയപാട് അടിക്കുന്നു. കുട്ടികൾ മാഷ്… മാഷ്… എന്ന് ആർത്തുകൊണ്ട് ചിതറുന്നു). കാണിച്ചു തരാം… എല്ലാറ്റിനേം… (ആകെ ബഹളമയം. ഇതിനിടയിൽ അധ്യാപകന്റെ കുട കയ്യിൽ നിന്നും നഷ്ടപ്പെടുന്നു. ഒരു കുട്ടിയുടെ ചെവി അധ്യാപകൻ കയ്യിൽ. അധ്യാപകൻ അവനെ വലിച്ചടുപ്പിച്ച് പുറത്ത് രണ്ടു വീക്കു കൊടുക്കുന്നു.)
കുട്ടികൾ : (വീണ്ടും വട്ടം കൂടി പാടുന്നു)
കളിച്ചു പോയാൽ പൊടിപൂരം
അടിയോടടിയുടെ പൊടിപൂരം
(ഈ ബഹളത്തിലേക്ക് മണി മുഴങ്ങുന്നു)
അധ്യാപകൻ : (മണിമുഴക്കത്തിനു മേലെ അധ്യാപകന്റെ ശബ്ദം മുഴങ്ങുന്നു) കുട്ടികളെല്ലാം നിശ്ശബ്ദരായി അവരവരുടെ ക്ലാസ്സുകളിൽ പോയി അടങ്ങിയിരിക്കണം. (ബഹളം നേർത്തുനിലയ്ക്കുന്നതോടെ വേദി ക്ലാസ്സുമുറിയായി മാറുന്നു. ക്ലാസ്സിൽ തോണ്ടിക്കുറി കളിക്കുന്ന കുട്ടികൾ. അവരുടെ കിന്നാരങ്ങളും ചുണയാരങ്ങളും ഒരു മർമ്മരമായി തുടങ്ങി കലപിലയായി പടരുന്നു. അധ്യാപകവേഷത്തിൽ ഒരു കുട്ടി പ്രവേശിക്കുന്നു. “സൈലൻസ്’ എന്ന് ആക്രോശിച്ചുകൊണ്ടാണ് വരവ്)
അധ്യാപകൻ : (ചൂരൽ മേശപ്പുറത്ത് ആഞ്ഞടിച്ചു ശബ്ദമുണ്ടാക്കുന്നു. തുടർന്ന് ഡപ്പിയിൽനിന്നും ഒരു തുടം പൊടി മൂക്കു വിടർത്തി മൂർദ്ധാവോളം വലിച്ചു കയറ്റുന്നു. മുന്നിലിരിക്കുന്ന കുട്ടികളുടെ കണ്ണിലും മൂക്കിലും പൊടിയുടെ ശകലങ്ങൾ അവർ കണ്ണു തിരുമ്മുന്നു; തുമ്മുന്നു)
അധ്യാപകൻ : (പുറംകൈ കൊണ്ട് മൂക്ക് അമർത്തിത്തുടയ്ക്കുന്നു. തുടർന്ന് താക്കീത്.) ആൾ സ്റ്റാന്റപ്. (കുട്ടികൾ എണീറ്റു നിൽക്കുന്നു) ഇതു പഠനമുറിയാണ്. ശബ്ദമുണ്ടാക്കരുത്! യു അണ്ടർസ്റ്റാന്റ്. (ക്ലാസ്സിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നോക്കുന്നു) ഉം… ആൾ സിറ്റ് ഡൗൺ. (കുട്ടികൾ അനുസരണയോടെ ഇരിക്കുന്നു)
അധ്യാപകൻ : (ബോർഡിൽ 3½ x 5¾ എന്നെഴുതുന്നതായി അഭിനയിക്കുന്നു. കണക്ക് വായിക്കുന്നു. തുടർന്ന് പുറം തിരിഞ്ഞ്) ഒരു മിശ്രഭിന്നത്തെ വിഷമഭിന്നമാക്കി മാറ്റാൻ നിങ്ങൾക്കറിയാം .
