ഉണ്ണിക്കുട്ടനും ചങ്ങാതിമാരും

കൊണ്ടംവള്ളി അതി മനോഹരമായ ഒരു ഗ്രാമ പ്രദേശമാണ്. കൊണ്ടംവള്ളി അമ്പലവും, പത്തായപ്പുരയുള്ള വലിയ പറമ്പും, അമ്പലക്കോട്ടയും വലിയ നടയും, നിറയെ വെള്ളമുള്ള അമ്പലക്കുളവും, അതിനോടു ചേര്‍ന്നു വായനശാലയും, കണ്ണു എത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന പച്ചപാടവും ആ ഗ്രാമത്തിന്റെ പ്രത്യേകതയായിരുന്നു. അമ്മുവും, മാളുവും, ഉണ്ണിക്കുട്ടനും ഉറ്റ ചങ്ങാതിമാരും അയല്‍ക്കാരുമാണ്. അവരുടെ അച്ഛന്‍മാരും ഒരുമിച്ചു കളിച്ചു ഒരേ സ്‌കൂളില്‍ പഠിച്ച ചങ്ങാതിമാരായിരുന്നു. ഉണ്ണിക്കുട്ടന് റെഅച്ഛന്‍ ബാങ്ക് മാനേജരാണ്. അമ്മുവിന്റെയും മാളുവിന്റെയും അച്ഛന്‍ സര്‍ക്കാര്‍ സ്‌കൂളില്‍ മാഷാണ്. അവരും ആ സ്കൂളില്‍ തന്നെയാണ് പഠിക്കുന്നത്. ഉണ്ണിക്കുട്ടന്‍ ടൗണില്‍ ഉള്ള ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് പഠിക്കുന്നത്. സ്‌കൂള്‍ വിട്ടു വന്നാല്‍ അമ്മുവും മാളുവും നാലു മണി പലഹാരം കഴിച്ചു ചുറ്റുവട്ടത്തുള്ള കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ പോകും.

അമ്പലനടയിലും, പത്തായപ്പറമ്പിലും കളിച്ചു തിമര്‍പ്പാണ്. അതു കഴിഞ്ഞു അച്ഛന്റെ കൂടെ അമ്പലക്കുളത്തില്‍ നീന്തിക്കുളിക്കും. പിന്നെ കെ.എം.എസ് ലൈബ്രറിയില്‍ കയറി പുസ്തകമെടുക്കും. പുസ്തകം തിരഞ്ഞെടുക്കാന്‍ വായനശാലയില്‍ തുളസി ചേച്ചി സഹായിക്കും. കുട്ടികള്‍ക്കുള്ള പുസ്തകം പ്രത്യേകം തരം തിരിച്ചു വെച്ചിട്ടുണ്ട്. മടങ്ങും വഴി കൊണ്ടംവള്ളി അയ്യപ്പനെ തൊഴുതു നേരെ വീട്ടില്‍ പോവും. അപ്പോഴേക്കും അമ്മ വിളക്ക് വെച്ചിട്ടുണ്ടാവും. നെറ്റിയില്‍ മുത്തശ്ശി ഭസ്‌മം തൊട്ടു തരും. മുത്തശ്ശിയോടോപ്പം നാമം ജപിക്കും. പിന്നെ കുറച്ചു നേരം പഠിക്കും. അത്താഴത്തിനു മുന്‍പ് കുറച്ചു സമയം എല്ലാവര്‍ക്കുമൊപ്പമിരുന്നു ടിവി കാണും. അമ്മുവും, മാളുവും ഈ വിശേഷമൊക്കെ പറയുമ്പോള്‍ ഉണ്ണിക്കുട്ടനു വല്യ സങ്കടമാണ്.

