മറക്കരുത് ഗാന്ധിയെ…

മ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 72 വയസ് പൂർത്തിയായിരിക്കുന്നു. ഗാന്ധിജി കൊല്ലപ്പെട്ട ദിവസം പ്രധാനമന്തിയായിരുന്ന നെഹ്റു ഓൾ ഇന്ത്യ റേഡിയോയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ ഒരു പ്രസംഗമുണ്ട്. “ആ വെളിച്ചം അണഞ്ഞുപോയി. ഈ രാജ്യം ഇരുട്ടിലായിരിക്കുന്നു” എന്നാണ് നെഹ്റു പറഞ്ഞത്. ഗാന്ധിജിയുടെ രക്തസാക്ഷിത്വ വാരാചരണത്തിന്റെ സമയത്ത് ഏറ്റവും പ്രസക്തമായ വാചകമാണിത്. ഗാന്ധിജിയുടെ അഭാവം സൃഷ്ടിച്ച ഇരുട്ടിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് നമ്മൾ ശരിക്കും അറിയുന്നത് ഇപ്പോഴാണ്.

1947 ആഗസ്ത് 14 ന്റെ അർദ്ധരാത്രിയിൽ രാജ്യം സ്വാതന്ത്ര്യം ആഘോഷിച്ചപ്പോൾ കിഴക്കൻ ബംഗാളിലെ നവ്ഖാലിയിൽ ഹിന്ദു മുസ്ലീം കലാപഭൂമിയിൽ സമാധാനത്തിനും സൗഹാർദ്ദത്തിനുമായി യാചിക്കുകയായിരുന്നു ഗാന്ധിജി. അതേ, ഹിന്ദുവായി ജീവിച്ചപ്പോഴും മതേതര ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞ ഒരാൾ ഗാന്ധിജിയെപ്പോലെ മറ്റാരും ഉണ്ടാവില്ല. ഏത് കലാപഭൂമിയിലേക്കും ധൈര്യമായും ശാന്തമായും ഇറങ്ങിച്ചെന്ന് ഹിന്ദുവിനെയും മുസൽമാനെയും ക്രിസ്ത്യാനിയെയും സിക്കുകാരെയും പാഴ്സികളെയും ജൈനരെയും ബൗദ്ധരെയും ഗോത്ര ജനവിഭാഗങ്ങളെയും ഒക്കെ തോളോട് തോൾ ചേർത്ത് നിർത്താൻ ഗാന്ധിജിക്ക് മാത്രമേ കഴിയുമായിരുന്നുള്ളൂ. സ്വതന്ത്ര മതേതര ഇന്ത്യയുടെ സ്വപ്നവും പ്രതീക്ഷയും പ്രത്യാശയുമൊക്കെയായിരുന്നു ഗാന്ധി. ഇന്ന് നമുക്ക് ഗാന്ധിയില്ല. ഗാന്ധിജിയുടെ ഓർമ്മകൾ കൂടി ചരിത്രത്തിൽ നിന്ന് മായ്ച്ചുകളയാനുള്ള ശ്രമം നടക്കുന്നു. കുറച്ചു നാളുകൾക്ക് മുമ്പ് ഗുജറാത്തിൽ നിന്നും വന്ന ഒരു വാർത്ത നിങ്ങളിൽ പലരും ശ്രദ്ധിച്ചിട്ടുണ്ടാകും.

ഗാന്ധിജി പിറന്ന നാട്ടിലെ ഒരു സ്കൂളിൽ കുട്ടികൾക്ക് പരീക്ഷയിലെ ഒരു ചോദ്യമായിരുന്നത് ഗാന്ധിജി ആത്മഹത്യ ചെയ്തതെങ്ങനെ? എന്നതായിരുന്നു. വിഷം കഴിച്ചോ വണ്ടിയിടിച്ചോ അല്ലാ ആ മഹാത്മാവ് മരിച്ചതെന്നും; മരിച്ചതല്ല കൊല്ലപ്പെടുകയായിരുന്നു എന്നും ഈ നാട്ടിലെ ഏതൊരു കൊച്ചു കുട്ടിക്കു പോലും അറിവുള്ളതായിരിക്കും. നാഥുറാം വിനായക് ഗോഡ്സേ എന്നൊരാളാണ് ഗാന്ധിജിയെ കൊന്നതെന്നും എല്ലാവർക്കുമറിയാം. പക്ഷേ ആ യാഥാർത്ഥ്യങ്ങളെ ഒക്കെ ഇല്ലാതാക്കി ഗാന്ധി കൊല്ലപ്പെട്ടതല്ല മരിച്ചു പോയതാണ് എന്നു വരുത്തി തീർത്ത് ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നു് നമ്മൾ കാണാതിരുന്നു കൂടാ. മതത്തെ അടിസ്ഥാനമാക്കി പൗരത്വം പരിഗണിക്കുന്ന നാട്ടിൽ ഗാന്ധിജിയെയും അദ്ദേഹം അവശേഷിപ്പിച്ചു പോയ ഓർമ്മകളേയും നമുക്ക് വല്ലാതെ നഷ്ടമായിരിക്കുന്നു. ചരിത്രത്തേയും ഓർമ്മകളേയും തിരിച്ചുപിടിച്ചു കൊണ്ടു വേണം നമ്മുടെ രാജ്യത്തിന്റെ മതേതരത്വവും സ്വാതന്ത്ര്യവും നിലനിർത്താൻ എന്നു മാത്രം പറഞ്ഞു കൊണ്ട് എല്ലാ പൂക്കാലം വായനക്കാർക്കും സമാധാനവും സന്തോഷവും നിറഞ്ഞ 2020 ആശംസിക്കുന്നു.

 

പ്രൊഫ. സുജ സൂസൻ ജോർജ്ജ്, ചീഫ് എഡിറ്റർ

0 Comments

Leave a Comment

FOLLOW US