അനുഭവ വിവരണം
ഈ പകലിനെന്തു വെളിച്ചം

(ജനുവരി ലക്കം ‘പൂക്കാല’ത്തിൽ വന്ന ‘നൂറുൽ അമീൻ കള്ളനല്ല’ എന്ന അനുഭവക്കുറിപ്പ് വായിച്ചല്ലോ. ടിക്കറ്റെടുക്കാതെ തീവണ്ടിയിൽ കയറി ചെന്നൈ സെൻട്രൽ റെയിൽവേ ജംഗ്ഷനിലെത്തിയ നമ്മുടെ ‘നൂറുൽ അമീന്’ പിന്നീട് എന്തു സംഭവിച്ചിരിക്കാം – തുടർന്ന് വായിക്കൂ…)

ന്നുപെട്ടത് ചെന്നൈയിലാണെന്ന് നൂറുൽ അമീൻ മനസ്സിലാക്കി. പൈപ്പു വെള്ളംകൊണ്ട് വിശപ്പുമാറില്ലെന്ന് രണ്ടുദിവസം കൊണ്ടവൻ പഠിച്ചു. വീട്ടിലെത്താൻ അവന്റെ മനസ്സുപിടച്ചു. നാട്ടിലെത്തിയാലുള്ള അവസ്ഥ അവനെ തളർത്തി. പിച്ചതെണ്ടുന്ന കുട്ടികളോടൊപ്പം കൂടിയാലോ എന്നവനാലോചിച്ചു.

ബാപ്പച്ചിയേയും ഉമ്മച്ചിയേയും കുഞ്ഞനിയത്തിയെയും ഓർത്ത് ഒരു ബസ് സ്റ്റോപ്പിൽ കരഞ്ഞിരിക്കുന്ന അവന്റെ ചുമലിൽ വാത്സല്യത്തോടെ ഒരു കൈ പതിഞ്ഞു.

“നാട്ടീന്ന് ഓടിപ്പോന്നതാ?”
“ഊം ”
“പണി വല്ലതും വേണോ?’
“ഊം ”

അയാൾ വർഗീസ് മാപ്പിളയായിരുന്നു. അയാൾക്ക് ചെന്നൈ വെള്ളാച്ചേരിയിൽ ഒരു തട്ടുകടയുണ്ടായിരുന്നു.
അന്നുമുതൽ നൂറുൽ അമീൻ തട്ടുകടയിൽ വർഗീസ് മാപ്പിളയുടെ സഹായിയായി. ഏതാനും നാളുകൾക്കകം വിശ്വസ്‌തനുമായി.

മൂന്ന് മാസങ്ങൾക്കുശേഷം ഒരുദിവസം വർഗീസ് മാപ്പിള നൂറുൽ അമീനെ വിളിച്ചു. കയ്യിൽ പതിനയ്യായിരം രൂപ കൊടുത്തു.

“നാട്ടിൽപ്പോയി വീട്ടുകാരെയെല്ലാം കാണ്. തിരിച്ചു വരണമെന്നു തോന്നിയാൽ ഇങ്ങോട്ടുതന്നെ വന്നോ”

നാട്ടിലെത്തിയ നൂറുൽ അമീനെ കാത്ത് പൊള്ളുന്ന വിശേഷങ്ങൾ ഒരുപാടുണ്ടായിരുന്നു. കുഞ്ഞിമാളുവിന്റെ വീട്ടുകാർ പോലീസിൽ കേസുകൊടുത്തു. കട്ടതായി രേഖപ്പെടുത്തിയ സ്വർണാഭരണങ്ങളും പണവും ചേർന്നാൽ ആറുലക്ഷം രൂപയുടെ മുതൽ നഷ്ടമെന്ന് മതിപ്പെടുത്തു. മുതൽ നൽകിയാൽ കേസ് പിൻവലിപ്പിക്കാമെന്ന് പോലീസും പറഞ്ഞു. ഇതിലേക്കായി നൂറുൽ അമീന്റെ കുടിലും പറമ്പും കുഞ്ഞിമാളുവിന്റെ അച്ഛന്റെ പേരിൽ ബാപ്പച്ചി എഴുതിക്കൊടുത്തു. ഇനിയും ഒന്നര ലക്ഷം രൂപ) കൂടി കിട്ടിയാലേ കേസു തീരു എന്ന് തീർപ്പുണ്ടായി.

