മനുഷ്യന് ഏറ്റവും ഇഷ്ടമുള്ള കാര്യമേത് എന്നറിയുമോ? അത് പുതിയ പുതിയ ഇടങ്ങള്‍ കണ്ടെത്താനുള്ള യാത്രകളാണ്. മനുഷ്യര്‍ ലോകം മുഴുവന്‍ എത്തിപ്പെട്ടതും അങ്ങനെയാണ്. കൊളംബസ്സിനെക്കുറിച്ചും മഗല്ലനെക്കുറിച്ചും ഒക്കെ ഇപ്പോഴും നമ്മള്‍ വാതോരാതെ പറയുന്നതു കേള്‍ക്കാം. അവര്‍ നടത്തിയ യാത്രകളോട് നമുക്കുള്ള ഇഷ്ടം. അതാണ് അവരെക്കുറിച്ച് നമ്മള്‍ കഥകളെഴുതുന്നത്.
പുതിയ ഇടങ്ങള്‍ കണ്ടെത്താനുള്ള മനുഷ്യരുടെ ത്വര ഭൂമിയില്‍ മാത്രം ഒതുങ്ങി നിന്നിട്ടില്ല. അത് ഭൂമിക്കു പുറത്തേക്ക്, ബഹിരാകാശത്തേക്കും നീണ്ടിട്ടുണ്ട്. ആ ആവേശത്തിന്റെ കൂടി ഫലമാണ് നീല്‍ ആംസ്ട്രോങ് അടക്കം പന്ത്രണ്ടു മനുഷ്യര്‍ ചന്ദ്രനില്‍ ചെന്ന് ഇറങ്ങിയത്. ഭൂമിയിലേതുപോലെ മനുഷ്യര്‍ക്ക് നേരിട്ടു ചെന്ന് പുതിയ ഇടങ്ങളും പുതിയ അറിവുകളും കണ്ടെത്താന്‍ ബഹിരാകാശത്ത് എളുപ്പമല്ല. ഒത്തിരി ബുദ്ധിമുട്ടുകള്‍ അക്കാര്യത്തില്‍ ഉണ്ട്. പകരം നമ്മള്‍ ചെയ്തത് ചില യന്ത്രങ്ങളെ ഉണ്ടാക്കി അവയെ അങ്ങോട്ട് അയയ്ക്കുക എന്നതാണ്. അത്തരം ചില ദൗത്യങ്ങളെക്കുറിച്ച് നമുക്ക് അറിയാന്‍ ശ്രമിക്കാം.
വോയേജര്‍
ബഹിരാകാശത്തേക്ക് നമ്മള്‍ പറഞ്ഞുവിട്ട പേടകങ്ങളില്‍ ഏറ്റവും വിജയകരമായ ദൗത്യം ഏതെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. വോയേജര്‍ ദൗത്യങ്ങള്‍. കാരണം നീണ്ട 42 വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ പേടകങ്ങള്‍ പല വിവരങ്ങളും നമുക്ക് നല്‍കിക്കൊണ്ടിരിക്കുന്നു.

വോയേജര്‍ 1
സൗരയൂഥത്തെക്കുറിച്ചു പഠിക്കുക. പറ്റിയാല്‍ സൗരയൂഥത്തിന് അപ്പുറത്തുള്ള കാര്യങ്ങളെക്കുറിച്ചും പഠിക്കുക. അതിനു വേണ്ടിയാണ് വോയേജര്‍ എന്ന പേരില്‍ രണ്ട് ദൗത്യങ്ങള്‍ രൂപകല്പന ചെയ്തത്. സംഭവം നടക്കുന്നത് അടുത്ത കാലത്തൊന്നും അല്ല. ഏതാണ്ട് അറുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ്. സൗരയൂഥത്തിലെ ഗ്രഹങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒരു വലിയ ദൗത്യം നടത്തണം എന്ന ആലോചന ശാസ്ത്രജ്ഞര്‍ക്കിടയില്‍ ഉണ്ടായി. അമേരിക്കയിലെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ 1970മുതല്‍ ഈ ദൗത്യത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. അവസാനം 1977ല്‍ രണ്ടു പേടകങ്ങള്‍ ബഹിരാകാശരഹസ്യങ്ങള്‍ തേടി യാത്രയായി. വോയേജര്‍ 1, വോയജര്‍ 2 എന്നിങ്ങനെ പേരിട്ട രണ്ട് ദൗത്യങ്ങളാണ് ഏതാണ്ട് ഒരേ സമയത്ത് ഭൂമിയില്‍നിന്ന് പുറപ്പെട്ടത്. വോയേജര്‍ 2; 1977 ആഗസ്റ്റ് 20നും വോയേജര്‍ 1; 1977 സെപ്തംബര്‍ 5നുമാണ് വിക്ഷേപിക്കപ്പെട്ടത്.
