രാമൻ പ്രഭാവവും ദേശീയ ശാസ്ത്രദിനവും
ഫെബ്രുവരി-28 നമ്മുടെ ദേശീയ ശാസ്ത്രദിനമാണെന്ന് അറിയാമല്ലോ. സി.വി.രാമനുമായി ബന്ധപ്പെട്ട ഒരു ദിവസമാണത്. എന്നാൽ അത് അദ്ദേഹത്തിന്റെ ജന്മദിനമോ ചരമദിനമോ അല്ല കേട്ടോ. പിന്നെയോ? തന്റെ മഹത്തായ കണ്ടുപിടിത്തം സി.വി.രാമൻ ലോകത്തോടു വിളിച്ചുപറഞ്ഞത് 1928 ഫെബ്രുവരി 28 നാണ്. അതിന്റെ സ്മരണയ്ക്കായിട്ടാണ് ഇന്ത്യയിൽ ഫെബ്രുവരി-28 ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നത്. സി.വി.രാമനെ 1930-ലെ ഊർജതന്ത്ര നൊബേൽ സമ്മാന ജേതാവാക്കിയ ആ കണ്ടുപിടിത്തം ഏതാണെന്നോ? ‘രാമൻ പ്രഭാവം’ തന്നെ.
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിക്കടുത്ത് തിരുവണയ്ക്കാവൽ ഗ്രാമത്തിൽ 1888 നവംബർ 7-ന് ആർ.ചന്ദ്രശേഖര അയ്യരുടെയും പാർവ്വതി അമ്മാളിന്റെയും മകനായാണ് സി.വി.രാമൻ എന്ന ചന്ദ്രശേഖര വെങ്കട്ടരാമന്റെ ജനനം. കുട്ടിക്കാലത്തു തന്നെ ശാസ്ത്രം ഏറെ ഇഷ്ടപ്പെട്ടിരുന്ന രാമൻ വളർന്നപ്പോഴും ആ താല്പര്യം കൈവിട്ടില്ല. കൊൽക്കത്തയിൽ ഇന്ത്യൻ ഫിനാൻഷ്യൽ സർവ്വീസിൽ അക്കൗണ്ടന്റ് ജനറലായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് കൊൽക്കത്താ സർവ്വകലാശാലയിൽ പ്രൊഫസറായി. ഔദ്യോഗിക തിരക്കുകൾക്കിടയിലും എന്നും രാവിലെ അഞ്ചരമണിക്കു തന്നെ രാമൻ തൻ്റെ പരീക്ഷണശാലയിൽ എത്തുമായിരുന്നു. പരീക്ഷണശാല എന്നു പറഞ്ഞാൽ കൊൽക്കത്തയിലെ ബോ ബസാർ സ്ട്രീറ്റിലെ ഒരു ചെറിയ മുറി! ഇവിടെയാണ് ഏതാണ്ട് നാന്നൂറു രൂപ മാത്രം ചെലവിൽ സ്വയം നിർമ്മിച്ച ഉപകരണങ്ങൾ ഉപയോഗിച്ച് അദ്ദേഹം വിസ്മയങ്ങൾ വിരിയിച്ചത്. രാമൻ പ്രഭാവത്തിന്റെ കണ്ടുപിടിത്തം അദ്ദേഹത്തെ ഏഷ്യയിലെ തന്നെ ആദ്യ ശാസ്ത്ര നൊബേൽ ജേതാവെന്ന നേട്ടത്തിനും അർഹനാക്കി.
