ആമ്പല്‍ പാഠാസൂത്രണം – 4
പ്രിയപ്പെട്ട അധ്യാപക സുഹൃത്തുക്കളേ,
പാഠാസൂത്രണ മാതൃക തുടരുന്നു. ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി സമ്പുഷ്ടമാക്കുമല്ലോ. അധ്യാപികയുടെ വിലയിരുത്തല്‍ പേജ് പ്രത്യേകം എഴുതി സൂക്ഷിക്കണം (തീയതി സഹിതം ഒരു പുസ്തകത്തിലാവുന്നതാണ് നല്ലത്. നിരന്തര മൂല്യനിര്‍ണയത്തിന് ഏറ്റവുമധികം പ്രയോജനപ്പെടുന്നതാണിത്). പഠനപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ആ ഭാഗം മനസിരുത്തിക്കൊണ്ടുവേണം അധ്യാപിക ക്ലാസ് മുറിയില്‍ പ്രവേശിക്കേണ്ടത്. ഓരോ ക്ലാസിന് ശേഷവും കുട്ടികളേറ്റെടുക്കേണ്ടുന്ന തുടര്‍പ്രവര്‍ത്തനം അധ്യാപികയ്ക്ക് തീരുമാനിക്കാം. ഇത് ഒരു ഗൃഹപാഠത്തിന്‍റെ നിര്‍ബന്ധിതാവസ്ഥയിലേക്ക് മാറേണ്ടതില്ല. ഇത്തവണ ക്ലാസില്‍ ആദ്യ യൂണിറ്റിലെ രണ്ടാം പാഠത്തിലെ ഭാഷാകേളി കുട്ടികളോടൊത്തു ചെയ്യുന്നതിന്‍റെ പാഠാസൂത്രണമാണ് നല്‍കുന്നത്. ഇക്കാര്യങ്ങളില്‍ മുന്‍പരിചയമുള്ള കുട്ടികള്‍ ധാരാളമുണ്ടാകാം. അവര്‍ക്ക് ആശയപരമായ വ്യക്തത വരുത്തുന്നതിന് ഊന്നല്‍ നല്‍കണം. ഈ പ്രവര്‍ത്തനങ്ങള്‍ രണ്ട് മണിക്കൂറില്‍ ഒതുക്കാന്‍ നിര്‍ബന്ധം പിടിക്കേണ്ടതില്ല. തുടര്‍ച്ചകളില്‍ സമയക്ലിപ്തത ആലോചിക്കാവുന്നതാണ്.
ശശി എം.ടി.
ഭാഷാധ്യാപകന്‍, മലയാളം മിഷന്‍
അധ്യാപികയുടെ പേര് :
സമയം : 2 മണിക്കൂര്‍
യൂണിറ്റ് : 1
പാഠഭാഗം : എഴുത്തച്ഛന്‍റെ കവിതയും ദേശവും
ആശയപരമായ സവിശേഷതകള്‍
- വിവിധ വായനാസാമഗ്രികളില്‍നിന്ന് ഭാഷാശൈലികള്‍ കണ്ടെത്തുന്നതിന്.
- ഉപന്യാസങ്ങള്‍ വായിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതിന്.
- പരിചിതമായ വിഷയങ്ങളെക്കുറിച്ച് ഉപന്യാസങ്ങള്‍ രചിക്കുന്നതിന്.
ഭാഷാപരമായ സവിശേഷതകള്‍/പഠന നേട്ടങ്ങള്‍
- മലയാള ഭാഷയുടെയും സാഹിത്യത്തിന്‍റെയും വികാസ പരിണാമങ്ങള്‍
- എഴുത്തച്ഛന്‍റെ പ്രസക്തി
- മധ്യകാല കേരളീയ സമൂഹത്തിന്‍റെ സവിശേഷതകള്‍, പ്രശ്നങ്ങള്‍.
പഠനസഹായികള്‍
- ഭാഷാകേളി എഴുതിയ ചാര്‍ട്ട്
അധ്യാപിക നമസ്കാരം പറഞ്ഞുകൊണ്ട് ക്ലാസില്‍ കടന്നുവരുന്നു.
