ചൂട് ഇങ്ങനെ കൂടിയാൽ – ആശങ്കയുണർത്തി WMO റിപ്പോർട്ട്

ചൂടിന്റെ കാര്യത്തിൽ റെക്കോർഡിട്ട് കടന്നുപോയിക്കൊണ്ടിരിക്കുകയാണ് സമീപ വർഷങ്ങൾ. ഈ ദശകത്തിനും ചൂടിന്റെ കാര്യത്തിൽ ആശങ്കപ്പെടുത്തുന്ന ഒരു റെക്കോർഡ് സ്വന്തമാണെന്ന് ലോക കാലാവസ്ഥാ സംഘടനയുടെ (WMO- World Meteorological Organization) പുതിയ റിപ്പോർട്ട് അപായമണികൾ മുഴക്കുന്നു. ആശങ്കയുണർത്തും വിധമാണ് ഈ ദശകത്തിൽ സംഭവിച്ച താപവർദ്ധനവും ഹിമ ശോഷണവും സമുദ്ര ജലവിതാനമുയരലും. തീർന്നില്ല. ഇതുവരെ രേഖപ്പെടുത്തപ്പെട്ടതിൽ വച്ച് ഏറ്റവും ചൂടു കൂടിയ വർഷങ്ങൾ പരിശോധിച്ചാൽ അതിൽ രണ്ടാമതോ മൂന്നാമതോ വരിക 2019 ആയിരിക്കുമെന്നും റിപ്പോർട്ട് അടിവരയിടുന്നു. മനുഷ്യന്റെ വിവേചന രഹിതമായ പ്രവർത്തനങ്ങളുടെ ഫലമായി അന്തരീക്ഷത്തിൽ റെക്കോർഡ് തോതിൽ എത്തിക്കഴിഞ്ഞ കാർബൺ ഡൈഓക്സൈഡും മറ്റു ഹരിതഗൃഹ വാതകങ്ങളും ഭൂമിയെ ചുട്ടുപൊള്ളിച്ചുകൊണ്ടിരിക്കുകയാണ്.

ചൂടേറിയ ദശകം

വ്യാവസായിക വിപ്ലവത്തിനു മുമ്പുള്ള കാലത്തെ അപേക്ഷിച്ച് 1.1 ഡിഗ്രി സെൽഷ്യസ് താപവർദ്ധനവാണ് 2019 ജനുവരി മുതൽ ഒക്‌ടോബർ വരെയുള്ള കാലത്ത് രേഖപ്പെടുത്തപ്പെട്ടത്. 2019 ന്റെ തുടക്കത്തിൽ ആരംഭിച്ച എൽനിനോ പ്രതിഭാസവും കാലാവസ്ഥയെ ഏറെ സ്വാധീനിച്ചു. 1980-നു ശേഷമുള്ള ഓരോ ദശകവും അതിനു തൊട്ടുമുമ്പുള്ള ദശകത്തെക്കാൾ ചൂടേറിയവ ആയിരുന്നു. 2010-2019 ആണ് ഇതു വരെ രേഖപ്പെടുത്തപ്പെട്ടവയിൽ വച്ച് ഏറ്റവും ചൂടുകൂടിയ ദശകമെന്നും WMO റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു. മഞ്ഞുമൂടിയ ആർട്ടിക്കിനു പോലും വല്ലാതെ ചുട്ടുപൊള്ളിയ വർഷമാണിത്. തെക്കേ അമേരിക്കയും യൂറോപ്പും ആഫ്രിക്കയും ഏഷ്യയുമൊക്കെ താപവർദ്ധനവിലൂടെ കടന്നുപോയപ്പോൾ വടക്കെ അമേരിക്കയിലെ വലിയൊരു ഭാഗം അതിശൈത്യത്തിലൂടെയാണ് കടന്നുപോയത്. റെക്കോർഡ് തോതിൽ ഹരിതഗൃഹ വാതകങ്ങൾ-ഭൂമിയെ ചുട്ടുപൊള്ളിക്കുന്ന ഹരിതഗൃഹവാതകങ്ങളുടെ തോത് റെക്കോഡുകൾ ഭേദിച്ച വർഷമായിരുന്നു 2018. കാർബൺ ഡൈ ഓക്സൈഡിന്റെ തോത് 407 പിപിഎമ്മിലും മീഥെയ്ന്റെ തോത് 1869 പാർട്സ് പെർ ബില്ല്യനിലും നൈട്രസ് ഓക്സൈഡിന്റെ തോത് 331 പാർട്സ് പെർ ബില്ല്യനിലും എത്തിയ വർഷം.

