കണിക്കൊന്ന പാഠാസൂത്രണം
താരികം താരാരോ – യൂണിറ്റ് 6

കൃഷിസംബന്ധമായ പാഠമാകയാൽ… സാധാരണ ചെയ്‌തുവരുന്ന കൃഷിയെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാം.

നെൽകൃഷിയെക്കുറിച്ച് പറയാം.
നെല്ല് എന്താണ്?
അരിയാകുന്നതെങ്ങനെ?
അതിനു പിറകിലുള്ള കർഷകന്റെ അദ്ധ്വാനത്തെക്കുറിച്ച് വിവരിച്ചു കൊടുക്കുക.
ചർച്ചയാക്കാം.
കുട്ടികൾക്കറിയാവുന്ന വിവരങ്ങൾ ശേഖരിക്കുക.. ബോർഡിൽ എഴുതുക.

നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ… …. ചർച്ചയാക്കുക…

1.നിലം ഒരുക്കണം (കന്നുപൂട്ടണം)
2.വിത്തു വിതയ്ക്കണം
3.ഞാറുനടണം
4.കളപറിക്കണം
5.കൊയ്ത്ത്
6.കറ്റ തല്ലൽ (കറ്റമെതി)
7.പതിരു തിരിക്കൽ
8.പൊലി നിറയ്ക്കൽ

ഇനി ഇതൊരു ഗ്രൂപ്പായി ഒരു നാടൻ കളിയിലൂടെ അവതരിപ്പിച്ചാലോ.

എല്ലാവരും വട്ടത്തിൽ നിൽക്കുക.. കൈകൊട്ടി കൊണ്ട് വട്ടത്തിൽ കറങ്ങുക.
ടീച്ചർ പാടികൊടുക്കുന്നു… കുട്ടികൾ ഏറ്റുചൊല്ലട്ടെ.

നിങ്ങളുടെ നാട്ടിലൊക്കെ എന്തുപണിയാണടോ
ഞങ്ങളുടെ നാട്ടിലൊക്കെ കന്നുപൂട്ടൽ ആണടോ
കന്നുപൂട്ടൽഎങ്ങനെടി മോതിര കുറത്തി
കന്നുപൂട്ടൽ ഇങ്ങനെ പിന്നിങ്ങനെ പിന്നിങ്ങനെ…..
(കന്നുപൂട്ടുന്ന ആക്ഷൻ കാണിക്കുക.)

ഇങ്ങനെ ഓരോ ഘട്ടങ്ങളും പാടുക…

നെൽക്കൃഷിയുടെ വിവിധ ഘട്ടങ്ങൾ കുട്ടികൾ പാട്ടിലൂടെ നന്നായി മനസിലാക്കിയിട്ടുണ്ടാവും.
പാഠപുസ്തകത്തിൽ ക്രമത്തിലെഴുതുക എന്നഭാഗം ഒരു സംശയവുമില്ലാതെ എഴുതാൻ പറ്റുമല്ലോ…

ഇനി പണിയാളുകൾ ഞാറുനടുമ്പോഴും, കൊയ്ത്ത് സമയത്തും നാടൻ പാട്ടുകൾ പാടിയിരുന്നു… അതും കുട്ടികൾക്കു പറഞ്ഞു കൊടുക്കുക. ഇനി അവരുടെ ശ്രദ്ധ പാഠപുസ്തത്തിലേക്ക് കൊണ്ടുവരിക.

ഞാറുനടുമ്പോൾ പാടുന്ന ഒരു പാട്ടു പഠിച്ചാലോ…
താരികം താരാരോ എന്ന പാഠം പഠിപ്പിക്കുന്നു…..

എല്ലാവരും ഈണത്തിൽ ചൊല്ലുന്നു….

നിങ്ങളുടെ നാട്ടിലൊക്കെ…… ഈ പാട്ട് നമ്മുടെ കൈപ്പുസ്തകത്തിൽ ഉള്ളതാണ്.
തിരുവനന്തപുരം ട്രെയിനിംഗിൽ ഉണർത്തു പ്രവർത്തനത്തിന്റെ ഭാഗമായി ഞങ്ങളെക്കൊണ്ട് ചെയ്യിപ്പിച്ചിരുന്നു.
അങ്ങനെയാണ് ഈ പാo ഭാഗംപഠിപ്പിക്കുമ്പോൾ ഇങ്ങനെ ചെയ്യാം എന്ന ആശയം ഉണ്ടായത്. ക്ലസ്റ്റർ മീറ്റിംഗിൽ ഇത് ഞങ്ങൾ ടീച്ചേർസ് അവതരിപ്പിക്കുകയുണ്ടായി…

ഇന്ന് ക്ലാസിൽ പഠിപ്പിക്കാൻ, തയ്യാറാക്കി…
ഇന്ന് അവധിയായിപ്പോയി.. അടുത്ത ക്ലാസിനായി കാത്തിരിക്കുന്നൂ.

ആശ സുരേഷ്
കണിക്കൊന്ന അദ്ധ്യാപിക
വാപ്പി

0 Comments

Leave a Comment

FOLLOW US