കൊറോണക്കാലത്തെ അക്കപ്പാട്ട്
ഒന്നാമതായി ഞാൻ ചൊല്ലിടാം കൂട്ടരേ
ഇന്നു ഗതിയതി മോശമാണേ
ഒന്നിച്ചു നാടിനെ കാക്കണം നാം.
രണ്ടാമതായി ഞാൻ ചൊല്ലിടാം കൂട്ടരേ
രണ്ടുപേർ കൂടുന്ന വേളകളിൽ
രണ്ടു കരവും നാം കൂപ്പിടേണം.
മൂന്നാമതായി ഞാൻ ചൊല്ലിടാം കൂട്ടരേ
മൂടിടേണം മൂക്കും വായുമൊപ്പം
മൂല്യങ്ങളാണിവ ഓർമ്മവേണം.
നാലാമതായി ഞാൻ ചൊല്ലിടാം കൂട്ടരേ
നാടിനെ പൂട്ടിയതോർമ്മ വേണം
നാട്ടിലിറങ്ങി നടന്നിടല്ലേ.
അഞ്ചാമതായി ഞാൻ ചൊല്ലിടാം കൂട്ടരേ
സഞ്ചാരമിന്നു വിലക്കിലാണേ
സഞ്ചയമായിട്ടു നില്ക്കരുതേ.
ആറാമതായി ഞാൻ ചൊല്ലിടാം കൂട്ടരേ
കൊറോണ വിശ്വം പരക്കയാണേ
മാറി,യകലത്തിൽ നിന്നിടേണേ.
ഏഴാമതായി ഞാൻ ചൊല്ലിടാം കൂട്ടരേ
പാഴാക്കിടല്ലേ ദിനങ്ങളൊന്നും
ഊഴമിതൂഴിയിലത്യപൂർവ്വം.
എട്ടാമതായി ഞാൻ ചൊല്ലിടാം കൂട്ടരേ
വീട്ടിന്നകത്തേയിരുന്നിടാവൂ
പാട്ടും കഥയും രചിയ്ക്കാമിനി.
ഒമ്പാതാമത്തെയും കാര്യം പറഞ്ഞിടാം
അമ്പരപ്പു വേണ്ട ഭീതി വേണ്ട
മുമ്പിലു ജീവിതമേറെയുണ്ടേ.
പത്താമതായി ഞാൻ ചൊല്ലിടാം കൂട്ടരേ
മൃത്യുവിൻ വിത്താം കൊറോണയെ നാം
ഒത്തൊരുമിച്ചു തുരത്താമിനി.
റീന വാക്കയിൽ,
മലയാളം മിഷൻ അധ്യാപിക
അക്ഷരജ്യോതി പഠനകേന്ദ്രം
ന്യൂ ഡൽഹി