തവളക്കുഞ്ഞൻ രാജാവായി

ജി. ശങ്കരപ്പിള്ളയുടെ ‘കുട്ടികളുടെ നാടകവേദി’ എന്ന ലേഖനം ആമ്പലിൽ കൂട്ടുകാർക്ക് പഠിക്കാനുണ്ട്. ഈ ലേഖനത്തിലെ ചില പ്രധാന ആശയങ്ങൾ ഇങ്ങനെ ചുരുക്കാം.

  1. കുട്ടികളുടെ നാടകവേദിക്ക് മൂന്ന് മുഖ്യ ഘടകങ്ങളുണ്ട്. കൃതി, അരങ്ങ് (നടീനടന്മാർ), കുട്ടികളുടെ പ്രേക്ഷക സദസ്സ്.
  2. കുട്ടികളുടെ പ്രക്ഷക സദസ്സിനുള്ള വലിയ ഗുണം അതിൻ്റെ ഭാവന ആത്യന്തം ചലനാത്മകവും കല്പനാനിരതവും ആണ് എന്നതാണ്.
  3. കുട്ടികളുടെ നാടകത്തിന് സാഹിത്യരൂപം എന്ന നിലയിൽ ലാളിത്യം, കല്പനാ ചാതുര്യം, അസങ്കീർണത, അയത്നമായ സംവേദനത്വം, ബാഹ്യക്രിയാംശ പ്രാബല്യം, വാഗതീതമായ സംവാദശക്തി എന്നീ ഗുണങ്ങൾ ഉണ്ടായിരിക്കണം.

കുട്ടികളുടെ നാടകവേദി മുന്നിൽകണ്ട് ഒരു നാടോടിക്കഥ നാടകമാവുമ്പോൾ, അതിന്റെ സാഹിത്യ രൂപം എങ്ങിനെയുണ്ടാവും എന്ന് പരിചയപ്പെടുകയാണ് നാം ഇവിടെ.

കഥാപാത്രങ്ങൾ

തവളക്കുഞ്ഞൻ
കിഴവൻ സിംഹം
ഏഷണിക്കുറുക്കൻ
കോലുനാരായണി
കരടിച്ചേട്ടൻ
ഏതാനും കിളികളും മൃഗങ്ങളും

– – ഒന്ന് – –

(കാട്ടിലെ കുളം. നീന്തിയും തുടിച്ചും കുതിക്കുന്ന തവളക്കുഞ്ഞൻ. പിന്നാലെ നീന്തിത്തളരുന്ന കോലുനാരായണി)

