പ്രിയപ്പെട്ടവരെ,

ഇന്ന് ലോകം അതിന്‍റെ ചരിത്രത്തില്‍ നേരിട്ടിട്ടുള്ള ഏറ്റവും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ശാസ്ത്രവും തത്വശാസ്ത്രവും കലയും സംസ്കാരവും എല്ലാം ഒരു വൈറസിനു മുമ്പില്‍ പകച്ചുനില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. ഈ പകപ്പ് ഒട്ടുനേരമേ ഉണ്ടായിരിക്കുകയുള്ളൂ എന്നുതന്നെയാണ് പ്രത്യാശിക്കുന്നത്. പുതിയ മരുന്നുകളും പ്രതിരോധ വാക്സിനുകളും സമീപ ഭാവിയില്‍ കണ്ടെത്തിയേക്കാം. പക്ഷേ അതിനിടയിലുള്ള സമയം ലക്ഷക്കണക്കിന് വിലപ്പെട്ട ജീവനുകള്‍ ഭൂമുഖത്തുനിന്ന് തുടച്ചു നീക്കപ്പട്ടേക്കാം എന്നാണ് ശാസ്ത്രലോകം മുന്നറിയിപ്പു നല്‍കുന്നത്. കൊറോണ താരതമ്യേന ദുര്‍ബലമായ ഒരു വൈറസാണ്. പക്ഷേ, ഇതുണ്ടാക്കുന്ന കോവിഡ് 19 എന്ന പകര്‍ച്ചവ്യാധിയുടെ വ്യാപനം അതിദ്രുതമാണ്.

ശാരീരികമായ അകലം പാലിക്കുകയാണ് കോവിഡ് 19 നെ തടയാനുള്ള ഏക മാര്‍ഗം. അതിന് എളുപ്പവഴിയൊന്നുമില്ല. വീട്ടില്‍ത്തന്നെയിരിക്കണം. കോവിഡ് 19 ബാധിച്ചിട്ടുള്ള 203 രാജ്യങ്ങളിലെ മിക്ക രാജ്യങ്ങളും അതിനാല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകം മുഴുവന്‍ വീട്ടില്‍ അടച്ചുപൂട്ടിയിരിക്കുന്നു എന്നുവേണമെങ്കില്‍ പറയാം. മാനവസമൂഹം ഇതുവരെ നേടിയെടുത്ത സാമൂഹിക ജീവിത ശൈലികള്‍ മുഴുവന്‍ തകിടം മറിഞ്ഞിരിക്കുകയാണ്. മനുഷ്യരെ മാത്രമല്ല, മനുഷ്യരെ ആശ്രയിച്ച് ജീവിക്കുന്ന മറ്റ് ജന്തുജാലങ്ങള്‍ക്കും ജീവിതം ദുരിതപൂര്‍ണ്ണമായിരിക്കുന്നു. ഉല്‍പ്പാദന മേഖല ഉള്‍പ്പെടെയുള്ള സര്‍വ്വ തൊഴിലിടങ്ങളും സ്തംഭിച്ചത് ലോകത്തിന്‍റെ സമ്പദ് വ്യവസ്ഥയെ അടിമുടി തകര്‍ത്തുകളയും. ഇങ്ങിനെയൊക്കെയാണെങ്കിലും ലോകം അതിജീവിക്കുകതന്നെ ചെയ്യും. കുറേക്കൂടി സഹജീവി സ്നേഹവും പാരിസ്ഥിതിക അവബോധവുമുള്ള ഒരു ജനതയായിട്ടായിരിക്കും കൊറോണ കാലത്തിന് ശേഷമുള്ള ലോക സമൂഹം എന്ന് നമുക്ക് പ്രത്യാശിക്കാം.

വീട്ടില്‍ അടച്ചിരിക്കുകയാണ്. അവരവരിലേക്ക് കുറേക്കൂടി ഒതുങ്ങിക്കൂടിയിരിക്കുകയാണ്. ഒരു പക്ഷേ ഏകാന്തതയും ഒറ്റപ്പെടലും നമ്മെ മാനസികമായി തളര്‍ത്തിയേക്കാം. എന്നാല്‍ നമുക്ക് അങ്ങനെ നമ്മെത്തന്നെ വിട്ടുകൊടുക്കാനാവില്ലല്ലോ. നിങ്ങളുടെ മലയാളം മിഷന്‍ എന്തെല്ലാം പരിപാടികളാണ് ഈ കൊറോണ കാലത്ത് ആസൂത്രണം ചെയ്തിരിക്കുന്നത് എന്ന് നോക്കിക്കേ. എല്ലാവരും പങ്കെടുക്കണം കേട്ടോ.

പ്രൊഫ. സുജ സൂസൻ ജോർജ്ജ്, ചീഫ് എഡിറ്റർ

2 Comments

Pushpa Nair May 11, 2020 at 10:09 am

ഞാൻ അഹമ്മദാബാദിലെ വസ്ത്രാപ്പൂർ പഠന കേന്ദ്രത്തിൽ അധ്യാപികയാണ് . മലയാളം മിഷനുമായി ബന്ധപ്പെട്ട എല്ലാ പ്രസിദ്ധീകരണങ്ങളും വായിക്കാൻ താല്പര്യമുണ്ട്.

ബഹുമാനപുരസ്സരം,
പുഷ്പ

Leave a Comment

Skip to content