അധ്യാപിക: പൊട്ടന്‍ തെയ്യത്തിന്‍റെ പാട്ട് എല്ലാവര്‍ക്കും നല്ല അനുഭവമായി മാറിയല്ലോ. അതിന്‍റെ പിന്നില്‍ എന്തൊക്കെ അനുഭവങ്ങളായിരുന്നുവെന്നറിഞ്ഞപ്പോള്‍ അത്ഭുതം തോന്നിയില്ലേ? അങ്ങനെ ഓരോ കാലത്തിനുമനുസരിച്ച് ഭാഷയ്ക്കും സാഹിത്യത്തിനും സംസ്കാരത്തിനുമെല്ലാം സവിശേഷതകളുണ്ട് എന്നും മനസിലായി. കുറേ ഭാഷാപ്രവര്‍ത്തനങ്ങള്‍ നമുക്കിനിയും നടത്താനുണ്ട്. മലയാള ഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനെ പഠിക്കാതെ മുന്നോട്ടുപോകാനാവില്ല. അദ്ദേഹത്തിന്‍റെ കാവ്യശൈലിയെയും ഭാഷാപ്രയോഗങ്ങളെയും സാമൂഹ്യബോധത്തെയുമൊക്കെ പുതിയ പാഠത്തില്‍ നമ്മള്‍ വിശദമായി പരിചയപ്പെടും.
അതിനു മുമ്പ് നമുക്കൊരു ഭാഷാകേളി നടത്താം. (ഭാഷാ കേളി എന്തെന്ന് വിശദീകരിക്കണം). ഇനി ഞാനൊരു വാക്യം പറയാം.
“നേരം പുലര്‍ന്നു”
ഈ വാക്യം മറ്റെന്തെല്ലാം രീതിയില്‍ പറയാം.
– കിഴക്ക് വെള്ളകീറി.
– ഭൂമിയെ പുതച്ചിരുന്ന കറുത്ത കംബളം സൂര്യന്‍ തന്‍റെ കൈകളാല്‍ വലിച്ചുമാറ്റി.
– വെളിച്ചായി
– രാവിലെയായി
– പ്രഭാതം പൊട്ടിവിടര്‍ന്നു
ഇങ്ങനെ ‘നേരം പുലര്‍ന്നു’ എന്നതിനെ പലതരത്തില്‍ നമ്മള്‍ പ്രയോഗിക്കുന്നു. ഒരേ ആശയത്തെത്തന്നെ അര്‍ഥം മാറാതെ വാക്കുകള്‍കൊണ്ട് അലങ്കരിച്ച് പ്രയോഗിക്കുന്നതിനെ ഭാഷയുടെ ‘ചമല്‍ക്കാരഭംഗി’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഉദാഹരണത്തിന് ‘തൊട്ടാവാടി’ എന്ന പ്രയോഗം പലരെക്കുറിച്ചും പല അര്‍ഥത്തിലാണ് ഉപയോഗിക്കുന്നത് (ഇത്തരം ആശയങ്ങള്‍ കുട്ടികളുമൊത്ത് അധ്യാപിക ചര്‍ച്ചചെയ്യണം). അതിനുശേഷം ചമല്‍ക്കാര പ്രയോഗങ്ങള്‍ നിര്‍മ്മിക്കാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കാം. കുട്ടികളെ 3 ഗ്രൂപ്പുകളായി തിരിച്ച് താഴെ പറയുന്ന വാക്യങ്ങള്‍ നല്‍കുന്നു.
– പൂ വിരിഞ്ഞു.
– മഴ പെയ്യുന്നു
– ഗൃഹനാഥന്‍റെ മരണം
കുട്ടികള്‍ വ്യത്യസ്ത പ്രയോഗങ്ങള്‍ കണ്ടെത്തി അവതരിപ്പിക്കട്ടെ. ആവശ്യമായ ഇടപെടല്‍ ഓരോ ഗ്രൂപ്പിലും അധ്യാപിക നടത്തണം. ഇങ്ങനെ സൃഷ്ടിച്ച പുതിയ വാക്യങ്ങള്‍ ആവശ്യമായ സന്ദര്‍ഭങ്ങളില്‍ പ്രയോഗിക്കുന്നതിനായി മാറ്റിവയ്ക്കേണ്ടതാണ്.
എല്ലാവരും ‘എഴുത്തച്ഛന്‍ – കവിതയും ദേശവും’ എന്ന ലേഖനം വായിക്കുമല്ലോ. അടുത്ത ക്ലാസില്‍ വിശദമായി എഴുത്തച്ഛന്‍റെ രചനാ ഭംഗിയെക്കുറിച്ച് നമുക്ക് ചര്‍ച്ചചെയ്യാം.
ഇന്നത്ത ക്ലാസ് അവസാനിച്ചു.
അധ്യാപികയുടെ ക്ലാസ് വിലയിരുത്തല്‍
മികച്ച പ്രകടനം കാഴ്ച വെച്ചവര്‍:
ശരാശരി പ്രകടനം കാഴ്ച വെച്ചവര്‍:
ശരാശരിക്ക് താഴെ പ്രകടനം കാഴ്ച വെച്ചവര്‍: