മഹത്തായ ഇന്ത്യൻ ഭരണഘടനയിലൂടെ…

ജവാഹർലാൽ നെഹ്‌റു ഭരണഘടയിൽ ഒപ്പുവയ്‌ക്കുന്നു

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് “നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ” എന്ന വാക്കുകളോടെയാണ്. ഒറ്റ വാചകത്തിലാണ് ആമുഖമെങ്കിലും ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചും രാഷ്ട്ര സംവിധാനത്തെക്കുറിച്ചുമുള്ള ഏറ്റവും പ്രൌഡമായ പ്രസ്താവനയായി ഈ ആമുഖം പരിഗണിക്കപ്പെടുന്നു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ശ്രീ ജവഹർലാൽ നെഹ്രുവാണ് ഇത്ര മഹത്തരമായ ആമുഖം ഭരണഘടനയിൽ എഴുതിച്ചേർത്തത്.

“നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ; ഇന്ത്യയെ ഒരു പരമാധികാര-സ്ഥിതിസമത്വ-മതനിരപേക്ഷ-ജനാധിപത്യ-റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും; അതിലെ പൗരന്മാർക്കെല്ലാം സാമൂഹ്യവും സാമ്പത്തികവും രാഷ്‌ട്രീയവും ആയ നീതിയും; ചിന്തയ്‌ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്‌ഠയ്‌ക്കും ആരാധനയ്‌ക്കും ഉള്ള സ്വാതന്ത്ര്യവും; പദവിയിലും അവസരത്തിലും സമത്വവും സംപ്രാപ്‌തമാക്കുവാനും; അവർക്കെല്ലാമിടയിൽ വ്യക്തിയുടെ അന്തസ്സും രാഷ്‌ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ട് സാഹോദര്യം പുലർത്തുവാനും; സഗൗരവം തീരുമാനിച്ചിരിക്കയാൽ നമ്മുടെ ഭരണഘടനാ നിർമ്മാണ സഭയിൽ ഈ 1949 നവംബർ ഇരുപത്താറാം ദിവസം ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.”

എന്ന ആമുഖത്തോടെയാണ് നമ്മുടെ ഭരണഘടന തുടങ്ങുന്നത്. ഇതിൽ “സ്ഥിതിസമത്വം, മതനിരപേക്ഷത, അഖണ്ഡത” എന്നീ വാക്കുകൾ നാൽപ്പത്തിരണ്ടാം ഭരണഘടനാഭേദഗതി നിയമപ്രകാരം 1976-ൽ ആണു്‌ കൂട്ടിച്ചേർക്കപ്പെട്ടത്. ഈ മാറ്റങ്ങൾ ഭരണഘടനയിൽ എന്നും അന്തർലീനമായിരുന്ന ഒരു തത്ത്വത്തെ കൂടുതൽ വ്യക്തമാക്കുക മാത്രമേ ചെയ്യുന്നുള്ളു.

1950 ലെ ഭരണഘടനാ അസംബ്ലി യോഗം

ഒരു അടിസ്ഥാന ഭരണഘടനക്കു കീഴില്‍ ഭരണം നിര്‍വഹിക്കുന്നതിനായി രാഷ്ട്രത്തലവനെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സമ്പ്രദായം നിലനില്‍ക്കുന്ന രാഷ്ട്രങ്ങളാണ് റിപ്പബ്ലിക്കുകള്‍. വിവിധ സംസ്ഥാനങ്ങളെ ഒരു രാഷ്ട്രത്തിന്റെ അവിഭാജ്യ ഘടകമായി സംയോജിപ്പിക്കുന്ന ഫെഡറല്‍ സമ്പ്രദായത്തിലുള്ള രാജ്യമാണ് നമ്മുടേത്. പൊതുതെരഞ്ഞെടുപ്പുകളിലൂടെ നിശ്ചിത കാലത്തിനുശേഷം രാജ്യത്തിന്റെ അധികാരം പുതുക്കുന്നു. രാഷ്ട്രത്തലവനായ പ്രസിഡന്റിനെയും ഭരണത്തലവനായ പ്രധാനമന്ത്രിയെയും ജനങ്ങള്‍ തന്നെ തെരഞ്ഞെടുക്കുന്ന രീതി നിലനില്‍ക്കുന്ന രാജ്യങ്ങള്‍, ജനകീയ ജനാധിപത്യ റിപ്പബ്ലിക്കാണ്. രാഷ്ട്രത്തിന്റെ ഘടന നിര്‍ണയിക്കുകയും എപ്രകാരം പ്രവര്‍ത്തിക്കണമെന്ന് അനുശാസിക്കുകയും ചെയ്യുന്ന മൗലിക നിയമങ്ങളുടെ സമാഹാരമാണ് ഭരണഘടന. ഭരണഘടനാനുസൃതമായി പുതിയ നിയമങ്ങള്‍ എങ്ങനെ നിര്‍മ്മിക്കണം, നടപ്പാക്കണം, നിയമലംഘനം നടത്തുന്നവരെ എങ്ങനെ ശിക്ഷിക്കണം എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങളും ഭരണഘടനയില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

