മാമ്പൂമണക്കുന്ന വിദ്യാലയം

ഓരോ വിദ്യാലയത്തിനും ചില അടയാളങ്ങൾ ഉണ്ടാകും. ഒരിക്കൽ സ്കൂളിലെ ഒരു പരിപാടിക്ക് നോട്ടീസ് തയ്യാറാക്കാനായി സ്കൂളിൻെറ ചിത്രം വരക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടു. എല്ലാ ചിത്രങ്ങളിലും നിറഞ്ഞ് നിന്നത് സ്കൂളിന് മുറ്റത്തെ മാവായിരുന്നു. കാരണം മുറ്റത്ത് പടർന്ന് നിൽക്കുന്ന മാവിനെ കൂടാതെ ഈ വിദ്യലയത്തെ കുറിച്ച് ആർക്കും ഓർക്കാനാവില്ല.

എത്രയോ തലമുറകളായി കുട്ടികളുടെയും മുതിർന്നവരുടെയും കല്ലേറ് കൊണ്ട് തഴമ്പിച്ച മുത്തശ്ശി മാവ്, വർഷം തോറും നിറയെ മാങ്ങകൾ ഇപ്പോഴും കാത്ത് വയ്ക്കുന്നു. മാങ്ങകൾ കാട്ടി കുട്ടികളെ കൊതിപ്പിക്കുകയും അവരുടെ കല്ലേറുകൾ ആസ്വദിക്കുകയും ചെയ്യുന്നു.

എത്ര പ്രായമുണ്ട് ഈ മാവിന് എന്നു ചോദിച്ചാൽ ആർക്കും കൃത്യമായ ഉത്തരമില്ല. തൊണ്ണൂറ് വയസ്സായ മുത്തശ്ശിയോട് അന്നത്തെ മാവിൻെറ വലിപ്പത്തെ കുറിച്ച് ചോദിച്ചിട്ടും കൃത്യമായ ഉത്തരം കിട്ടുന്നില്ല. ഓരോ വർഷവും മാവിൻെറ വളർച്ച പരിശോധിക്കാൻ ഒരു വഴി വേണം. നിലവിലെ വണ്ണം, ഉയരം, പരപ്പ് എന്നിവ അളന്ന് രേഖപ്പെടുത്തി വയ്ക്കണം. നമുക്ക് പ്രായമാകുന്നതു പോലെ മാവിനും വയസ്സാവുകയല്ലേ? ഇപ്പോഴെങ്കിലും ഈ ശ്രമം തുടങ്ങിയാൽ വരും തലമുറകൾക്കത് വലിയൊരു അനുഗ്രഹമാകും. ജീവിച്ചിരിക്കേ നമുക്ക് ഈ മാവിൻെറ ജീവചരിത്രം രചിക്കാൻ തുടങ്ങാം. ഈ വിഷയത്തിൽ അറിവും കഴിവും ഉള്ളവരുടെ സഹായം തേടാം.

സ്കൂളിനെ സംബന്ധിച്ചിടത്തോളം മുറ്റത്ത് കുട പിടിച്ച് നിൽക്കുന്ന മുത്തശ്ശി മാവ് ഒരനുഗ്രഹമാണ്. വേനൽക്കാലത്ത് മാവിൻെറ തണൽ അനുഭവിച്ചറിയേണ്ടതാണ്. ഗ്രാമ സഭകൾ ഉൾപ്പെടെ എത്രയെത്ര യോഗങ്ങൾക്ക് ഈ തണൽ പന്തലൊരുക്കിയിരിക്കുന്നു. തുറസ്സായ പാടത്തു നിന്നും വരുന്ന കാറ്റ് മാവിൻെറ കുളിരും പേറിയാണ് സ്കൂളിലേക്ക് കയറുന്നത്. പാടത്ത് നേന്ത്രവാഴക്കൃഷി, പച്ചക്കറി കൃഷി എന്നിവ ഉണ്ടെങ്കിൽ ആ കാറ്റിന് കുളിര് കൂടും.

