തുമ്പിക്കല്യാണം
കാക്കപ്പൂ പൂത്തൊരു നേരം
കാർത്തുമ്പി വിരുന്നിനെത്തി
നീലക്കടലല പോലെ പൂക്കൾ
ചേലോടെ വരവേല്പേകി
പൂവാംകുരുന്നില തളിരിൽ
പൂവാലൻ തുമ്പിയുമെത്തി
കണ്ണാന്തളി പൂക്കൾ ചേർന്നൊരു
കല്യാണപ്പന്തലൊരുക്കി
തുമ്പിപ്പെണ്ണിനൊരുങ്ങാനായി
തുമ്പപ്പൂക്കൾ തണലു വിരിച്ചു
കുഞ്ഞിക്കണ്ണിൽ മഷിയെഴുതീടാൻ
കുന്നിക്കുരു തരി കരി നല്കി
ചെഞ്ചായം ചുണ്ടിൽ തേക്കാൻ
മഞ്ചാടി ചോപ്പും നല്കി
തങ്കത്തരിവള തുമ്പിക്കേകാൻ
തെങ്കാശിപ്പൂക്കൾ വന്നേ
മൂക്കുത്തി ചേലൊടു ചാർത്താൻ
മുക്കുറ്റിപ്പൂക്കളുമെത്തി
ചുറ്റിയുടുക്കാൻ കോടിയുമായി
ചിറ്റാടപ്പൂവുകൾ വന്നേ
കാലിൽ തളകൾ ചാർത്തീടാനായ്
കായാമ്പൂ പൂക്കളുമെത്തി
പൊൻമാലകൾ ചാർത്താനായി
പൊന്നരളിപ്പൊൻ പൂക്കളുമെത്തി
പൂമാലകൾ മുടിയിൽ ചാർത്താൻ
പൂമുല്ലകൾ മാലയൊരുക്കി
ചെമ്മേ കാതിലണിഞ്ഞീടാനായ്
കമ്മലു നല്കി വേലിപ്പൂ
താലിപ്പൂമണി മാലയൊരുക്കി
താഴമ്പൂ താരിളം പൂവാൽ
വേളിക്കുള്ളൊരു നേരമണഞ്ഞേ
വേളിപ്പന്തലിൽ കുരവകൾ കേട്ടേ
തുമ്പിപ്പെണ്ണിനും ചെക്കനുമിപ്പോൾ
തുടികൊട്ടുന്നേ ഹൃദയങ്ങൾ
തുള്ളിത്തുള്ളി തുമ്പികൾ രണ്ടും
വെള്ളില കാട്ടിൽ പാറിപ്പോയ്.
റീന വാക്കയിൽ
മലയാളം മിഷൻ അധ്യാപിക
ന്യൂഡൽഹി