കുട്ടികൾ : (ഒന്നിച്ച് ഉറക്കെ) ഞങ്ങൾക്കറിയില്ല മാഷേ…
അധ്യാപകൻ : (താക്കീത്) പറയുന്നതു കേട്ട് ക്രിയ ചെയ്താൽ മതി. (തുടരുന്നു) രണ്ടു മിശ്രഭിന്നങ്ങളുടെ ഗുണനഫലം കാണാൻ അവയെ വിഷമഭിന്നമാക്കി…
കുട്ടി – ഒന്ന് : ഇക്കൊല്ലം കണക്കേ എട്ത്തിട്ടില്ല…
അധ്യാപകൻ : അതൊന്നും എനിക്കറിയില്ല. കൊല്ലം തീരാറായ ഈ അവസരത്തിൽ മുൻബാക്കി പഠിപ്പിക്കാൻ എനിക്കു സമയമില്ല.
കുട്ടികൾ : (ഒരു വായ്ത്താരി പോലെ പാടി വട്ടം ചവിട്ടുന്നു)
ഗണിതം വിഷമഭിന്നത്തിൽ
ഞങ്ങളോ വിഷമവൃത്തത്തിൽ
(അധ്യാപകവേഷമിട്ട കുട്ടിയും കൂട്ടത്തിൽ ചേർന്നു താളം ചവിട്ടി പാടുന്നു)
ഒരു സ്ത്രീശബ്ദം : സൈലൻസ് (ആക്രോശിച്ചുകൊണ്ട് അധ്യാപികയുടെ ഭാവത്തിൽ ഒരു പെൺകുട്ടി പ്രവേശിക്കുന്നു. കനത്ത നിശ്ശബ്ദത വീഴുന്നു. തുടർന്ന് പട്ടാളമുറയിൽ) സ്റ്റാന്റ്… സിറ്റ്… സ്റ്റാന്റ് … സിറ്റ്…
അധ്യാപിക : നമുക്കിന്ന് ഇന്ത്യയുടെ സാമ്പത്തികഭൂമിശാസ്ത്രം പഠിക്കാം.
കുട്ടി – രണ്ട് : അതിന് ഇന്ത്യേല് സമ്പത്ത് ണ്ടോ ടീച്ചറേ…? സാമ്പത്തിക സ്ഥിതി മോശമാണെന്ന് ഇന്നത്തെ പത്രത്തില് ണ്ടല്ലോ…
അധ്യാപിക : പറയുന്നതു ശ്രദ്ധിച്ചാൽ മതി. അതേ പരീക്ഷയ്ക്കു വരൂ. (അച്ചടി ഭാഷയിൽ തുടരുന്നു) വൈവിദ്ധ്യമുള്ള ഭൂമിശാസ്ത്രമാണ് ഇന്ത്യക്കുള്ളത്. വർഷം മുഴുവനും മാറിക്കൊണ്ടിരിക്കുന്ന ഋതുക്കൾ. പശിമരാശിയുള്ള നാനാതരം മണ്ണ്. ഭൂമിയിലുള്ള മിക്കവാറും എല്ലാ കാർഷികോൽപന്നങ്ങളും ഇവിടെ ഉൽപാദിപ്പിക്കാൻ കഴിയും. കൂടെ വ്യാവസായിക വളർച്ചയും. ഇന്ത്യയെ സംബന്ധിച്ച ഒരു അപൂർവ സൗഭാഗ്യമാണ് ഇത്.
കുട്ടി – മൂന്ന് : എന്നിട്ടും ഇന്ത്യയിൽ പാതിയിലേറെ പട്ടിണിക്കാരായത് എന്തോണ്ടാ ടീച്ചർ…?
അധ്യാപിക : ധിക്കാരം ചോദിക്കരുത്. (താക്കീത്) ഇത് പഠിക്കുന്ന കുട്ടികൾക്കുള്ള സ്കൂളാണ്. പറഞ്ഞുതരുന്നത് പഠിച്ചാൽ മതി. അതിനു വയ്യാത്തവർക്ക്…
കുട്ടികൾ : (ഒന്നിച്ച് പാടി നൃത്തം ചവിട്ടുന്നു. ആ പാട്ടിൽ ടീച്ചറുടെ ശബ്ദം മുങ്ങിപ്പോകുന്നു.)
