മഹിളാരത്നം
മഹിളെ നീ മകളായ്
പിറന്നെന്റെ വിരിമാറിലായ്
നിൻ സ്വരം കേട്ടെൻ
മനം മധുരിമയേകും
മന്ദസ്മിതത്താൽ
പ്രമുദിതയായൊരു
ജനനിയാം
പൃഥിവി ഞാൻ
എൻ മാറിനുള്ളിലെ
മലർവാടി തന്നിലായ്
അഴകിന്റെ റാണിയായ്
നീ കൂമ്പി വിടർന്നൊരു
മലർ ഗന്ധം ചൊരിഞ്ഞു
നീ വിരിഞ്ഞു നിൽക്കെ
ധരിത്രിയാമെന്നിലെ
അമ്മ പ്രീതിയാൽ
കരഞ്ഞുവോ
ഉൾപ്പുളകത്താൽ
കോരിത്തരിച്ചുപോയ്
തെല്ലൊരു അഹങ്കാര
ചുഴിയിൽ ഞാൻ
വീണു പോയി
അഴകാർന്ന മണമാർന്ന
പൂമൊട്ടു നീയല്ലേ
മകളും സോദരിയും
നീയല്ലേ
സ്നേഹത്തിൻ
നിറദീപ ഭാര്യയും
സഹനമയി
അമ്മയും അമ്മൂമ്മയും
ഇതൾവിരിഞ്ഞ
ഇളം പൂവേ
നിന്നെയാ നിർദ്ദയ
ഹൃദയരാം കഴുകന്മാർ
കശക്കിയെറിയുന്ന
കശ്‌മലലോകം
അഴലേറുമെൻ
തമസ്സിൻ വിലാപം
അകറ്റുവാൻ സതതം
പര്യാണം ചെയ്യുന്നു ഞാൻ
ഭീതിയാലെ
എന്നിനി എന്നിതിൽ
ഈ ഭൂവിൽ
മാനവർ മനുജരായ് വാഴുന്ന
കാലമോന്നോടിയ
ണയുവാൻ കണ്ണിമ വെട്ടാതെ
കാത്തിരിക്കുന്നു ഞാൻ
വിരിഞ്ഞു സുഗന്ധമേകുന്ന
മഞ്ഞ മന്ദാരമായ്
നിന്നെയെൻ
നെഞ്ചോട്
ചേർത്തിടട്ടെ മഹിളെ…
രത്നം പോൽ
മിന്നുന്ന മകളെ
നിന്നെയെൻ
ചുംബന പൂവിനാൽ
പൊതിഞ്ഞിടട്ടെ…
കുഞ്ഞുമോൾ സ്റ്റാലിൻ
മലയാളം മിഷൻ അധ്യാപിക
വാപി