അളവുകൾ തെറ്റുന്നത് നല്ലതാണ്

01-01-2020
ഇന്നലെ ഒരു നല്ല ദിവസമായിരുന്നു. കണക്കുകൾ തെറ്റുന്നത് ചിലപ്പോൾ ശരിയാവും എന്ന് മനസ്സിലായ ദിവസം. ഞങ്ങൾ നൈറ്റ് ഷോപ്പിംഗിനു പോയി. അച്ഛനും അമ്മയും ചേട്ടനും ഉണ്ടായിരുന്നു. സാധാരണ കടകൾ രാത്രി എട്ടു മണിയായാൽ അടക്കുന്നതിനു പകരം എല്ലാം തുറന്നിരിക്കുന്നു. കടകൾ മാത്രമല്ല റോഡ് മുഴുവനും ദീപാലംകൃതമാണ്. പല നിറത്തിലുള്ള വെളിച്ചത്തിൽ കുളിച്ച് നിൽക്കുന്ന പട്ടണം. ഒഴുകി പരക്കുന്ന നിറങ്ങളിൽ അലിഞ്ഞ് നടന്നു നീങ്ങുന്ന ജനങ്ങൾ. തുറന്ന സ്ഥലങ്ങളിൽ പാട്ടുകളും കലാപരിപാടികളും.

കടകളിൽ നിന്നും പതി‍ഞ്ഞ ശബ്ദത്തിലുള്ള സംഗീതം പുറത്തേക്ക് ഒഴുകുന്നുണ്ട്. തട്ടുകടകളിൽ നിന്നും വിവിധ ഭക്ഷണങ്ങളുടെ മണങ്ങൾ നമ്മെ പിടിച്ച് വലിച്ചുകൊണ്ടിരിക്കും. ഹോട്ടലിനുമുന്നിൽ യൂണിഫോമിട്ട ഒരു ചേട്ടൻ കാത്തു നിൽക്കുന്നു. അദ്ദേഹം ഞങ്ങളെ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചുകൊണ്ടേയിരുന്നു. നിർബന്ധം സഹിക്കവയ്യാതെ ആയപ്പോൾ അച്ഛൻ ദയനീയമായി ഞങ്ങളെ നോക്കി. ഞാൻ ഭക്ഷണം കഴിക്കാൻ തയ്യാറായി നിന്നു. എന്നാൽ അമ്മയുടെ നോട്ടത്തിനുമുന്നിൽ അച്ഛൻ തീരുമാനം മാറ്റി മുന്നോട്ട് നടന്നു.

