നൂറുല്‍ അമീന്‍ കള്ളനല്ല

പാറക്കടവില്‍നിന്നും പെണ്ണുങ്ങളുടെ തിരക്കൊഴിഞ്ഞപ്പോഴേക്കും മണി പതിനൊന്നു കഴിഞ്ഞിരുന്നു. വെയിലിനു ചൂടേറിയിരുന്നു.
സാരമില്ല. ഇത്തവണ എട്ടുപത്തു മുഴുത്ത മീനുകളെ പിടിച്ചിട്ടുതന്നെ കാര്യം.
നൂറുല്‍ അമീന്‍ ചൂണ്ടയുമായി പാറപ്പുറത്ത് ഒരു മൂലയിലിരുന്നു. വെള്ളത്തിലേക്ക് ചൂണ്ടയെറിഞ്ഞു.
ഏറെ നേരം കാത്തിരുന്നിട്ടും ചൂണ്ടയില്‍ മീനൊന്നും കൊത്തിയില്ല.
താഴെ തടയണയുള്ളതുകൊണ്ട് പുഴയില്‍ വെള്ളമുണ്ട്. ചെളിയൂറിയ വെള്ളം.
പുഴയ്ക്കു നടുക്കാണ് മണ്ണാത്തിപ്പാറ. ചുറ്റും വെള്ളം തളംകെട്ടി കിടക്കുന്നു. ഇന്നലെ ഐദ്രുമാന് രണ്ടു മീന്‍ കിട്ടിയത് അവിടെ നിന്നാണ് എന്നാണ് പറഞ്ഞത്. പുഴയിലുള്ള കണ്ണനും മൊയ്യുമെല്ലാം മണ്ണാത്തിപ്പാറയിലാവണം കുടിപാര്‍ക്കുന്നത്.
നൂറുല്‍ അമീന്‍ മണ്ണാത്തിപ്പാറയിലേക്ക് നീന്തി. പൊള്ളുന്ന വെയിലില്‍ ചൂണ്ടയെറിഞ്ഞു കാത്തിരുന്നു.
കുറഞ്ഞത് രണ്ടു കിലോ മീനെങ്കിലും കിട്ടണം. കവലയില്‍ കൊണ്ടുപോയി വില്‍ക്കണം. കിലോയ്ക്ക് നാനൂറ് രൂപയെന്നു പറയണം. ഒരു മുന്നൂറെങ്കിലും കിട്ടാതിരിക്കില്ല. ബാപ്പയ്ക്കു മരുന്ന്…. കൊറച്ച് അരീം സാമാനോം…. ബാക്കി കാശ്ണ്ടെങ്കില്‍ ഒരു പുതിയ ഈരയും കൊളുത്തും… പക്ഷെ (1)ഹൂറികളെ നിങ്ങളെവിടെയാണ് ഒളിച്ചിരിക്കുന്നത്?
നിഴല്‍ കുറുകിക്കുറുകി കിഴക്കോട്ടു നീങ്ങിത്തുടങ്ങിയിരിക്കുന്നു. വെയില്‍ച്ചൂടേറ്റ് തൊലിപ്പുറം നീറുന്നുണ്ട്. ദാഹിച്ച് തൊണ്ട ഉമിനീരു കിനിയാത്തവിധം വരണ്ടുണങ്ങിയിരിക്കുന്നു.
ഇതുവരെ ഒരു മീനും കിട്ടിയിട്ടില്ല.
പണ്ടാരങ്ങള്‍…. നിങ്ങളെ എല്ലാവരേയും ഒരു ദിവസം എന്‍റെ കയ്യില്‍ കിട്ടും. ഇപ്പോള്‍ മതിയാക്കുക തന്നെ.
നൂറുല്‍ അമീന്‍ പുഴ നീന്തി കടവു കയറി പാടത്തെത്തി.
വിണ്ടു കീറിയ പാടങ്ങള്‍. വളഞ്ഞുകിടക്കുന്നത് വെയില്‍ക്കതിരുകള്‍ മാത്രം.
ദാഹിച്ചിട്ടു വയ്യ.
