കുഞ്ഞൻ മുയൽ
ഞാനൊരു കുഞ്ഞൻ കാട്ടുമുയൽ
ഓരോ കണ്ണുകൾ കാണാമെന്നുടെ
കുഞ്ഞി തലയുടെയിരുപുറവും.
ഇടവും കാണാം, വലവും കാണാം,
മുന്നും കാണാം, പിന്നും കാണാം.
ഞാനൊരു കുഞ്ഞൻ കാട്ടുമുയൽ
ഓരോ നീളൻ ചെവികൾ കണ്ടോ
എൻ കുഞ്ഞിത്തലയുടെ മുകളിൽ.
കേൾക്കാം പലപല ശബ്ദങ്ങൾ
അരികിൽനിന്നും, അകലെനിന്നും
ഞാനൊരു കുഞ്ഞൻ കാട്ടുമുയൽ
ബലമാർന്നുള്ളൊരു കാലുകൾകണ്ടോ
നീളെ ചാടാം, ഉയരെ ചാടാം,
അപകട നേരം വന്നുഭവിച്ചാൽ,
തടിയും തപ്പി ചാടിപ്പോകാം.
ഞാനൊരു കുഞ്ഞൻ കാട്ടുമുയൽ
പഞ്ഞി കണക്കൊരു വാലതു കണ്ടോ
ആ വാലുമുയർത്തി ഞാനോടുമ്പോൾ
കുഞ്ഞി പിള്ളേർ കൂടെ കൂടും
ഒടുന്നേരമാ വാലിൽ തൊടുവാൻ.
സതീഷ് തോട്ടശ്ശേരി
(മലയാളം മിഷൻ, ബാംഗ്ളൂർ)