ചീനഭരണിയിൽ കണ്ണിമാങ്ങ
ഉപ്പിലിടുന്നപോലീ പഠനം…
(അധ്യാപികയും കൂടെ ചേരുന്നു. ഈ ബഹളത്തിലേക്ക് ‘സൈലൻസ് ‘ എന്ന് ആക്രോശിച്ചുകൊണ്ട് മലയാളം അധ്യാപിക കടന്നു വരുന്നു. ശബ്ദം നിലയ്ക്കുന്നു. തുടർന്ന് അധ്യാപികയുടെ സ്റ്റാന്റ് .സിറ്റ്… പ്രയോഗം)
അധ്യാപിക : അപ്പോൾ കുട്ടികളേ… ഇന്നലെ ഞാൻ ചൊല്ലിത്തന്ന പദ്യം ഇന്ന് വിശദമായി പഠിപ്പിക്കാൻ പോകയാണ്.

തിങ്കളും താരങ്ങളും തൂവെള്ളിക്കതിർ ചിന്നും
തുംഗമാം വാനിൻ ചോട്ടിലാണെന്റെ വിദ്യാലയം
ഇന്നലെ കണ്ണീർ വാർത്തു കരഞ്ഞീടിന വാനം
ഇന്നിതാ ചിരിക്കുന്നു; പാലൊളി ചിതറുന്നു…
കണ്ണീർ വാർത്തു കരഞ്ഞീടിന വാനം – ഇവിടെ ആകാശത്തിന്റെ കണ്ണീർ എന്താണെന്ന് ആർക്കെങ്കിലും പറയാമോ..?
കുട്ടി – ഒന്ന് : മഴ
കുട്ടി – രണ്ട് : എങ്ങന്യാ ടീച്ചറേ മഴ പെയ്യണ്…?
അധ്യാപിക : അതെന്റെ വിഷയമല്ല. അത്തരം കാര്യങ്ങൾ സയൻസ് ക്ലാസ്സിൽ…
മൂന്ന് : ഇവള് പറയ്വാ… ഈശ്വരൻ മൂത്രൊഴിച്ചിട്ടാത്രേ മഴ പെയ്യണെ…
(ക്ലാസ്സിൽ കൂട്ടച്ചിരി)
അധ്യാപിക : (ശുണ്ഠി) ധിക്കാരത്തിന് ചെവി പൊന്നാക്കും ഞാൻ… അതു മറക്കണ്ട.
കുട്ടി – നാല് : (പേടിച്ച്) എന്തിനാ ടീച്ചറേ മാനം കരയണ്…?
അധ്യാപിക : (അസ്കിതയോടെ) ഇത്തരം ചോദ്യങ്ങൾ പദ്യത്തിലില്ല…
കുട്ടി – അഞ്ച് : എനിക്കറിയാം. അത് ഞങ്ങള് കുട്ട്യോള്ടെ ഗതി കേടോർത്ത് സങ്കടപ്പെട്ടിട്ടാ…
കുട്ടികൾ : (ഒന്നിച്ച്) ശരിയാ… ശരിയാ…
അധ്യാപിക : (പൊട്ടിത്തെറി) കുരങ്ങൻമാര്… ഇക്കൊല്ലം നിങ്ങൾക്കിനി മലയാളം വേണ്ട…
(പുസ്തകം വലിച്ചെറിഞ്ഞു – ക്ലാസ്സിൽ നിന്നും ഇറങ്ങിപ്പോകുന്നു)
കുട്ടികൾ : (പാടുന്നു) ഞങ്ങൾ നന്നായി വളരുവാനായ്
ഏട്ടിലെ പശുവിന്റെ പാലു മാത്രം
ഞങ്ങൾ പഠിച്ചു വളരുവാനായ്
കൂട്ടിലെ തത്തമ്മ… പൂച്ച… മട്ടും
അണിയറയിൽ നിന്നും:
ഏട്ടിലെ പശുവിനു പാലില്ല കൂട്ടരെ
കൂട്ടിലെ തത്തയ്ക്കു വാനുമില്ല…
(പാടിക്കൊണ്ടും പാട്ടിനൊത്തു ചുവടുവച്ചുകൊണ്ടും അധ്യാപക വേഷത്തിൽ ഒരു കുട്ടി പ്രവേശിക്കുന്നു)
കുട്ടികൾ : (അധ്യാപകനു ചുറ്റും) നിങ്ങളാരാ…?

അധ്യാപകൻ : നിങ്ങടെ പുതിയ മാഷ്…
കുട്ടി – ഒന്ന് : എന്താ പേര്…?
