ശ്രദ്ധ വേണം സസ്യാരോഗ്യത്തിലും
2020 – അന്താരാഷ്ട്ര സസ്യാരോഗ്യ വർഷം

“മാവും പിലാവും പുളിയും കരിമ്പും
തെങ്ങും ഫലം തിങ്ങുമിളം കവുങ്ങും
നിറഞ്ഞഹോ സസ്യലതാഢ്യമായ
വീടൊന്നിതാ മുന്നിൽ വിളങ്ങിടുന്നു”

ഗ്രാമീണ കന്യക എന്ന കവിതയിൽ കുറ്റിപ്പുറത്ത് കേശവൻ നായർ വർണ്ണിച്ചിരിക്കുന്നതുപോലെ സസ്യലതാദികൾ തണുപ്പേകി തണൽ വിരിക്കുന്ന തൊടികൾ കണ്ണും മനസ്സും നിറയ്ക്കുന്ന കാഴ്ചയാണ്. എന്നാൽ മനുഷ്യന്റെ വിവേചനരഹിതമായ ചെയ്തികളാൽ മാഞ്ഞുപോയ്ക്കൊണ്ടേയിരിക്കുകയാണ് പച്ചപ്പ്. അക്ഷരാർഥത്തിൽ കടലോളം പ്രശ്നങ്ങൾക്ക് നടുവിലാണ് സസ്യങ്ങൾ. ഭൂമിക്ക് ചുട്ടുപൊള്ളുമ്പോൾ, കാലത്തിന്റെ കണക്ക് തെറ്റിച്ചുകൊണ്ട് കാലാവസ്ഥ പ്രവചനാതീതമായിമാറി മറിയുമ്പോൾ, വിഷരാസവസ്തുക്കൾ മണ്ണും വിണ്ണും ജലവും വിഷലിപ്തമാക്കുമ്പോൾ ഒക്കെ തകരുന്നത് സസ്യങ്ങളുടെ ആരോഗ്യം കൂടിയാണ്.

നമുക്ക് മാത്രമല്ല, സസ്യങ്ങൾക്കും ഉണ്ടാവുന്നുണ്ട് ഒരുപാട് രോഗങ്ങൾ. ബാക്റ്റീരിയയും വൈറസ്സും ഫംഗസ്സും പരത്തുന്ന രോഗങ്ങളും ശത്രുകീടങ്ങളും മനുഷ്യന്റെ ചെയ്തികളുമൊക്കെ സസ്യങ്ങളുടെ ആരോഗ്യത്തെ ശോഷിപ്പിക്കുന്നുണ്ട്. എത്രയോ സസ്യങ്ങൾ ഈ ഭൂമുഖത്തു നിന്നും എന്നെന്നേക്കുമായി അപ്രത്യക്ഷമായിക്കഴിഞ്ഞു. വംശനാശത്തിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുന്നവയും ധാരാളം. അവശേഷിക്കുന്ന പച്ചപ്പെങ്കിലും സംരക്ഷിക്കുകയും സസ്യാരോഗ്യം ഉറപ്പു വരുത്തുകയും ചെയ്താലേ ഇനി നമുക്ക് രക്ഷയുള്ളൂ. സസ്യാരോഗ്യം ഉറപ്പു വരുത്തേണ്ടതിന്റെ ആവശ്യകത, സസ്യങ്ങളെ ബാധിക്കുന്ന രോഗങ്ങൾ, അത് വരാതെ നോക്കാനുള്ള മാർഗ്ഗങ്ങൾ, ശാസ്ത്രീയമായ സസ്യപരിപാലനം എന്നിവയെക്കുറിച്ചൊക്കെ ലോകമെങ്ങുമുള്ള ജനങ്ങളിൽ അവബോധമുണ്ടാക്കാനാണ് ഐക്യരാഷ്ട്രസഭ 2020 അന്താരാഷ്ട്ര സസ്യാരോഗ്യ വർഷമായി പ്രഖ്യാപിച്ചിരിക്കുന്നത്.

