മലയാളം മിഷന്‍ ‘നീലക്കുറിഞ്ഞി’ ഇനി മുതല്‍ പത്താം തരം മലയാളത്തിന് തുല്യം
പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ചരിത്രപരമായ ഉത്തരവ്
തിരുവനന്തപുരം: മലയാളം മിഷന്‍റെ സീനിയര്‍ ഹയര്‍ ഡിപ്ലോമ കോഴ്സായ നീലക്കുറിഞ്ഞി സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ പത്താം തരം മലയാള ഭാഷാ പ്രാവീണ്യത്തിന് തുല്യമാക്കിക്കൊണ്ട് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ്. നിലവില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യണമെങ്കില്‍ പത്താം ക്ലാസ് വരെയോ അല്ലെങ്കില്‍ പ്ലസ് ടു / ബിരുദ തലത്തിലോ മലയാളം ഒരു വിഷയമായി നിര്‍ബന്ധമായും പഠിച്ചിരിക്കണം. ഈ സാഹചര്യത്തിലാണ് നീലക്കുറിഞ്ഞി കോഴ്സ് പത്താംതരം മലയാളം ഭാഷാ പ്രാവീണ്യത്തിന് തുല്യമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
മലയാളം മിഷന്‍റെ കണിക്കൊന്ന, സൂര്യകാന്തി, ആമ്പല്‍ എന്നീ കോഴ്സുകളുടെ തുടര്‍ച്ചയാണ് നീലക്കുറിഞ്ഞി. മൂന്ന് വര്‍ഷമാണ് ഇതിന്‍റെ കാലാവധി. സര്‍ട്ടിഫിക്കറ്റ് കോഴ്സായ കണിക്കൊന്നയ്ക്കും, ഡിപ്ലോമ കോഴ്സായ സൂര്യകാന്തിക്കും രണ്ട് വര്‍ഷം വീതമാണ് കാലാവധി. ഹയര്‍ ഡിപ്ലോമ കോഴ്സായ ആമ്പലിന്‍റെ കാലാവധി മൂന്ന് വര്‍ഷവുമാണ്. സൂര്യകാന്തി, ആമ്പല്‍, നീലക്കുറിഞ്ഞി എന്നീ കോഴ്സുകള്‍ക്ക് ലാറ്ററല്‍ എന്‍ട്രി സംവിധാനവും നിലവിലുണ്ട്. നിലവില്‍ ലോകത്തെമ്പാടുമുള്ള പഠനകേന്ദ്രങ്ങളിലായി 700 ല്‍ അധികം വിദ്യാര്‍ഥികള്‍ നീലക്കുറിഞ്ഞി പഠിതാക്കളായിട്ടുണ്ട്.