വായിക്കേണ്ടതെങ്ങനെ?

ഠനപ്രക്രിയയില്‍ ‘വായന’ക്കുള്ള സ്ഥാനം നിര്‍ണ്ണായകമാണ്. നല്ല വായനക്കാരിയാകണമെങ്കില്‍ നല്ല കേള്‍വിക്കാരിയും ആയെ തീരു. കുഞ്ഞുന്നാളില്‍ അമ്മയുടെ കിളികൊഞ്ചല്‍, മുത്തശ്ശിയുടെയും മുത്തശ്ശന്റെയും ഇമ്പമാര്‍ന്ന കഥകള്‍, കൂടെ സഞ്ചരിക്കുമ്പോള്‍ അച്ഛന്‍ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങള്‍, കൂട്ടുകാരുമായുള്ള സംഭാഷണങ്ങള്‍ ഇതൊക്കെത്തന്നെ കേള്‍വിയുടെ അടയാളപ്പെടുത്തലുകളാണ്. പതുക്കെ കുഞ്ഞ് ബാലകഥകളിലേക്കും ചിത്രകഥകളിലേക്കും താല്‍പ്പര്യം കാണിച്ച് തുടങ്ങുന്നു.

വായനയുടെ വൈവിധ്യമാര്‍ന്ന തലങ്ങള്‍ ഇവിടെ തുടങ്ങുന്നു. രചനയുടെ പ്രത്യക്ഷ അര്‍ത്ഥത്തിലേക്കാണ് വായനക്കാരിയുടെ മനസ്സ് ആദ്യം പതിയുന്നത്. ഈ ഘട്ടത്തില്‍ പദങ്ങള്‍ക്ക് സാധാരണയായി കാണപ്പെടുന്ന അര്‍ത്ഥമാണ് ഗ്രഹിക്കുന്നത്. പൊതുവെയുള്ള ആശയം തിരിച്ചറിയുന്നതിനും ഈ വായന ഉപകരിക്കും. ഈ ഘട്ടത്തിലുള്ള വായനയെ ‘ആശയഗ്രഹണവായന’ എന്ന് വ്യവഹരിക്കാം.

കഥ, കവിത, നോവല്‍ തുടങ്ങിയവയുടെ വായനയിലേക്ക് കടക്കുമ്പോള്‍ പ്രത്യക്ഷത്തിലുള്ള അര്‍ത്ഥം മാത്രം ഗ്രഹിച്ചാല്‍ മതിയാകില്ലല്ലോ. സര്‍ഗ്ഗാത്മകത്വം ഉള്ള ഇത്തരം രചനകളുടെ വരികള്‍ക്കിടയിലുള്ള അര്‍ത്ഥതലങ്ങളിലേക്ക് വായനക്കാർ കടക്കേണ്ടിവരും. ഇതൊരു പക്ഷേ വായനയ്ക്ക് ശേഷമുള്ള ചിന്തയിലോ വീണ്ടും വായിക്കുമ്പോഴോ ആയിരിക്കും കണ്ടെത്തുക. വാക്കുകളുടെ വൈവിധ്യമാര്‍ന്ന ആശയതലം, ആ പ്രത്യേക സന്ദര്‍ഭത്തില്‍ വാക്കുകള്‍ക്ക് ലഭ്യമാകുന്ന അര്‍ത്ഥവ്യാപ്തി എന്നിവയൊക്കെ ഈ ഘട്ടത്തില്‍ തെളിഞ്ഞ് വരും. അതായത് വായന ഉയര്‍ന്ന തലങ്ങളിലേക്ക് വ്യാപരിക്കുന്നു എന്നര്‍ത്ഥം. ഇത് വായനയുടെ ‘ആസ്വാദനതല’മാണ്. രചനയുടെ സൗന്ദര്യാത്മക വായനയാണിത്. സാധാരണയായി വരികള്‍ക്കിടയിലൂടെയുള്ള വായനയെന്ന് ആസ്വാദനതല വായനയെ വ്യവഹരിക്കാറുണ്ട്.

ധാരാളം വായിക്കുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതി, സാമൂഹിക ഇടപെടലുകളില്‍ നിന്നുണ്ടാകുന്ന ചിന്തകള്‍, ദൈനംദിന അനുഭവങ്ങള്‍ എന്നിവയൊക്കെ തന്നെ വായനയെ ഉയര്‍ന്ന തോതില്‍ സ്വാധീനിക്കാന്‍ ഇടയാകാറുണ്ട്. ഇത് ബോധപൂര്‍വ്വം സംഭവിക്കുന്നത് ആയിരിക്കണമെന്നില്ല. ഇത് ഓരോ വ്യക്തിയിലും വ്യത്യസ്ത തലത്തിലായിരിക്കും.കേവലം തൊലിപ്പുറമെയുള്ള അര്‍ത്ഥതലങ്ങളില്‍ നിന്ന് ദാര്‍ശനികതലങ്ങളിലേക്ക് വായനക്കാരി എത്തുന്നു. ഉയര്‍ന്ന വായനയുടെ ‘വിമര്‍ശനാത്മകതലം’ ആണ് ഇതെന്ന് പറയാം.

കണിക്കൊന്നയിലൂടെ സൂര്യകാന്തിയിലും തുടര്‍ന്ന് ആമ്പലിലും നീലക്കുറിഞ്ഞിയിലും എത്തുമ്പോള്‍ ക്രമികമായ ആശയഗ്രഹണ, ആസ്വാദനം, വിമര്‍ശനാത്മക തലങ്ങളിലൂടെ കുട്ടിയെ കൂട്ടിക്കൊണ്ടു പോകലാണ് യഥാര്‍ത്ഥത്തില്‍ അധ്യാപികയുടെ ദൗത്യം. സമീപനരേഖയുടെ പേജ് 25, 26 ശ്രദ്ധയോടെ വായിച്ചാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വ്യക്തത കൈവരുന്നതാണ്.

 

എം. സേതുമാധവൻ രജിസ്ട്രാർ, മലയാളം മിഷൻ

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content