മഞ്ഞില്‍ കുതിര്‍ന്ന ക്രിസ്തുമസ് കരോള്‍ രാവുകളില്‍….
ക്രിസ്മസെത്തുമ്പോള്‍ മനസ്സിലേക്കോടിയെത്തുന്നത് ക്രിസ്തുമസ് കരോള്‍ രാത്രികളാണ്. അലങ്കരിച്ച പുല്‍ക്കൂടും വൈക്കോല്‍മെത്തയും ഉണ്ണിയേശുവും ക്രിസ്മസ് ട്രീയും തിളങ്ങുന്ന വാനിലെ നക്ഷത്രങ്ങളും ക്രിസ്മസ് കേയ്ക്കും രാവുകളിലെ കരോള്‍ സംഘങ്ങള്‍ക്കൊപ്പം പാട്ടുപാടിയുള്ളയാത്രയും ക്രിസ്മസ് അപ്പൂപ്പന്‍റെ ചിരിയും നരച്ച താടിയും സമ്മാനപ്പൊതികളുംഎല്ലാം സമ്മാനിക്കുന്നത് സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശമാണ്.
ഡിസംബറിലെ നീലആകാശത്തിന് മേല്‍ ഒരു വിശുദ്ധപ്രഭപോലെ ക്രിസ്മസെത്തും. പള്ളിയിലെ ഞങ്ങളുടെ ഗായകസംഘം ക്രിസ്മസെത്തിയാല്‍ കരോള്‍ രാത്രികളില്‍ പാടേണ്ട ഗാനങ്ങള്‍ നേരത്തേക്കൂട്ടി പാടി പരിശീലിക്കും. മലയാളത്തിലും ഇംഗ്ലീഷിലുമാണ് പാട്ടുകള്‍.
“സൈലന്‍റ് നെറ്റ്… ഹോളി നെറ്റ്…
ശാന്ത രാത്രി… തിരുരാത്രി….
പുല്‍ക്കുടിലില്‍ പൂത്തൊരു രാത്രി…
വിണ്ണിലെ നക്ഷത്രം മണ്ണിലിറങ്ങിയ…
മണ്ണിന്‍ സമാധാന രാത്രി…”
പാട്ടുപാടി മലകളും ഇടവഴികളും കയറി പെട്രോള്‍മാക്സിന്‍റെ വെട്ടത്തില്‍ മഞ്ഞു നനച്ച പാതകളിലെ എല്ലാവീടുകളിലും ഉണ്ണിയേശുവിന്‍റെ പിറവിയുടെ സമാധാന സന്ദേശവുമായി ഗായകസംഘം സഞ്ചരിക്കും.
ഒരേസമയം ആകാശത്തും ഭൂമിയിലും സമാധാനത്തിന്‍റെയും വിശുദ്ധിയുടെയും താരാപഥങ്ങളിലൂടെ ദൈവീകസാമീപ്യം തരുന്ന സൗഖ്യമാണ് ക്രിസ്മസിന്‍റെ ദൂത്. സമാധാനത്തിന്‍റെ വീഞ്ഞുരുചിയുള്ള കവിതകളാണ് ഓരോ ക്രിസ്മസ്രാവുകളും. ദൈവവും മനുഷ്യനും തമ്മിലുള്ള ഒരു സന്തോഷകരമായ ബന്ധത്തിന്‍റെ ഉത്സവംകൂടിയാണ് ക്രിസ്മസ്. ഇത്തരംസന്ദേശങ്ങളെല്ലാം കരോള്‍രാവുകളില്‍ ഗായകസംഘത്തിനൊപ്പമെത്തുന്ന ഞങ്ങളുടെ പള്ളീലച്ചന്‍ പാതിരാവുകളില്‍ തമ്പേറടിയുടെ ശബ്ദംകേട്ടുണരുന്ന വീട്ടുകാരുമായി പ്രാര്‍ഥനയിലൂടെ പകരും.
ഇടവകക്കാരുടെ വീടുകളില്‍ മാത്രമല്ല; നാനാജാതിമതസ്ഥരുടെ വീടുകളിലും ഞങ്ങളുടെ കരോള്‍സംഘം സമാധാനത്തിന്‍റെ ക്രിസ്മസ് ദൂതുമായി കയറും. ക്രിസ്മസ്അപ്പൂപ്പന്‍റെ നീളന്‍ പോക്കറ്റിലെ ചോക്കലേറ്റുകള്‍ കുട്ടികള്‍ക്ക് വിതരണംചെയ്യും.
“അത്യുതങ്ങളില്‍ മഹത്വം
ഭൂമിയില്‍ ദൈവപ്രസാദമുള്ളവര്‍ക്ക് സമാധാനം”
എന്ന വിളികളോടെ പാട്ടുപാടി നടന്നകലും. പലവീടുകളില്‍ നിന്നും മലകയറി നടന്നെത്തുന്ന കരോള്‍ സംഘത്തിന് സല്‍ക്കാരങ്ങള്‍ ലഭിക്കും. കര്‍ഷക ഭവനങ്ങളില്‍ കപ്പയും ചമ്മന്തിയും കാച്ചിലുമൊക്കെ, ധനികരുടെ വീടുകളില്‍ കെയ്ക്കും, വട്ടയപ്പവും അപ്പവും കോഴിക്കറിയുമൊക്കെ… അങ്ങനെ സല്‍ക്കാരങ്ങളുടെ കാലംകൂടിയാണ് ക്രിസ്മസ്.
പത്തനംതിട്ടക്കാരനായതിനാല്‍ ഞങ്ങളുടെ കരോള്‍സംഘങ്ങള്‍ മറ്റൊരുഗായകസംഘത്തെ ഡിസംബര്‍ മാസത്തില്‍ മലനിരകളില്‍വെച്ച് കണ്ടുമുട്ടും.
“സ്വാമിയേ… അയ്യപ്പോ…
കാനനവാസാ…
കല്ലുംമുള്ളും കാലിക്കുമെത്ത…”
എന്നിങ്ങനെ ശരണഗീതങ്ങളുമായി ശബരിമലയ്ക്ക് നടന്നുപോകുന്ന അയ്യപ്പന്മാരുടെ സംഘത്തെ കരോള്‍സംഘങ്ങള്‍ കണ്ടുമുട്ടും. ഇരുകൂട്ടരും സമാധാനത്തിന്‍റെ സന്ദേശങ്ങള്‍ പരസ്പരം പങ്കുവെച്ച് യാത്ര തുടരും. മാനവികതയുടെ ഈയൊരു സന്ദേശയാത്രകളാണ് കാലുഷ്യങ്ങളുടെയും മതസ്പര്‍ധകളുടെയും ഇന്നത്തെ കേരളത്തില്‍ ഡിസംബര്‍ നല്‍കുന്ന വലിയ സന്ദേശം. ഡിസംബര്‍ രാവുകളാണ്…. കേള്‍ക്കാം ദൂരെദൂരെയായ്, ആ കരോള്‍ സംഘങ്ങളുടെ പാട്ടുപാടിയുള്ളവരവ്.

ജേക്കബ് എബ്രഹാം (കഥാകൃത്ത്)