സോഫി, അന്ന, എൽസ

മുകളിലെ ചിത്രത്തിൽ കാണുന്ന പാവക്കുട്ടികളുടെ പേരാണിത്. എന്റെ അനുജത്തിയുടെ അഞ്ചു വയസ്സുകാരി മകളുടെ പാവക്കുട്ടികൾ. ഇതു പോലെ ഒരു പിടി പാവക്കുട്ടികൾ അവൾക്ക് വേറെയുമുണ്ട്. സ്വപ്നം കാണുന്ന വെള്ളാരം കല്ലു പോലെ കണ്ണുകളുള്ള, യഥേഷ്ടം ചലിപ്പിക്കാൻ കഴിയുന്ന കൈകാലുകളുള്ള, ചന്തമുള്ള സ്വർണ്ണത്തലമുടിയുള്ള, വർണ്ണ വസ്ത്രങ്ങൾ അണിഞ്ഞ പാവക്കുട്ടികൾ. പല നിറത്തിലും വലിപ്പത്തിലുമുള്ളത്…

കണ്ടാൽ ആർക്കും കൗതുകം തോന്നുന്ന പാവക്കുട്ടികൾ.ഈ പാവക്കുട്ടികളെ ഇങ്ങനെ നോക്കിയിരിക്കുമ്പോൾ എന്റെ ഓർമ്മ 35 വർഷം പിന്നിലേക്ക് പോയി. അച്ഛൻ സ്കൂൾ മാഷാണ്. അമ്മക്ക് ജോലിയായിട്ടില്ല. അച്ഛനമ്മമാരോടൊപ്പം ചില സുഹൃത്തുക്കളുടെ വീട്ടിൽ സന്ദർശനത്തിനു പോവുമ്പോൾ അവിടുത്തെ കുട്ടികളുടെ കയ്യിൽ ഇത്തരം പാവക്കുട്ടികൾ കണ്ടിട്ടുണ്ട്. അപ്പോൾ മുതലുള്ള ആഗ്രഹമാണ് “എനിക്കും ഒരു പാവക്കുട്ടി വേണം.” “ഇപ്പോ ബൊമ്മയെ വാങ്ങാനുള്ള കാശൊന്നുമില്ല” അച്ഛൻ കട്ടായം പറഞ്ഞു. ഞാൻ പിന്നെ നിർബന്ധിച്ചില്ല. സ്കൂൾ മാഷായുള്ള അച്ഛന്റെ തോളിലുള്ള ഉത്തരവാദിത്വങ്ങൾ എനിക്ക് കുറേശ്ശെ മനസ്സിലായി തുടങ്ങിയിരുന്നു. ഒന്നാം ക്ലാസ്സിലെ പരീക്ഷക്ക് എല്ലാ വിഷയത്തിനും 50-ൽ 50 വാങ്ങി അച്ഛന്റെ മുന്നിൽ നില്ക്കുന്ന സമയത്ത് വീണ്ടും ഞാൻ ആ പഴയ ആവശ്യം ഒന്ന് കുടി പറഞ്ഞു നോക്കി.

“എനിക്ക് ഒരു പാവക്കുട്ടിയെ വേണം” അപ്പോ അച്ഛന്റെ മറുപടി ” ആറ് മാസങ്ങൾ കൂടി കാത്തിരുന്നാൽ ജീവനുള്ള ഒരു പാവക്കുട്ടിയെ തരാം.” ആ സമയത്ത് എന്റെ അമ്മയുടെ വയറ്റിൽ 3 മാസം പ്രായമായ അനുജത്തി ഉണ്ടായിരുന്നുന്ന് എനിക്ക് അറിയില്ലായിരുന്നു. ആറ് മാസം കഴിഞ്ഞ് അമ്മ പ്രസവിച്ച ദിവസം അനിയത്തി കുട്ടിയെ കാണിച്ചിട്ട് എന്റെ അച്ഛൻ ചോദിച്ചു “ഈ പാവക്കുട്ടിയെ മതിയോന്ന്.” പല്ലില്ലാത്ത മോണകാട്ടി ചിരി പോലെ എന്തോ ഒരു ഭാവം കാട്ടി എന്നെയൊന്ന് നോക്കിയിട്ട് കണ്ണടച്ച് അമ്മയുടെ അമിഞ്ഞക്കായി തപ്പിക്കൊണ്ടിരുന്ന അനുജത്തിയെ കണ്ടതും എനിക്ക് നല്ല ദേഷ്യം വന്നു. അതായിരുന്നില്ല എനിക്ക് വേണ്ട പാവക്കുട്ടി. എനിക്ക് വേണ്ടത് വെള്ളാരം കല്ല് പോലെ കണ്ണുകളുള്ള, സ്വർണ്ണത്തലമുടിയുള്ള പാവക്കുട്ടിയെ ആയിരുന്നു…

താര കൃഷ്ണ

 

0 Comments

Leave a Comment

Skip to content