പ്രളയം
കുഞ്ഞുറുമ്പ് ചുറ്റും നോക്കി. ആരെയും കാണുന്നില്ല. എല്ലായിടത്തും ജലം മാത്രം. ഞാവല്‍ മരത്തിന്റെ ചില്ലകളെ അധികം വൈകാതെ ജലം വിഴുങ്ങും. കുഞ്ഞുറുമ്പ് പേടിച്ചു. ജീവന് വേണ്ടി പ്രാര്‍ത്ഥിച്ചു.
അപ്പോഴാണ് നിറഞ്ഞുനില്ക്കുന്ന വെള്ളപ്പരപ്പിലൂടെ കുറുമ്പനാന ഒഴുകിവരുന്നത്. ആനയുടെ തുമ്പികൈയും തലയുടെ ചിലഭാഗങ്ങളും മാത്രമേ വെള്ളത്തിന്റെ മുകള്പ്പരപ്പിലുള്ളു. വെളളപ്പൊക്കം അത്രയും രൂക്ഷമാണ്. കുതിച്ചൊഴുകുന്ന വെള്ളത്തിലൂടെ കുറുമ്പനാന ചാഞ്ഞും ചരിഞ്ഞും ഒഴുകി ഞാവല്‍ മരത്തിനരികെയെത്തി തട്ടിനിന്നു. ഒഴുക്കിനെ പ്രതിരോധിക്കാന്‍ പാടുപെടുന്നതിനിടയില്‍ മരത്തിന്റെ ചില്ലയില്‍ പേടിച്ചരണ്ടിരിക്കുന്ന കുഞ്ഞുറുമ്പിനെ അവന് കണ്ടു.
‘കുഞ്ഞുറുമ്പിനെ രക്ഷിക്കണം’ എന്ന ചിന്ത കുറുമ്പനാനയെ അലട്ടി. അവന് തുമ്പികൈകൊണ്ട് മരച്ചില്ല മെല്ലെ അനക്കി. കുലുങ്ങുന്ന മരച്ചില്ലയില്‍ നിന്ന് പിടിവിട്ട് കുഞ്ഞുറുമ്പ് കുറുമ്പനാനയുടെ പുറത്തേക്ക് വീണു. തന്റെ കുഞ്ഞിക്കാലുകള്‍ കൊണ്ട് കുഞ്ഞുറുമ്പ് കുറുമ്പനാനയുടെ പുറത്ത് മുറുകെ പിടിച്ചു.
ഒഴുക്കിനെതിരെ നീന്തി ഒരുവിധം കുറുമ്പനാന കരയിലെത്തി. അവന്റെ തുമ്പികൈയിലൂടെ ഊര്‍ന്ന് കുഞ്ഞുറുമ്പ് നിലത്തിറങ്ങി. തന്നെ രക്ഷിച്ചതിലുള്ള നന്ദി കുഞ്ഞുറുമ്പ് കുറുമ്പനാനയോട് പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെട്ടതില്‍ രണ്ടുപേരും സന്തോഷിച്ചു.
സിന്ധു സുജിത്കുമാര്‍, ദോഹ