പകർച്ചവ്യാധികളെ പിടിച്ചുകെട്ടിയ കഥ

ല്ലാവരും അവരവരുടെ വീടുകള്‍ക്കുള്ളിലാണ്. കൊറോണ വൈറസിന്റെ പുതിയ രൂപം ഉണ്ടാക്കുന്ന കൊവിഡ് 19 എന്ന രോഗം പരക്കാതിരിക്കാനുള്ള മുന്‍കരുതല്‍. പുതിയ കൊറണ വൈറസിനെതിരെ വാക്സിനൊന്നും കണ്ടെത്തിയിട്ടില്ല. അതിനുള്ള ശ്രമം നടക്കുന്നു. നമ്മുടെ ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥ ഈ വൈറസിനെ പുറന്തള്ളുന്നത് പ്രതീക്ഷിച്ചിരിക്കുകയേ നിവൃത്തിയുള്ളൂ. അതിനുതകുന്ന ചികിത്സയാണ് ഇപ്പോള്‍ കൊടുക്കുന്നത്. എന്നിരുന്നാലും ചിലരില്‍ പക്ഷേ ഈ വൈറസ് അപകടകാരിയും ആകും. മരണവും സംഭവിക്കും. അങ്ങനെയാണ് പതിനായിരക്കണക്കിനു മരണങ്ങള്‍ കൊവിഡ് 19 മൂലം ലോകത്തുണ്ടായത്.

ശരീരത്തിനു പുറത്തുള്ള കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ എളുപ്പമാണ്. സോപ്പു മതി. സോപ്പുലായനിയില്‍ വീണാല്‍ വൈറസിന്റെ പുറംതോട് ഇളകിപ്പോകും. വൈറസ് നിര്‍ജ്ജീവമാകും. ആല്‍ക്കഹോളിനും ഈ കഴിവുണ്ട്. അങ്ങനെയാണ് സോപ്പും ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറും ഉപയോഗിച്ച് ലോകമെമ്പാടുമുള്ള മനുഷ്യര്‍ ഈ വൈറസിനെതിരെ പ്രതിരോധം തീര്‍ത്തുകൊണ്ടിരിക്കുന്നത്. ആളുകള്‍ തമ്മില്‍ അകലം പാലിക്കുക കൂടി ചെയ്താല്‍ വൈറസിനു പിന്നെ പകരാനാവില്ല. തുടര്‍ച്ചയായി രണ്ടോ മൂന്നോ ആഴ്ചക്കാലം പുറത്തിറങ്ങാതിരുന്നാല്‍ ഈ വൈറസ് മിക്കവാറും ഇല്ലാതാവും. അതിനുള്ള ശ്രമമാണ് നമ്മള്‍ നടത്തുന്നത്. ലോകം മുഴുവന്‍ ഒത്തൊരുമയോടെ പ്രതിരോധിക്കുന്നത്.

കൊവിഡ്19 ഒരു മഹാമാരിയാണ്. പാന്‍ഡെമിക്. മനുഷ്യചരിത്രത്തില്‍ ഇതുപോലെ അനേകം മഹാമാരികള്‍ വന്നുപെട്ടിട്ടുണ്ട്. വൈറസുകളും ബാക്റ്റീരിയകളും നമ്മെ ആക്രമിച്ചിട്ടുണ്ട്. കോടിക്കണക്കിനാളുകളെ കൊന്നൊടുക്കിയിട്ടുണ്ട്. പക്ഷേ അതെല്ലാം നമ്മള്‍ അതിജീവീച്ചു. സയന്‍സിന്റെ പിന്‍ബലത്തോടെ ഓരോ രോഗത്തെയും നിയന്ത്രിച്ചു. ചില മഹാമാരികളെ പൂര്‍ണ്ണമായും ഇല്ലാതാക്കി! അങ്ങനെ ചിലതുകൂടി നമ്മള്‍ അറിഞ്ഞിരിക്കണം. രോഗങ്ങള്‍ക്കെതിരെ ഒരുമിച്ചുനിന്ന് പ്രതിരോധിച്ച കഥകള്‍! ആ കഥകളുടെകൂടി പിന്‍ബലത്തില്‍ കോറോണ വൈറസിനെയും നമുക്ക് മറികടക്കണം.

