ഞങ്ങൾ പെൺകുട്ടികൾ പേടിക്കുന്നത്
ഞങ്ങളുടെ സ്കൂളിലെ ലിറ്റിൽ കിഡ്സ് എന്ന ക്ലബ്ബിൽ അംഗമാണ് ഞാൻ. ക്ലബ്ബിന്റെ മാഗസിൻ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന സമയത്താണ് മാഗസിനിൽ എന്തെങ്കിലും എഴുതാൻ ടീച്ചർ എന്നോടാവശ്യപ്പെട്ടത്. ആ സമയത്ത്, എഴുതാനിരുന്നപ്പോൾ ആസിഫയുടെ മുഖമാണ് എന്റെ മനസ്സിൽ തെളിഞ്ഞത്. കത്വായിലെ എട്ടു വയസ്സുകാരിയുടെ നിഷ്കളങ്കമുഖം. ഞാൻ ‘Are the girls in India safe? എന്ന തലക്കെട്ട് കൊടുത്ത് കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യാൻ തുടങ്ങി. അടുത്തിരുന്ന ടീച്ചർ അതു കണ്ട് എന്നോട് ചോദിച്ചു, “നീ ഇന്ത്യയിൽ സെയിഫ് അല്ലേ? എന്തിനാ രാജ്യത്തെ ഭയക്കുന്നത് ? ഇതെങ്ങാനും എഴുതി ആരെങ്കിലും കണ്ടാൽ നിന്നെ രാജ്യദ്രോഹി എന്നു വിളിക്കും. നിനക്ക് വേറെ എന്തെങ്കിലും എഴുതിയാൽ പോരേ?” ഞാനൊന്നും മിണ്ടാതെ എഴുത്ത് നിർത്തി മടങ്ങി.
നിർഭയ, കത്വ, ഉന്നാവോ പെൺകുട്ടികളുടെ നിലവിളികൾ ഞങ്ങൾ പെൺകുട്ടികൾക്ക് മറക്കാൻ പറ്റുന്നതല്ലല്ലോ. പത്രങ്ങളിലും ചാനലുകളിലും വന്നു കൊണ്ടിരിക്കുന്ന പെൺകുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെയും ക്രൂരമായ പീഡനങ്ങളെയും ബലാൽക്കാരങ്ങളെയും കുറിച്ചുള്ള വാർത്തകൾ കാണുമ്പോഴും കേൾക്കുമ്പോഴും എനിക്ക് ഭയമാണ്. വീടിന് അകത്തും പുറത്തും പെൺകുട്ടികളും അമ്മമാരും കുഞ്ഞുങ്ങളും സുരക്ഷിതരല്ല എന്ന സത്യം എന്നെ പോലെ തന്നെ മറ്റ് പെൺകുട്ടികളെയും പേടിപ്പെടുത്തുന്നുണ്ടാവും…
മുന്നിലുള്ള സത്യത്തെ കണ്ണ് തുറന്ന് കാണാനും പ്രതികരിക്കാനും ശേഷിയുള്ളവരാക്കി തീർക്കേണ്ട ഞങ്ങളുടെ അധ്യാപകരിൽ ചിലരെങ്കിലും എന്തുകൊണ്ടാവും ‘ഒന്നും മിണ്ടരുത്, നിങ്ങൾ രാജ്യദ്രോഹികളാവും’ എന്ന് പറഞ്ഞ് ഞങ്ങളെ നിരുത്സാഹപ്പെടുത്തുന്നത്? ഇതെന്നെ വല്ലാതെ വിഷമിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്ത സംഭവമാണ്. ഈ പേടിയാണ് ഇതെഴുതാനും എന്നെ പ്രേരിപ്പിച്ചത്.
2008 – 19 വർഷങ്ങളിൽ ആഗോളതലത്തിൽ നടന്നിട്ടുള്ള ചില സർവ്വേകളിൽ പെൺകുട്ടികൾക്ക് ഒട്ടും സുരക്ഷിതമല്ലാത്ത രാജ്യങ്ങയിൽ ഒന്നാമതായി വന്നത് ഇന്ത്യയാണ്. എന്തൊരു ഭയപ്പെടുത്തുന്ന വിവരമാണിത്! സ്കൂളിൽ ഞങ്ങൾ പെൺകുട്ടികൾ കൂടിച്ചേരുന്നിടത്തൊക്കെ ഇക്കാര്യങ്ങൾ സംസാരിക്കാറുണ്ട്. ആർക്കെങ്കിലും എന്തെങ്കിലും തരത്തിൽ മോശമായ അനുഭവങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ അത് ക്ലാസ്സ് ടീച്ചറോട് പറയുകയും കുട്ടികളെ കൗൺസിലിംഗിനായി വിടുകയും ചെയ്യാറുണ്ട്. മേൽപ്പറഞ്ഞ രീതിയിൽ ഞങ്ങളെ ഭയപ്പെടുത്തുന്ന ചില അദ്ധ്യാപകരെ മാറ്റി നിർത്തിയാൽ കൂട്ടുകാരോടെന്ന പോലെ, അമ്മമാരോടെന്ന പോലെ എന്തും തുറന്നു പറയുവാൻ പറ്റുന്ന സ്കൂളിലെ മറ്റ് അദ്ധ്യാപകർ ഞങ്ങൾക്ക് ആശ്വാസമാണ്, വഴികാട്ടിയാണ്.
സ്വാതന്ത്ര്യം നമ്മുടെ അവകാശമാണ് എന്ന് പറയുന്നത് പോലെ സുരക്ഷിതത്വവും നമ്മുടെ അവകാശമാണ്. അതിനായി നമ്മൾ ഒന്നിച്ച് ശബ്ദിച്ചേ മതിയാകൂ. ഈ ജനുവരി 24 നമ്മൾ പെൺകുട്ടികളുടെ ദിനമായിട്ടാണ് ആചരിക്കുന്നത്. ‘Empowering girls for a better tomorrow’ എന്ന ആശയത്തെ മുൻനിർത്തിയാണ് ദിനാചരണം. സുരക്ഷിതത്വമടക്കമുള്ള നമ്മുടെ നിരവധിയായ അവകാശങ്ങൾ ഇല്ലാതായി കൊണ്ടിരിക്കുന്ന കാലത്ത് ഈ ദിനത്തിന് വലിയ പ്രാധാന്യമുണ്ട്. പെൺകുട്ടികളുടെ അവകാശങ്ങളെ കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്തുന്നതിനേക്കാളും പ്രധാനം ഈ അവകാശങ്ങളെ നമ്മൾ പെൺകുട്ടികൾ തന്നെ തിരിച്ചറിയുക എന്നുള്ളതാണ്… ഈ ദിവസം അത്തരം ഒരു ഓർമ്മപ്പെടുത്തൽ ആവട്ടെ… ആശംസകൾ.

ഗൗരി ജയചന്ദ്രൻ, സ്റ്റാൻഡേർഡ് 9, ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ പട്ടം, തിരുവനന്തപുരം