കോലുനാരായണി : (കിതച്ചുകൊണ്ട്) കുഞ്ഞാ ഒന്നു നിന്നേ…. ഞാൻ നീന്തിനീന്തി തളർന്നു.
തവളക്കുഞ്ഞൻ : സൂത്രം മനസിലിരിക്കട്ടെ. എന്നെ കറി കൂട്ടാതെ തിന്നാനല്ലേ…?
കോലുനാരായണി : ശിവ.. ശിവ… എന്റെ ചക്കരക്കുട്ടനെ വിഴുങ്ങാനോ…? അതും ഈ ഞാൻ.
തവളക്കുഞ്ഞൻ : (വേഗത കുറച്ച്) പിന്നെന്തിനാ…?
കോലുനാരായണി : (അടുത്തുകൊണ്ട്) ഒരു രഹസ്യം പറയാനാ… (വായ പിളർത്തി തവളക്കുഞ്ഞനു നേരെ ചാടുന്നു. തവളക്കുഞ്ഞൻ “ഹയ്യട” എന്നു പറഞ്ഞ് ഒരു ചാട്ടം ചാടുന്നു, തവളപ്പാറയിലെത്തുന്നു) കോലുനാരായണി : (കിതച്ചുകൊണ്ട്) നീയെന്നെ പറ്റിച്ചല്ലോ ചങ്ങാതീ…
തവളക്കുഞ്ഞൻ : വിശപ്പു വരുമ്പോ ചേച്ചിക്കെപ്പളും ഞാൻ ചങ്ങാതിയും ചക്കരക്കുട്ടനുമാണ്. ഇനി ഈ കളി വേണ്ട….
കോലുനാരായണി : അപ്പൊ നിനക്കെൻ്റെ രഹസ്യം കേൾക്കണ്ടേ..?
തവളക്കുഞ്ഞൻ : ചേച്ചി അവിടെത്തന്നെ നിന്നു പറഞ്ഞാ മതി. ഇവിടെയിരുന്ന് ഞാൻ രഹസ്യമായി കേട്ടോളാം…
കോലുനാരായണി : (തവളപ്പാറയിലേക്കിഴഞ്ഞു കയറി) അതാരും കേൾക്കാൻ പാടില്ല.
കുഞ്ഞാ…
തവളക്കുഞ്ഞൻ : (കരയിലേക്കൊരു തകർപ്പൻ ചാട്ടം ചാടുന്നതിനിടയിൽ) വിശപ്പിനുണ്ടോ സ്നേഹോം ബന്ധോം ചേച്ചീ…? (തവളക്കുഞ്ഞൻ വന്നു വീഴുന്നത് മരത്തണലിൽ വിശന്നു വലഞ്ഞു തളർന്നുറങ്ങുന്ന കിഴവൻ സിംഹത്തിന്റെ പുറത്താണ്) ഇതേതാടാ. ഇവിടെ ഇങ്ങനെയൊരു പാറ…?
കിഴവൻ സിംഹം : (ഞെട്ടിയുണർന്നുകൊണ്ട്) ഗ്ർർർർ… നീയെങ്കിൽ നിയ്യ്… നിന്നെ ഞാനിന്നു തിന്നും. തവളക്കുഞ്ഞൻ : (ധൈര്യം വിടാതെ) ക്രോം… ക്രോം. ക്രോം. കണ്ണുരുട്ടാതെ അമ്മാവാ.
കിഴവൻ സിംഹം : ഏതുവകയിലാടാ ഞാൻ നിൻ്റെ അമ്മാവനായത്…?
തവളക്കുഞ്ഞൻ : ഏതു വകയിലാ ഞാൻ അമ്മാവൻ്റെ തീറ്റയായത്…?
കിഴവൻ സിംഹം : (ആത്മഗതം) ഗ്ർർർ… ഇവൻ മനസ്സിലാക്കുന്നേയില്ല. (തവളക്കുഞ്ഞനോട്) എടാ കൊച്ചനെ… ഞാൻ നിന്റെ രാജാവാണ്.
തവളക്കുഞ്ഞൻ : ഏതു വകയിൽ….?
കിഴവൻ സിംഹം : ഈ കുലം എന്റെ കാട്ടിൽപ്പെട്ടതാണ്.
തവളക്കുഞ്ഞൻ : അതു പള്ളീ പറഞ്ഞാ മതി.
കിഴവൻ സിംഹം : നിന്നെ ഞാൻ….
തവളക്കുഞ്ഞൻ : ഇത്തിരി മര്യാദയോടെ… മറ്റൊരു രാജാവിനോടാണ് അമ്മാവൻ സംസാരിക്കുന്നത്. അതോർമ്മ വേണം.
കിഴവൻ സിംഹം : (പരിഹാസം) നീയോ…? രാജാവോ…?
തവളക്കുഞ്ഞൻ : അതെ.. ഈ കുളത്തിലെ രാജാവ്.
കിഴവൻ സിംഹം : ഒരു കാട്ടിൽ രണ്ടു രാജാവോ…?
തവളക്കുഞ്ഞൻ : എങ്കിൽ ഒന്നു മതി.
കിഴവൻ സിംഹം : അതു ഞാനാണ്.
തവളക്കുഞ്ഞൻ : നമുക്കു പന്തയം വച്ചു തീരുമാനിക്കാം.
കിഴവൻ സിംഹം : വേഗം പറ… പന്തയമെന്തെന്ന്…? എനിക്കു വിശക്കുന്നു.
തവളക്കുഞ്ഞൻ : അത് അമ്മാവൻ തന്നെ തീരുമാനിച്ചാ മതി.
കോലുനാരായണി : (ഇഴഞ്ഞടുത്തുകൊണ്ട്) ഞാൻ പറയാം. ഈ കുളത്തിന്റെ മറുകര ചാടണം. ആരാദ്യം. നോക്കാമല്ലോ?
കിഴവൻ സിംഹം : സമ്മതിച്ചു.
തവളക്കുഞ്ഞൻ : (അൽപം ആലോചിച്ച്) ഞാനും…
കരടിച്ചേട്ടൻ : (ഒരു മരത്തിന്റെ പിറകിൽ നിന്നും തലനീട്ടി) ചതി… സൂക്ഷിക്കണേ… കുഞ്ഞാ ..? കോലുനാരായണി : റെഡി… വൺ…. ടൂ… ത്രീ…