നൂറുൽ അമീന്റെ കുടുംബം ഇപ്പോൾ താമസിക്കുന്നത് പഴയ ലക്ഷം വീടുകളിലൊന്നിലാണ്. അതും വാടകയ്ക്ക്. നൂറുൽ അമീൻ പതിനയ്യായിരം രൂപ ബാപ്പച്ചിയെ ഏൽപ്പിക്കുമ്പോൾ കുഞ്ഞനിയത്തി ചോദിച്ചു:

“ഇക്ക ഇതും കട്ടതാ…?”
അവൻ കരഞ്ഞു: “ഇത് ഞാൻ പണിയെടുത്ത്ണ്ടാക്കീതാ…”
ബാപ്പച്ചിയും കരഞ്ഞു: “ന്റെ മോൻ കക്കൂല ഉമ്മച്ചീ.. ഓല് ബേണ്ട കായ് ഞാൻ പണിചെയ്തുണ്ടാക്കാം”
നൂറുൽ അമീനെ കെട്ടിപ്പിടിച്ച് ഉമ്മച്ചിയും കരഞ്ഞു.

രാത്രി പോലീസെത്തി. നൂറുൽ അമീനെ കസ്റ്റഡിയിലെടുത്തു. പോലീസിന്റെ കരുത്ത് അവന്റെ ഇളം ശരീരം അറിഞ്ഞു. നേരം പുലരും വരെ മറ്റു കുറ്റവാളികൾ ക്കൊപ്പം പോലീസ് സ്റ്റേഷനിലെ ലോക്കപ്പ് മുറിയിലിട്ടു. എഫ്.ഐ.ആറിൽ ഭവനഭേദനം, കവർച്ച തുടങ്ങിയ മാരകമായ വകുപ്പുകൾ ചേർക്കാൻ പോലീസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

(1)‘ജുവനൈൽ ജസ്റ്റിസ് ബോർഡി’നു മുന്നിൽ ഹാജരാക്കിയ നൂറുൽ അമീൻ’ (2)പ്രിലിമിനറി അസസ്മെന്റ് എടുക്കുന്ന സമയം ബോർഡ് അംഗങ്ങളുടെ മുന്നിൽ വിതുമ്പി കരഞ്ഞു.

“ഞാൻ കള്ളനല്ല. എന്റെ ജീവിതം പോയി. എന്റെ ബാപ്പച്ചീം ഉമ്മച്ചീം പെങ്ങളും പാവങ്ങളാ… എല്ലാം തൊലഞ്ഞു.”

അവൻ ഇടയ്ക്കിടെ പിച്ചും പേയും പറയുന്നതുപോലെ ആവർത്തിച്ചുകൊണ്ടേയിരുന്നു.

നൂറുൽ അമീന്റെ നിഷ്കളങ്കത ബോർഡിന് തുടക്കത്തിലേ ബോധ്യമായി. കുട്ടിയെ മർദ്ദിച്ചതിനും മറ്റു കുറ്റവാളികൾക്കൊപ്പം ഒരു രാത്രി ലോക്കപ്പിൽ താമസിപ്പിച്ചതിനും ബോർഡ് പോലീസിനെ ശാസിച്ചു. ഉമ്മച്ചിയുടെ ആൾജാമ്യത്തിൽ സ്വാതന്ത്രനാക്കി. (3)കാവൽ പദ്ധതി ഏറ്റെടുത്തു പ്രവർത്തിക്കുന്ന ആശ്രയം എന്ന സന്നദ്ധ സംഘടനയോട് കുട്ടിക്കും കുടുംബത്തിനും വേണ്ട സഹായങ്ങൾ ചെയ്തുകൊടു ക്കണം എന്ന് നിർദ്ദേശിച്ചു. കൗൺസലിംഗ് നൽകാൻ വേണ്ട ഏർപ്പാടുകൾ ചെയ്തു.

ആശ്രയം പ്രവർത്തകരുടെ നിരന്തരമായ ഇടപെടലുകളും കൗൺസലിംഗുകളും നൂറുൽ അമീനിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. ജീവിതം വിഴുങ്ങുന്ന ദാരിദ്ര്യത്തിലും അവനും കുടുംബവും പ്രത്യാശയുള്ള കിനാവുകൾ കാണാൻ തുടങ്ങി.

നൂറുൽ അമീന്റെ കൗമാരപ്രായത്തിന് ഉടനെ ആവശ്യം വിദ്യാഭ്യാസമല്ല, വരുമാനമുള്ള ഒരു തൊഴിലാണ് എന്ന് ആശ്രയം പ്രവർത്തകർക്ക് തുടക്കത്തിലേ മനസ്സിലായി. യാദൃശ്ചികമെന്നുതന്നെ പറയാം, സഹായത്തിന് വർഗ്ഗീസുമാപ്പിളയുമുണ്ടായി. അയാളുടെ നാട്ടിലുള്ള ഒരു ബന്ധുവിന്റെ (4)‘ഫുഡ്കോർട്ടി’ൽ (5)‘കാറ്ററിംഗ്’ വിഭാഗത്തിൽ നൂറുൽ അമീന് ജോലി കിട്ടി.

