തല്‍സ്ഥല പിന്തുണ അഥവ ഒ.എസ്.എസ്

മലയാളം മിഷന്‍ അധ്യാപകര്‍ക്ക് പരിശീലനങ്ങള്‍ക്ക് പുറമെ ഉപയോഗപ്പെടുത്താവുന്ന തല്‍സ്ഥല പിന്തുണയെക്കുറിച്ച് പല സംശയങ്ങളും ഉന്നയിക്കപ്പെടുന്നുണ്ട്.

  • എന്താണ് ഒ.എസ്.എസ്.?
  • അതെങ്ങനെ സംഘടിപ്പിക്കും?
  • അതില്‍ ആര്‍ക്കെല്ലാം പങ്കെടുക്കാം?
  • ഒ.എസ്.എസിനു വേണ്ടി നടത്തേണ്ട തയാറെടുപ്പുകള്‍ എന്തെല്ലാം?
  • ഒ.എസ്.എസ്. ന്‍റെ ഭാഗമായി പഠനകേന്ദ്രം സന്ദര്‍ശിക്കുമ്പോള്‍ എന്തെല്ലാം ചെയ്യണം ?
  • സന്ദര്‍ശനാനന്തരം ചെയ്യേണ്ടതെന്തൊക്കെയാണ്?
  • ക്ലസ്റ്റര്‍ പരിശീലനത്തില്‍ ഇത് എങ്ങനെ പ്രയോജനപ്പെടുത്താം?

പരിശീലനം ലഭ്യമായ അധ്യാപകര്‍ പഠനകേന്ദ്രത്തില്‍ച്ചെന്ന് പഠനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുമ്പോള്‍, അവരെ സഹായിക്കാന്‍ വേണ്ടി പഠനകേന്ദ്രത്തില്‍ ഇടയ്ക്കിടെ എത്തുന്ന അധ്യാപക കൂട്ടായ്മയുടെ സന്ദര്‍ശനത്തെയാണ് ഒ.എസ്.എസ്. (ഓണ്‍സൈറ്റ് സപ്പോര്‍ട്ട്) എന്ന് വ്യവഹരിക്കുന്നത്. നല്ല ക്ലാസ് റൂം അനുഭവമുള്ള, അനുഭവ സമ്പത്തുള്ള അധ്യാപകര്‍ക്ക് ഒ.എസ്.എസ്. ന് നേതൃത്വം കൊടുക്കാം. അതായത് ഒരു മേഖലയിലെ പരിണിതപ്രജ്ഞരായ രണ്ടോ മൂന്നോ അധ്യാപകര്‍ നന്നായി ആസൂത്രണം ചെയ്ത് പഠനകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും അവിടെയുള്ള അധ്യാപികയുടെ പഠനപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും മെച്ചപ്പെടുത്താന്‍ വേണ്ട നിര്‍ദേശങ്ങള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ഒ.എസ്.എസില്‍ നടക്കേണ്ടത്. പഠനകേന്ദ്രത്തിലെ അധ്യാപികയ്ക്ക് പഠനനേട്ടങ്ങളുമായി ബന്ധപ്പെട്ട് അവര്‍ നടത്തുന്ന അധ്യാപനത്തെ സഹായിക്കാന്‍ ആത്മവിശ്വാസമുള്ള അധ്യാപകര്‍ക്ക് ഈ പിന്തുണാ സംവിധാനത്തിന്‍റെ ഭാഗമാകാം. ചുരുക്കിപ്പറഞ്ഞാല്‍ അതാത് മേഖലയില്‍ നടക്കുന്ന ക്ലസ്റ്റര്‍ പരിശീലനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന റിസോഴ്സ് അധ്യാപകരായിരിക്കും ഇവര്‍. അതുകൊണ്ടുതന്നെ അധ്യാപന പരിചയമില്ലാത്തവര്‍ ഒ.എസ്.എസിന് പോകാതിരിക്കുന്നതാണ് ഉത്തമം.

പഠനകേന്ദ്രം സന്ദര്‍ശിക്കുന്നതിനു മുമ്പ് ടീമംഗങ്ങള്‍ ഒരുമിച്ചിരിക്കുകയും പഠനകേന്ദ്രത്തില്‍ അധ്യാപിക കൈകാര്യം ചെയ്യാന്‍ സാധ്യതയുള്ള പാഠഭാഗങ്ങള്‍ നന്നായി വായിച്ച് സാധ്യതകള്‍ ചര്‍ച്ച ചെയ്യുകയും വേണം. വിവിധ പഠനതന്ത്രങ്ങള്‍, വിഭിന്ന നിലവാരക്കാരെ കൈകാര്യം ചെയ്യാനുള്ള ഉപാധികള്‍, ഉണര്‍ത്തു പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെയൊക്കെ കൃത്യമായ ശേഖരം ഒ.എസ്.എസിന് പോകുന്നവരുടെ കൈയിലുണ്ടാകണം. കൈകാര്യം ചെയ്യാന്‍ കഴിയുന്ന ചില പഠനോപകരണങ്ങള്‍ കയ്യില്‍ വച്ചാലും നന്ന്. ചുരുക്കത്തില്‍ ‘സര്‍പ്രൈസ് വിസിറ്റ്’ നടത്തേണ്ടതില്ല. പഠനകേന്ദ്രത്തിലെ അധ്യാപികയോട് എപ്പോഴാണ് ക്ലാസെടുക്കുന്നതെന്നും ഏത് പഠനനേട്ടമാണ് കൈകാര്യം ചെയ്യുന്നതെന്നും ചോദിച്ച് മനസിലാക്കിയതിന് ശേഷം തല്‍സ്ഥല പിന്തുണയ്ക്ക് പോയാല്‍ അത് അങ്ങേയറ്റം പ്രയോജനപ്പെടും.

പഠനകേന്ദ്രത്തിലെത്തിയാല്‍ അധ്യാപികയെയും കുട്ടികളെയും പരിചയപ്പെട്ടതിന് ശേഷം ക്ലാസിന്‍റെ ഏറ്റവും പുറകില്‍ ചെന്നിരിക്കുന്നതാണ് ക്ലാസ് നിരീക്ഷണത്തിന് ഏറ്റവും അഭികാമ്യം. കേന്ദ്രത്തിലെ അധ്യാപിക ക്ലാസെടുക്കുന്നതിനിടയില്‍ അഭിപ്രായങ്ങള്‍ പറയുകയോ കുട്ടികളുടെ ശ്രദ്ധ തിരിക്കുകയോ ചെയ്യരുത്. ടീച്ചറുടെ സെഷന്‍ പൂര്‍ണമായാല്‍ തല്‍സ്ഥല പിന്തുണ നടത്തുന്നവര്‍ക്ക് ഡമോണ്‍സ്ട്രേഷന്‍ ക്ലാസ് (നല്ല വണ്ണം ആസൂത്രണം ചെയ്ത്) എടുക്കാവുന്നതാണ്. തുടര്‍ന്ന് കുട്ടികളെ പറഞ്ഞയച്ച ശേഷം അധ്യാപികയും തല്‍സ്ഥല പിന്തുണയ്ക്ക് എത്തിയവരും ചേര്‍ന്നിരുന്ന് ക്ലാസിനെ സംബന്ധിച്ച് ‘പോസിറ്റീവായ’ ചര്‍ച്ച നടത്തുകയും ചെയ്യാവുന്നതാണ്.

വിവിധ പഠനകേന്ദ്രങ്ങളിലെ സന്ദര്‍ശന റിപ്പോര്‍ട്ട് ക്രോഡീകരിക്കുകയും അത് ക്ലസ്റ്റര്‍ പരിശീലന സമയത്ത് അവതരിപ്പിക്കുകയും ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്താല്‍ തുടര്‍ന്നുള്ള ആസൂത്രണത്തിന് എല്ലാ അധ്യാപികമാരുടെയും ക്ലാസ് റൂം വിനിമയത്തിന് സഹായകരമായ ഒട്ടേറെ കാര്യങ്ങള്‍ ഉരുത്തിരിഞ്ഞ് വരുന്നത് കാണാം. അതായത് തത്സ്ഥല പിന്തുണയും ക്ലസ്റ്റര്‍ പരിശീലനവും ചാക്രികമായ രീതിയില്‍ തുടരുകയാണെങ്കില്‍ മേഖലയിലെ എല്ലാ അധ്യാപകര്‍ക്കും ഒരേപോലെ മുന്നോട്ടുപോകുന്നതിനും ആത്മവിശ്വാസത്തോടെ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതിനും സാധ്യമാവുന്നതാണ്. പഠനകേന്ദ്രത്തിലെ സന്ദര്‍ശന സമയത്ത് നിരീക്ഷണത്തിന് വിധേയമാവുന്ന ഭൗതിക സാഹചര്യങ്ങളുടെ കുറവ്, രക്ഷിതാക്കളുടെ പങ്കാളിത്തത്തിലെ പ്രശ്നങ്ങള്‍, കുട്ടികളുടെ ഹാജര്‍ കുറവ്, തുടങ്ങിയ കാര്യങ്ങളൊക്കെത്തന്നെ മേഖലാ ഭാരവാഹികളുടെയും അതാത് സ്ഥലത്തെ സമാജം ഭാരവവാഹികളുടെയും ശ്രദ്ധയില്‍ക്കൊണ്ടുവന്നാല്‍ ആ പ്രശ്നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കപ്പെടാന്‍ കഴിയും എന്ന് വിശ്വസിക്കുന്നു.

എം. സേതുമാധവന്‍, രജിസ്ട്രാര്‍, മലയാളം മിഷന്‍

 

0 Comments

Leave a Comment

FOLLOW US