ജലദിനവും കാലാവസ്ഥാ ദിനവും ഓർമ്മിപ്പിക്കുന്നത്

“ആടിമുകിൽമാല കുടിനീരു തിരയുന്നൂ
ആതിരകൾ കുളിരു തിരയുന്നൂ
ആവണികളൊരു കുഞ്ഞു പൂവു തിരയുന്നൂ
ആറുകളൊഴുക്കു തിരയുന്നൂ
സർഗ്ഗലയ താളങ്ങൾ തെറ്റുന്നു
ജീവരഥ ചക്രങ്ങൾ ചാലിലുറയുന്നൂ”

എന്ന് ഭൂമിക്കൊരു ചരമഗീതം എന്ന കവിതയിൽ ഒ.എൻ.വി.കുറുപ്പ് പാടിയത് എത്ര ശരി!

ഒരുപാട് ഓർമ്മപ്പെടുത്തലുകളുമായാണ് മാർച്ച്-22 നു ജലദിനവും മാർച്ച് 23 ന് കാലാവസ്ഥാ ദിനവും കടന്നു വരുന്നത്. ജലമില്ലെങ്കിൽ ജീവനുമില്ല. കാലാവസ്ഥാ വ്യതിയാനം ജലസമ്പത്തിനെ അതിവേഗം ശോഷിപ്പിച്ചു കൊണ്ടിരിക്കുന്നുവെന്നും ഓരോ തുള്ളി വെള്ളവും അമൂല്യമാണെന്നും ഇത്തവണത്തെ ദിനാചരണ വിഷയങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു. ജലസംരക്ഷണ പ്രവർത്തനങ്ങളും ജലത്തിന്റെ സുസ്ഥിര വിനിയോഗവും ജല മലിനീകരണം തടയലും ഊർജിതമാക്കാൻ ഇനിയും വൈകിക്കൂടെന്ന് മുന്നറിയിപ്പ് തരികയും ചെയ്യുന്നു.

ജീവൻ നിലനിർത്താനും കൃഷിക്കും ഊർജോല്പാദനത്തിനും വ്യവസായത്തിനും പാചകത്തിനും ശുചീകരണ പ്രവർത്തനങ്ങൾക്കും എന്നു വേണ്ട എന്തിനുമേതിനും നമുക്ക് ജലം വേണം. എന്നാൽ അത്യപൂർവ്വ വസ്തുവായി മാറിക്കൊണ്ടിരിക്കുകയാണ് ശുദ്ധ ജലം. രാജ്യങ്ങളും സംസ്ഥാനങ്ങളും തമ്മിലുള്ള ജല തർക്കങ്ങളാണെങ്കിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്നു.ശുദ്ധജലത്തിനു വേണ്ടി യുദ്ധങ്ങളുണ്ടായാലും അത്ഭുതപ്പെടാനില്ല.

