ചക്കപപ്പടം
മുത്തശ്ശി കുറച്ചു ദിവസമായി തിരക്കിലാണ്. മകനും കുടുംബവും ഗൾഫിൽ നിന്നും വരുന്നു. അവർക്ക് പ്രത്യേകമായി എന്തു ഭക്ഷണം ഉണ്ടാക്കും എന്ന ആലോചനയിലാണ്. അപ്പോഴാണ് മകൻെറ ഫോൺ വന്നത്.
“മോനെ സുരേഷേ കുട്ടികൾക്ക് എന്താ സ്പെഷൽ ആയി ഉണ്ടാക്ക്വാ…”
“പ്രത്യേകമായി ഒന്നും വേണ്ടമ്മേ, എല്ലാം ഇവിടെ കിട്ടും.”
“കേരളത്തിലെ ഭക്ഷണങ്ങളൊക്കെ അവിടെ കിട്ട്വോ? പുട്ടും കടലക്കറിയും ഒക്കെ.”
“ഒക്കെ ഇവിടെ കിട്ടും അമ്മ സമാധാനമായി ഇരുന്നാൽ മതി.”
എന്നാലും മുത്തശ്ശി ചക്കപപ്പടം ഉണ്ടാക്കാൻ തീരുമാനിച്ചു. പറമ്പിൽ നിറയെ ചക്ക ഉണ്ട്. ആർക്കും വേണ്ടാതെ പോകുന്നു. ചക്കപപ്പട്ടടമാവുമ്പോൾ അവർക്ക് പോകുമ്പോൾ കൊണ്ടു പോവുകയും ആവാലോ. അങ്ങനെ പോയി മുത്തശ്ശിയുടെ ചിന്തകൾ.
കുട്ടികൾ വന്നപ്പോൾ ഉച്ചഭക്ഷണ സമയത്താണ് മുത്തശ്ശി സെ്പഷൽ സാധനം പുറത്തെടുത്തത്. ബ്രൗൺ നിറത്തിലുള്ള രുചിയാർന്ന പപ്പടം കുട്ടികൾക്ക് വളരെ ഇഷ്ടമായി.
“അമ്മേ ഇത് അവിടെ സൂപ്പർമാർക്കറ്റിൽ കിട്ടുമോ? ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഇതുവരെ ഉണ്ടായിരുന്നില്ല. ഇനി ഉണ്ടാവും”
മകൻ അമ്മയുടെ നേരെ നോക്കി ചിരിച്ചുകൊണ്ടു പറഞ്ഞു.
“നീ പോട, നിൻെറ സൂപ്പർ മാർക്കറ്റിൽ എല്ലാം ഉണ്ടെന്നല്ലേ പറഞ്ഞത്.
നമ്മുടെ പറമ്പിൽ ചക്ക വെറുതെ പാഴായി പോവുകയല്ലേ, അതിനി ലോകം മുഴുവൻ അമ്മയുടെ രുചിയായി പരക്കട്ടെ. അമ്മ ചക്കപപ്പടം എങ്ങനെ ഉണ്ടാക്കാം എന്ന് പറഞ്ഞു തന്നാൽ മതി.”
മുത്തശ്ശി സന്തോഷത്തോടെ വിശദീകരിച്ചു.
ചക്കപപ്പടം
നല്ലവണ്ണം മൂത്ത ചക്ക (പഴുക്കാൻ പാടില്ല) ചുളകൾ പറിച്ചെടുക്കുക. കുരുവും, ചകിണിയും കളഞ്ഞ് വേവിക്കണം. വേവിക്കുമ്പോൾ അല്പം എണ്ണ ചേർക്കണം. ഇത് പാത്രത്തിൽ ഒട്ടിപിടിക്കാതിരിക്കാൻ സഹായിക്കും. കൂടാതെ വേവിക്കുമ്പോൾ അതിൽ ആവശ്യത്തിന് ഉപ്പും മഞ്ഞൾ പൊടിയും ചേർക്കണം.
വെന്തു കഴിഞ്ഞ ചക്ക തണുത്ത് കഴിഞ്ഞാൽ അരച്ച് എടുക്കണം, കുറച്ചേ ഉള്ളൂ എങ്കിൽ മിക്സിയിൽ അടിച്ചാലും മതി. കുഴമ്പ് രൂപത്തിലായ ഇതിൽ കറിവേപ്പില, കുരുമുളക് പൊടി, എള്ള്, ജീരകം എന്നിവ ചേർക്കണം. ചെറിയ ഉരുളകളാക്കി എടുത്ത് പരത്തണം. വാട്ടിയ വാഴയിലയിൽ എണ്ണ പുരട്ടി അതിലാണ് പരത്തുന്നത്. മണ്ണും പൊടിയും ഒന്നും ആവാതെ ഉണക്കിയെടുക്കുക. നന്നായി ഉണങ്ങിയ പപ്പടം കുറെകാലം കേടുവരാതെ ഇരിക്കും. പപ്പടം കാച്ചുന്ന പോലെ വെളിച്ചെണ്ണയിൽ വറുത്ത് ഉപയോഗിക്കാം.
ചക്കപപ്പടം എങ്ങനെയാണ് ഉണ്ടാക്കുക എന്ന് മനസ്സിലായില്ലേ.
ഇനി നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണം എങ്ങനെയാണ് ഉണ്ടാക്കുക എന്ന് അന്വേഷിച്ചറിയുക. ഉണ്ടാക്കുന്ന വിധം കുറിപ്പായി എഴുതൂ. എല്ലാവരുടെയും കുറിപ്പുകൾ ചേർത്ത് പതിപ്പ് തയ്യാറാക്കുക.

പി. രാധാകൃഷ്ണൻ ആലുവീട്ടിൽ