കവിത രചിച്ചു പഠിക്കാം – കവിതയുടെ വേരുകൾ
(കേൾക്കുവാനായി താഴെ ക്ലിക്ക് ചെയ്യുക)
പ്രഭാതത്തെക്കുറിച്ച് എത്ര കവിതകൾ വിടർന്നു. പ്രദോഷത്തെക്കുറിച്ചും കവിതകളെഴുതാം. സന്ധ്യയെക്കുറിച്ച് അയ്യപ്പപ്പണിക്കർ എഴുതിയ പ്രസിദ്ധമായ വരികൾ ഓർമ്മയില്ലേ.
നീ തന്നെ ജീവിതം സന്ധ്യേ
നീ തന്നെ മരണവും സന്ധ്യേ
നീ തന്നെയിരുളുന്നു
നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ
നട്ടുച്ചയും നട്ടപ്പാതിരയും വിഷയമാക്കാം. രാത്രിയും ചന്ദ്രനും നക്ഷത്രങ്ങളും കവിതയിൽ പ്രത്യക്ഷമാക്കാം. ഓരോന്നിനേയും നിരീക്ഷിച്ച് കണ്ടെത്തലുകൾ കവിതയിലേക്ക് കൂടുമാറ്റാം.
കവിതയുടെ വേരുകൾ എവിടെയൊക്കെയാണ് കിടക്കുന്നതെന്ന് തിരക്കി നോക്കിയിട്ടുണ്ടോ. നമ്മുടെ പഴഞ്ചൊല്ലുകളിലും കടങ്കഥകളിലും അതിന്റെ ആദിമ രൂപത്തെ എത്രമാത്രം കാണാൻ കഴിയുമെന്നു നോക്കാം.
പഴഞ്ചൊല്ലിൽ പതിരില്ല എന്ന പഴഞ്ചൊല്ലിനു തന്നെയല്ലേ ഒരു താളം.
പശു പല നിറം. പാൽ ഒരു നിറം.
അരിയെറിഞ്ഞാൽ ആയിരം കാക്ക.
കാക്ക കുളിച്ചാൽ കൊക്കാകുമോ.
കാക്കക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്.
അണ്ണാറക്കണ്ണനും തന്നാലായത്.
അടിതെറ്റിയാൽ ആനയും വീഴും.
തീയിൽ കുരുത്തത് വെയിലത്ത് വാടില്ല.
പല തള്ളി പെരുവെള്ളം.
പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ.
പയ്യെത്തിന്നാൽ പനയും തിന്നാം.
കവിതയിലേതുപോലെ എല്ലാ പഴഞ്ചൊല്ലിനുമുണ്ട് ഒരു താളം. വാക്കുകളുടെ വഴക്കവും ചാരുതയും അതിൽ നിന്നു കിട്ടുന്ന ചിത്രവുമെല്ലാം എത്ര ഹൃദ്യമാണ്.
ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം.
ആന കൊടുത്താലും ആശ കൊടുക്കരുത്.
വിനാശകാലേ വിപരീത ബുദ്ധി.
വല്ലഭനു പുല്ലും ആയുധം.
അരമന രഹസ്യം അങ്ങാടിപ്പരസ്യം.
ഇക്കരെ നിൽക്കുമ്പോൾ അക്കരെപ്പച്ച.
ക്രമാനുസൃതമായ ശബ്ദവും താളവും ഉള്ള പദങ്ങൾ സൂക്ഷ്മമായി അടുക്കി കവിതയിലേക്കു വളരുന്ന പഴഞ്ചൊല്ലുകളും ധാരാളമുണ്ട്.
തിന വിതച്ചാൽ തിന കൊയ്യാം. വിന വിതച്ചാൽ വിനകൊയ്യാം.
ഇത്തരത്തിലുള്ള പഴഞ്ചൊല്ലുകൾ ഒന്നു കണ്ടെത്തി നോക്കു.
കടങ്കഥയിലേക്കു കടക്കുമ്പോൾ കാവ്യാത്മകതയും താളവും ഏറെ വർദ്ധിക്കുന്നതു കാണാം.
കാള കിടക്കും കയറോടും
ഞെട്ടിയില്ലാ വട്ടയില
മൂക്കുപിടിച്ചാൽ വായ പിളർക്കും
കാലിൽ പിടിച്ചാൽ തോളിൽ കയറും
ചട്ടിത്തലയൻ ചന്തക്കു പോയി
താളം കൂടിക്കൂടി വരുന്നതും കടങ്കഥ കവിതയിലേക്കു ചേക്കേറുന്നതും രസകരമായ കാഴ്ചയാണ്.
കിക്കിലുക്കം കിലുകിലുക്കം ഉത്തരത്തിൽ ചത്തിരിക്കും.
അകമില്ല പുറമില്ല ഞെട്ടില്ലാ വട്ടയില.
അടിയിൽ വെട്ടി ഇടയ്ക്ക് കെട്ടി തലയിൽ ചവിട്ടി.
അട്ടത്തൊരു കുട്ടിച്ചാത്തൻ അങ്ങോട്ടിങ്ങോട്ടോടുന്നു.
ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാൽ നിൽക്കും കുതിര.
ചെറുതിരിയൊന്നിൽ ചെറുമണിയേറെ.
സൂചിക്കാലിൽ വട്ടം തിരിയും മൊട്ടത്തലയൻ കുട്ടപ്പൻ.
ഇല്ലത്തമ്മ കുളിച്ചു വരുമ്പോൾ വെള്ളിക്കിണ്ണം തുള്ളിത്തുള്ളി.
അപ്പം പോലെ തടിയുണ്ട് അൽപ്പം മാത്രം തലയുണ്ട്.
അട്ടത്തൊരു കുട്ടിച്ചാത്തൻ അങ്ങോട്ടിങ്ങോട്ടോടുന്നു.
അക്കരെ നിൽക്കും തുഞ്ചാണി, ഇക്കരെ നിൽക്കും തുഞ്ചാണി, കൂട്ടിമുട്ടും തുഞ്ചാണി.
ആടു കേറാമലേൽ ആനകേറാമലേൽ ആയിരം കാന്താരി പൂത്തിറങ്ങി.
കവിതാ രചനയിൽ കൂടുതൽ പരിശീലനം കിട്ടാൻ ഇത്തരം കടങ്കഥകളിലൂടെ കടന്നുപോകുന്നത് അനുപമമായ അനുഭവം തന്നെയാണ്.

എടപ്പാൾ സി.സുബ്രഹ്മണ്യൻ