ജലവും കാലാവസ്ഥാ വ്യതിയാനവും

ഇത്തവണത്തെ ലോക ജലദിനസന്ദേശം എന്താണെന്നോ? ജലവും കാലാവസ്ഥാ വ്യതിയാനവും എന്നതു തന്നെ. ചുട്ടുപൊള്ളിപ്പനിച്ചു കൊണ്ടിരിക്കുകയാണ് ഭൂമിയമ്മയ്ക്ക്. ആഗോള താപനത്തിന്റെ സന്തതിയായ കാലാവസ്ഥാ വ്യതിയാനങ്ങൾ ഭൂമിയിലെ ജല ചംക്രമണത്തിന്റെ താളവും തെറ്റിച്ചുകൊണ്ടിരിക്കുന്നു. ജലഗ്രഹം എന്നൊക്കെ വിശേഷിപ്പിക്കാറുണ്ടെങ്കിലും ഭൂമിയിൽ ശുദ്ധജലത്തിന്റെ അളവ് വളരെക്കുറവാണ്. അതിൽത്തന്നെ നമുക്ക് പ്രാപ്യമാവുന്ന ശുദ്ധജലത്തിന്റെ അളവ് തുലോം തുച്ഛമാണ്. ഭൗമതാപനില കുതിച്ചുയരുമ്പോൾ അത് ശുദ്ധജല സ്രോതസ്സുകളെ ശോഷിപ്പിച്ചു കൊണ്ടേയിരിക്കുകയാണ്. ഉരുകിത്തീർന്നു കൊണ്ടിരിക്കുകയാണ് ധ്രുവപ്രദേശങ്ങളിലെയും ഹിമാലയം അടക്കമുള്ള മഞ്ഞു പർവ്വതങ്ങളിലെയും മഞ്ഞ്. മഞ്ഞുരുകലിന്റെ ഫലമായി സമുദ്ര ജല വിതാനം ഉയർന്നുകൊണ്ടിരിക്കുന്നു. ഇത് ദ്വീപ് രാഷ്ട്രങ്ങൾക്കും താഴ്ന്ന പ്രദേശങ്ങൾക്കുമൊക്കെ വലിയ ഭീഷണിയാണ് ഉയർത്തുന്നത്. തീർന്നില്ല മഞ്ഞുരുകലിന്റെ അപകടങ്ങൾ. ത്വരിത ഗതിയിൽ മഞ്ഞുരുകിത്തീരുമ്പോൾ ആദ്യം നദികളിൽ വെള്ളം പൊങ്ങി വൻ പ്രളയമുണ്ടാവും. ക്രമേണ നദികൾ വറ്റി വരളാൻ തുടങ്ങും. സമുദ്ര നിരപ്പുയരുകയും പല പ്രദേശങ്ങളെയും കടലെടുക്കുകയും ചെയ്യുമ്പോൾ ജീവജാലങ്ങൾ കുടിവെള്ളത്തിനായി പരക്കം പായും. ഈ പോക്കു പോയാൽ “വെള്ളം വെള്ളം സർവ്വത്ര, തുള്ളി കുടിക്കാനില്ലത്രേ” എന്ന അവസ്ഥയാവും നമ്മെ കാത്തിരിക്കുന്നത്.

ആഗോളതാപനം ഭൂഗർഭ ജലത്തെയും ശോഷിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് വിവിധ പഠനങ്ങൾ മുന്നറിയിപ്പു നൽകുന്നു. എൽനിനോ, ലാനിന പോലുള്ള കാലാവസ്ഥാ പ്രതിഭാസങ്ങളാണെങ്കിൽ ലോകത്തിന്റെ ചില ഭാഗങ്ങളിൽ അതി വൃഷ്ടിക്ക് കാരണമാവുമ്പോൾ ചിലയിടങ്ങളിൽ കൊടും വരൾച്ചയ്ക്കാണ് വഴിയൊരുക്കുന്നത്. കഴിഞ്ഞ രണ്ടു വർഷങ്ങളിലും കേരളത്തിൽ പ്രളയം വിതച്ച ദുരിതങ്ങൾ നാം കണ്ടതാണ്. എന്നാൽ കാലവർഷവും തുലാവർഷവും നാല്പത്തിനാലു നദികളുമൊക്കെയുണ്ടായിട്ടും കേരളത്തിലെ പല സ്ഥലങ്ങളിലും വേനൽക്കാലത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാവുകയും ചെയ്യുന്നു. ഭാരതപ്പുഴയാണെങ്കിൽ വേനലിൽ മണൽത്തിട്ടയിൽ ചെറിയ നീർച്ചാലുകളായി ചുരുങ്ങുന്നു.