പാടത്തിന്‍റെ മറുകരയില്‍ കുഞ്ഞിമാളുവിന്‍റെ വീടുണ്ട്. കഷ്ടിച്ച് നൂറടി മാത്രം. കുഞ്ഞിമാളു ക്ലാസിലെ കൂട്ടുകാരിയാണ്.
നൂറുല്‍ അമീന്‍ കുഞ്ഞിമാളുവിന്‍റെ വീട്ടിലേക്കു നടന്നു.
പുറത്താരെയും കണ്ടില്ല.
“കുഞ്ഞാളൂ…”
വിളിച്ചുനോക്കി. ആരുമില്ലെന്നു തോന്നുന്നു. മുറ്റത്തെ കിണറിനു പാളയും കയറുമില്ല.
നൂറുല്‍ അമീന്‍ ഉമ്മറത്തു കയറി. വാതില്‍ പുറത്തുനിന്നും പൂട്ടിയിട്ടില്ല. പതുക്കെ തള്ളിനോക്കി. വാതില്‍പ്പാളികള്‍ തുറന്നു.
കുഞ്ഞിമാളുവിനൊപ്പം പലപ്പോഴും ഇവിടെ വന്നിട്ടുണ്ട്. വീടിനകത്തും പുറത്തും കളിച്ചിട്ടുണ്ട്.
മേലും കീഴും ആലോചിച്ചില്ല. നേരെ അടുക്കളയിലേക്കു ചെന്നു. ആവോളം വെള്ളം കുടിച്ചു.
ദാഹം തീര്‍ന്നതും, ഇടനാഴി കടക്കുമ്പോള്‍ തുറന്നു കിടന്ന മുറിയിലെ മേശപ്പുറത്തിരുന്ന ഒരു പൊതി കണ്ണില്‍ തടഞ്ഞത് ഓര്‍മ്മയിലെത്തി.
പൊതിയിലെന്താകും? ഒന്നു നോക്കിയാലോ? ഏയ് വേണ്ട. അല്ല ഒന്നു നോക്കുക തന്നെ.
നൂറുല്‍ അമീന്‍ മുറിയില്‍ കയറി. പൊതിയഴിച്ചു നോക്കി. രണ്ടു സ്വര്‍ണ്ണ വളകള്‍…
അവന്‍റെ കുഞ്ഞുമനസ്സിലും ഒരു ചെകുത്താന്‍ കുഞ്ഞു വളര്‍ന്നു.
തെങ്ങില്‍നിന്നും വീണ് നട്ടെല്ലു മുറിഞ്ഞ്, നീണ്ട ചികിത്സയ്ക്കു ശേഷം കട്ടിലേ ശരണം എന്നായി കിടക്കുന്ന ബാപ്പച്ചി കണ്‍മുന്നില്‍ തെളിഞ്ഞു. കിട്ടുന്ന പണിയെല്ലാമെടുത്തും പെരുകുന്ന കഷ്ടതയില്‍ തളര്‍ന്ന് മെലിഞ്ഞുണങ്ങുന്ന ഉമ്മച്ചി. ഇനിയും കീറിപ്പറിഞ്ഞതുമുടുത്ത് സ്കൂളില്‍ പോകില്ലെന്ന് വാശിപിടിച്ചു കരയുന്ന അനിയത്തി.
ചെകുത്താന്‍ കുഞ്ഞ് ഉള്ളിലിരുന്നു പറഞ്ഞു:
“നൂറേ ഒരു തെറ്റുമില്ല. നീയാ വളയെടുത്തോ…”
നൂറുല്‍ അമീന്‍ പൊതിയെടുത്തു. ഉടുമുണ്ടിന്‍റെ അറ്റത്ത് ഒളിപ്പിച്ചു. വേഗം ആ വീട്ടില്‍നിന്നും പുറത്തു കടന്നു.
പാടത്തിറങ്ങിയതും അവന്‍റെ തലയ്ക്കു കനം പെരുത്തു. ആ ഭാരം കാലുകളിലേക്കിറങ്ങി.
കിടപ്പിലും ബാപ്പ ഇടക്കിടെ ഉപദേശിച്ചിരുന്നത് അവന്‍റെ കാതുകളില്‍ മുഴങ്ങി.