“വെട്ടുന്നവന്നും തരു ചൂടകറ്റും” എന്ന കവി വാക്യം കേട്ടിട്ടില്ലേ? സസ്യങ്ങൾ നമുക്ക് നൽകുന്ന സേവനങ്ങൾ എണ്ണിയാൽ തീരില്ല. പ്രകൃതിയിലെ പ്രാഥമിക ആഹാര നിർമ്മാതാക്കളാണ് ഹരിത സസ്യങ്ങൾ. പ്രകാശസംശ്ലേഷണ സമയത്ത് അവ അന്തരീക്ഷത്തിൽ നിന്നും കാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുത്ത് ഓക്സിജൻ പുറത്തു വിടുന്നു. മനുഷ്യൻ മാത്രമല്ല എല്ലാ ജീവജാലങ്ങളും പ്രത്യക്ഷമായോ പരോക്ഷമായോ സസ്യങ്ങളെ ആശ്രയിക്കുന്നുണ്ട്. നമ്മുടെ ഭക്ഷ്യാവശ്യത്തിന്റെ വലിയൊരു ഭാഗം നിറവേറ്റുന്നത് സസ്യങ്ങളാണ്.എത്രയെത്ര ഔഷധങ്ങളാണ് സസ്യങ്ങളിൽ നിന്ന് വേർതിരിച്ചെടുത്തിട്ടുള്ളത്! ജൈവസമ്പത്തിന്റെ ഈറ്റില്ലമാണ് കാനനങ്ങൾ. ഒരു മരം തന്നെ എത്രയോ ജീവികൾക്ക് അഭയസ്ഥാനമാണ്. ആവാസവ്യവസ്ഥയുടെ സന്തുലനം ഉറപ്പു വരുത്തുന്നതിലും കാലാവസ്ഥാ നിയന്ത്രണത്തിലുമൊക്കെ കാനനങ്ങൾക്ക് വലിയ പങ്കാണുള്ളത്. എന്നാൽ ആമസോൺ മഴക്കാടുകളിൽ താണ്ഡവമാടിയ കാട്ടു തീ വനത്തിന്റെ ആരോഗ്യത്തിന് വലിയ പോറലുകളാണുണ്ടാക്കിയത്.

യു.എൻ.ഭക്ഷ്യ കാർഷിക സംഘടനയുടെ കണക്കനുസരിച്ച് പ്രതിവർഷം ലോകത്ത് നാല്പത് ശതമാനത്തോളം ഭക്ഷ്യ വിളകളാണ് കീടാക്രമണങ്ങളാലും സസ്യരോഗങ്ങളാലും നശിച്ചുപോവുന്നത്. നെല്ലിനെ ബാധിക്കുന്ന കുലവാട്ടം ( ബ്ലാസ്റ്റ്), തവിട്ട് പുള്ളിക്കുത്ത് (ബ്രൗൺ സ്പോട്ട്) , തെങ്ങിനെ ബാധിക്കുന്ന മണ്ഡരി, കാറ്റുവീഴ്ച, കൂമ്പു ചീയൽ തുടങ്ങിയവയെക്കുറിച്ച് കേട്ടിട്ടില്ലേ? ഇതു പോലെ വിളകളെ ബാധിക്കുന്ന രോഗങ്ങൾ ഒരുപാടുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങൾ കൊണ്ടുള്ള പ്രശ്നങ്ങൾ വേറെ. പെരുകിക്കൊണ്ടേയിരിക്കുകയാണ് ജനസംഖ്യ. ലോകമാണെങ്കിൽ കടുത്ത ഭക്ഷ്യ പ്രതിസന്ധിയുടെ നിഴലിലും. കാർഷികരംഗത്തെ പ്രതിസന്ധി കർഷകരുടെ ജീവിതത്തെയും നമ്മുടെ ഭക്ഷ്യ സുരക്ഷയെയും‌ കാര്യമായി ബാധിക്കും. 1943 ലെ ബംഗാൾ ക്ഷാമത്തിനു കാരണമായത് നെല്ലിനെ ബാധിച്ച തവിട്ട് പുള്ളിക്കുത്ത് രോഗമായിരുന്നു. കാർഷികവിളകളുടെ ആരോഗ്യം ഉറപ്പാക്കിയാലേ ദാരിദ്ര്യവും പട്ടിണിയും പോഷകക്കുറവും പരിഹരിക്കാനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും കഴിയൂ. രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയിൽ കാർഷികരംഗത്തെ വളർച്ചയ്ക്ക് വലിയ പങ്കുണ്ട്.