സുതാര്യമായ ഒരു ദ്രാവകത്തിലൂടെ ഒരു ഏകവർണ്ണ പ്രകാശം കടത്തിവിട്ടാൽ പുറത്തുവരുന്ന പ്രകാശത്തിന്റെ തരംഗദൈർഘ്യം വ്യത്യസ്തമായിരിക്കുമെന്ന് സി.വി.രാമൻ തെളിയിച്ചു. ഇതാണ് രാമൻ പ്രഭാവം എന്ന പേരിൽ അറിയപ്പെടുന്നത്. തൻ്റെ കണ്ടുപിടിത്തത്തിന് ഊർജതന്ത്ര നൊബേൽ ലഭിക്കുമെന്ന അടിയുറച്ച വിശ്വാസം രാമനുണ്ടായിരുന്നു. അതുകൊണ്ടു തന്നെ നൊബേൽ സമ്മാന പ്രഖ്യാപനത്തിനും മാസങ്ങൾക്കു മുമ്പേ സ്വീഡനിലേക്കുള്ള കപ്പലിൽ ടിക്കറ്റ് ബുക്ക് ചെയ്തു അദ്ദേഹം! ഏതായാലും പ്രതീക്ഷ അസ്ഥാനത്തായില്ല. ഇന്ത്യയുടെ യശസ്സ് വാനോളം ഉയർത്തിക്കൊണ്ട് 1930-ലെ ഊർജതന്ത്ര നൊബേൽ സമ്മാനം സി.വി.രാമനെ തേടി എത്തി. 1921-ൽ ഓക്സ്ഫോർഡിലേക്കുള്ള കപ്പൽ യാത്രയ്ക്കിടെ മെഡിറ്ററേനിയൻ സമുദ്രത്തിന്റെ നീലിമയിൽ ആകൃഷ്ടനായ രാമൻ കടലിനെന്തേ നീലനിറം എന്നു ചിന്തിക്കാൻ തുടങ്ങി. ഒടുവിൽ അതിനു കാരണം പ്രകാശത്തിന്റെ വിസരണം എന്ന പ്രതിഭാസമാണെന്ന് തെളിയിക്കുകയും ചെയ്തു. ശബ്ദം, സംഗീതോപകരണങ്ങൾ, കാഴ്ചയുടെയും നിറങ്ങളുടെയും ശാസ്ത്രം, രത്നങ്ങൾ, ക്രിസ്റ്റലോഗ്രാഫി, ജ്യോതിശാസ്ത്രം എന്നിവയൊക്കെ അദ്ദേഹത്തിന്റെ ഇഷ്ട ഗവേഷണ മേഖലകളായിരുന്നു.
ശാസ്ത്രസാങ്കേതിക രംഗത്ത് സ്വാശ്രയത്വം കൈവരിച്ചാൽ മാത്രമേ ഇന്ത്യയിൽ ശാസ്ത്രപുരോഗതി സാധ്യമാവൂ എന്ന് സി.വി.രാമൻ ഉറച്ചു വിശ്വസിച്ചിരുന്നു. 1934-ൽ അദ്ദേഹം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഡയറക്റ്റർ ആയി. 1948-ൽ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. 1970 നവംബർ-21 ന് ശാസ്ത്രഗവേഷണങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവച്ച ആ മഹാപ്രതിഭ അന്തരിച്ചു.
ദേശീയ ശാസ്ത്രദിനം 2020
ശാസ്ത്രത്തിലെ സ്ത്രീ എന്നതാണ് ഈ വർഷത്തെ ദേശീയ ശാസ്ത്രദിനാചരണ വിഷയം. ശാസ്ത്രഗവേഷണത്തിൽ അനന്ത സാധ്യതകളും വിസ്മയങ്ങളുമാണ് കാത്തിരിക്കുന്നത്. എന്നാൽ കഴിവും ബുദ്ധിയുമുണ്ടായിട്ടും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഗൗരവതരമായ ശാസ്ത്ര ഗവേഷണങ്ങളിലെ സ്ത്രീ സാന്നിധ്യം തുച്ഛമാണ് എന്നതാണ് യാഥാർഥ്യം. പലതരം വിവേചനങ്ങളും ഗവേഷണരംഗത്ത് സ്ത്രീകൾ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. പ്രതിസന്ധികളോടും വിവേചനങ്ങളോടും വെല്ലുവിളികളോടും പടവെട്ടി ശാസ്ത്രവിസ്മയങ്ങളുടെ ആകാശം കൈയെത്തിപ്പിടിച്ച ഒരുപാടു വനിതാ ശാസ്ത്രജ്ഞരെ നമുക്ക് ചരിത്രത്തിൽ കാണാം. ഇതിൽ പലർക്കും അർഹിക്കുന്ന അംഗീകാരം പോലും ലഭിച്ചില്ല. അവരെയൊക്കെ ഓർക്കാനുള്ള ഒരവസരം കൂടിയാണിത്.

