ഉണ്ണിക്കുട്ടന്റെ ചിണ്ടൻ

ണ്ണിക്കുട്ടനും കൂട്ടുകാരും തേന്മാവിൻ ചോട്ടിൽ കുട്ടിയും കോലും കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് തേനൂറുന്ന മാമ്പഴത്തിനു പകരം എന്തോ ഒന്ന് അവർക്കരികിലേക്ക് വീണത്.
ഉണ്ണിക്കുട്ടനും കൂട്ടുകാരും ഓടിച്ചെന്ന് നോക്കിയപ്പോൾ അതാ… എലിക്കുഞ്ഞിനെ പോലൊരു ജീവി തുണിക്കഷ്ണത്തിനുള്ളിൽ!
ഉണ്ണികുട്ടനും കൂട്ടുകാരും വേഗം തുണിയിൽ നിന്ന് അതിനെ പുറത്തെടുത്തു.

ഹായ്.,അണ്ണാൻകുഞ്ഞ്! ഉണ്ണിക്കുട്ടൻ അതിസന്തോഷത്തോടെ തുള്ളിച്ചാടി.
“എനിക്ക് അണ്ണാന്കുഞ്ഞിനെ വല്ല്യ ഇഷ്ടാ…. അതുംപറഞ്ഞ് അവൻ അണ്ണാൻകുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് നെഞ്ചോട് ചേർത്ത് വീട്ടിലേക്കോടി.

“എന്താ ഉണ്ണീ കൈയ്യിലെന്ന്” അമ്മ വിളിച്ചു ചോദിച്ചതിന് മറുപടി പറയാതെ അവൻ തട്ടിൻ മുകളിലേക്കോടി . ഒരു കാർഡ്ബോർഡ് പെട്ടി പൊടിതട്ടിയെടുത്ത് പേപ്പറും തുണിക്കഷ്ണങ്ങളും നിരത്തി അണ്ണാൻകുഞ്ഞിനെ അതിൽ കിടത്തി. കണ്ണ് മിഴിയാത്ത പാവം അണ്ണാൻകുഞ്ഞ് പെട്ടിയുടെ ഒരു മൂലയിൽ പതുങ്ങിക്കിടന്നു.
ഉണ്ണിക്കുട്ടൻ പെട്ടിയുമായി താഴെവന്ന് അമ്മയ്ക്ക് കാണിച്ചുകൊടുത്തു.

“എന്റുണ്ണീ…അതിന്റെ അമ്മ വിഷമിക്കില്ലേ…”
“അതിന് ‘അമ്മ അണ്ണാനെ അവിടെങ്ങും കണ്ടില്ലമ്മേ… അതോണ്ട് ഞാൻ കൊണ്ടുവന്നു. വല്ല പൂച്ചയെങ്ങാനും പിടിച്ചാലോ… നമുക്കിവനെ ‘ചിണ്ടൻ’ എന്ന് വിളിക്കാമല്ലേ അമ്മേ…”

അമ്മ ഉണ്ണിക്കുട്ടന്റെ തലയിൽ വാത്സല്യത്തോടെ തലോടി.

ഉണ്ണിക്കുട്ടൻ ഒരു സിറിഞ്ച് എടുത്ത് വന്ന് അതിൽ പാൽ നിറച്ച് അണ്ണാൻ കുഞ്ഞിന്റെ വായിൽ വച്ചു കൊടുത്തു. വായിൽ നനവും പാൽമണവും കിട്ടിയപ്പോൾ അത് കണ്ണ് തുറക്കാതെ തന്നെ ഉണ്ണിക്കുട്ടൻ അല്പാല്പമായി നൽകിയ പാൽ മുഴുവനും കുടിച്ചുതീർത്തു വീണ്ടും പെട്ടിയുടെ മൂലയിൽ കിടന്നുറങ്ങി.

അങ്ങനെ പാൽ കുടിച്ച് കുടിച്ച് കുഞ്ഞിക്കണ്ണുകൾ തുറന്ന് ചിണ്ടൻ മിടുക്കനായി വളർന്നു.
ഉണ്ണിക്കുട്ടൻ സ്കൂളിൽ പോകുമ്പോൾ അവനോടൊപ്പം മേശമേൽ ഇരുന്ന് ഉണ്ണിക്കുട്ടൻ കൊടുക്കുന്ന
ഇഡലി, ദോശ, ഇടിയപ്പം, പുട്ട് പഴം അങ്ങനെ എല്ലാം നിവർന്നിരുന്നു രണ്ടുകൈയ്യിലും കൂട്ടിപ്പിടിച്ച് കഴിച്ചു. എന്ത് ചന്തമാണെന്നോ ചിണ്ടന്റെ ഇരിപ്പും കഴിപ്പും കാണാൻ!

ഉണ്ണിക്കുട്ടൻ സ്കൂളിൽ പോയാൽ ചിണ്ടന് ആകെ വിഷമമാകും. പിന്നെ തനിച്ച് അവിടെയിവിടെ കറങ്ങി, അമ്മയ്ക്ക് പിറകെ ചുറ്റി അങ്ങനെ നടക്കും.