യു.എൻ.കണക്കനുസരിച്ച് ഇന്ന് ലോകത്ത് 210 കോടിയോളം ജനങ്ങൾക്ക് വീടുകളിൽ ശുദ്ധജലം ലഭ്യമാവുന്നില്ല. ലോകത്ത് അഞ്ചു വയസ്സിനു താഴെയുള്ള എഴുന്നൂറിലധികം കുട്ടികളുടെ ജീവനാണ് അതിസാരം പോലുള്ള ജലജന്യ രോഗങ്ങളാൽ പ്രതിദിനം പൊലിഞ്ഞു പോവുന്നത്. ശുദ്ധജല ക്ഷാമം ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയുമാണ്. ഇനി ഇന്ത്യയുടെ കാര്യമെടുത്താൽ ജനസംഖ്യയ്ക്ക് ആനുപാതികമായി നോക്കിയാൽ ഒരു ജലദരിദ്ര രാജ്യമാണ് ഇന്ത്യ.

അമൂല്യം ഓരോ തുള്ളിയും

ചൂടിന്റെ കാര്യത്തിൽ റെക്കോർഡിട്ട് ഓരോ വർഷവും കടന്നു പോവുമ്പോൾ വേനലും മഞ്ഞും മഴയുമൊക്കെയായി ഒരു താളത്തിലങ്ങനെ കടന്നു പൊയ്ക്കൊണ്ടിരുന്ന കാലത്തിനും കണക്കു തെറ്റുകയാണ്. മഴയുടെ വിതരണത്തിലുണ്ടാവുന്ന താളം തെറ്റലുകളും തണുപ്പില്ലാത്ത മഞ്ഞുകാലവും ചുട്ടുപൊള്ളുന്ന വേനലുമൊക്കെ ഇതിന്റെ തെളിവാണ്. ഇതുവരെ രേഖപ്പെടുത്തപ്പെട്ടതിൽ വച്ച് ഏറ്റവും ചൂടേറിയ ദശകമാണിതെന്ന് ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോർട്ടുകൾ അപായമണി മുഴക്കിക്കഴിഞ്ഞു. ഭൂമിയെ ചുട്ടുപൊള്ളിക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ തോതും അന്തരീക്ഷത്തിൽ കുതിച്ചുയർന്നുകൊണ്ടിരിക്കുന്നു. ഇതിൽ കാർബൺ ഡൈ ഓക്സൈഡിന്റെ തോത് കഴിഞ്ഞ എട്ടു ലക്ഷം വർഷങ്ങളിലെ റെക്കോഡ് ആയ 415 പിപിഎമ്മിൽ എത്തിക്കഴിഞ്ഞു. ഉഷ്ണമാപിനികളിൽ ഭൂമിയുടെ താപനില കുതിച്ചുയരുമ്പോൾ പ്രവചനാതീതമായി മാറിമറിഞ്ഞു കൊണ്ടിരിക്കുകയാണ് കാലാവസ്ഥ. ഫോസ്സിൽ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാനും ഹരിത ഇന്ധനങ്ങൾ വ്യാപകമായി ഉപയോഗിക്കാനും സുസ്ഥിര വികസന പാഠങ്ങൾ പ്രാവർത്തികമാക്കാനും ഇനിയും വൈകിക്കൂടാ എന്ന യാഥാർഥ്യം ചുട്ടുപൊള്ളുന്ന നമ്മൾ ഇനിയെങ്കിലും തിരിച്ചറിയണം.

ഈ വർഷത്തെ കാലാവസ്ഥാ ദിനവും വിരൽ ചൂണ്ടുന്നത് ജലസംരക്ഷണത്തിന്റെ ആവശ്യകതയിലേക്കു തന്നെ. ഓരോ തുള്ളിക്കും കണക്കുണ്ടെന്നും ഓരോ തുള്ളി വെള്ളവും അമൂല്യമാണെന്നുമാണ് ഇത്തവണത്തെ കാലാവസ്ഥാദിനം നമ്മെ ഓർമ്മിപ്പിക്കുന്നത്.

 

സീമ ശ്രീലയം അധ്യാപിക, ശാസ്ത്ര എഴുത്തുകാരി

 

0 Comments

Leave a Comment

FOLLOW US