നമ്മുടെ സ്വന്തം ഭാഷ
നിങ്ങള്‍ക്കെത്ര ഭാഷ അറിയാം? ഒന്ന് രണ്ട് മൂന്ന്…
ലോകത്ത് ആകെ എത്ര ഭാഷയുണ്ടെന്ന് അറിയാമോ? അയ്യോ എണ്ണമെടുത്ത് വിഷമിക്കുകയൊന്നും വേണ്ട. ലോകത്ത് ആകമാനം ലിപി ഇല്ലാത്തതും ഉള്ളതുമായ ആയിരക്കണക്കിന് ഭാഷകളുണ്ട്.
പലതരം പൂക്കള്‍ പൂക്കുന്ന ചെടികള്‍ നിറഞ്ഞ മനോഹരമായൊരു പൂന്തോട്ടം പോലെയാണ് പലതരം ഭാഷകള്‍ നിറഞ്ഞ നമ്മുടെ ലോകവും. ഓരോ പൂവും മനോഹരമാകുന്നത് പോലെ ഓരോ ഭാഷയും മനോഹരമാണ്.
രണ്ടോ മൂന്നോ നാലോ ഭാഷ അറിഞ്ഞാലും നമ്മുടെ ഹൃദയത്തോട് ചേര്‍ന്ന് നില്ക്കുന്ന ഒരു ഭാഷയുണ്ടാവും. നമ്മള് ചിന്തിക്കാനും ചിരിക്കാനും കരയാനും അറിയാനും പഠിച്ചു തുടങ്ങിയ ഭാഷ. അതാണ് നമ്മുടെ മാതൃഭാഷ. രണ്ടാമതോ മൂന്നാമതോ പഠിക്കുന്ന ഭാഷയില്‍ പറഞ്ഞാല്‍ പൂര്‍ണമായും മനസ്സിലാകാത്ത കാര്യങ്ങള്‍ മനസ്സിലാക്കാന്‍ നമുക്ക് മാതൃഭാഷ വേണ്ടിവരും. മാതൃഭാഷയില്‍ അറിവ് നേടുമ്പോള്‍ കുഞ്ഞുങ്ങളുടെ ആത്മവിശ്വാസവും ചിന്താശക്തിയും ബുദ്ധിയും എളുപ്പം വികസിക്കും. മാതൃഭാഷയില്‍ അറിവ് നേടുക എന്ന ആശയം വിജയകരമായി പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന എത്രയോ രാജ്യങ്ങളുണ്ട്.
മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്യന്നു പെറ്റമ്മ തന് ഭാഷതാന്‍
എന്ന് നമ്മുടെ കവി വൈലോപ്പിള്ളി പാടിയിട്ടുണ്ട്. പെറ്റമ്മയും വളര്‍ത്തമ്മയും തമ്മിലുള്ള ഭേദമാണ് മാതൃഭാഷയും മറ്റുള്ള ഭാഷകളും തമ്മിലുള്ളത് എന്ന് കവി പറയുമ്പോള്‍ കാര്യം എത്ര എളുപ്പം മനസ്സിലായി അല്ലേ… അതുതന്നെയാണ് എല്ലാ ഭാഷകളും സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും.
പൂക്കാലത്തിന്റെ വായനക്കാരില്‍ ഏതാണ്ട് മുഴുവന്‍ പേരുടെയും മാതൃഭാഷ മലയാളമാണെന്ന് കരുതുന്നതില്‍ തെറ്റില്ലെന്നു തോന്നുന്നു. ഏതായാലും നമ്മളെല്ലാവരും മലയാളം മറന്ന് പോകാതിരിക്കാന്‍, മലയാളത്തെ കൂടുതല്‍ മനസ്സോട് ചേര്‍ത്തു വയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അതിനര്‍ത്ഥം നമ്മുടെ മാതൃഭാഷയാണ് ഒന്നാന്തരം എന്നാണോ? അല്ലേയല്ല. എല്ലാ ഭാഷയും ഒന്നാന്തരമാണ്.
