മലയാളം

മലരും തളിരും മൊഴിയുന്നല്ലോ
മഹിത മനോഹര മലയാളം
മലനാടിന്‍ പ്രിയമക്കള്‍ മൊഴിയും
മധുരം സൗമ്യം മലയാളം
ഇലയും കാറ്റും തുടികൊട്ടുന്നു
ഇതളായ് വിരിയും മലയാളം
ഇരവും പകലും ശ്രുതിമീട്ടുന്നു
ഈണമിണങ്ങും മലയാളം
നാടും നഗരവും ഒത്തുരിയാടും
നന്മലയാളം നവനീതം
കാടുംമേടും പൂത്തുപടര്‍ന്നു
കാര്‍ത്തികതാരം മലയാളം

മലയാളമുണരുന്നു കഥകളിപ്പദമായ്
മലയോളമുയരുന്നു മേളപ്പെരുക്കമായ്
മനസ്സാകെ നിറയുന്നു കുടമാറ്റഭംഗിയായ്
മലയാളമൊഴുകുന്നു നിളപോലെ ശാന്തം

ചിരിയില്‍ ചാരുത നിറയുമ്പോലെ
ചിന്‍മയ സുന്ദര മലയാളം
കവിതയില്‍ കൗമുദി നിറയുന്നല്ലോ
കന്മദമേദിനി മലയാളം
വെയിലില്‍ കനലായ് എരിയുമ്പോഴും
വെണ്‍മ തുളുമ്പി മലയാളം
കൈതവമില്ലാക്കാലം വരുവാന്‍
കൈത്താങ്ങാവും മലയാളം
ആടിമാസക്കെടുതികള്‍ നീക്കും
ആവണിഭംഗി മലയാളം
ആതിരക്കുളിരടിമുടി ചൂടും
ആര്‍ദ്രഭാവനാ മലയാളം
ആഞ്ഞുകുതിക്കാനാര്‍ജവമേകും
ആശാദീപം മലയാളം
അന്നുമിന്നുമീ മാമലനാടിന്‍
അഭിമാനശ്രീ മലയാളം
മഹിമയുടെ സംഗീത സാരസമ്പത്തേ
മാനവും മണ്ണും നിറഞ്ഞ പൊന്‍മുത്തേ
മമതയും പെരുമയും ചേരുന്ന സത്തേ
മലയാളമേ നീ ജയിക്ക ശ്രീ ധന്യേ

രമണി വേണുഗോപാല്‍, ദുബായ്

0 Comments

Leave a Comment

FOLLOW US