കവിത രചിച്ചു പഠിക്കാം – കടങ്കഥ കടഞ്ഞു കടഞ്ഞ്
(കേൾക്കുവാനായി താഴെ ക്ലിക്ക് ചെയ്യുക)

 

കവിതയുടെ വേരുകൾ പഴഞ്ചൊല്ലിലും കടങ്കഥയിലും തിരഞ്ഞു നടന്ന് കണ്ടെത്തിയതെന്തൊക്കെയാണ്. കവിത പോലെ നീട്ടിച്ചൊല്ലാവുന്ന കടങ്കഥകൾ ശേഖരിച്ചുവോ…

നാലു കാലുള്ളൊരു നങ്ങേലിപ്പെണ്ണിനെ
കോലു നാരായണൻ കട്ടോണ്ടു പോയ്

എന്നാണൊരു കുട്ടി കണ്ടെത്തിയത്.

മുക്കിലിരിക്കും മുത്ത്യമ്മ
മൂക്കു പിടിച്ചാൽ പാടീടും

എന്നു മറ്റൊരു കുട്ടി.

ഇതുപോലെ പുതിയ കടങ്കഥകൾ ഉണ്ടാക്കാം.

മുകളിൽ നിന്നു കറങ്ങുന്നു
മൂന്നു ചിറകിൽ കറങ്ങുന്നു
താഴെയിരിപ്പോർക്കെല്ലാം നല്ല
തണവായ് നിന്നു കറങ്ങുന്നു

കേൾക്കുമ്പോഴേക്കും ശങ്ക കൂടാതെ മനസ്സിലാകുന്നില്ലേ അതു പങ്കയാണെന്ന്.
എന്നാൽ പെട്ടെന്നു മനസ്സിലാകാത്ത വിധം എഴുതുകയുമാകാം.

കടിയ്ക്കുമ്പോൾ
കടിയ്ക്കുമ്പോൾ
പല്ലുകൊഴിയുന്ന
മുത്തശ്ശിയുണ്ടെന്റെ വീട്ടിൽ
ആരാണാ മുത്തശ്ശി?

ആലോചിച്ചാൽ കണ്ടുപിടിക്കാം, അതു സ്റ്റാപ്ളർ മുത്തശ്ശിയാണെന്ന്.

കാലു പിടിച്ചാൽ വായ പിളർത്തും
വായിൽ വന്നതു കീറിമുറിക്കും
ആരാണീ രാക്ഷസൻ?

പാവം കത്രികയല്ലേ.

കടങ്കഥയെ കടഞ്ഞു കടഞ്ഞ് കവിതയുടെ അമൃതെടുക്കാം. ഇതു നോക്കൂ…

മലയിൽ നിന്നു വരുന്നു ഞാൻ
മഴയും ചൂടി വരുന്നു ഞാൻ
കാടിൻ മടിയിലിരുന്നു ഞാൻ
കടലും തേടിപ്പോകുന്നു
മരങ്ങളോടു ചിരിച്ചു ഞാൻ
കിളികളൊത്തു കളിച്ചു ഞാൻ.

തുടക്കത്തിൽ പറയുന്നില്ലെങ്കിലും വായിച്ചു വായിച്ചു മുന്നോട്ടു പോകുമ്പോൾ പുഴയാണു കഥ പറയുന്നതെന്ന് ബോധ്യമാകും. ഇതാരാണെന്ന് ശ്രദ്ധിക്കൂ…

മടിയിൽ കേറിയിരുന്നീടാം
തോളിൽ തൂങ്ങി നടന്നീടാം
ചെവിയിൽ മെല്ലെ തോണ്ടീടാം
കിണി കിണി നാദം കേട്ടീടാം
വട്ടം ഊക്കിൽ ചവിട്ടീടാം
ചുറ്റിയടിച്ചു നടന്നീടാം
മുന്നോട്ടേക്ക് കുതിച്ചീടാം
ഇഷ്ടൻ നമ്മുടെ ചങ്ങാതി.

 

കണ്ണാടി നോക്കാതെ ചങ്ങാതിയെ മനസ്സിലായില്ലേ. ഇരുചക്ര വാഹനത്തെക്കുറിച്ചു മാത്രമല്ല, ഇരുനൂറു ചക്ര വാഹനത്തെക്കുറിച്ചും ഇതു പോലെ കവിത രചിക്കാം.

കറൻറു കമ്പിയിൽ
നിവർന്നു നിന്നു
പറന്നു പോകുമ്പോൾ
അന്നൊരു കാലം
തിന്നൊരു തീയുണ്ടുള്ളിൽ
വീണ്ടും പുകയുന്നു
പണ്ടൊരു കാലം
മോന്തിയ വെള്ളം
ഉണ്ടെന്നുള്ളിൽ
തികട്ടുന്നു
കലപില കൂട്ടും
മാലോകരുമായ്
പല പല ദേശം
ചുറ്റുമ്പോൾ
പണ്ടത്തെപ്പോൽ
ഇന്നുമുറക്കെ
കൂവിക്കൂവിയലയ്ക്കുന്നു.

എന്താ നമുക്കൊന്നു എഴുതി നോക്കിയാലോ… തീവണ്ടിയെക്കുറിച്ചു മാത്രമല്ല കടലും ആകാശവും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും നമ്മെ മാടി വിളിക്കുന്നു.

എടപ്പാൾ സി.സുബ്രഹ്മണ്യൻ

0 Comments

Leave a Comment

FOLLOW US