ലോകത്തെ എഴുതിത്തയ്യാറാക്കിയ ഏറ്റവും വലിയ ഭരണഘടനയുള്ള രാജ്യം ഇന്ത്യയാണ്. നമ്മുടെ ഭരണഘടനയിൽ ഒരു ആമുഖവും 448 വകുപ്പുകൾ ഉൾപ്പെടുന്ന 25 ഭാഗങ്ങളും 12 പട്ടികകളും 5 അനുബന്ധങ്ങളും ഉൾപ്പെടുന്നു. 103 തവണ ഇന്ത്യന്‍ ഭരണഘടന ഭേദഗതിക്ക് വിധേയമായിട്ടുണ്ട്. വ്യക്തിയുടെയോ ഭരണകര്‍ത്താവിന്റെയോ സര്‍ക്കാറിന്റെയോ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലോ ഭരണഘടനയില്‍ സാധ്യമല്ല. പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിച്ച് ചര്‍ച്ച ചെയ്ത് അംഗീകരിച്ചാല്‍ മാത്രമേ ഭേദഗതികള്‍ സാധ്യമാവൂ. ഇങ്ങനെ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് വിധേയമായി ഇപ്പോഴും നമ്മുടെ ഭരണഘടന വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒരു രാജ്യത്തിലെ ഭരണവ്യവസ്ഥ, സംവിധാനം, ഭരണകൂടത്തിന്റെ അധികാരങ്ങള്‍, ചുമതലകള്‍ തുടങ്ങി പൗരന്‍ എന്ന നിലയിലുള്ള മൗലികാവകാശങ്ങള്‍, പൗരന് രാഷ്ട്രത്തോടുള്ള കടമകള്‍, സ്വതന്ത്ര നീതിന്യായ വ്യവസ്ഥ എല്ലാം ഉൾച്ചേർന്ന സമഗ്രമായൊരു രേഖയാണ് ഇന്ത്യൻ ഭരണഘടന.

1949 നവംബർ 25 ന് ഇന്ത്യൻ ഭരണഘടനയുടെ അന്തിമ കരട് ഭരണഘടനാ അസംബ്ലി പ്രസിഡന്റ് ഡോ. രാജേന്ദ്ര പ്രസാദിന് ഡ്രാഫ്റ്റിംഗ്‌ കമ്മിറ്റി ചെയർമാനായ ഡോ. ബാബാസാഹേബ് അംബേദ്കർ സമർപ്പിക്കുന്നു