1980 മേയ് 8 ന് ലോകാരോഗ്യസംഘടന അന്ന് ഒരു പ്രഖ്യാപനം നടത്തി. ലോകചരിത്രത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ ഒരു പ്രഖ്യാപനം. ഭൂമിയില്‍നിന്ന് വസൂരി എന്ന രോഗം തുടച്ചുനീക്കിയിരിക്കുന്നു!

വീട്ടില്‍ അപ്പൂമ്മമാരോടോ അപ്പൂപ്പന്‍മാരോടോ വസൂരിയെക്കുറിച്ച് ഒന്നു ചോദിച്ചുനോക്കൂ. അവര്‍ പറയും പേടിപ്പെടുത്തുന്ന കഥകള്‍! ലോകം മുഴുവന്‍ ഭീതിയോടെ മാത്രം കണ്ടിരുന്ന ഒരു രോഗമായിരുന്നു വസൂരി. വസൂരി പിടിപെടുന്നവരില്‍ ഏതാണ്ട് പകുതിയോളം പേര്‍വരെ മരണമടയും എന്ന അവസ്ഥ! വസൂരി വന്നവരെ പ്രത്യേക കുടിലുകള്‍ നിര്‍മ്മിച്ച് മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു അന്ന് പതിവ്. പകര്‍ച്ചവ്യാധി ആയതിനാല്‍ അവിടേക്ക് ആരും കടന്നുചെല്ലുക പോലുമില്ല. കാര്യമായ ചികിത്സയും ഇല്ല. ചിലര്‍ രക്ഷപ്പെടും. മിക്കവരും മരിക്കും. രക്ഷപ്പെട്ടവര്‍ തന്നെ ജീവിതകാലം മുഴുവന്‍ ദേഹത്ത് അതിന്റെ പാടുകളുമായി കഴിയേണ്ടിയും വരും. ചിലരുടെ കാഴ്ച നശിക്കും.

വസൂരിയുടെ ചരിത്രം തുടങ്ങുന്നത് ആയിരക്കണക്കിനു വര്‍ഷം മുന്‍പാണ്. അന്നൊന്നും ഒരു തരത്തിലുള്ള മരുന്നും ഈ അസുഖത്തിന് ഉണ്ടായിരുന്നില്ല. ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്ന എഡ്വേര്‍ഡ് ജെന്നര്‍ ഡോക്ടര്‍ 1790കളില്‍ ഒരു കാര്യം ശ്രദ്ധിച്ചു. ഗോവസൂരി എന്ന മറ്റൊരു രോഗം വന്നുപോയവര്‍ക്ക് വസൂരി പിടിപെടുന്നില്ല! ഗോവസൂരിയാകട്ടെ ചികിത്സിച്ചു മാറ്റാന്‍ കഴിയുന്ന രോഗമാണ്. വലിയ പ്രശ്നങ്ങളില്ല. ഈ അറിവുവച്ച് ജെന്നര്‍ ഒരു പരീക്ഷണം നടത്തി. ജെയിംസ് ഫിപ്സ് എന്ന ഒരു കുട്ടിക്ക് ഗോവസൂരി ബാധിച്ച ആളില്‍നിന്നെടുത്ത ചലം കുത്തിവയ്പ്പ് നടത്തി. 1796ലാണ് ഈ സംഭവം. രണ്ടു മാസങ്ങള്‍ക്കുശേഷം അതേ കുട്ടിക്ക് വസൂരി ബാധിച്ച ആളില്‍നിന്നുള്ള ചലവും കുത്തിവച്ചു. രണ്ടാഴ്ചയോളം ജെന്നര്‍ കാത്തിരുന്നു. പക്ഷേ കുട്ടിക്ക് ഒരു തരത്തിലുള്ള രോഗലക്ഷണങ്ങളും വന്നില്ല! ചരിത്രത്തിലെ ആദ്യത്തെ വാക്സിനേഷന്‍ പരീക്ഷണമായിരുന്നു അത്.