ആദ്യം ഓരോ ജോഡി ഡ്രസ്സ് വാങ്ങാം എന്നിട്ടു മതി ഭക്ഷണം അമ്മ നിലപാട് വ്യക്തമാക്കി. ആരും ഒന്നും പറഞ്ഞില്ല.
എന്തെങ്കിലും കഴിച്ചാൽ അപ്പോൾ ഉറക്കം തൂങ്ങാൻ തുടങ്ങും, പിന്നെ ഒന്നും വാങ്ങലുണ്ടാവില്ല. അമ്മ പിറുപിറുത്തുകൊണ്ടിരുന്നു. അമ്മ എന്നെയാണ് ഉദ്ദേശിച്ചത് എന്നാണ് ഞാൻ കരുതിയത്. തമാശ അതല്ല. അച്ഛൻ അച്ഛനെയാണെന്നു കരുതി. ഉടൻ വിശദീകരണം വന്നു. വീട്ടിലിരിക്കുന്നപോലാണോ ഈ വെളിച്ചത്തിൽ നടക്കുമ്പോൾ.
ഞങ്ങൾ ആദ്യം കണ്ട വലിയ ഒരു തുണിക്കടയിൽ കയറി.
അമ്മ ചേട്ടനോടായി പറഞ്ഞു. അച്ഛന് നല്ലൊരു പാന്റ്സ് വാങ്ങണം. അല്ലെങ്കിൽ എന്നും ഈ നരച്ചതും ഇട്ടോണ്ട് നടക്കും.
അച്ഛന് പുതിയ വസ്ത്രങ്ങൾ വാങ്ങുന്നതിലോ അവ ഭംഗിയായി ഇസ്തിരിയിട്ട് നടക്കുന്നതിലോ ഒട്ടും തന്നെ ശ്രദ്ധയില്ല. അത് ശരിയല്ല എന്ന് എനിക്കും തോന്നാറുണ്ട്. അച്ഛന് പാൻറ് വാങ്ങാൻ ഞങ്ങൾ തീരുമാനിച്ചു.
എത്രയാ സൈസ് സെയിൽസ് മാൻ ചോദിച്ചു.
എല്ലാവരും മുഖത്തോടുമുഖം നോക്കിയപ്പോൾ അദ്ദേഹം പറഞ്ഞു 34 മതിയാവും.
എന്താണ് 34 നീളമാണോ? വണ്ണമാണോ? എനിക്ക് മനസ്സിലായില്ല.
അപ്പോഴേക്കും പലനിറത്തിലുള്ള പാൻറുകൾ മുന്നിൽ വന്നു വീണു.
ഒരു 34 അച്ഛനെടുത്തു. അമ്മ മറ്റൊന്നും ചേട്ടൻ വേറൊന്നും എടുത്തു. ഏത് വേണമെന്ന് സംശയമായി.
സെയിൽസ് മാൻ പറഞ്ഞു അളവ് ശരിയാണോ എന്ന് നോക്കൂ
അമ്മ തെരഞ്ഞെടുത്തതുമായി അച്ഛൻ ട്രയൽ റൂമിലേക്ക് പോയി.
അതിനെന്തെങ്കിലും കുറ്റം പറയാനാണ് ആദ്യം കൊണ്ടുപോയത്. അമ്മ പറഞ്ഞു നിർത്തിയതും അച്ഛൻ പുതിയതുമിട്ട് പുറത്തു വന്നു. എല്ലാവരും ഒന്നിച്ച് ചിരിച്ചു. അരവണ്ണം കൂടുതലാണ്.
സെയിൽസ് മാൻ പറഞ്ഞു എന്നാൽ ഇത് ഇട്ടു നോക്കൂ. അപ്പോഴാണ് ഞാൻ ഇടപെട്ടത്. അതും 34 തന്നെയല്ലേ. 33 ഓ 32 ഓ വേണ്ടിവരും.
ഇത് വേറെ കമ്പനിയാണ്. 34 തന്നെയാണ് വേണ്ടത്. വിൽപ്പനക്കാരൻ വിശദീകരിച്ചു.
എനിക്കാകെ സംശയമായി. ഓരോ കമ്പനിക്കും 34 വേറെ വേറെ അളവാണോ? എന്താണീ 34?
വിൽപ്പനക്കാരൻ ചിരിച്ചു കൊണ്ട് പറഞ്ഞു. അര വണ്ണമാണത്. പക്ഷേ ഓരോ കമ്പനിയുടേയും പാൻറിന് ഓരോ വണ്ണമായിരിക്കും.
അപ്പോൾ ഏത് 34 ആ ശരി?
അങ്ങനെ ഒന്നും ഇല്ല. നിങ്ങൾക്ക് കൃത്യമാവുന്നത് എടുക്കുക അത്ര തന്നെ.
എനിക്കാകെ വിഷമമായി. 34 സെൻറി മീറ്റർ എന്നത് ഓരോ കമ്പനിക്കും വ്യത്യസ്ത അളവാണെങ്കിൽ അളവുകളിൽ എന്തു കൃത്യതയാണ് ഉണ്ടാവുക? ഇത് ശരിയാണോ?
ഞാൻ അന്തം വിട്ട് നിൽക്കുന്നതു കണ്ടപ്പോൾ ചേട്ടൻ ഇടപെട്ടു.
എല്ലാ മനുഷ്യരും ഒരു പോലെയാണോ? എന്നു പറഞ്ഞു കൊണ്ട് പല പാൻറുകൾ എടുത്ത് ഒന്നിനുമുകളിൽ മറ്റൊന്ന് വീതം വച്ച് ഓരോന്നും വ്യത്യസ്തമാണെന്ന് കാണിച്ചു കൊണ്ടിരുന്നു.
“അല്ല.”
അച്ഛൻെറ അതേ ഉയരമുള്ളവർ തന്നെ എല്ലാവരും ഒരേ വണ്ണമായിരിക്കുമോ? അര വണ്ണം കൂടിയവരും കുറഞ്ഞവരും ഉണ്ടാവില്ലേ? എല്ലാ പാൻറുകളും കൃത്യം അളവുകളാണെങ്കിൽ പലർക്കും റെഡിമെയ്ഡ് വസ്ത്രങ്ങൾ കിട്ടാതാവില്ലേ?.
ബാക്കി ഞാൻ പറയാം… കമ്പനികൾ അളവുകൾ തെറ്റിക്കുന്നു. ഓരോന്നും 34 എന്ന് എഴുതിയാലും കൂട്ടിയും കുറച്ചും തുന്നുന്നു.
അതെ അളവുകൾ തെറ്റുന്നത് നല്ലതാണ്!!

അഗ്നിവേശ് 01-01-2020.

അഗ്നിവേശിൻെറ ഡയറി വായിച്ചില്ലേ? കഴിഞ്ഞ വർഷത്തെ ഏതെങ്കിലും രസകരമായ ഒരനുഭവം ഡയറി കുറിപ്പായി എഴുതൂ. മികച്ചവ പൂക്കാലത്തിന് അയക്കാൻ മറക്കരുത്.

പി. രാധാകൃഷ്ണൻ ആലുവീട്ടിൽ

0 Comments

Leave a Comment

FOLLOW US