സൗരയൂഥത്തില്‍ വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂണ്‍ എന്നീ ഗ്രഹങ്ങളുടെയും ഇവയുടെ ഉപഗ്രഹങ്ങളുടെയും ഫോട്ടോകളും മറ്റു വിവരങ്ങളും നമുക്ക് നല്‍കിയത് ഈ രണ്ടു പേടകങ്ങള്‍ ചേര്‍ന്നാണ്. പിന്നീട് പല ദൗത്യങ്ങള്‍ നടന്നെങ്കിലും ഇപ്പോഴും ഈ ഗ്രഹങ്ങളുടെ ചിത്രങ്ങള്‍ തിരഞ്ഞാല്‍ നമുക്കരികില്‍ ആദ്യം എത്തുക വോയേജര്‍ എടുത്ത ചിത്രങ്ങളാവും.

വോയേജര്‍ 2
വ്യാഴവും ശനിയും കഴിയുന്നതുവരെ രണ്ടു പേടകങ്ങളും ഏതാണ്ട് ഒപ്പമായിരുന്നു യാത്ര. ഇരു ഗ്രഹങ്ങളെക്കുറിച്ചും അവയുടെ ഉപഗ്രഹങ്ങളെക്കുറിച്ചും ഉള്ള വിവരങ്ങള്‍ ലഭ്യമായതോടെ വോയേജര്‍ 1ന്റെ ദൗത്യം ഏതാണ്ട് അവസാനിച്ചു എന്നു പറയാം. അതിനുശേഷം വോയേജര്‍ 1നെ സൗരയൂഥത്തിന്റെ പുറത്തേക്കു വിടാന്‍ നാസ തീരുമാനിക്കുകയായിരുന്നു. പിന്നീട് കുറെക്കാലം വോയജര്‍ 1ന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലായിരുന്നു. മണിക്കൂറില്‍ 60000കിലോമീറ്ററിലധികം വേഗതയില്‍ സൗരയൂഥത്തിനു പുറത്തേക്കു യാത്ര ചെയ്യുക. അതു മാത്രമായിരുന്നു അപ്പോള്‍ വോയേജര്‍ 1 ചെയ്തുകൊണ്ടിരുന്നത്.
നെപ്റ്റ്യൂണിന്റെയൊക്കെ പരിക്രമണപഥം കടന്നുപോയശേഷം 1990 ഫെബ്രുവരി 14ന് വോയേജര്‍ 1 തന്റെ ക്യാമറ അവസാനമായ ഒന്നു തുറന്നു. സൗരയൂഥത്തിലെ പരമാവധി ഗ്രഹങ്ങളുടെ ചിത്രം ഒന്നുകൂടി എടുക്കാനുള്ള ഒരു ശ്രമം. ഭൂമിയില്‍നിന്ന് 600കോടി കിലോമീറ്റര്‍ അകലെയായിരുന്നു വോയേജര്‍ 1 അപ്പോള്‍. ഏതാണ്ട് അറുപതോളം ചിത്രങ്ങളാണ് അന്ന് വോയേജര്‍ പകര്‍ത്തിയത്. അതില്‍ ഭൂമിയുടെ ചിത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഒരു വലിയ ചിത്രത്തില്‍ ഒരു പൊട്ടു മാത്രമായിരുന്നു അതില്‍ ഭൂമി. pale blue dot എന്ന പേരില്‍ ഏറെ വിഖ്യാതമായി മാറിയ ഒരു ചിത്രം.
