അനുഭവ നർമ്മം
മാർജ്ജാര നിഷ്‌കാസനം
ചന്നം പിന്നം മഴ പെയ്യുന്ന ഒരു വൈകുന്നേരമാണ് ആ മാർജ്ജാരൻ കുട്ടി വീട്ടിലെത്തിയത്. കൈകാലുകൾ ശോഷിച്ച, മെലിഞ്ഞു നീണ്ട, വാരിയെല്ലുകൾ തൊലിപ്പുറമേ കാണാവുന്ന ഒരു കുട്ടിപ്പൂശകൻ.
ഞങ്ങളതിന് ‘കൊത്തവരക്ക നാഗേഷ്’ എന്ന് പേരിട്ടു. പണ്ട് സദാനന്ദന് നളിനിച്ചേച്ചി കനിഞ്ഞു നൽകിയ പേരും കൊത്തവരക്ക നാഗേഷ് എന്നായിരുന്നു. അതിനു പിന്നിലെ ചേതോവികാരം അവൻ അന്നൊരു നൈജീരിയൻ ബാലനെ പോലെ ആയിരുന്നത് കൊണ്ടാകാം. അതോ വലിയ കാര്യങ്ങൾ മാത്രം പറയുന്ന മദനേട്ടന്റെ ശിഷ്യപട്ടം എടുത്തതിനാലോ എന്നുള്ള വസ്തുത ഇന്നും മറ നീക്കി പുറത്തു വന്നിട്ടില്ല. എന്തായാലും വെറുതെ ഒരു രസത്തിനോ നേരമ്പോക്കിനോ വേണ്ടി ആയിരുന്നില്ല എന്ന് അനുമാനിക്കാനേ ഇപ്പോൾ നിർവാഹമുള്ളൂ. അങ്ങിനെ അവശനും, നിരാലംബനും, അസ്ഥികൂട ഗാത്രനുമായി വന്ന മാർജ്ജാരൻ കുട്ടിക്ക് ഒരു ചാളത്തല കൊടുത്തു കൊണ്ട് അനിയൻ കുട്ടി അവനെ വീട്ടിലെ മെമ്പറാക്കി. ഏകദേശം ഒന്നുരണ്ടാഴ്ച കഴിഞ്ഞപ്പോൾ ജന്തു രക്ഷകന്റെ ശരീരം പോലെ തന്നെ കൊഴക്കട്ട പരുവത്തിൽ ഒന്നുരുണ്ടു. ആരോഗ്യം വീണ്ടുകിട്ടിയപ്പോൾ അവൻ തനി സ്വഭാവം കാണിച്ചു തുടങ്ങി.
പാത്രങ്ങളുടെ മൂടി തുറന്നു ശാപ്പാടടിക്കുക, അടുക്കളയിൽ മലമൂത്ര വിസർജ്ജനം നടത്തുക, ഞങ്ങളുടെ രാത്രി ഉറക്കത്തിൽ പുതപ്പിൽ നുഴഞ്ഞുകയറി കാലിൽ മാന്തുക, കടിക്കുക തുടങ്ങിയ കുരുത്തക്കേടുകൾ. അമ്മയുടെ രണ്ടുമൂന്നു സാരികൾ സ്നേഹപ്രകടനമെന്ന വ്യാജേന ജന്തു മാന്തി പൊളിച്ചു. അനിയൻ കുട്ടിയുടെ ഒരു ട്രൗസർ പപ്പടവട്ടത്തിൽ മാന്തിയും കടിച്ചും നാമാവശേഷമാക്കി. പൊറുതി മുട്ടിയപ്പോൾ അച്ഛനാ ജന്തുവിനെ ഫുട്ബോളാക്കിത്തുടങ്ങി. കൺ വെട്ടത്തു കണ്ടാൽ അച്ഛൻ ചാക്കോള ട്രോഫിക്കു കളിക്കാൻ വരുന്ന അന്നത്തെ മഫത് ലാൽ ടീമിലെ രഞ്ജിത്ത് ഥാപ്പയെപ്പോലെ നൃത്തം വെച്ചിട്ടാണെങ്കിലും എതിർ പോസ്റ്റിലേക്ക് പെനാൽറ്റി കിക്കടിക്കുന്ന ആവേശത്തോടെ പൂശകനെ പൂശിത്തുടങ്ങി.
അങ്ങിനെയിരിക്കുന്ന കാലത്താണ് ഗ്രാമത്തിൽ നിന്നും അമ്മമ്മ വീട്ടിൽ ലാൻഡ് ചെയ്യുന്നത്. അന്ന് മൂപ്പത്തിയാർക്കു എസ്കോർട്ട് വന്നത് വലിയച്ഛനായിരുന്നു. അച്ഛന്റെ ഈസി ചെയറിനടുത്തുള്ള ജനൽപടി എന്റെ പുസ്തക ശേഖരം കൊണ്ട് സമ്പന്നമായിരുന്നു. അത് കണ്ടിട്ട് വലിയച്ഛൻ എന്താടോ ഇത് ഒരു മിനി വായനശാല പോലെയുണ്ടല്ലോടോ എന്ന് പറഞ്ഞത് ഓർമ്മയുണ്ട്. എന്തായാലും വലിയച്ഛൻ ഏതോ ഒരു പുസ്തകം വായിച്ചു കൊണ്ടിരിക്കുന്ന ഒരു ഇടവേളയിൽ ആണ് മാർജ്ജാരൻ കുട്ടി ജനലിൽ ചാടിക്കേറി അഭ്യാസം കാണിക്കവെ വല്യച്ഛന്റെ കണ്ണട താഴെ വീണ് വിദ്യാർത്ഥി സമരത്തിൽ ഏറുകൊണ്ട ആന വണ്ടിയുടെ ചില്ലുപോലെ ആയത്. അന്നേ ദിവസം തന്നെ അമ്മമ്മടെ കാലിലെ തള്ള വിരൽ ചാള തലയാണെന്ന മിസണ്ടർസ്റ്റാൻഡിങ്ങിൽ പൂശകൻ കൊച്ചൻ കടിച്ചു കുടയുകയും സീൻ രക്തപങ്കിലമാവുകയും കൂടെ ചെയ്തപ്പോൾ പ്രശനം ഗുരുതരമായി.