അധ്യാപകൻ : അതൊക്കെ വഴിയെ മനസ്സിലാവും. ഇപ്പൊ നിങ്ങൾക്ക് എന്താ വേണ്ടത്…?
കുട്ടികൾ : (ഒന്നിച്ച്) ഞങ്ങൾക്കു കളിക്കണം…
അധ്യാപകൻ : ശരി… കളിക്കാലോ…
കുട്ടി – ഒന്ന് : (വിശ്വാസം വരാതെ) എങ്കിൽ നമുക്കാ അമ്പലപ്പറമ്പിലേക്ക് പൂവ്വാ… ഇവിടെ ഇര്ന്ന് ശ്വാസം മുട്ടീട്ടാ മാഷേ…
കുട്ടി – രണ്ട് : അടുത്തു തന്ന്യാ മാഷേ അമ്പലപ്പറമ്പ്…
കുട്ടി – മൂന്ന് : അവിടെയാവുമ്പോ ധാരാളം മരങ്ങളുണ്ട്… നല്ല തണലുണ്ട്… കളിക്ക്വാവാം… കളിച്ചു വെയർത്താ കുളിക്ക്വാവാം…
അധ്യാപകൻ : ശരി. സമ്മതിച്ചു… പക്ഷേ… നീന്താനറിയാത്തെ കുട്ട്യോള് വെള്ളത്തില് എറങ്ങര്ത്…
കുട്ടികൾ : (ഒന്നിച്ച്) ശരി… ഞങ്ങളും സമ്മതിച്ചു… (കുട്ടികൾ തിമർപ്പോടെ പാടുന്നു. വേദിയെ വലം വയ്ക്കുന്നു. അധ്യാപകനും കൂടെ ചേർന്ന് ഏറ്റു പാടുന്നുണ്ട്.)
പുഞ്ചനെൽപ്പാടത്തെ നീർമരുതിൻ ചാരത്തെ
ആമ്പൽക്കുളത്തിൽ പോയ് നീരാടാം…
മുങ്ങാംകുഴിയിട്ടക്കരെ ചെന്നേറി
ഒന്നാം പൂവിറുത്തിങ്ങു നീന്താം…
എല്ലാരും പോരുവിൻ കൂട്ടുകാരേ…
ഒന്നായി പോരുവിൻ കൂട്ടുകാരേ…
(പാട്ടു തീരുന്നതോടെ കുട്ടികളും അധ്യാപകനും അമ്പലപ്പറമ്പിൽ)
അധ്യാപകൻ : ഇനി അൽപനേരത്തേക്ക് ഇതാണ് നമ്മുടെ ക്ലാസ്സുമുറി…
കുട്ടി – ഒന്ന് : (ആശ്ചര്യം) ഈ പറമ്പോ …?
കുട്ടി – രണ്ട് : (ആശ്ചര്യം) ഈ കൊളോ…?
അധ്യാപകൻ : അതെ… ഇന്ന് ഈ കുളം… ഇത്തിരി സമയം നമുക്കിവിടെ കളിക്കാം… വിശ്രമിക്കാം… കൂട്ടത്തിൽ ഈ കുളം ഓരോരുത്തരും നന്നായി നോക്കി മനസ്സിലാക്കുകയും വേണം… ശരി… ഇനി നിങ്ങൾക്കു കളിക്കാം…
(കുട്ടികളുടെ കുതൂഹലം. ചിലർ പൂ പറിയ്ക്കുന്ന തിരക്കിൽ. ചിലർ നീന്തിത്തുടിക്കുന്ന തിരക്കിൽ. ഇനിയും വേറെ ചിലർ മുണ്ടുരിഞ്ഞു മീൻ പിടിക്കുന്ന തിരക്കിൽ)

(കുട്ടികൾ വീണ്ടും അധ്യാപകനു ചുറ്റും)
അധ്യാപകൻ : മത്യായോ കളിച്ചിട്ട്…
കുട്ടി – ഒന്ന് : ഇപ്പൊ ഇത്രേം മതി.
അധ്യാപകൻ : ഇനി ഞാൻ നിങ്ങളിൽ നിന്നും ചിലതു മനസ്സിലാക്കാൻ പോവുകയാണ്. എന്താ സമ്മതിച്ചോ…? കുട്ടികൾ : (തല കുലുക്കുന്നു)
അധ്യാപകൻ : ഈ കുളത്തിൽ എന്തെല്ലാമാണ് നാം കണ്ടത്…?