നൂറുൽ അമീന്റെ ഉമ്മച്ചിയുടെ പാചകത്തിലെ കൈപ്പുണ്യം ആ കുടുംബത്തിനു വീണ്ടും തുണയായി. ഉമ്മച്ചിയുടെ ‘കാന്താരി ചിക്കനും’ ‘മുളകിട്ട മീനും’ ഒരിക്കൽ രുചിച്ചവരുടെ നാവിൽ കൊതിയേറ്റി. അനുഭവിച്ചറിഞ്ഞും കേട്ടറിഞ്ഞും ഈ വിഭവങ്ങൾക്ക് ഓർഡറുകൾ വർധിച്ചുതുടങ്ങി.

ഇപ്പോൾ ആ കുടുംബം താമസിക്കുന്നത് ‘ഫുഡ് കോർട്ടി’നടുത്ത് ഒരു ക്വാർട്ടേഴ്‌സിലാണ്. ക്വാർട്ടേഴ്‌സിന്റെ വാടക ‘ഫുഡ് കോർട്ടി’ന്റെ മുതലാളി നൽകും. ഈ സ്ഥലംമാറ്റം സമൂഹത്തിലെ ഒറ്റപ്പെടലിൽനിന്നും അവർക്ക് മോചനം നൽകി.

നൂറുൽ അമീന്റെ വാപ്പച്ചിക്കും വീൽചെയറിൽ സിറ്റൗട്ടിൽ വന്നിരിക്കാമെന്നായിട്ടുണ്ട്. പഴയ തുണികൾ ശേഖരിച്ച് സഞ്ചികൾ തുന്നി വീടുകളിലും കടകളിലും എത്തിച്ച് പ്ലാസ്റ്റിക്കിനെതിരെ പോരാടാനുള്ള കർമ്മസേനയിൽ വാപ്പച്ചിക്കും ഒരു നല്ല പങ്കുവഹിക്കാനാവുമെന്നാണ് ആശ്രയം പ്രവർത്തകർ പറയുന്നത്. ജോലിക്കൊപ്പം തന്നെ നൂറുൽ അമീൻ തുടർ വിദ്യാഭ്യാസ പദ്ധതിയിൽ ചേർന്ന് പത്താംതരം തുല്യതാപരീക്ഷ പാസായി; അതും മികച്ച ഗ്രെയ്‌ഡും മാർക്കും നേടി.

ഇപ്പോൾ കുടുംബത്തിന്റെ വരുമാനത്തിൽ വർധനവുണ്ട്. നൂറുൽ അമീൻ തുടർ വിദ്യാഭ്യാസ പദ്ധതിയിൽ പ്ലസ്-ടുവിനു പഠിക്കുന്നുണ്ട്. കുഞ്ഞനിയത്തി പത്തിൽ പഠിക്കുന്നു.

നൂറുൽ അമീന് ഒരുപാടു സ്വപ്നങ്ങളുണ്ട്. പ്ലസ്-ടു പാസാവണം. വിദേശത്തുപോയി പണം സമ്പാദിക്കണം. വാപ്പച്ചിയുടെ പേരിൽ ഒരു സ്ഥലവും വീടും ഉണ്ടാക്കണം. നിയമം പഠിച്ചു വക്കീലാവണം. അങ്ങനെ പലതും പലതും.

ഇതിനിടെ നൂറുൽ അമീന്റെ പഴയ വീടുനിന്ന സ്ഥലത്തേക്കുള്ള ചില സന്ദർശനങ്ങളിൽനിന്നും ആശ്രയം പ്രവർത്തകർ ഒരു കാര്യം മനസ്സിലാക്കി.

കുഞ്ഞിമാളുവിന്റെ വീട്ടുകാർ പ്രത്യേകിച്ചും കുഞ്ഞിമാളുവിന്റെ അമ്മ സത്യസന്ധതയുടെ കാര്യത്തിൽ നല്ല റെക്കോർഡ് ഒന്നും ഉള്ള കൂട്ടത്തിലല്ല. കൗൺസലിംഗിന് സ്കൂളിലെത്തിയ ടീച്ചറോട് ഒരിക്കൽ കുഞ്ഞിമാളു തുറന്നു സമ്മതിക്കുകയും ചെയ്തു.

“വീട്ടിൽനിന്നും സ്വർണ്ണമൊന്നും കളവു പോയിട്ടില്ല. അമ്മ നുണപറഞ്ഞതാ. അച്ഛൻ അതിന് കൂട്ടുനിന്നതാ.”