അന്നത്തെ പ്രാകൃതമായ പരീക്ഷണത്തില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ഏറെ വര്‍ഷങ്ങള്‍ക്കുശേഷം വസൂരിക്കുള്ള വാക്സിനുകള്‍ ലോകമെമ്പാടും നിര്‍മ്മിക്കാന്‍ തുടങ്ങി. വാക്സിന്‍ കുത്തിവച്ചവര്‍ക്ക് പിന്നീട് വസൂരി പിടിപെട്ടിട്ടില്ല. എന്നാല്‍ വാക്സിന്‍ കുത്തിവയ്ക്കാത്ത പലര്‍ക്കും പിന്നീടും ഈ രോഗം വന്നുകൊണ്ടിരുന്നു. അതോടെയാണ് ലോകം മുഴുവനായി ഒരു തീരുമാനമെടുത്തത്. ലോകത്തുള്ള എല്ലാ മനുഷ്യരര്‍ക്കും വസൂരിക്കതിരെയുള്ള വാക്സിന്‍ കുത്തിവയ്ക്കുക. വലിയൊരു ജോലി ആയിരുന്നെങ്കിലും ലോകരാജ്യങ്ങളെല്ലാം ഇത് ഏറ്റെടുത്തു. വസൂരി മൂലം അനേകലക്ഷം പേര്‍ മരിച്ചിരുന്ന ഇന്ത്യയും മാറിനിന്നില്ല. എല്ലാവരെയും നിര്‍ബന്ധിച്ച് വാക്സിന്‍ എടുപ്പിച്ചു. 1979 ആയപ്പോഴേക്കും ലോകത്തുനിന്ന് വസൂരി പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെട്ടു. ഭൂമിയില്‍നിന്ന് പൂര്‍ണ്ണമായും തുടച്ചുമാറ്റപ്പെട്ട ആദ്യ പകര്‍ച്ചവ്യാധി! കോടിക്കണക്കിന് ആളുകളുടെ മരണത്തിനു കാരണമായിരുന്ന ഒരു രോഗത്തെ പൂര്‍ണ്ണമായും മനുഷ്യര്‍ പിടിച്ചുകെട്ടി ഇല്ലാതാക്കിയ കാഴ്ച! അങ്ങനെയാണ് 1980ല്‍ ലോകാരോഗ്യസംഘടന ആ ചരിത്രപ്രഖ്യാപനം നടത്തിയത്. ഇനി ഭൂമിയിലാര്‍ക്കും വസൂരിയില്ല!

വരിയോല മൈനർ, വരിയോല മേജർ എന്നിങ്ങനെയുള്ള രണ്ടു വൈറസുകളായിരുന്നു വസൂരി പരത്തിയിരുന്നത്. വാക്സിനേഷനിലൂടെ ആ വൈറസിനെതിരെയുള്ള പ്രതിരോധശേഷി ലോകത്തുള്ള മുഴുവന്‍ മനുഷ്യര്‍ക്കു ലഭ്യമാക്കാന്‍ അന്‍പതു വര്‍ഷം മുന്‍പ് നമുക്കു സാധിച്ചു.

വസൂരിപോലെ മനുഷ്യരെ കൊന്നൊടുക്കിയ മറ്റൊരു രോഗമാണ് പ്ലേഗ്. എലിയില്‍ വസിക്കുന്ന ഒരു തരം ചെള്ളിലാണ് രോഗകാരിയായ ബാക്റ്റീരിയ വസിക്കുന്നത്. ഈ ബാക്റ്റീരിയ മനുഷ്യരില്‍ എത്തിയാല്‍ പ്ലേഗ് പിടിപെടും. മനുഷ്യരിലേക്ക് ഈ ബാക്റ്റീരിയ കടക്കാതെ നോക്കുക എന്നതാണ് പ്രതിവിധി. എലികളെയും എലിച്ചെള്ളുകളെയും വ്യാപകമായ തോതില്‍ നശിപ്പിച്ചാണ് നാം പ്ലേഗിനെ നിയന്ത്രിച്ചത്. അത്യപൂര്‍വ്വമായിട്ടു മാത്രമേ കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടയില്‍ പ്ലേഗ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ.