സസ്യാരോഗ്യ സംരക്ഷണത്തിന് പരിസ്ഥിതി സൗഹൃദപരവും ശാസ്ത്രീയവുമായ മാർഗ്ഗങ്ങൾ വേണം അവലംബിക്കാൻ. രാസകീടനാശിനികളും രാസവളങ്ങളും നമുക്ക് പാടേ വേണ്ടെന്നു വയ്ക്കാൻ കഴിയില്ല. എന്നാൽ യാതൊരു വിവേചനവുമില്ലാതെ രാസകീടനാശിനികളും രാസവളങ്ങളുമൊക്കെ വാരി വിതറുന്നത് പരിസ്ഥിതിയുടെ ആരോഗ്യം തകർക്കും. മറ്റു ജീവജാലങ്ങളെയും ഇത് ദോഷകരമായി ബാധിക്കും. റേച്ചൽ കാഴ്സൺ രചിച്ച സൈലന്റ് സ്പ്രിങ് ( നിശ്ശബ്ദ വസന്തം) എന്ന പുസ്തകമാണ് രാസകീടനാശിനികളുടെ അമിത ഉപയോഗം വിതയ്ക്കുന്ന ദുരന്തങ്ങളിലേക്ക് ആദ്യമായി ലോകശ്രദ്ധ തിരിച്ചത്. കൊടും വരൾച്ചയിലും വെള്ളപ്പൊക്കത്തിലുമൊന്നും നശിച്ചുപോവാത്ത, കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കാൻ കഴിവുള്ള വിളകൾ ജനിതക എഞ്ചിനീയറിംഗ് ഗവേഷണങ്ങൾ നൽകുന്ന പ്രതീക്ഷയാണ്. എന്നാൽ ഇവ പരിസ്ഥിതിക്കോ ജീവജാലങ്ങൾക്കോ പ്രശ്നങ്ങളുണ്ടാക്കുന്നില്ല എന്നുറപ്പു വരുത്തേണ്ടതുണ്ട്. കൃഷിയിടങ്ങളിൽ വിളകൾക്ക് കൃത്യമായ അളവിൽ മാത്രം വളവും കീടനാശിനിയുമൊക്കെ എത്തിക്കാൻ കഴിയുന്ന നാനോ കാപ്സ്യൂളുകളും അധികം വൈകാതെ വ്യാപകമായേക്കും.

സസ്യാരോഗ്യ സംരക്ഷണത്തിന് ലോകരാജ്യങ്ങൾ കൂട്ടായി പ്രവർത്തിക്കേണ്ടതുണ്ട്. കാരണമെന്തെന്നോ? സസ്യരോഗങ്ങൾക്ക് രാജ്യാതിർത്തികളൊന്നും ബാധകമല്ല എന്നതു തന്നെ. കൊവിഡ് 19 വൈറസ്‌ അതിർത്തികളൊക്കെ കടന്ന് ലോകരാജ്യങ്ങളെ നിശ്ചലമാക്കിയത് കണ്ടുകൊണ്ടിരിക്കുകയാണ് നമ്മൾ. കഴിഞ്ഞ ഒരു ദശകത്തിനിടെ അന്താരാഷ്ട്ര യാത്ര നടത്തുന്നവരുടെ എണ്ണം മൂന്നു മടങ്ങോളം വർദ്ധിച്ചു. ഇത് രാജ്യാതിർത്തികൾ കടന്ന് വലിയ തോതിലുള്ള സസ്യരോഗ വ്യാപനത്തിനു കാരണമാവുന്നുണ്ടെന്ന് പല പഠനങ്ങളും അടിവരയിടുന്നു. അതുകൊണ്ടു തന്നെ രാജ്യാതിർത്തികൾ കടക്കുമ്പോൾ സസ്യങ്ങളോ വിത്തുകളോ യാത്രികർ കൊണ്ടുപോവുന്നില്ലെന്നും വിമാനം, കപ്പൽ, ട്രക്ക്, ട്രെയിൻ ഇവയിലൂടെയൊന്നും സസ്യകീടങ്ങളും സസ്യരോഗങ്ങളും ദൂരസ്ഥലങ്ങളിലേക്ക് എത്തുന്നില്ലെന്നും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് ഭക്ഷ്യ കാർഷിക സംഘടന മുന്നറിയിപ്പ് നൽകുന്നു.പല അധിനിവേശ കീടങ്ങളും അധിനിവേശ കള സസ്യങ്ങളും ആവാസവ്യവസ്ഥയെ പാടേ തകർക്കാൻ ശേഷിയുള്ളവയാണ്.

സസ്യങ്ങൾക്ക് ആരോഗ്യമുണ്ടെങ്കിലേ ഭൂമിക്കും നമുക്കും ആരോഗ്യമുണ്ടാവൂ. സസ്യരോഗങ്ങൾ പടർന്നു കഴിഞ്ഞിട്ട് പരിഹാരം തേടുന്നതിലും നല്ലത് രോഗം വരാതെ നോക്കുന്നതാണ്.

 

സീമ ശ്രീലയം അധ്യാപിക, ശാസ്ത്ര എഴുത്തുകാരി

0 Comments

Leave a Comment

FOLLOW US