ഉണ്ണിക്കുട്ടsâ കാര്യം നേരെ മറിച്ചാണ്. സ്‌കൂളില്‍ നിന്നും വന്നാല്‍ നേരെ ട്യൂഷന്‍ ക്ലാസ്സില്‍ പോവും. നാലാം ക്ലാസ്സില്‍ എത്തിയിട്ടുള്ളുവെങ്കിലും സയന്‍സിനും കണക്കിനും ഇപ്പൊഴേ പ്രത്യേകം ട്യൂഷന്‍ തരപ്പെടുത്തിയിട്ടുണ്ട്. ഉണ്ണിക്കുട്ടനെ എഞ്ചിനീയറാക്കാനാണു അമ്മക്കിഷ്ടം. അച്ഛന് ഡോക്ടറായി കാണാനും. എന്നാണ് ഉണ്ണിക്കുട്ടന്‍ കൂട്ടുകാരോട് പറയാറുള്ളത്. അതുകൊണ്ട് തന്നെ അമ്മ കളിക്കാന്‍ എങ്ങും വിടാറില്ല. ഏതു സമയവും ഭക്ഷണം നിര്‍ബന്ധിച്ചും വഴക്കു പറഞ്ഞും കഴിപ്പിക്കും.

എപ്പോഴും പഠിക്കാന്‍ പറഞ്ഞു കൊണ്ടു പിന്നാലെ നടക്കുകയുമാണ് അമ്മയുടെ പ്രിയപ്പെട്ട വിനോദമെന്നു ഉണ്ണിക്കുട്ടന്‍ വളരെ വിഷമത്തോടെ ചങ്ങാതിമാരോട് പറഞ്ഞിരുന്നു. അമ്മുവും മാളുവും ഉണ്ണിക്കുട്ടനൊപ്പം കളിക്കാന്‍ വീട്ടില്‍ വരുന്നത് അമ്മക്ക് തീരെ ഇഷ്ടമല്ല. ഒരു ദിവസം ഉണ്ണിക്കുട്ടനെ കളിക്കാന്‍ വിളിച്ചതിനു വഴക്കു പറഞ്ഞത് അമ്മുവിനു വലിയ സങ്കടമായിരുന്നു. ഞായറാഴ്ച ഉണ്ണിക്കുട്ടന്റെ അച്ഛനെ കാണാന്‍ മാഷ് വീട്ടില്‍ വന്നപ്പോള്‍ അവരതു സൂചിപ്പിക്കുകയും ചെയ്തു.

“മാഷേ ഞാന്‍ വീട്ടിലേക്കു വരാനിരിക്കുകയായിരുന്നു.” ഉണ്ണിക്കുട്ടന്റെ അമ്മ പറഞ്ഞു.
“എന്തു പറ്റി?” മാഷ് ചോദിച്ചു.
“അമ്മുവിനോടും, മാളുവിനോടും ഉണ്ണിക്കുട്ടനെ കളിക്കാന്‍ വിളിക്കരുതെന്നു പറയണം മാഷേ!”
“അതെന്താ’? ഇപ്പൊ കളിച്ചില്ലെങ്കില്‍ പിന്നെ അവരെപ്പോഴാണ് കളിക്കുക ഉണ്ണീടമ്മേ”
“അതുശരിയാവില്ല മാഷേ ഉണ്ണിക്കുട്ടന്റെ ശ്രദ്ധ കളിയിലായിപ്പോവും.”
“എന്താടാ നീ ഒന്നും മിണ്ടാതെ നില്‍ക്കുന്നത്.” ഉണ്ണിക്കുട്ടന്റെ അച്ഛനായ തന്റെ ചങ്ങാതിയോട് മാഷ് ചോദിച്ചു.
“നമ്മളൊക്കെ കളിച്ചു വളര്‍ന്നവര്‍ അല്ലെ, നമ്മുടെ പഠനത്തില്‍ ശ്രദ്ധകുറഞ്ഞില്ലല്ലോ.”
“അതിനു നിങ്ങള്‍ പഠിച്ചതു പോലെയോ, അമ്മുവും മാളുവും പഠിക്കുന്നതു പോലെ സര്‍ക്കാര്‍ സ്‌കൂളില്‍ മലയാളം മീഡിയത്തില്‍ അല്ലല്ലോ ഉണ്ണിക്കുട്ടന്‍ പഠിക്കുന്നത്. ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് മീഡിയത്തിലല്ലേ?” വളരെ അഭിമാനത്തോടെ അല്പം പരിഹാസം കലര്‍ന്ന രീതിയിലായിരുന്നു ഉണ്ണിക്കുട്ടന്റെ അമ്മ മറുപടി പറഞ്ഞത്.
“പഴയകാലം ഒന്നുമല്ലാലോ ചങ്ങാതി, എവിടെയും മത്സരമാണ്. നല്ല ജോലി കിട്ടണമെങ്കില്‍ ചെറുപ്പം മുതലേ ചിട്ടയായ പഠനം വേണം.” ഉണ്ണിക്കുട്ടന്റെ അച്ഛന്റെ സംസാരം ഏറെ വിഷമത്തോടെ മാഷ് കേട്ടു.