അങ്ങനൊരു ദിവസം ചിണ്ടൻ ഉണ്ണിക്കുട്ടന്റെ മുറിയിൽ നിന്നും ഉമ്മറത്തേക്കിറങ്ങി, ഉത്തരത്തേക്കേറി, മാവേലിറങ്ങി, മരത്തേക്കേറി, അയൽവക്കത്തെ അരമതിലിലേറി ചേരൻ പട്ടിയുടെ കുരയ്ക്ക് ‘ചിൽ ചിൽ’ എന്ന് മറുപടി പറയുമ്പോഴാണ് കണ്ടൻ പൂച്ച കണ്ണുരുട്ടി കരണം മറിഞ്ഞെത്തിയത്.


ഭയന്ന ചിണ്ടൻ ഒറ്റചാട്ടത്തിന് ഉമ്മറത്തേക്കെത്തി ഉണ്ണിക്കുട്ടന്റെ മുറിയിൽ കിടക്കയിൽ ഇരുന്ന് കിതച്ചു. കണ്ടനെ കണ്ട് നെഞ്ച് പട പടാ ഇടിക്കുന്നു.

‘ഉണ്ണിക്കുട്ടൻ വേഗം വന്നെങ്കിൽ…’ ചിണ്ടൻ ഉണ്ണിക്കുട്ടൻ വൈകുന്നേരം നാമം ജപിക്കുന്നതുപോലെ കൈകൾ കൂപ്പി ഇരുന്ന് പറഞ്ഞു.

അപ്പോഴതാ ഉണ്ണിക്കുട്ടൻ “ചിണ്ടാ….” വിളിയുമായി മുറിയിലേക്ക് വരുന്നു. ചിണ്ടന് സന്തോഷമായി. അവൻ ഉണ്ണിക്കുട്ടന്റെ തലയിലും കൈയ്യിലും ദേഹത്തുമെല്ലാം ചിൽ ചിൽ പറഞ്ഞ് പാഞ്ഞുകൊണ്ടിരുന്നു. ഉണ്ണിക്കുട്ടന് കാര്യം മനസ്സിലായി.
“കണ്ടനെ കണ്ടോ ചിണ്ടാ…” എന്ന് അവൻ ചോദിച്ചപ്പോൾ കൂടുതൽ ഒച്ച വച്ച് ചിണ്ടൻ ഉണ്ണിക്കുട്ടന്റെ നെഞ്ചിൽ അമർന്നിരുന്നു.

രണ്ടുപേരും അപ്പുറത്തെ അരമതിലിനരികിലേക്ക് പോയി. അവിടെയതാ ചേരൻ പട്ടി കണ്ടൻ പൂച്ചയുമായി ഭയങ്കര മൽപ്പിടുത്തം. ചേരൻ പട്ടി കണ്ടൻ പൂച്ചയുടെ വാലിൽ പിടിച്ച് കറക്കുന്നു. കണ്ടൻ പൂച്ച പട്ടിയെ മാന്താൻ ശ്രമിക്കുന്നുണ്ട്. ഇടയിൽ ഉണ്ണിക്കുട്ടനെയും ചിണ്ടനെയും കണ്ട് ചേരൻ വാലാട്ടി സ്നേഹം പ്രകടിപ്പിച്ചു. ചിണ്ടനെ കണ്ടതും കണ്ടൻ പൂച്ചയുടെ ഉണ്ടക്കണ്ണുകൾ തിളങ്ങി. നാവ് നീട്ടി ചിറിയൊന്ന് നക്കി. അത് കണ്ടതും ചേരൻ പട്ടി കണ്ടന്റെ വാലിൽ അമർത്തികടിച്ച് രണ്ടുവട്ടം ചുഴറ്റി ഒരേറ് വച്ചു കൊടുത്തു. “മ്യാവൂ…” എന്ന നീണ്ട നിലവിളിയിൽ കണ്ടൻ പൂച്ച അപ്പുറത്തെ തൊടിയിലേക്ക് പതിച്ചു.

ചേരൻ പട്ടി ഉണ്ണിക്കുട്ടന്റെയും ചിണ്ടന്റെയും അടുത്തേയ്ക്ക് വാലാട്ടി ബൌ ബൌ പറഞ്ഞു വന്നു. ഉണ്ണിക്കുട്ടൻ ചേരനെ തഴുകുന്നതിനിടയിൽ ചിണ്ടൻ ചേരൻ പട്ടിയുടെ മുതുകിലേറി ചിൽ ചിൽ പറഞ്ഞ് രണ്ടുചാൽ നടന്ന് തലയിൽ കയറിയിരുന്ന് ഉണ്ണിക്കുട്ടനെ കുസൃതിയോടെ നോക്കി.

– കല. ജി കെ, അധ്യാപിക
സരോവരം സ്കൂൾ ഓഫ് മലയാളം സെന്റർ
ബെംഗളൂരു

0 Comments

Leave a Comment

FOLLOW US