വാത്സല്യം
കുറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നാട്ടിലെത്തിയത്. അറിയുന്ന പലരും മരിച്ചു മണ്ണടിഞ്ഞിട്ടുണ്ടാവും. നാട്ടില്‍, റെയില്‍വേ സ്റ്റേഷന്റെ മുന്നിലെ ഓട്ടോ സ്റ്റാന്റില്‍ ബാഗും പിടിച്ചു നില്ക്കുമ്പോള്, ആരോ വന്നു തോളത്തു തട്ടി. പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോള്‍… നരച്ചതാടിയുള്ള, ഏകദേശം എണ്‍പത് പിന്നിട്ട നന്നേ മെലിഞ്ഞ ഒരു വൃദ്ധന് പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്നു. കീറിച്ചുളിഞ്ഞ ഒരു ഒറ്റമുണ്ട് മാത്രം ചുറ്റി, ഒരു ഭിക്ഷക്കാരന്റെ രൂപം. ഓര്മ വരുന്നില്ല, ആ രൂപം ഒരു പക്ഷെ എന്റെ പഴയ, ഏതോ പരിചയക്കാരനാണ് എന്നൊരു തോന്നല്‍.
കീശയില്‍ നിന്നും ഒരു അഞ്ചു രൂപയെടുത്ത് അയാളുടെ കയ്യില്‍ കൊടുത്തപ്പോള്‍, അയാള്‍ അത് വാങ്ങാന്‍ മടിച്ചു. അതെന്താണെന്ന് ആലോചിച്ചു നില്ക്കുമ്പോള്, എന്റെ കയ്യിലിരുന്ന വാട്ടര്‍ ബോട്ടില്‍ നോക്കി അയാള്‍ വെള്ളം എന്ന് ആംഗ്യം കാണിച്ചു. പാവം… വിശന്നിട്ടാവും. എന്റെ കണ്ണ് നിറഞ്ഞു. ഞാന്‍ എന്റെ കയ്യിലുള്ള വാട്ടര്‍ ബോട്ടില്‍ അയാള്‍ക്ക് കൊടുത്തു. പിന്നീട് മുന്നില്‍ കണ്ട ഓട്ടോയില്‍ കയറി, വീട്ടിലേക്കു യാത്രയായി.
ബസ്സ്റ്റാന്‍ഡിന്റെ ഇടതു വശത്തുള്ള റോഡിലേക്കിറങ്ങി ഓട്ടോ വടക്കോട്ട് പോയി. രണ്ടാമത്തെ സ്റ്റോപ്പിലുള്ള, എന്നെ ഞാനാക്കിയതില്‍ പരമപ്രധാനമായ പങ്കുവഹിച്ച, എന്റെ കലാലയം കടന്നപ്പോള്‍, ഓര്‍മ്മകള്‍ മെല്ലെ മെല്ലെ പിറകോട്ടടിച്ചു. സ്കൂള്‍ ജീവിതത്തിലെ മധുരം തുളുമ്പുന്ന ഓര്‍മ്മകള്‍. സ്കൂളിലെ മറ്റു സഹപാഠികള്‍, അധ്യാപകര്‍ എല്ലാം സ്മരണയില്‍ എത്തി. എത്രകാലമായി, ഈ മനോഹരമായ എന്റെ നാട് വിട്ടിട്ട്? എല്ലാം ഇന്നലെ കഴിഞ്ഞ പോലെ. മലയാളം ക്ലാസ്സിലെ എന്റെ അധ്യാപകന് കണ്മുന്നില് നില്ക്കും പോലെ.. അന്ന് പഠിപ്പിച്ച
‘അമ്മയാണ് പാരിടത്തിലെന്നുമെന്റെ ദൈവം,
അമ്മയേ മറക്കുമോ ജീവനുള്ള കാലം’
എന്ന രണ്ടു വരി ഇപ്പഴും ഓര്‍ക്കാറുണ്ട്. ഈശ്വരാ…! അത്…… അത് എന്റെ നമ്പൂരി മാഷല്ലേ? ഇതെന്തൊരു മറിമായം ബസ് സ്റ്റാന്‍ഡില്‍ കണ്ട വൃദ്ധന്റെ രൂപം… അത് തന്റെ പ്രിയപ്പെട്ട താഴത്തെ ഇല്ലത്തെ നാരായണന് നമ്പൂതിരിയെന്ന നമ്പൂരി മാഷ് തന്നെ… അപ്പോഴാണ് ഞാനോര്‍ത്തത് അദ്ദേഹത്തിന്റെ കണ്ണിലെ വാത്സല്യം, സ്കൂള്‍ കാലഘട്ടത്തില്‍ നമ്പൂരി മാഷിന്റെ കണ്ണില്‍ കാണാറുണ്ടായിരുന്ന അതേ വാത്സല്യത്തിര. അതെ, അതേ.. വാത്സല്യമാണ് ബസ് സ്റ്റാന്‍ഡില്‍ കണ്ട വൃദ്ധന്റെ കണ്ണിലും തിളങ്ങിക്കണ്ടത്. അത് തന്നെയല്ലേ എന്റെ കണ്ണിനെയും ഈറനണിയിച്ചത്?
അപ്പോഴേക്കും ഓട്ടോ എന്റെ വീടിന്റെ മുന്നിലെത്തി. ഓട്ടോയില്‍ നിന്നും ഇറങ്ങുമ്പോഴേക്കും അമ്മയെത്തന്നെ വാതില്ക്കല് കണ്ടു. ബസ് സ്റ്റാന്‍ഡില്‍ കണ്ടത് സത്യമാവല്ലേ എന്ന് പ്രാര്‍ഥിച്ചു കൊണ്ട്, ഉടനെത്തന്നെ നമ്പൂരി മാഷിനെപ്പറ്റി ചോദിച്ചു. പക്ഷെ….. അമ്മ അത് സ്ഥിരീകരിച്ചു. അത് നമ്പൂരി മാഷ് തന്നെ. അമ്മയുടെ കണ്ണിലും അപ്പോള്‍ അതേ വാത്സല്യം. നീണ്ട ഇരുപത്തഞ്ച് വര്‍ഷങ്ങളായി കാണാത്ത പരിഭവവും പരാതിയുമെല്ലാം അമ്മയുടെ വാത്സല്യം നിറഞ്ഞ വാക്കിലും നോട്ടത്തിലും എല്ലാം എനിക്കു അനുഭവിക്കാനായി.
വിനോദ് കുമാര്‍ ടി വി