“മക്കളേ, നഞ്ഞു തിന്ന് (2)മയ്യത്താവേണ്ടി വന്നാലും ഒരിക്കലും കക്കരുത്… കളവു പറയരുത്…. (3)ഈമാന്‍ വിടര്ത്.”
ഇനി ഒരടി മുന്നോട്ടു നടക്കാന്‍ വയ്യ.
ചെയ്തതു തെറ്റ്. പൊതി കിട്ടിയിടത്തു തന്നെ തിരിച്ചു വയ്ക്കാം.
നൂറുല്‍ അമീന്‍ കുഞ്ഞിമാളുവിന്‍റെ വീട്ടിലേക്ക് പിന്തിരിഞ്ഞോടി.
അപ്പോള്‍ വീട്ടില്‍ ഉമ്മറത്ത് കുഞ്ഞിമാളുവിന്‍റെ അമ്മയുണ്ടായിരുന്നു. അവര്‍ അയല്‍പക്കത്തേക്കോ മറ്റോ പോയതാവണം.
നൂറുല്‍ അമീന്‍ ഒരു നിമിഷം മുറ്റത്തുനിന്നു. പിന്നെ മടിയില്‍നിന്നും പൊതിയെടുത്ത് പൊടുന്നനെ കുഞ്ഞിമാളുവിന്‍റെ അമ്മയുടെ കയ്യില്‍വച്ചുകൊടുത്തു. ഒന്നും പറയാതെ, ഒന്നും പറയാനാകാതെ തിരിഞ്ഞൊരോട്ടം കൊടുത്തു.
“ജ്ജ് ഇത്രേരം എവ്ടേര്ന്ന് നൂറേ?”
കുടിലിലെത്തിയതും ഉമ്മച്ചി ചോദിച്ചു.
ആദ്യം അവനൊന്നും പറഞ്ഞില്ല.
“ബന്ന് കഞ്ഞികുടിക്ക്”
കത്തിക്കാളുന്ന വിശപ്പുണ്ടായിട്ടും വിളമ്പിവച്ച റേഷനരിക്കഞ്ഞിയും കപ്പയും കഴിക്കാന്‍ അവന് കഴിഞ്ഞില്ല.
“ന്താടാ അന്‍റെ മോത്തൊരു കാളിച്ച….?”
നൂറുല്‍ അമീന്‍ ഉമ്മച്ചിയോട് എല്ലാം പറഞ്ഞു. പറഞ്ഞുതീര്‍ന്നതും അവന്‍ കരഞ്ഞു.
എല്ലാം കേട്ട് കട്ടിലില്‍ കിടന്നിരുന്ന വാപ്പച്ചി അവനെ വിളിച്ചു. അവന്‍റെ കൂരിച്ച മാറിടം തഴുകി പറഞ്ഞു:
“നന്നായി. ന്‍റെ മോന്‍ ഇന്യൊരിക്കലും ഇങ്ങിനൊന്നും ചെയ്യ്വേ ചിന്തിക്ക്യേ അരുത്…. ന്നാലും തിരിച്ചുകൊടുക്കുമ്പൊ മൂന്നാമതൊരാള് വേണാര്‍ന്നു.”
നൂറുല്‍ അമീന്‍റെ തെളിഞ്ഞു തുടങ്ങിയ ഇളം മനസിന് ബാപ്പച്ചി പറഞ്ഞതിലെ പൊരുള്‍ അപ്പോള്‍ മനസ്സിലായില്ല.
* * *
അന്നു വൈകുന്നേരമായപ്പോഴേക്കും വെള്ളത്തില്‍ മണ്ണെണ്ണയിറ്റിച്ചതുപോലെ ഒരു വാര്‍ത്ത നാട്ടില്‍ പരന്നു:
കുഞ്ഞിമാളുവിന്‍റെ അടച്ചിട്ട വീട് നൂറുല്‍ അമീന്‍ എങ്ങിനെയോ കുത്തിത്തുറന്നു. പണ്ടങ്ങളെല്ലാം കട്ടെടുത്തു. കുറേ പണവും ഉണ്ടത്രെ.