ഇന്ത്യ സ്വതന്ത്രമാവുന്നതിനും മുമ്പ് രൂപവത്‌കരിച്ച ഇടക്കാല ഗവൺമെന്റിന്റെ കാലത്താണ് ഭരണഘടനയുണ്ടാക്കാനുള്ള പ്രവർത്തനങ്ങളുടെ ഔദ്യോഗിക തുടക്കം. 1946 ഡിസംബർ ആറിന് ഭരണഘടനാ നിർമാണസഭ നിലവിൽ വന്നു. പ്രവിശ്യാ നിയമനിർമാണ സഭകളിൽനിന്നുള്ള 292 അംഗങ്ങളും നാട്ടുരാജ്യങ്ങളെ പ്രതിനിധീകരിച്ച് 93 അംഗങ്ങളും ചീഫ് കമ്മിഷനേഴ്‌സ് പ്രൊവിൻസുകളിലെ നാലു പേരുമടക്കം 389 പേരാണ് അതിലുണ്ടായിരുന്നത്. ശേഷമാണ് ഇന്ത്യ പാകിസ്ഥാൻ വിഭജനവും, 1947 ആഗസ്റ്റ് 15 ന് ഇരു രാജ്യങ്ങളും സ്വതന്ത്രവുമാകുന്നത്. അങ്ങനെ പാകിസ്താനിൽ ഉൾപ്പെട്ട പ്രദേശങ്ങളിലെ പ്രതിനിധികൾ ഒഴിഞ്ഞപ്പോൾ അത് 299 ആയി. ഭരണഘടനാ നിര്‍മാണസഭയില്‍ മലയാളി സാന്നിധ്യവും ഉണ്ടായിരുന്നു. 17 പേര്‍. ഇതില്‍ മൂന്നുപേർ വനിതകളാണ്. പട്ടം താണുപിള്ള, ആര്‍ ശങ്കര്‍, പി എസ് നടരാജപിള്ള, ആനി മസ്ക്രീന്‍, കെ എ മുഹമ്മദ്, പി ടി ചാക്കോ, പനമ്പിള്ളി ഗോവിന്ദമേനോന്‍, അമ്മു സ്വാമിനാഥന്‍, ദാക്ഷായണി വേലായുധന്‍, കെ മാധവമേനോന്‍, പി കുഞ്ഞിരാമന്‍, കെ ടി എം അഹ്‌മദ് ഇബ്രാഹിം, ബി പോക്കര്‍, എം കെ മേനോന്‍, അബ്‌ദുല്‍ സത്താര്‍ ഹാജി ഇസ്ഹാഖ് സേഠ്, മുഹമ്മദ് ഇസ്‌മായില്‍ സാഹിബ്, ഡോ. ജോണ്‍ മത്തായി എന്നിവരാണ് ഇവർ. ഭരണഘടനയുടെ 356 വകുപ്പ് പ്രകാരം ആദ്യമായി പിരിച്ചുവിട്ടത് കേരള മന്ത്രിസഭയാണ് എന്നത് മറ്റൊരു ചരിത്ര വസ്തുതയും.

ബി. ആർ. അംബേദ്കറും ഇന്ത്യയുടെ ഭരണഘടനയും 2015 ലെ തപാൽ സ്റ്റാമ്പിൽ

1947 ആഗസ്റ്റ് 29നു ചേര്‍ന്ന ഭരണഘടനാ സമിതി യോഗം ഭരണഘടനയുടെ കരടുരേഖ തയ്യാറാക്കാന്‍ ഡോ. ബി ആര്‍ അംബേദ്ക്കറുടെ നേതൃത്വത്തില്‍ ഏഴംഗ സമിതിയെ ചുമതലപ്പെടുത്തി. ഇന്ത്യൻ ഭരണഘടനയുടെ ശിൽപി എന്നറിയപ്പെടുന്നത് ഡോ. ബി.ആർ.അംബേദ്കർ ആണ്. അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ 1947 ആഗസ്റ്റ് 30ന് സമിതി ആദ്യയോഗം ചേര്‍ന്നു. അംബേദ്കറുടെ നേതൃത്വത്തില്‍ 141 ദിവസം കൊണ്ടാണ് ഭരണഘടനയുടെ കരട് തയാറാക്കിയത്. ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷം ഭേദഗതികളോടെ ഇന്ത്യന്‍ ഭരണഘടന തയ്യാറാവാന്‍ രണ്ടു വർഷവും പതിനൊന്നു മാസവും പതിനെട്ട് ദിവസവും വേണ്ടിവന്നു. ഭരണഘടനയുടെ ആദ്യപകർപ്പ് 1948 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചു. 1949 നവംബർ 26-ന്‌ ഡ്രാഫ്‌റ്റിംഗ്‌ കമ്മിറ്റി രൂപവത്കരിച്ച ഭരണഘടന; ഘടകസഭ അംഗീകരിക്കുകയും, സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ ഓർമ്മയ്ക്കായാണ് എല്ലാ വർഷവും നവംബർ 26-ാം തീയതി ഇന്ത്യയിൽ നിയമ ദിനമായി ആചരിക്കുന്നത്. ഇന്ത്യൻ ഭരണഘടന, സഭയുടെ അംഗങ്ങൾ ഒപ്പുവക്കുന്നത് 1950 ജനുവരി 25-നാണ്‌‍. തുടർ‍ന്ന് ഭരണഘടനാ പ്രഖ്യാപനവും, ഭരണഘടന പ്രാബല്യത്തിൽ കൊണ്ടുവരികയും ചെയ്‌തത്‌ അടുത്ത ദിവസം 1950 ജനുവരി 26-നായിരുന്നു. ഇതിന്റെ ഓർമ്മക്ക് എല്ലാ വർഷവും ജനുവരി 26-ാം തീയതി ഇന്ത്യ റിപ്പബ്ലിക്ക് ദിനമായി (ഭരണഘടനാ ദിനം) ആചരിക്കുന്നു.