അനേകലക്ഷം മനുഷ്യരെ പലപ്പോഴായി കൊന്നൊടുക്കിയ രോഗമാണ് കോളറ. ഇപ്പോഴും കോളറ പലയിടത്തും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ പണ്ടെത്തെപ്പോലെ ആളുകള്‍ മരണമടയുന്നില്ല. ജലത്തിലൂടെ പകരുന്ന രോഗമാണിത്. ബാക്റ്റീരിയയാണ് രോഗമുണ്ടാക്കുന്നത്. ആവശ്യത്തിനു കക്കൂസുകളും ജലശുദ്ധീകരണമാര്‍ഗ്ഗങ്ങളും ഒക്കെ വന്നതോടെ കോളറയെ നമുക്ക് നിയന്ത്രിക്കാനായി. വെള്ളം തിളപ്പിച്ചാല്‍ത്തന്നെ കോളറയുണ്ടാക്കുന്ന ബാക്റ്റീരിയകള്‍ നശിച്ചുപോകും. ഒ ആര്‍ എസ് ലായനിയുടെ കണ്ടുപിടുത്തവും കോളറ ബാധിച്ചവരുടെ ചികിത്സയില്‍ വലിയൊരു പങ്കുവഹിച്ചു. ശുചിത്വബോധം കൊണ്ട് ഇല്ലാതാക്കിയ ഒരു രോഗം എന്നു വേണമെങ്കിലും പറയാം! ജനങ്ങളുടെ കൂട്ടായ സഹകരണമാണ് കോളറയെ ഇല്ലാതാക്കുന്നതില്‍ ഏറെ സഹായിച്ചിട്ടുള്ളത്.

ഒരു കാലത്ത് മനുഷ്യരുടെ പേടിസ്വപ്നമായിരുന്ന മറ്റൊരു രോഗമാണ് കുഷ്‌ഠം. ബാക്റ്റീരിയ വഴി പകരുന്ന ഒരു രോഗം തന്നെയാണ് ഇതും. കുഷ്‌ഠം ബാധിച്ച ആളുകളെ ഒറ്റപ്പെടുത്തുകയായിരുന്നു ആദ്യകാലത്ത് പതിവ്. പലരും ഭക്ഷണവും വെള്ളവും ലഭിക്കാതെ മരണമടയും. അവയവങ്ങള്‍ക്ക് സ്ഥിരമായ കേടുപാടുകള്‍ പറ്റും. 1980കളില്‍ കണ്ടെത്തിയ ചികിത്സാരീതിയാണ് കുഷ്ഠരോഗത്തെ ഇല്ലാതാക്കാന്‍ മനുഷ്യരെ സഹായിച്ചത്.

മലമ്പനിയും ഇതേപോലെ മനുഷ്യരെ കൊന്നൊടുക്കിയ രോഗമാണ്. മലേറിയ ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ലോകം മുഴുവന്‍ ഒരുമിച്ചതോടെയാണ് ഇത് നിയന്ത്രണവിധേയമായത്. ഇന്നും മലമ്പനി വരുന്നുണ്ട്. തുടക്കത്തിലേ കണ്ടെത്തിയാല്‍ ഏറെ ഫലപ്രദമായ ചികിത്സയും ഉണ്ട്. മറ്റുള്ളവരിലേക്കു പകരാതെ നോക്കാനും കഴിയും. കൊതുകിലൂടെയാണ് മലമ്പനി പകരുക. കൊതുകുകളെ നിയന്ത്രിച്ചാല്‍ മലമ്പനിയും നിയന്ത്രിക്കാം! മലമ്പനി വന്നാല്‍ മരിക്കും എന്ന അവസ്ഥയില്‍നിന്ന് ഫലപ്രദമായ ചികിത്സ ഉണ്ടെന്ന അവസ്ഥയിലേക്ക് നാം എത്തിച്ചേര്‍ന്നിരിക്കുന്നു.

അതായത് ഏതു രോഗത്തെയും പിടിച്ചുകെട്ടാനുള്ള ശേഷി മനുഷ്യരുടെ ബുദ്ധിക്കുണ്ട്! സയന്‍സും പരീക്ഷണങ്ങളും അതിനു നമ്മെ സഹായിക്കുകതന്നെ ചെയ്യും! കൊറോണയെന്നെ രോഗത്തെയും നമ്മള്‍ പിടിച്ചുകെട്ടുകതന്നെ ചെയ്യും. ആകെ വേണ്ടത് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്ന കാര്യങ്ങള്‍ അതേപടി അനുസരിക്കുക എന്നതു മാത്രമാണ്.

നവനീത് കൃഷ്ണന്‍ എസ്

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content