ഈ ചിത്രങ്ങള്‍ പകര്‍ത്തിയതോടെ വോയേജര്‍ 1ന്റെ ക്യാമറ എന്നെന്നേക്കുമായി പ്രവര്‍ത്തനം അവസാനിപ്പിച്ചു. 2012 ആഗസ്റ്റ് 25ന് വോയേജര്‍ 1 ഇന്റര്‍സ്റ്റെല്ലാര്‍ സ്പേസിലേക്ക് പ്രവേശിച്ചു. സൂര്യനില്‍ നിന്നുള്ള കണങ്ങളെക്കാള്‍ കൂടുതല്‍ മറ്റു നക്ഷത്രങ്ങളില്‍ നിന്നുള്ള കണങ്ങള്‍ കാണപ്പെടുന്ന ഇടമാണ് ഇന്റര്‍സ്റ്റെല്ലാര്‍ സ്പേസ്. ഭൂമിയില്‍നിന്ന് ഏറെയേറെ അകലെയാണത്. വോയേജര്‍ 1 ഇപ്പോഴും ആ ഇടത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. സഞ്ചരിക്കുക മാത്രമല്ല, ഇന്റര്‍സ്റ്റെല്ലാര്‍ സ്പേസിലെ കണികകളെക്കുറിച്ചും കാന്തികമണ്ഡലത്തെക്കുറിച്ചുമെല്ലാം ഉള്ള വിവരങ്ങള്‍ നമുക്ക് എത്തിച്ചു തരികയും ചെയ്യുന്നു. റേഡിയോ ആക്റ്റീവ് ആയ പ്ലൂട്ടോണിയം ഉപയോഗിച്ചാണ് വോയേജര്‍ 1ലെ വൈദ്യുതി നിര്‍മ്മിക്കുന്നത്. പ്ലൂട്ടോണിയത്തിന്റെ റേഡിയോ ആക്റ്റിവിറ്റി ഒരു പരിധിവിട്ട് കുറയുന്നതുവരെ പേടകത്തിന് വൈദ്യുതി ലഭ്യമാകും. ഇനി ഏതാനും വര്‍ഷങ്ങള്‍കൂടി വോയേജര്‍ 1 പ്രവര്‍ത്തിക്കും എന്നു കരുതുന്നു. അതിനുശേഷം ഭൂമിയുമായി യാതൊരു ബന്ധവും ഇല്ലാതെ വോയേജര്‍ 1 നക്ഷത്രങ്ങള്‍ക്കിടയിലൂടെ യാത്ര ചെയ്തുകൊണ്ടേയിരിക്കും. അതേ രീതിയില്‍ യാത്ര തുടര്‍ന്നാല്‍ നാല്‍പ്പതിനായിരം വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ വോയേജര്‍ 1 മറ്റൊരു നക്ഷത്രത്തിന്റെ അടുത്തെത്തും എന്നു കരുതുന്നു.
വോയേജര്‍ 2 ആകട്ടേ ശനിയോടു കൂടി തന്റെ ദൗത്യം അവസാനിപ്പിച്ചില്ല. യുറാനസ്, നെപ്റ്റ്യൂണ്‍ എന്നീ ഗ്രഹങ്ങളെക്കൂടി വോയേജര്‍ 2 സന്ദര്‍ശിച്ചു. യുറാനസിന്റെയും നെപ്റ്റ്യൂണിന്റെയുമെല്ലാം ഏറ്റവും മികച്ച ചിത്രങ്ങള്‍ നമുക്ക് ലഭ്യമാക്കിയത് വോയേജര്‍ 2 പേടകമാണ്. നെപ്റ്റ്യൂണ്‍ സന്ദര്‍ശനത്തിനുശേഷം വോയേജര്‍ 2 ഉം സൗരയൂഥത്തിനു പുറത്തേക്കുള്ള തന്റെ യാത്ര ആരംഭിച്ചു. വോയേജര്‍ 1 പോയതില്‍നിന്ന് വ്യത്യസ്തമായ മറ്റൊരു വഴിയിലൂടെയാണ് ഈ യാത്ര എന്നു മാത്രം. 2018 നവംബര്‍ 5ന് വോയേജര്‍ 2 ഉം ഇന്റര്‍സ്റ്റെല്ലാര്‍ സ്പേസില്‍ പ്രവേശിച്ചു. സൂര്യനില്‍നിന്നുള്ള കണികകളെക്കാള്‍ കൂടുതല്‍ മറ്റു നക്ഷത്രങ്ങളില്‍നിന്നുള്ള കണികകള്‍ ഉള്ള ഇടം. അന്നുമുതല്‍ വോയേജര്‍ 2 ഉം അനന്തതയിലേക്കുള്ള തന്റെ യാത്ര തുടരുകയാണ്. റേഡിയോ ആക്റ്റീവ് ആയ പ്ലൂട്ടോണിയം തീരുന്നതുവരെ വോയേജര്‍ 2ല്‍ നിന്നുള്ള വിവരം ഭൂമിയില്‍ എത്തിക്കൊണ്ടിരിക്കും. അതിനുശേഷം എന്നെന്നേയ്ക്കുമായി വോയേജര്‍ 2ഉം ഭൂമിയുമായുള്ള തന്റെ ബന്ധം അവസാനിപ്പിക്കും. പിന്നെ അരോരും അറിയാതെ തന്റെ അജ്ഞാതയാത്ര തുടരും…

നവനീത് കൃഷ്ണന്‍ എസ്