“ശരി അമ്മുവിനെയും മാളുവിനെയും ഞാന്‍ പറഞ്ഞു വിലക്കിക്കോളാം. നല്ല ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സും ബുദ്ധിക്കുണര്‍വുമുണ്ടാവുകയുള്ളൂ. ഒരു അധ്യാപകനെന്ന നിലക്കു ഓര്‍മ്മിപ്പിക്കേണ്ടത് എന്റെ കടമയാണ്.” അതും പറഞ്ഞു മാഷ് ഇറങ്ങി. അവരുടെ സംസാരമൊക്കെ ഉണ്ണിക്കുട്ടന്‍ കേള്‍ക്കുന്നുണ്ടായിരുന്നു.

ഉണ്ണിക്കുട്ടന്റെ ലോകം സ്‌കൂളും പഠനമുറിയും മാത്രമായി മാറി. മഴക്കാലത്തും, മഞ്ഞുകാലത്തും, വേനല്‍ക്കാലത്തും അസുഖങ്ങള്‍ പിടിപെടുമെന്നു പറഞ്ഞു പുറത്തിറങ്ങി കളിക്കാന്‍ അമ്മയും അച്ഛനും ഉണ്ണിക്കുട്ടനെ അനുവദിച്ചില്ല.

അമ്മുവും മാളുവും മഴക്കാലത്ത് മുറ്റത്തും പറമ്പിലും മഴയത്തു നനഞ്ഞു ഓടിക്കളിക്കുന്നതും കടലാസ് വഞ്ചിയുണ്ടാക്കി കളിക്കുന്നതും ഉണ്ണിക്കുട്ടന്‍ ജനലിലൂടെ നോക്കി. തങ്ങള്‍ പൂത്തുമ്പിയെ പിടിക്കുന്നതും, അപ്പൂപ്പന്‍ താടിയുടെ പിന്നാലെ ഓടുന്നതും സങ്കടത്തോടെ ഉണ്ണിക്കുട്ടന്‍ നോക്കുന്നത് അവരും കണ്ടു. അവർ അപ്പൂപ്പന്‍താടി കുപ്പിയിലാക്കി ഉണ്ണിക്കുട്ടന്റെ വലിയ വീടിന്‍റെ മുറ്റത്ത് ചെടികള്‍ക്കിടയില്‍ ആരും കാണാതെ മുറ്റത്ത് ഒളിപ്പിച്ചുവെച്ചു. എന്നിട്ട് ഉണ്ണിക്കുട്ടനോട് ആംഗ്യം കാണിച്ചു. സ്വാര്‍ത്ഥ മനസ്സുകള്‍ നിഷ്‌കളങ്ക ബാല്യങ്ങളെ വെറുതെ വിട്ടിരുന്നില്ല. ഏതു സമയവും പഠിക്കാതെ അപ്പുറത്തെ വീട്ടിലേക്കും, റോഡിലേക്കു നോക്കിയിരിപ്പെന്നും പറഞ്ഞു ഉണ്ണിക്കുട്ടന്‍റെ അമ്മ അവന്‍റെ പഠനമുറി മാറ്റി. അതിനിടയില്‍ മാഷും കുടുംബവും സ്ഥലം മാറ്റം കിട്ടി ദൂരെ സ്ഥലത്തേക്കു പോയി.