ആശ്രയം പ്രവർത്തകരുടെ സഹായത്തോടെ നൂറുൽ അമീന്റെ കുടുംബം, കെണിമുറുക്കി സ്വത്തു തട്ടിയെടുത്തതിന്റെ പേരിൽ കുഞ്ഞിമാളുവിന്റെ വീട്ടുകാർക്കെതിരെ കേസുകൊടുത്തിട്ടുണ്ട്. ഫീസ് നൽകാതെ കേസുവാദിക്കാൻ ഒരു വക്കീലിനെയും ഏർപ്പാടാക്കി കൊടുത്തിട്ടുണ്ട്. ചില പോലീസുകാരും കേസിലെ പ്രതികളാണ്. പോലീസുകാരുടെ ഭാഗത്തുനിന്ന് ഒത്തുതീർപ്പിനുള്ള പല ശ്രമങ്ങളും നടക്കുന്നുണ്ട്. കേസ് അടുത്തുതന്നെ വിധിയാകും. വിധി നൂറുൽ അമീനും കുടുംബത്തിനും അനുകൂലമാകും എന്ന് വക്കീൽ ഉറപ്പിച്ചുപറയുന്നു.

നൂറുൽ അമീന് ഇപ്പോൾ സ്വന്തമായി ഒരു ബൈക്ക് ഉണ്ട്. രണ്ടുലക്ഷം രൂപയുടെ എൽ.ഐ.സി. പോളിസിയുണ്ട്. കൂട്ടുകാരും നാട്ടുകാരുമുണ്ട്. അവർക്കിടയിൽ അംഗീകാരവുമുണ്ട്. എന്നും (6)സുബൈക്കു മുമ്പ് നൂറുൽ അമീൻ ഉണരുന്നു. പ്രഭാതകൃത്യങ്ങൾക്ക് ശേഷം ഉമ്മച്ചി നൽകുന്ന (7)സുലൈമാനി കുടിച്ച് പഠിക്കാനിരിക്കുന്നു. പൊറോതക്കുന്നുകൾക്ക് മുകളിൽ സൂര്യൻ ഉദിച്ചുയരുന്നതോടെ ബൈക്ക് സ്റ്റാർട്ടാക്കുന്നു.

ഈ ചെമ്മുകിലിനെന്തു ചന്തം!! ഈ പകലിനെന്തു വെളിച്ചം! എന്നു മനസ്സിൽ പറഞ്ഞ് ജീവിതത്തിന്റെ തിരക്കുകളിലേക്ക് ബൈക്ക് ഓടിച്ചു പോകുന്നു.

(1) ജുവനൈൽ ജസ്റ്റിസ് ബോർഡ് – ബാലനീതി നിയമം 2015 ലെ നാലാം വകുപ്പ് പ്രകാരം എല്ലാ ജില്ലകളിലും നിലവിലുള്ള സംവിധാനം
(2) പ്രിലിമിനറി അസസ്മെന്റ് – പ്രാഥമിക വിലയിരുത്തൽ. ജുവനൈൽ ജസ്റ്റിസ് ബോർഡിലെ നടപടിക്രമങ്ങളിലൊന്ന്.
(3) കാവൽ പദ്ധതി – സുരക്ഷിത ബാല്യം ലക്ഷ്യമിട്ട് കേരള സർക്കാർ സാമൂഹ്യനീതിവകുപ്പ് നടപ്പിലാക്കിവരുന്ന പദ്ധതികളിൽ ഒന്ന്.
(4) ഫുഡ് കോർട്ട് – ഭക്ഷണശാല
(5) കാറ്ററിംഗ് – ഭക്ഷണവിഭവങ്ങൾ ശേഖരിച്ച് വിതരണം ചെയ്യൽ
(6) ‘സുബൈ’ – സുബഹ് – മുസ്ലീം ആചാരപ്രകാരം സൂര്യനുദിക്കുന്നതിനു മുമ്പുള്ള നിസ്കാര സമയം.
(7) സുലൈമാനി – കട്ടൻ ചായ

– എം.വി. മോഹനൻ

തുടർ പ്രവർത്തനം

നിഷ്കളങ്കരായ കുട്ടികളിൽ ചിലരെങ്കിലും നിയമവുമായി പൊരുത്തപ്പെടാത്തവരായി പോകാറുണ്ടല്ലോ. അതിന് എന്തെല്ലാമാവാം കാരണങ്ങൾ? അത്തരം കുട്ടികളെ സഹായിക്കാൻ എന്തെല്ലാം സംവിധാനങ്ങളുണ്ട്? ഇത്തരം കൂട്ടുകാരെ സഹായിക്കാനായി നമുക്കെന്തെല്ലാം ചെയ്യാനാവും? കൂട്ടുകാരുമൊത്ത് ഒരു സംവാദം സംഘടിപ്പിച്ചാലോ? നല്ല മുന്നൊരുക്കം നടത്താൻ മറക്കരുതേ.

1 Comment

Vivek cdit May 4, 2020 at 4:22 pm

നൂറുൽ അമീൻ കള്ളനല്ല

Leave a Comment

FOLLOW US