നിങ്ങള്‍ക്ക് രണ്ട് ഭാഷകള്‍ പച്ചവെള്ളം പോലെ അറിയാമെന്ന് കരുതുക. അപ്പോഴും ഏറ്റവും വൈകാരികമായ നിമിഷങ്ങളില്‍ അല്ലെങ്കില്‍ മനസ്സിലാക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ നിങ്ങള്‍ മനസ്സുകൊണ്ട് ആഗ്രഹിക്കുന്ന ഭാഷ ഏതായിരിക്കും? സാധാരണ ഗതിയില്‍ അത് മാതൃഭാഷ ആയിരിക്കും. അത് നിങ്ങളുടെ അച്ഛനമ്മമാരുടെ മാതൃഭാഷ തന്നെ ആകണമെന്നില്ല എന്നതാണ് മറ്റൊരു വൈരുദ്ധ്യം. നിങ്ങള്‍ ജനിക്കുന്നത് മറ്റൊരു നാട്ടില്‍ മറ്റൊരു ഭാഷ സംസാരിക്കുന്നവരുടെ ഇടയിലാണെന്ന് കരുതൂ. വീട്ടില്‍ നിങ്ങളുടെ അച്ഛനും അമ്മയും ബന്ധുക്കളും കുഞ്ഞിനെ നോക്കുന്ന ആയയും ഉള്‍പ്പെടെ അവിടുത്തെ ഭാഷയാണ് ഉപയോഗിക്കുന്നതെന്നും വയ്ക്കുക. അങ്ങനെ വന്നാല്‍ നിങ്ങള്‍ അവിടെ കേട്ട് പരിചയിക്കുന്ന, പഠിക്കുന്ന ആ ഭാഷയായിരിക്കും നിങ്ങളുടെ മാതൃഭാഷ. ആ ഭാഷയിലായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നതും ലോകത്തെ കാണുന്നതും വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതും. പറഞ്ഞു വരുന്നത് മാതൃഭാഷ എന്നത് സാങ്കേതികമായോ അതിവൈകാരികമായോ സമീപിക്കേണ്ട ഒന്നല്ല എന്നു തന്നെയാണ്.
ലോകം മുഴുവന്‍ ഒറ്റ ഭാഷ സംസാരിച്ചാല്‍ ഈ കുഴപ്പങ്ങളൊന്നുമില്ലല്ലോ എന്ന് തോന്നിയോ? സംഗതി ശരിയാണ്. അപ്പോള്‍ പിന്നെ ഭാഷയുടെ പേരിലുള്ള വേര്‍തിരിവില്ല. ഏത് നാട്ടിലും ചെന്ന് ആശയവിനിമയം നടത്താം. പക്ഷെ, ചെറിയൊരു പ്രശ്നമുണ്ടല്ലോ…
നിലവിലുള്ള ഒരു ഭാഷയും എല്ലാ പ്രാദേശിക ഭാഷകള്‍ക്കും പകരം നില്ക്കാന് ശേഷിയുള്ളതല്ല എന്നതാണ് സത്യം. ഓരോ ഭാഷയും അത് പ്രയോഗിക്കപ്പെടുന്ന നാടും അവിടുത്തെ ചരിത്രവും ഭൂമിശാസ്ത്രവും സംസ്ക്കാരവും ശീലങ്ങളുമൊക്കെയായി ഇഴുകി ചേര്‍ന്ന് കിടക്കുന്നവയാണ്. അതിന് പകരം വയ്ക്കാന്‍ മറ്റൊരു ഭാഷയ്ക്ക് കഴിയണമെന്നില്ല. കേരളത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു സംഗതി വിവരിക്കാന്‍ ഇംഗ്ലീഷിലും ഫ്രഞ്ചിലുമൊക്കെ വാക്കുകള്‍ക്ക് ചിലപ്പോള്‍ നെട്ടോട്ടം ഓടേണ്ടി വരും. തിരിച്ചും ഇത് തന്നെ സംഭവിക്കും. ഇനി തേടിപ്പിടിച്ച് വാക്കുകള്‍ നിരത്തി വിശദീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ സത്ത കുറെയൊക്കെ ചോര്‍ന്ന് പോവുകയും ചെയ്യും. എല്ലാ നാട്ടിലെയും എല്ലാ സംസ്ക്കാരവും എല്ലാ പ്രകൃതിയും ചരിത്രവും ഉള്‍ക്കൊള്ളാന്‍ കഴിയുന്നൊരു ഭാഷ ഉണ്ടാക്കുക എന്നത് അസംഭവ്യം തന്നെ.
അപ്പോള്‍ നമ്മള് ചെയ്യേണ്ടത് എന്താണ്? നേരത്തേ പറഞ്ഞ പൂന്തോട്ടത്തിലെ ഭാഷയാകുന്ന പൂച്ചെടികള്‍ ഒന്നുപോലും വാടിപ്പോകാതെ ഭംഗിയോടെ ആരോഗ്യത്തോടെ പരിപാലിക്കുക എന്നത് തന്നെ. നമുക്ക് നിലനിര്‍ത്താനും വളര്‍ത്താനും കഴിയുന്നത് നമ്മുടെ മാതൃഭാഷയാണ്. അഥവാ നമ്മുടെ മാതൃഭാഷ നിലനിര്‍ത്താന്‍ നമുക്കേ കഴിയൂ. അതിനൊപ്പം മറ്റുള്ളവരുടെ ഭാഷകളെ സ്നേഹിക്കയും ബഹുമാനിക്കയും കൂടി വേണമെന്ന് പറയാതെ തന്നെ കൂട്ടുകാര്‍ക്ക് അറിയാമല്ലോ.
ചിഞ്ജു പ്രകാശ്