എന്നാൽ കഴിഞ്ഞ എട്ടുലക്ഷം വർഷങ്ങളിലെ അന്തരീക്ഷ കാർബൺ ഡൈ ഓക്സൈഡിന്റെ റെക്കോഡ് തോതായ 415 പിപിഎം ആണ് ഹവായ്‌യിലെ മൗനലോവ ഒബ്സർവേറ്ററിയിൽ 2019-ൽ രേഖപ്പെടുത്തപ്പെട്ടത്. ഉയരുന്ന, പൊള്ളുന്ന സമുദ്രം-ഉപഗ്രഹ പഠനങ്ങളും മറ്റും നൽകുന്ന സൂചനയനുസരിച്ച് സമുദ്ര ജലവിതാന നിരപ്പിന്റെ ഉയർച്ചയിലും റെക്കോർഡിട്ട വർഷമാണ് 2019. ഗ്രീൻലാന്റിലെയും ആർട്ടിക്കിലെയും അന്റാർട്ടിക്കയിലെയുമൊക്കെ മഞ്ഞുപർവ്വതങ്ങളിലെയുമൊക്കെ മഞ്ഞുരുകലിന്റെ ആക്കം കൂടിയത് സമുദ്രജലവിതാനമുയരുന്നതിൽ ഒരു പ്രധാന ഘടകമാണ്. താപനില കൂടുമ്പോൾ സമുദ്രജലത്തിനുണ്ടാവുന്ന വികാസവും ജലവിതാനമുയരാൻ കാരണമാവുന്നുണ്ട്. കരയ്ക്ക് പൊള്ളുമ്പോൾ കടലിനും പൊള്ളുന്നുണ്ട്. സമുദ്ര താപനിലയും ആശങ്ക ഉയർത്തും വിധം കൂടിക്കൊണ്ടേയിരിക്കുകയാണ്. 2019-ൽ സമുദ്രത്തിന്റെ ഉപരിതല താപനില ഒന്നര മാസത്തോളം അസാധാരണമാം വിധം ഉയർന്നിരുന്നെന്നും ഇത് സമുദ്ര താപതരംഗങ്ങൾക്ക് വഴിയൊരുക്കി എന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.

അമ്ല സമുദ്രങ്ങൾ

ആഗോളതാപനം സമുദ്രങ്ങളുടെ രസതന്ത്രം തന്നെ പാടേ മാറ്റിക്കൊണ്ടിരിക്കുന്നു. സമുദ്രങ്ങൾ അമ്ല സമുദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്നുവെന്ന് WMO റിപ്പോർട്ട് മുന്നറിയിപ്പു തരുന്നു. അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കുതിച്ചുയരുമ്പോൾ സമുദ്രങ്ങളിൽ ലയിച്ചു ചേരുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അളവും കൂടിക്കൊണ്ടേയിരിക്കുന്നു. ഈ ദശകത്തിലെ ആകെ കാർബൺ ഉൽസർജനത്തിന്റെ 22 ശതമാനത്തോളവും ആഗിരണം ചെയ്തത് സമുദ്രങ്ങളാണ്. വ്യാവസായിക വിപ്ലവത്തിനു മുമ്പുള്ള കാലത്തെ അപേക്ഷിച്ച് ഇപ്പോൾ സമുദ്ര അമ്ലത 26 ശതമാനത്തോളം വർദ്ധിച്ചതായി IPCC (ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച്) റിപ്പോർട്ടും മുന്നറിയിപ്പു നൽകുന്നു. കടലിലെ പവിഴപ്പുറ്റുകൾ അടക്കമുള്ള ആവാസവ്യവസ്ഥയ്ക്ക് ഇതുയർത്തുന്ന ഭീഷണി വളരെ വലുതാണ്.

സമുദ്ര ഐസിനും ശോഷണം

ഈ വർഷം ചില മാസങ്ങളിൽ ആർട്ടിക്കിലെ സമുദ്ര ഐസിന്റെ ശോഷണത്തോത് രേഖപ്പെടുത്തപ്പെട്ടവയിൽ വച്ച് മൂന്നാം സ്ഥാനത്തു വരും വിധമായിരുന്നു. ഗ്രേസ് (GRACE) ഉപഗ്രഹങ്ങൾ നൽകുന്ന സൂചനയനുസരിച്ച് ഗ്രീൻലാന്റിൽ 2002- 2016 കാലയളവിൽ 260 ഗിഗാ ടൺ ഐസാണ് പ്രതിവർഷം ഉരുകിത്തീർന്നതെങ്കിൽ ഇക്കഴിഞ്ഞ വർഷം അതിന്റെ തോത് 329 ഗിഗാ ടൺ ആയിരുന്നു.