ഭരണഘടനയുമായി ബന്ധപ്പെട്ട് നിങ്ങൾ കേട്ടിരിക്കാൻ സാധ്യതയില്ലാത്ത കുറച്ചുപേരെക്കുറിച്ച് ഒന്നു പറയാം. നന്ദലാൽ ബോസാണ് നമ്മുടെ ഭരണഘടനയുടെ കൈയെഴുത്തുരൂപം ചിത്രങ്ങളും അലങ്കാരങ്ങളും കൊണ്ട് മനോഹരമാക്കിയത്. ശാന്തിനികേതനിലെ വിദ്യാർഥികളും അതിൽ പങ്കാളികളായി. ഭാരതരത്നം, പദ്മശ്രീ ബഹുമതികളുടെ കീർത്തിമുദ്രകളും ഇദ്ദേഹത്തിന്റെ വരകളാണ്. ഭരണഘടനയുടെ കൈയെഴുത്ത് പതിപ്പിലെ കൈയക്ഷരങ്ങൾ പ്രേം ബിഹാരി നാരൈൻ റൈസാദയുടേതാണ്. പ്രതിഫലം കൈപ്പറ്റാതെയാണ് അദ്ദേഹം ഈ ജോലി നിർവഹിച്ചത്. ഇറ്റാലിക് ശൈലിയിലുള്ള ഇംഗ്ലീഷ് അക്ഷരത്തിലാണ് എഴുത്ത്. കാലിഗ്രാഫിയിൽ ഉപയോഗിക്കാറുള്ള 303 നമ്പർ നിബ് കൊണ്ടായിരുന്നു രചന. ഭരണഘടനയുടെ ആമുഖപേജ് തയ്യാറാക്കിയത് നന്ദലാൽ ബോസിന്റെ ശിഷ്യനായ ബെഹാർ റാം മനോഹർ സിൻഹയാണ്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് നമ്മുടേത്. ഏഴുതപ്പെട്ട ഭരണഘടനകളിൽ ഏറ്റുവും വലുതും നമ്മുടേത് തന്നെ. എളുപ്പമായിരുന്നില്ല, ഇന്ത്യയ്ക്ക് ഒരു ഭരണഘടനയുണ്ടാക്കൽ. നൂറിലേറെ ഭാഷകൾ, അതിലേറെ സംസ്കാരങ്ങൾ, വേഷത്തിലും ആഹാരത്തിലും ആചാരങ്ങളിലുമെല്ലാം വൈവിധ്യങ്ങൾ. ഇന്ത്യ ഒരു പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കാണ് എന്നതിൽ നമുക്ക് അഭിമാനിക്കാം. വേർതിരിവുകളില്ലാതെ എല്ലാം പൗരന്മാർക്കും തുല്യനീതി ഉറപ്പുവരുത്തുന്നതായി നമ്മുടെ ഭരണഘടനയെ നിലനിർത്തുന്നതിന് പ്രത്യേകം ശ്രദ്ധിക്കാം.

വിവേക് മുളയറ

 

0 Comments

Leave a Comment

FOLLOW US