കുരുത്തം കെട്ട ജന്തുവിനെ വീട്ടിൽ നിന്നും നിഷ്‌കാസിതനാക്കാനുള്ള ചർച്ചകൾക്കൊടുവിൽ ആ ദൗത്യം എന്നിൽ നിക്ഷേപിക്കപ്പെട്ടു. ആപ്പീസിൽ നിന്നും അച്ഛൻ വീട്ടിലെത്തിയ ഒരു സായന്തനത്തിൽ ജന്തുവിനെ അതിന്റെ സ്വാഭാവിക പ്രതിഷേധങ്ങൾ വക വെക്കാതെ ഒരു ചാക്കിലാക്കി സൈക്കിളിന്റെ കൊട്ടയിലിട്ട് മരുതൂർ അമ്പലപ്പറമ്പിൽ ആലിൻചുവട്ടിൽ കൊണ്ടുവിട്ടു. തിരിച്ചുവരുംവഴി വായനശാലയിൽ കയറി സൗഹൃദ വെടിവട്ടമെല്ലാം കഴിഞ്ഞശേഷം വീട്ടിലെത്തിയപ്പോൾ വരവേറ്റത് സാക്ഷാൽ കൊത്തവരക്ക നാഗേഷായിരുന്നു. പിന്നെ അടുത്ത ഊഴം അനിയൻ കുട്ടിക്കായിരുന്നു. പിറ്റേ ദിവസം നാടുകടത്തൽ ആവർത്തിക്കപ്പെട്ടു. അവൻ കവലക്കാടൻ ഇടവഴി കടന്നുള്ള തെങ്ങിൻ തോപ്പിൽ അതിനെ കൊണ്ടുവിട്ടു.
പിറ്റേ ദിവസം കാലത്തു ഞങ്ങൾ ഉണരുന്നതിനു മുമ്പേ സാധനം കിലുക്കത്തിലെ മോഹൻലാൽ കാട്ടിൽ കൊണ്ടുവിട്ട രേവതി തിരിച്ചു വന്നു ഞാൻ ജ്യോതിയും വന്നില്ല തീയും വന്നില്ല എന്ന് പറഞ്ഞപോലെ പൂശകൻ കരഞ്ഞോണ്ട് വാതിൽക്കൽ ഉണ്ടായിരുന്നു. ഞങ്ങൾ മടിയന്മാരാണെന്നും ജന്തുവിനെ നാടുകടത്താൻ ഉള്ള നിശ്ചയദാർഢ്യം ഇല്ലാത്തവരാണെന്നും ആരോപിച്ച് അച്ഛൻ ദൗത്യം സ്വയം ഏറ്റെടുത്തു. അന്ന് ആപ്പീസിൽ പോകുമ്പോൾ സൈക്കിളിന്റെ കൊട്ടയിൽ വീണ്ടും നാഗേഷ് പാക്ക് ചെയ്യപ്പെട്ടു. ചെമ്പൂക്കാവ് കേറ്റത്തിൽ സൈക്കിൾ തള്ളിക്കയറ്റുന്ന സമയത്തു് അച്ഛൻ അതിനെ സൈക്കിൾ ഡ്രോപ്പ് ചെയ്തു.നിഷ്‌കാസന ദൗത്യത്തിൽ അച്ഛൻ എന്നെയും അനിയൻ കുട്ടിയെയും മലർത്തിയടിച്ച സന്തോഷത്തിൽ വിജയം ആഘോഷിച്ചു. അന്ന് വൈകീട്ട് ഞങ്ങൾ ബാധ ഒഴിഞ്ഞതിന്റെ ദീർഘനിശ്വാസം വിട്ടു സമാധാനമായി കിടന്നുറങ്ങി.
രണ്ടുദിവസം കഴിഞ്ഞപ്പോൾ അതാ വരുന്നു പൂശകൻ ഒന്നും സംഭവിക്കാത്ത പോലെ!!.
എവിടെയോ പോയി കരിക്കലത്തിൽ തലയിട്ടപ്പോൾ പുരണ്ട കരിയും ചാരവുമൊക്കെ മുഖത്തും ദേഹത്തും പുരണ്ട് എന്തൊക്കെയാ വിശേഷങ്ങൾ എന്ന് ചോദിച്ച് അതി കാലത്തു തന്നെ.
രണ്ടു ദിവസം അലഞ്ഞതിന്റെ ക്ഷീണം തീർക്കാൻ അവൻ അടുക്കളയിൽ അടുപ്പിലെ തീയും കാഞ്ഞു കിടക്കുമ്പോഴാണ് അത് സംഭവിച്ചത്. അടുപ്പത്തിരുന്ന കുക്കർ ശീഈ… എന്ന് അത്യുച്ചത്തിൽ ചീറിയപ്പോൾ ഇടം വലം നോക്കാതെ പേടിച്ചു പ്രാണനും കൊണ്ട് എണീറ്റോടിയ മാർജ്ജാരങ്കുട്ടിയെ പിന്നെ ഞങ്ങളാരും കണ്ടിട്ടില്ല.
സതീഷ് തോട്ടശ്ശേരി
മലയാളം മിഷൻ, ബാംഗ്ലൂർ