അന്തിവീണ നേരത്ത് കുഞ്ഞിമാളുവിന്‍റെ അച്ഛനും മറ്റു രണ്ടുപേരും നൂറുല്‍ അമീന്‍റെ വീട്ടിലെത്തി. പിറകില്‍ കുഞ്ഞിമാളുവിന്‍റെ അമ്മയുമുണ്ടായിരുന്നു.
കൂടെ വന്നവരാണ് ഉമ്മച്ചിയോട് ആദ്യം പറഞ്ഞത്:
“ഈ ചെക്കനെടുത്തതെന്തൊക്യാച്ചാ തിരിച്ചു കൊടുത്തേക്ക്. ഇവര്‍ കേസിനും പുക്കാര്‍ത്തിനൊന്നും പോണില്ല.”
നൂറുല്‍ അമീന്‍റെ ഉമ്മച്ചി നടന്ന കാര്യം അവരോട് പറഞ്ഞു.
അകത്ത് കട്ടിലില്‍ കിടന്ന് ബാപ്പച്ചി പറഞ്ഞു:
“ഓന്‍ മ്മടെ മോനാ. നൊണ പറയൂല”
“ഞാന്‍ കണ്ടതാ അവന്‍ വീട്ടില്‍നിന്ന് എറങ്ങിയോടണത്”
കുഞ്ഞിമാളുവിന്‍റെ അമ്മ പറഞ്ഞു.
“ങ്ങടെ ഇപ്ലത്തെ സ്ഥിത്യാലോചിച്ചാ ഏതു മകനും അങ്ങിനൊക്കെ തോന്നും. ഓനെങ്ങട്ട് വിളിക്ക്. ഞങ്ങളൊന്ന് ചോയ്ക്കട്ടെ.”
“നൂറ്വോ…”
ഉമ്മച്ചി വിളിച്ചു.
“ഇങ്ങെറങ്ങി വാടാ. കള്ളാ”
കുഞ്ഞിമാളുവിന്‍റെ അമ്മ ആക്രോശിച്ചു.
അടുക്കളയിരുട്ടില്‍ എല്ലാം കേട്ടിരിക്കുകയായിരുന്ന നൂറുല്‍ അമീന് ഒരായിരം പേര്‍ തന്നെ ‘കള്ളന്‍’ ‘കള്ളന്‍’ എന്നു വിളിക്കുന്നതുപോലെ തോന്നി. അടുക്കള വാതില്‍ തുറന്ന് അവന്‍ ഇരുട്ടിലേക്കിറങ്ങിയോടി.
ഓടിയോടി എത്തിയത് നാലു കിലോമീറ്റര്‍ അകലെയുള്ള റെയില്‍വേ സ്റ്റേഷനിലാണ്. മുന്നോട്ടു നീങ്ങാന്‍ ചലിച്ചു നില്‍ക്കുന്ന തീവണ്ടി എങ്ങോട്ടുള്ളതാണെന്നവനറിയില്ല. മുന്‍പിന്‍ നോക്കാതെ മുന്നിലെ കമ്പാര്‍ട്ട്മെന്‍റിലെ ആള്‍ത്തിരക്കിലേക്കവന്‍ ഊളിയിട്ടു.

– എം.വി. മോഹനന്‍

(1) ഹൂറികള്‍ – സുന്ദരികള്‍ (ഇവിടെ ‘മീനുകള്‍’)
(2) മയ്യത്താവേണ്ടി വന്നാലും – മരിയ്ക്കേണ്ടി വന്നാലും.
(3) ഈമാന്‍ – സത്യം

തുടര്‍ പ്രവര്‍ത്തനം

നൂറുല്‍ അമീന് തുടര്‍ന്ന് എന്തെല്ലാം സംഭവിച്ചിരിക്കാം? ഒന്ന് മനസ്സില്‍ കണ്ടുനോക്കൂ. തുടര്‍ന്ന് എഴുതി നോക്കൂ. വായിച്ച്, തിരുത്തി മെച്ചപ്പെടുത്തി പൂക്കാലത്തിന് അയയ്ക്കാന്‍ മറക്കണ്ട – സമ്മാനങ്ങള്‍ കാത്തിരിക്കുന്നു.

1 Comment

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content