കുട്ടി – ഒന്ന് : അത് പ്പോ… ആമ്പലു കണ്ടു.. കൊളച്ചണ്ടി കണ്ടു… വെള്ളിലത്താളി കണ്ടു.
കുട്ടി – രണ്ട് : പേരറിയാത്ത ചെറ്യേ ചെറ്യേ ചെട്യോള് വേറേം …
കുട്ടി – മൂന്ന് : പിന്നെ ആമച്ചാരേം കുട്ട്യോളേം കണ്ടു. ചെറുതും വലുതും മീനോളേ കണ്ടു. തവളേ കണ്ടു. നീർക്കോല്യേ കണ്ടു… അങ്ങനെ കൊറെ വേറേം…
അധ്യാപകൻ : ഇനി വല്ലതും ണ്ടോ..?
കുട്ടി – നാല് : (ആലോചിച്ച്) ങ്ഹാ… വെള്ളം ണ്ട്… വായു ണ്ട്…
കുട്ടി – അഞ്ച് : അങ്ങന്യാ ച്ചാ ധാതുലവണങ്ങളും ണ്ടാവും…
അധ്യാപകൻ : പിന്നോ ..?
കുട്ടി – ആറ് : കാണാൻ പറ്റാത്തത്രേം ചെറിയ അണുക്കളും കാണും.
അധ്യാപകൻ : അപ്പൊ സസ്യങ്ങളുടെ ഒരു കൂട്ടം… അതിനൊരു പേരുണ്ട്. ജന്തുക്കളുടെ മറ്റൊരു കൂട്ടം… അതിനും ണ്ട് ഒരുപേര്. വെള്ളവും വായുവും ധാതുലവണങ്ങളും ചേർന്ന് വേറൊരു കൂട്ടം. അതിനു വേറൊരു പേര്. അതു പോലെ അതിസൂക്ഷ്മ ജീവികളുടെ വിഭാഗത്തിന് ഇനിയുമൊരു പേര്. ഈ നാലു വിഭാഗങ്ങളും ചേർന്നതാണ് ഈ കുളം. അതുകൊണ്ട് ഈ കുളത്തിന് ഇനിയും മറ്റൊരു പേര്… ഈ പേരുകളെല്ലാം നിങ്ങൾ വീട്ടിൽ പോയി ഒരു വട്ടം പുസ്‌തകം വായിച്ച് നാളെ എനിക്കു പറഞ്ഞു തരണം. നാളെ ഞാൻ കുട്ടി… നിങ്ങൾ മാഷന്മാരും… എന്താ… സമ്മതിച്ചോ…?
കുട്ടികൾ : (ഒന്നിച്ച്) നൂറു വട്ടം. (പാടുന്നു)
ഹായ്… ഹൂ… എന്തു രസം…
എന്തു രസം… ഹായ്… എന്തു രസം…
കളിയിൽ കാര്യം കലരുമ്പോൾ
കാര്യോം കളിയായ് മാറുമ്പോൾ
ഹായ്… ഹൂ… എന്തു രസം…
എന്തു രസം.. ഹായ്… എന്തു രസം…
അനൗൺസ്‌മെന്റ് : (പാട്ടു തീർന്നതും വ്യക്തമായി കേൾക്കാവുന്ന വിധത്തിൽ)
ഞങ്ങൾ കുട്ടികൾ വെളിച്ചത്തിനു വെമ്പുന്നു. ഞങ്ങളെ സാമ്പ്രദായിക പഠനരീതികളുടെ ഇരുട്ടുമുറികളിൽ തളച്ചിടരുത്…

– എം.വി.മോഹനൻ

തുടർ പ്രവർത്തനം

1. ഈ നാടകത്തിലെ ആശയം സംഗ്രഹിച്ച് എഴുതാമല്ലോ.
2. ‘ഏതു വിഷയവും നന്നായി പഠിയുന്നതിനും പലപ്രദമായി ഉപയോഗിക്കാവുന്ന ഒരു വ്യവഹാരരൂപമാണ് നാടകം’ – ഈ അഭിപ്രായത്തോട് കൂട്ടുകാർ യോജിക്കുന്നുവോ ? – സമർത്ഥിക്കുക.

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content