കവിത രചിച്ചു പഠിക്കാം – കവിതയുടെ അർത്ഥവും വ്യാപ്തിയും
(കേൾക്കുവാനായി താഴെ ക്ലിക്ക് ചെയ്യുക)


കടങ്കഥയോട് കടപ്പാടുള്ള എത്ര കവിതകൾ എഴുതി. കാടും കടലും നാടും വീടും കവിതയിലേക്ക് കൂടു മാറുമ്പോൾ മനസ്സിലാകുന്ന കാര്യമെന്താണ്.

വാക്കുകൾ വളയുമ്പോഴാണ് കവിതകൾ വിളയുന്നത്. വിരുതും കരുതലും കരുത്തുമെല്ലാം നല്ല കവിതക്ക് അത്യാവശ്യമാണ്. പല പല വഴികളിലൂടെ നടന്നും പലവിധ പരീക്ഷണങ്ങൾ നടത്തിയും ഓരോ കവിയും തൻ്റെ ഇടം നേടുന്നതു കാണാം. പ്രാചീന കവിതയും ആധുനിക കവിതയും ക്ലാസ്സിക് കവിതയും കാല്പനിക കവിതയും ഒക്കെ അങ്ങനെ ജന്മം കൊണ്ടതാണ്. വ്യത്യസ്തങ്ങളായ രീതികളും വഴികളും കവിതയ്ക്കുണ്ട്. ഓരോ കവിയും ഇഷ്ടമുള്ളത് സ്വീകരിക്കുന്നു.

പ്രതീകങ്ങളെ ഉപയോഗപ്പെടുത്തി കവിതകൾ രചിക്കാം. കുരിശു കാണുമ്പോൾ നാം ക്രിസ്തുവിനെ ഓർക്കുന്നു. കുരിശ് ത്യാഗത്തിൻ്റെ പ്രതീകമാകുന്നു. പ്രണയത്തിൻ്റെ പ്രതീകമായി പനിനീർ പൂവിനെ പറയാറുണ്ട്. ഈ സാധ്യത ഉപയോഗപ്പെടുത്തി കവിത രചിക്കുമ്പോൾ അർത്ഥവും വ്യാപ്തിയും വർദ്ധിക്കുന്നതു കാണാം.

കടങ്കഥകളുടെ കുടുസ്സായ കൂടുകളിൽ കുടിപാർത്തവർ കൂടുതൽ ഉയരത്തിലേക്ക് പറക്കുമ്പോഴാണ് പലപ്പോഴും പ്രതീകാത്മക കവിതകൾ രൂപം കൊള്ളുന്നത്. ഈ കവിത നോക്കുക.

കുട വേണ്ടെനിക്ക്
തലയില്ലെനിക്ക് തടവാൻ
താടിയും മുടിയുമില്ല.
ഉള്ളിലൊരു നനവ്
ഉടലിൽ കിനിവ്
ചങ്കിൽ പിടിച്ചാലും
കുതറാത്ത പ്രകൃതം.
കുടുസ്സായ വായയും
കുടവയറും കൊണ്ട്
നാടായ നാടൊക്കെ മണ്ടുന്നു
വീടായ വീടൊക്കെ തെണ്ടുന്നു
വായും വയറും നിറയ്ക്കുന്നു.
പുല്ലിനെ പുഴുവിനെ
തീറ്റുന്നു പോറ്റുന്നു
ഒരു മാത്ര ഈ മണ്ണിൽ
വീണുടയും വരെ
യാത്ര തുടരുന്നു
നിറവയറോടെ
നിറമനസ്സോടെ


ഇതൊരു കുടം പറയുന്നതാണെന്ന് വായിച്ചാൽ മനസ്സിലാകും.എന്നാൽ ഇതിലെ കുടം ഒരു വെറും കുടമല്ല. അത് ഒരു മനുഷ്യൻ തന്നെയല്ലേ.

ചെരിപ്പ് എന്ന കവിത നോക്കൂ.

ഒറ്റയ്ക്കിരിക്കുവാനിഷ്ടമില്ല എനി-
യ്ക്കിഷ്ട തോഴൻ സദാ കൂട്ടിനുണ്ട്.
മേലോട്ടുയരുവാനില്ല ഞാനെന്നുമീ
മണ്ണിനോടൊട്ടിക്കിടന്നുകൊള്ളാം.
കാര്യങ്ങൾ കാണുവാനല്ല ഞാനെന്നുമീ
കാലു പിടിച്ചു വണങ്ങി നിൽപ്പൂ .
കല്ലിലും മുള്ളിലും യാത്ര പോയീടിലും
തെല്ലും തളരാതെ കൂട്ടിനുണ്ട്.
എത്ര ചവിട്ടിയരച്ചു തൊഴിച്ചാലും
സേവിച്ചു തന്നെ മരിച്ചിടും ഞാൻ.

ഈ ചെരിപ്പിനെപ്പോലെ ത്യാഗ സുരഭില സ്വഭാവമുള്ളവർ നമുക്കു ചുറ്റുമില്ലേ. ഇതു പോലെയുള്ള വസ്തുക്കളെ പ്രതീകാത്മകമായി എടുത്ത് കവിത രചിച്ചു നോക്കൂ. ഉദാഹരണമായി ചൂല്, അലക്കു കല്ല്, സോപ്പ്, നോക്കുകുത്തി. എഴുതൂ. മനസ്സു തുറന്നെഴുതൂ. വായനക്കാരൻ്റെ മനസ്സ് തുരക്കും വിധം എഴുതൂ.

എടപ്പാൾ സി.സുബ്രഹ്മണ്യൻ

0 Comments

Leave a Comment

FOLLOW US