ജാനകി അമ്മാള്‍
പട്ടിണി കിടന്നും വീട്ടുജോലികൾ ചെയ്തുമാണ് മാഡം ക്യൂറി ഉന്നത വിദ്യാഭ്യാസത്തിനുള്ള വഴി കണ്ടെത്തിയത്. പിൽക്കാലത്ത് പരിമിതമായ സൗകര്യങ്ങൾക്ക് നടുവിൽ ഒരു കുഞ്ഞു മുറിയിൽ ഗവേഷണത്തിൽ മുഴുകിയ മാഡം ക്യൂറിയെത്തേടി നൊബേൽ സമ്മാനമെത്തിയത് രണ്ടു തവണ! ഡി.എൻ.എ യുടെ ഇരട്ടപ്പിരിയൻ ഗോവണി ഘടന ചുരുൾ നിവർത്തുന്നതിൽ സുപ്രധാന പങ്കു വഹിച്ചിട്ടും അവഗണിക്കപ്പെട്ട റോസലിൻഡ് ഫ്രാങ്ക്ലിന്റെ ജന്മശതാബ്ദി വർഷമാണിത്. അണുവിഘടനം കണ്ടുപിടിക്കുന്നതിൽ ഓട്ടോഹാനൊപ്പം പങ്കുവഹിച്ച ലിസ് മെയ്റ്റ്നർക്കും പൾസാറുകൾ എന്ന ന്യൂട്രോൺ നക്ഷത്രങ്ങളുടെ കണ്ടുപിടിത്തത്തിൽ നിർണ്ണായക പങ്കുവഹിച്ചിട്ടും അവഗണിക്കപ്പെട്ട ജോസ്‌ലിൻ ബെല്ലിനുമൊക്കെ കുടിക്കേണ്ടി വന്നത് അവഗണനയുടെ കയ്പുനീർ തന്നെ. റീത്ത ലെവി മൊണ്ടാൾസിനി, ബാർബറ മക്ലിന്റോക്ക്, ഡൊറോത്തി ഹോഡ്‌കിൻസ്, റോസ്‌ലിൻ യാലൊവ്, മരിയ ഗോപ്പെർട്ട് മേയർ തുടങ്ങി എത്രയോ പേരുണ്ട് ഓർക്കപ്പെടേണ്ടവരായി.

അന്നാമാണി
സസ്യശാസ്ത്രത്തിൽ അന്താരാഷ്ട്രതലത്തിൽപ്പോലും ശ്രദ്ധിക്കപ്പെട്ട നേട്ടങ്ങൾ കൈവരിച്ച ജാനകി അമ്മാൾ എന്ന മലയാളി ശാസ്ത്രജ്ഞയെയും കാലാവസ്ഥാ ഗവേഷണത്തിൽ വിസ്മയ നേട്ടങ്ങൾ കൈവരിച്ച അന്നാ മാണി എന്ന മലയാളി ശാസ്ത്രജ്ഞയെയും നാം തീർച്ചയായും അറിയണം. ആദ്യമായി ഒരു ഇന്ത്യൻ സർവ്വകലാശാലയിൽ നിന്നു ഡോക്റ്ററേറ്റ് നേടിയ അസിമാ ചാറ്റർജിയെ അറിയുമോ? ഇവരുടെയൊക്കെ ജീവിതം നമുക്കൊരു പാഠപുസ്തകം തന്നെയാണ്. ഗവേഷണത്തിലേക്കിറങ്ങുന്ന പെൺകുട്ടികൾക്ക് പ്രചോദനമായിക്കൊണ്ടിരിക്കുന്ന വനിതകളെയും നമുക്ക് അഭിമാനത്തോടെ സ്മരിക്കാം. ചന്ദ്രയാൻ 2 ദൗത്യത്തിൽ പ്രധാന പങ്കു വഹിച്ച മുത്തയ്യ വനിത, റിതു കരിധാൾ; കണികാ പരീക്ഷണത്തിലെ പങ്കാളിത്തത്തിലൂടെ ശ്രദ്ധേയയായ അർച്ചനാ ശർമ്മ, തമോഗർത്തത്തിന്റെ ദൃശ്യവൽക്കരണത്തിനു സഹായകമായ അൽഗോരിതം തയ്യാറാക്കിയ കെയ്‌റ്റി ബോമാൻ എന്നിവരൊക്കെ നമുക്ക് അഭിമാനവും പ്രചോദനവുമേകുന്ന വനിതകളാണ്.

സീമ ശ്രീലയം അധ്യാപിക, ശാസ്ത്ര എഴുത്തുകാരി