 

പ്രവചനാതീതമാവുന്ന കാലാവസ്ഥ, പെയ്തിറങ്ങുന്ന ദുരന്തങ്ങൾ

ആഗോള താപനത്തിന്റെ സന്തതിയായ ഗുരുതരമായ കാലാവസ്ഥാ വ്യതിയാനങ്ങൾ അതി തീവ്രമായ പ്രകൃതിദുരന്തങ്ങൾക്കും അസാധാരണമായ പ്രതിഭാസങ്ങൾക്കും വഴിയൊരുക്കിക്കൊണ്ടിരിക്കുന്നു. പ്രളയത്തിന്റെയും വരൾച്ചയുടെയും താപതരംഗങ്ങളുടെയും അതിശൈത്യത്തിന്റെയും കാട്ടു തീയുടെയും ചുഴലിക്കാറ്റുകളുടെയുമൊക്കെ തീവ്രത ലോകത്തിന്റെ പലഭാഗത്തും ജനജീവിതം ദുരിതത്തിലാഴ്ത്തുന്ന കാഴ്ചയ്ക്കും 2019 സാക്ഷ്യം വഹിച്ചു. കാലാവസ്ഥ പ്രവചനാതീതമായി മാറി മറിയുമ്പോൾ, പകർച്ച വ്യാധികളുടെ വ്യാപന നിരക്കും ആശങ്കയുണർത്തുന്നതാണ്. 2018 നെ അപേക്ഷിച്ച് 2019-ൽ ഡെങ്കു ബാധിതരായവരുടെ എണ്ണം വളരെക്കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു. അതിതീവ്രമായ കാലാവസ്ഥാ ദുരന്തങ്ങൾ ആഗോള തലത്തിൽ കാർഷിക രംഗത്തെ മുരടിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ലോകം കനത്ത ഭക്ഷ്യ പ്രതിസന്ധിയുടെ നിഴലിലാണെന്നും ഭക്ഷ്യ കാർഷിക സംഘടനയുടെ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ജൈവ വൈവിധ്യത്തിനും ചരമഗീതം രചിച്ചുകൊണ്ടിരിക്കുകയാണ് താപവർദ്ധനവും കാലാവസ്ഥാ വ്യതിയാനങ്ങളും. ലോകത്തിന്റെ പലഭാഗത്തും ലക്ഷക്കണക്കിനും മനുഷ്യരാണ് കാലാവസ്ഥാ അഭയാർഥികളായി മാറിക്കൊണ്ടിരിക്കുന്നത്.

വൈകരുത് ഇനിയും

സ്പെയിനിലെ മാഡ്രിഡിൽ ഈയിടെ നടന്ന കാലാവസ്ഥാ ഉച്ചകോടിയിലും പുകഞ്ഞത് ആശങ്കകൾ തന്നെ.വ്യാവസായിക വിപ്ലവം തുടങ്ങിയ കാലത്തെ അടിസ്ഥാനമാക്കി അന്തരീക്ഷ താപനിലയിലെ വർദ്ധനവ് പരമാവധി 1.5 മുതൽ രണ്ട് ഡിഗ്രി സെൽഷ്യസിൽ കൂടാതെ പിടിച്ചു നിർത്തണമെന്ന പാരീസ് ഉടമ്പടിയിലെ വ്യവസ്ഥകൾ ഇനിയും കടലാസ്സിൽ ഒതുങ്ങിയാൽ വരും തലമുറകൾക്ക് ഇവിടെ വാസം സാധ്യമാവില്ലെന്നുറപ്പ്. പാരീസ് ഉടമ്പടിയോട് അമേരിക്ക കാണിക്കുന്ന നിസ്സഹകരണവും ആശങ്ക കൂട്ടുന്നു. ഫോസ്സിൽ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറച്ച് ഹരിത ഊർജസ്രോതസ്സുകളിലേക്ക് തിരിയുകയും കാർബൺ ന്യൂട്രൽ സമ്പദ് വ്യവവസ്ഥ യാഥാർഥ്യമാക്കുകയും സുസ്ഥിര വികസന പാഠങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യാൻ ലോകരാജ്യങ്ങൾ ഒന്നിച്ചു കൈകോർത്താലേ ഇനി ഭൂമിക്ക് രക്ഷയുള്ളൂ.

സീമ ശ്രീലയം അധ്യാപിക, ശാസ്ത്ര എഴുത്തുകാരി

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content