വർഷക്കാല ആരംഭത്തോടെ വരുന്നകാറ്റും മഴയും തുറസ്സായ സ്ഥലത്തു നിന്നു വീശുന്നതാവുമ്പോൾ സ്കൂൾ വരാന്തയും കടന്ന് ക്ലാസ് മുറി വരെ നനക്കാൻ പര്യാപ്തമാണ്. മുത്തശ്ശി തൻെറ പേരക്കുട്ടികളെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതു പോലെ സ്കൂളിലെ കുട്ടികളെ കാറ്റിൽ നിന്നും മാവ് കാത്തു വയ്ക്കുന്നു.

പാടത്ത് നെൽക്കൃഷിയുള്ളപ്പോൾ മനോഹരമായ കാഴ്ചയാണ്. ഉയർന്നു നിൽക്കുന്ന നെല്ലിൻെറ തലപ്പുകൾ കാറ്റിലുലയുന്ന ഇളക്കം അതിൻെറ അലകൾസമുദ്രത്തിലെ തിരമാലകൾ പോലെ ഒഴുകി ഒഴുകി വരുന്നത് എത്ര കണ്ടാലും മതി വരില്ല. പച്ചക്കടൽ, നീലാകാശം, കുടപിടിച്ചു നിൽക്കുന്ന മുത്തശ്ശി മാവിന് കീഴെ കുട്ടികൾ സുരക്ഷിതർ.

അനവധി തലമുറകൾ കിന്നാരം പറഞ്ഞും കല്ലെറിഞ്ഞും മാങ്ങയുടെ പുളിപ്പും മധുരവും ആസ്വദിച്ചും മാവിനെ കെട്ടി പിടിച്ചും കളിച്ച ഈ തിരുമുറ്റം മനുഷ്യർക്കുമാത്രമല്ല സകല ജീവജാലങ്ങൾക്കും ആശ്വാസമേകിയിട്ടുണ്ട്. പല കാലങ്ങളിൽ പാടത്ത് വന്നു പോകുന്ന ദേശാടനക്കിളികൾ, ഇവിടത്തെ സ്ഥിര താമസക്കാരായ കാക്കയും മൈനയും ഇരട്ടത്തലച്ചിയും കുളക്കോഴികളും കൊക്കുകളും അങ്ങനെ പേരറിയുന്നതും അല്ലാത്തതുമായ പക്ഷികൾ.

ഫംഗസ് മുതൽ പുഴുവും പൂമ്പാറ്റയും തുമ്പികളും പല്ലികളും ഓന്തുകളും, എത്ര വലകെട്ടിയാലും മടുക്കാത്ത എട്ടുകാലികളും അവയെ പിടിക്കാനായി ഒളിച്ചിരിക്കുന്ന ഭീമൻ പല്ലികളും മുതൽ ഇഴജന്തുക്കൽ വരെ മാവിലെ സ്ഥിരതാമസക്കാരാണ്.

തണലത്ത് കിടന്ന് അയവെട്ടാൻ വരുന്ന കന്നുകാലികൾ, നായകളും പൂച്ചകളും ഉൾപ്പെടെയുള്ള നാൽക്കാലികൾ അങ്ങനെ എല്ലാവർക്കും വേണ്ടി നിസംഗതയോടെ നിസ്വാർത്ഥതയോടെ ഇനിയും അനവധികാലം തുടരാൻ മുത്തശ്ശിമാവിന് ആവട്ടെ എന്നാശിക്കാം.

ഇത് ഒരു വിദ്യാലയത്തിൻെറ മുറ്റത്ത് നിൽക്കുന്ന മാവിൻെറ വിവരണമാണ്. നിങ്ങളുടെ അറിവിലും പരിചയത്തിലുമുള്ള ഒരു വൃക്ഷത്തിൻെറ വിവരണം തയ്യാറാക്കൂ. ക്ലാസിലെ എല്ലാവരുടേയും കുറിപ്പുകൾ ചേർത്ത് പതിപ്പാക്കിമാറ്റൂ.

പി. രാധാകൃഷ്ണൻ ആലുവീട്ടിൽ

 

0 Comments

Leave a Comment

FOLLOW US