അമ്മ

കാത്ത്കാത്തേറേ കിടന്നു ഞാനിന്നു
നിന്നെയോര്‍ത്തെന്‍ കുഴിമാടത്തില്‍
കാതോര്‍ത്ത് കിടന്നു നിന്‍ കാലൊച്ച
കേള്‍ക്കുവാനേറെ കൊതിച്ച്

ഓര്‍ക്കുവാനേറെയുണ്ടെന്‍ ഓര്‍മ്മയില്‍
ഓര്‍ക്കുന്നുവെല്ലാം ഇന്നലത്തെപ്പോല്‍
മാറത്ത് നീ ചേര്‍ന്ന നിമിഷമോര്‍ക്കുന്നു
നിന്നെപാടിയുറക്കിയ തരാട്ടുപാട്ടുകള്‍
നിന്നെയമ്മാനമാടിച്ചതും മാമൂട്ടിയതും
ഓര്‍ക്കുന്നുവെല്ലാം ഇന്നലെ പോല്‍

ആദ്യമായി കൊഞ്ചിയ രണ്ടക്ഷരം
അമൃതമായി എന്നില്‍ നിറഞ്ഞതും
നിറയുന്നു മധുരസ്മരണയായ് എന്നില്‍
ഒരായുസ്സെരിഞ്ഞുതീര്‍ത്തു മകനെ നിനക്കായ്

എന്‍റെ ശവമഞ്ചം ചുമക്കുവാന്‍ വൈകി-
യാണെങ്കിലും നീ വരുമെന്നെന്നാത്മാവ് നിനച്ചു
ഒരു തിരി നാളം നീ എനിക്കായ് നീട്ടുമെ-
ന്നോര്‍ത്തുകിടന്നു പട്ടടയില്‍

ആരോ കൊളുത്തിയ അഗ്നിയിലമരുമ്പോഴും
നീ വരാത്തതെന്തെന്ന ഉത്കണ്ഠയോടെ
മടങ്ങിയെന്നാത്മാവ് ഉണ്ണീ
നീ അറിഞ്ഞിരുന്നുവോ എന്നെ…..

വിജയന്‍ വെങ്കിടങ്ങ്, ഖത്തര്‍

0 Comments

Leave a Comment

Skip to content