(സിംഹം ചാടുന്നു. സിംഹത്തിൻ്റെ വാലിൽ കടിച്ചു പിടിച്ച് കൂടെ തവളക്കുഞ്ഞനും. കുളത്തിന്റെ മറുകരയിൽ ആദ്യമെത്തുന്നത് തവളക്കുഞ്ഞൻ)

കരടിച്ചേട്ടൻ : (തുള്ളിച്ചാടുന്നു) ജയിച്ചേ… കുഞ്ഞൻ ജയിച്ചേ…
കിഴവൻ സിംഹം : (സംശയം) നീയെങ്ങനെ ഇക്കരെയെത്തി.? അതും ആദ്യം…?
തവളക്കുഞ്ഞൻ : ക്രോം… ക്രോം… (ചാടിക്കാണിക്കുന്നു)
കിഴവൻ സിംഹം ; (സൂക്ഷിച്ച് നോക്കുന്നു) നിൻ്റെ വായിലെന്താ?
(തവളക്കുഞ്ഞൻ്റെ വായിൽ സിംഹവാലിലെ രോമങ്ങൾ)
തവളക്കുഞ്ഞൻ : (നിസ്സാരമട്ടിൽ) അതോ… അത് ഇന്നലെ തിന്ന സിംഹത്തിന്റെ വല്ല ബാക്കിയുമായിരിക്കും.

(കേട്ടപാടെ കിഴവൻ സിംഹം പേടിച്ചോടുന്നു. കുളത്തിലേക്ക് ഇഴഞ്ഞു വലിയുന്നു. കോലുനാരായണി, കരടിച്ചേട്ടൻ തവളക്കുഞ്ഞനെ കെട്ടിപ്പിടിച്ചാലിംഗനം ചെയ്യുന്നു)

– – രണ്ട് – –

(കിഴവൻ സിംഹവും ഏഷണിക്കുറുക്കനും)
ഏഷണിക്കുറുക്കൻ : സിംഹത്തെ തിന്നുന്ന തവളയോ..? നുണ. നട്ടാൽ മുളയ്ക്കാത്ത നുണ…
കിഴവൻ സിംഹം : ഞാനോടിവരുന്നത് അവൻ്റെ പിടിയിൽ നിന്നാ…
ഏഷണിക്കുറുക്കൻ : എങ്കിൽ ഒന്നു കാണണമല്ലോ.
കിഴവൻ സിംഹം : ഇനി ആ വഴി ഞാനില്ല…
ഏഷണിക്കുറുക്കൻ : കൂട്ടിന് ഞാനില്ലേ…? ധൈര്യത്തിന് നമ്മുടെ വാലു രണ്ടും കൂട്ടിക്കെട്ടാം…

– – മൂന്ന് – –

(വാലുകൾ കൂട്ടിക്കെട്ടി കുളത്തിനടുത്തേക്കു വരുന്ന കുറുക്കനും സിംഹവും. കുളക്കരയിൽ തവളക്കുഞ്ഞനും കരടിച്ചേട്ടനും)

