അന്നം
അവധിക്കാലം ഏറ്റവും ആഹ്ലാദകരവും വര്ണ്ണപ്പകിട്ടുമാക്കാന് എന്നും ആഗ്രഹിച്ചിട്ടുണ്ട്. അങ്ങനെ ഒരു അവധിക്കാല ദിനം. ബാംഗ്ലൂര്‍ എന്ന മഹാനഗരത്തിലൂടെ ഒരുയാത്ര അനിവാര്യമായിരുന്നു. നേരം വൈകിയതുകൊണ്ട് നഗരത്തില്‍ നിന്ന് അല്പംമാറി ഹോട്ടലില്‍ മുറിയെടുത്തു. അപരിചിതത്വം രാത്രിയില്‍ ഭീതി ജനിപ്പിച്ചുവെങ്കിലും വന്നകാര്യങ്ങള്‍ എത്രയും പെട്ടെന്ന് ചെയ്ത് തീർത്ത് മടങ്ങി പോകാനുള്ള വെമ്പലായിരുന്നു മനസ്സുമുഴുവന്‍.
രാവിലെ ഏതാണ്ട് 8 മണിയോടടുത്തപ്പോള്‍ വാതിലിലാരോമുട്ടുന്ന ശബ്ദം. 10 വയസ്സ് തോന്നിക്കുന്ന ഒരാണ്‍കുട്ടി വാതില്ക്കല് നില്ക്കുന്നു. അവന്റെ കൈയില്‍ ഒരുചെറിയ ബക്കറ്റും ഒരു തുണിക്കഷ്ണവും ഉണ്ടായിരുന്നു. എന്തെങ്കിലും പറയുന്നതിനുമുമ്പ് തന്നെ അവന് മുറിക്കുള്ളിലേക്ക് കയറി. മുറിയിലുണ്ടായിരുന്ന മാലിന്യങ്ങളെല്ലാം നീക്കി മുറിവൃത്തിയാക്കി. പിന്നീട് അവന് ശുചിമുറിയിലേക്ക് കടന്നു. കൈയിലുണ്ടായിരുന്ന ബക്കറ്റുംതുണിയും ഉപയോഗിച്ച് കക്കൂസ് നന്നായി കഴുകി. അവന് ആ ജോലി തുടരുമ്പോള്‍ എന്റെ മനസ്സ് അരുത് എന്ന് വിലക്കിക്കൊണ്ടിരുന്നു. ആ കുഞ്ഞികൈകള്‍കൊണ്ട് കക്കൂസ് കഴുകുമ്പോള്‍ ഞാന്‍ അവനെ തടഞ്ഞു. എങ്കിലും അവനത് കൂട്ടാക്കിയില്ല. ജോലികഴിഞ്ഞ് പൈപ്പിലെ വെള്ളത്തില്‍ കൈകഴുകി നിക്കറില്‍ തുടച്ച് ചിരിച്ചുകൊണ്ട് മുമ്പില്‍ വന്ന് നിന്നു. ആ മുഖത്തെ നിഷ്കളങ്കത എന്നെ നോവിച്ചു…
പേഴ്സില്‍ നിന്ന് നോട്ടെടുത്ത് അവന്റെ നേര്‍ക്ക് നീട്ടി. വേണ്ട എന്ന ഭാവത്തില്‍ അവന് തലകുലുക്കി. എന്തെങ്കിലും ഭക്ഷണം കൊടുക്കാന്‍ ആഗ്യംകാണിച്ചു. അവനുമൊന്നിച്ച് അടുത്ത ഹോട്ടലില്‍ പോയി. മസാലദോശ വാങ്ങി ആ കൈകളില്‍ കൊടുത്തു. അപ്പോഴുണ്ടായ അവന്റെ സന്തോഷം ഞാന്‍ കണ്ടു. കഴിക്കുന്നതിനുമുമ്പ് കൈ ഒന്നുകൂടി കഴുകൂ എന്ന് ഞാന്‍ പറഞ്ഞത് അവന് മനസ്സിലായില്ല എന്ന് തോന്നി. അവന് പെട്ടെന്ന് തന്നെ ഭക്ഷണം കഴിച്ചുതീര്‍ത്ത് നടന്നുനീങ്ങി. ഞാന്‍ അവനെ പുറകില്‍ നിന്ന്വിളിച്ചു. അവന് തിരിഞ്ഞു നോക്കി നിന്നു. അടുത്തേക്ക് ചെന്ന് അവനുവേണ്ടി കരുതിയ നോട്ട് ഏല്‍പ്പിക്കാന്‍ ശ്രമിച്ചു. ജോലി ചെയ്യുമ്പോള്‍ കൈയുറ ഇടണമെന്ന് ആ കുഞ്ഞിനെ മനസ്സിലാക്കിക്കാന്‍ നോക്കി. പൈസ നിരസിച്ചുകൊണ്ട് ചിരിക്കുന്ന മുഖവുമായി അവന് തിരിഞ്ഞു നടന്നു. സ്വാര്ത്ഥതകളോ അത്യാഗ്രഹങ്ങളോ ഇല്ലാതെ അന്നത്തിനു വേണ്ടിയുള്ള ആയാത്ര കണ്മറയുവോളം ഞാന്‍ നോക്കിനിന്നു.
ജിഷ ജേക്കബ്, കുവൈറ്റ്