മണ്ണിന്റെ മണം അറിയാതെ, മഴയുടെ സംഗീതം കേള്‍ക്കാതെ, പ്രകൃതിയുടെ സൗന്ദര്യം കാണാതെ ഉണ്ണിക്കുട്ടന്‍റെ കാലം കടന്നു പോയി. ഉണ്ണിക്കുട്ടന്‍ വളര്‍ന്നപ്പോള്‍ ആളാകെ മാറിയിരുന്നു. അമിത വണ്ണം കാരണം കോളേജ് പഠനം കഴിയുമ്പോഴേക്കും പലതരം ജീവിതശൈലി രോഗങ്ങള്‍ക്കും അവന്‍ അടിമപ്പെട്ടു. എല്ലാം മാസവും മുടങ്ങാതെയുള്ള ചെക്കപ്പിന് അച്ഛനും അമ്മക്കുമൊപ്പം ടൗണിലെ സൂപ്പര്‍ സ്‌പെഷ്യലിറ്റി ഹോസ്പിറ്റലില്‍ വന്നതായിരുന്നു ഉണ്ണിക്കുട്ടന്‍. ഡോക്ടര്‍മാരുടെ കൂട്ടത്തില്‍ റൗണ്ട്‌സിനു പോകുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കണ്ടു ഉണ്ണിക്കുട്ടന്‍ സന്തോഷത്തോടെ ഉറക്കെ വിളിച്ചു.
“അമ്മൂ, അമ്മൂനെന്നെ മനസിലായില്ലേ?? ഉണ്ണിക്കുട്ടനാണ്.”
“എടാ തടിയാ, നീ പിന്നെയും തടിച്ചല്ലോ?” അമ്മു കളിയാക്കി.
“തടി മാത്രം അല്ല. കൊളസ്‌ട്രോളും, ഷുഗറും, പ്രഷറും ഒക്കെയുണ്ട് ചങ്ങാതി.” ഉണ്ണികുട്ടന്‍ വിഷമത്തോടെ പറഞ്ഞു.
“മാളു എന്തു ചെയ്യുന്നു മോളെ?” ഉണ്ണിക്കുട്ടന്‍റെ അമ്മ ചോദിച്ചു.
“അവള്‍ സിവില്‍ സര്‍വീസിനു തയ്യാറെടുക്കുന്നു.” അമ്മു പറഞ്ഞു.
“നീ എന്തു ചെയ്യുകയാണ് ഉണ്ണിക്കുട്ടാ?”
“എന്‍ട്രന്‍സ് പരീക്ഷക്കു തയ്യാര്‍ എടുക്കുമ്പോള്‍ ആയിരുന്നു സ്‌ട്രോക്കു വന്നത്. പിന്നെ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധകൊടുക്കാന്‍ പറ്റിയില്ല.” അതീവ ദുഃഖത്തോടെ ഉണ്ണിക്കുട്ടന്‍റെ അമ്മ പറഞ്ഞു.
“വിഷമിക്കാതെ ആമ്മേ. ആദ്യം ഈ തടിയൊന്നു കുറക്കാന്‍ സമ്മതിക്കണം. അമിത തടി അഴകല്ല അനാരോഗ്യമാണെന്ന് പല അമ്മമാരും മനസ്സിലാക്കുന്നില്ല. ഞാന്‍ ഉണ്ണിക്കുട്ടനെ നടക്കാനും, ഓടാനും, നീന്തലിനും, ഫുഡ്‌ബോളും, ബാഡ്മിന്റന്‍ കളിക്കാനുമൊക്കെ കൊണ്ടു പോകാം. ഒരു ആറുമാസം കൊണ്ടു ഉണ്ണിക്കുട്ടനെ മിടുക്കനാക്കാം. പക്ഷേ പഴയതു പോലെ കളിക്കാന്‍ വിളിക്കുന്നതിനു വഴക്കു പറഞ്ഞു എന്നെ ഓടിക്കരുത്.” അമ്മുവിന്റെ സംസാരം എല്ലാവരിലും ചിരിപടര്‍ത്തി.

സ്മിത എസ് നായര്‍, ഉമര്‍ഗാവ്

0 Comments

Leave a Comment

FOLLOW US