കരടിച്ചേട്ടൻ : കുഞ്ഞാ… അപകടം. ആ ഏഷണിക്കാരൻ, സിംഹത്തേം കൂട്ടി ഇവിടേക്കാണല്ലോ…. തവളക്കുഞ്ഞൻ : അവൻ്റെ ഏഷണി നമുക്കിന്നത്തോടെ തീർക്കണം.
കരടിച്ചേട്ടൻ : സൂക്ഷിക്കണേ കുഞ്ഞാ.. (പിൻവാങ്ങുന്നു)
തവളക്കുഞ്ഞൻ : ക്രോം… ക്രോം… (കുറുക്കനെ നോക്കി ക്രോധത്തോടെ) എടാ കള്ളക്കുറുക്കാ… കുഴിമടിയാ…. എത്രനേരമായി ഞാൻ നിന്നെ കാത്തിരിക്കുന്നു…? (സിംഹം ഞെട്ടിത്തരിച്ചു നിൽക്കുന്നു. കുറുക്കൻ മുന്നോട്ടു വലിക്കുന്നു). തിന്നാൻ ഒരു സിംഹക്കുട്ടിയെ കൊണ്ടുവരാമെന്നേറ്റിട്ട്… തടിക്കൊഴുപ്പില്ലാത്ത ഈ കിഴവനെയാണോ കിട്ടിയത്… ഇവനെ ഞാൻ ഇത്തിരി മുമ്പ് വെറുതെ വിട്ടതാണല്ലോ… ഊം… തൽക്കാലം… (സിംഹം തിരിഞ്ഞ് ഓടടാ ഓട്ടം. കുറുക്കൻ ഉരുണ്ടും പിരണ്ടും ചോരയൊലിച്ചും വാലിലെ കെട്ടു വേർപെടാതെ മരണവെപ്രാളത്തോടെ കൂടെ)

– – നാല് – –

(മൃഗങ്ങളുടെയും പക്ഷികളുടെയും സഭ)
കരടിച്ചേട്ടൻ : നമ്മുടെ രാജാവ് കാടുവിട്ടിരിക്കുന്നു. നമുക്കൊരു പുതിയ രാജാവുവേണം.
മാൻ : നമ്മെ തിന്നാത്ത രാജാവ്!
കരടിച്ചേട്ടൻ : നമുക്കിടയിലെ ഏറ്റവും ബുദ്ധിമാനെ നമുക്കു രാജാവാക്കാം.
മുയൽ : അതു കുഞ്ഞൻ തന്നെ…. നമ്മുടെ കുഞ്ഞൻ…
മൃഗങ്ങളും പക്ഷികളും : (ഒന്നിച്ച്) ഞങ്ങൾക്കു രാജാവായി കുഞ്ഞൻ മതി. തവളക്കുഞ്ഞൻ മതി (മൃഗങ്ങളുടെയും പക്ഷികളുടെയും തിമർപ്പ്)

 

 

– എം.വി. മോഹനൻ

തുടർ പ്രവർത്തനം

‘ആമ്പലി’ലെ ഏതെല്ലാം പാഠങ്ങൾ/ പാഠഭാഗങ്ങൾ നമുക്ക് നാടകമാക്കാനാവും? പൊലിക, പൊലിക; ബാലിസുഗ്രീവയുദ്ധം; അരിയില്ലാഞ്ഞിട്ട്; പരീക്ഷിത്തിൻ്റെ മരണം; പടച്ചോൻ്റെ ചോറ്…
മുൻകുട്ടി സാഹിത്യരൂപം (സംഭാഷണങ്ങൾ) തയ്യാറാക്കണം; ചർച്ച ചെയ്തു മിനുക്കി മെച്ചപ്പെടുത്തണം. നടീനടന്മാർ വേണം. നല്ല റിഹേഴ്സൽ വേണം. പ്രക്ഷക സദസ്സ് വേണം. എല്ലാറ്റിനും നല്ല മുന്നൊരുക്കം വേണം. എന്താ, റെഡിയല്ലേ!

 

 

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content