പരസ്യത്തിൻെറ രഹസ്യം

ലയാളം മിഷൻെറ ക്ലാസിനായി ഒത്തുകൂടിയതാണ് എല്ലാവരും. ക്ലാസെടുക്കാനുള്ള ജയശ്രീ ടീച്ചർ ട്രാഫിക് ജാമിൽ കുടുങ്ങിയിട്ട് അരമണിക്കൂറായി. റോഡിലെന്തോ അപകടം നടന്നിരിക്കുന്നു. എത്താൻ ഇനിയും കുറച്ചുകൂടി സമയമെടുക്കുമെന്ന് ജോൺസൺ ചേട്ടൻ വിളിച്ചു പറഞ്ഞു.

ഒത്തു കൂടിയവരിൽ സഞ്ജീവ് പറഞ്ഞു. ഞാൻ ഒരു പരീക്ഷണം നടത്തിയതിൻെറ അനുഭവം പറയാം. ഓ… എല്ലാവരും ഒത്തു മൂളി. ഞങ്ങൾ ബീച്ചിൽ പോയപ്പോൾ കുറച്ചു കക്കകൾ പെറുക്കിയിരുന്നു. നല്ല ഭംഗിയുള്ള കക്കകൾ. അതു വച്ച് ചില രൂപങ്ങൾ ഉണ്ടാക്കുമ്പോഴാണ് ടിവിയിൽ ഒരു പരസ്യം കണ്ടത്. ടൂത്ത് പേസ്റ്റിൻെറ പരസ്യം. ഒരുപോലുള്ള രണ്ടു കക്കകൾ എടുക്കുന്നു. ഒന്നിൽ മാത്രം അല്പം ടൂത്ത് പേസ്റ്റ് തേച്ചു പിടിപ്പിക്കുന്നു. പിന്നിട് രണ്ടും വെള്ളത്തിൽ കഴുകിയെടുക്കുന്നു. തുടർന്ന് ചെറിയ ചുറ്റിക കൊണ്ട് രണ്ടും അടിച്ച് പൊട്ടിക്കുന്നു. പേസ്റ്റ് തേച്ചു പിടിപ്പിച്ചത് പൊട്ടുന്നില്ല. ഇതാണ് പരസ്യം.

ഞാൻ വേഗം ശുചിമുറിയിൽ പോയി പേസ്റ്റ് എടുത്തു. പക്ഷേ അത് ആ കമ്പനിയുടെ ആയിരുന്നില്ല. എന്തായാലും ഉള്ളത് വച്ച് പരീക്ഷണം നടത്തി. പേസ്റ്റ് തേച്ചതും തേക്കാത്തതും ഒരു പേലെ പൊട്ടിപ്പോയി.
അപ്പോഴാണ് ഇത് മറ്റൊരു കമ്പനിയുടെതാണല്ലോ എന്ന് ഓർത്തത്. ഞാൻ അപ്പോൾ തന്നെ പപ്പയോട് പറഞ്ഞ് അതേ കമ്പനിയുടെ ടൂത്ത് പോസ്റ്റ് വാങ്ങിച്ചു. പരീക്ഷണം ആവർത്തിച്ചു.

എല്ലാവരും ആകാംക്ഷയോടെ സഞ്ജീവിനെ നോക്കിയിരിക്കുകയാണ്. അവൻ കഥ തുടരാതെ അല്പ നേരം നിർത്തി.
ഗ്ലാഡിസ് ചോദിച്ചു പിന്നെ എന്തുണ്ടായി വേഗം പറ.
നിങ്ങളാരെങ്കിലും ഈ പരസ്യം കണ്ടിട്ടുണ്ടോ?
രണ്ടു പേരൊഴികെ എല്ലാവരും കൈ ഉയർത്തി.
ആരെങ്കിലും ഇത് പരീക്ഷിച്ച് നോക്കിയിട്ടുണ്ടോ?
ആരും കൈ ഉയർത്തിയില്ല.

അപ്പോഴേക്കും ഒരു കാർ പുറത്ത് വന്നു നിന്നു. ജയശ്രീ ചേച്ചി ഓടി കിതച്ച് എത്തി. വൈകിയത് തൻെറ കുറ്റം കൊണ്ടല്ലെങ്കിലും കുട്ടികളോട് ക്ഷമ ചോദിച്ചു. എല്ലാവരും ഇത്രയും ശ്രദ്ധയോടെ ഇരിക്കുന്നതു കണ്ടപ്പോൾ എന്താണ് നടന്നതെന്ന് ചോദിച്ചു.
ഗ്ലാഡിസാണ് ഉണ്ടായ സംഭവം വിവരിച്ചത്. പക്ഷേ പുതിയ പേസ്റ്റ് ഉപയോഗിച്ച് എന്തുണ്ടായി എന്നു പറഞ്ഞില്ല.
സഞ്ജീവിന് നന്ദി. ഇന്ന് നമുക്ക് പരസ്യങ്ങളെ കുറിച്ച് ചർച്ചയാവാം.
പരസ്യങ്ങൾ നിയന്ത്രിക്കുന്നതിന് ഓരോ രാജ്യത്തും ധാരാളം നിയമങ്ങൾ ഉണ്ടായിരിക്കും. തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റായ വിവരങ്ങൾ നൽകുന്നതുമായ പരസ്യങ്ങൾ പാടില്ലെന്നാണ് നിയമം. എന്നിട്ടും പലതും നമ്മെ തെറ്റിദ്ധരിപ്പിക്കുന്നു.

നൗഷിജ എഴുന്നേറ്റ് നിന്ന് പറഞ്ഞു.
പപ്പ ഒരു പരസ്യ കമ്പനിയിലാണ് ജോലിചെയ്യുന്നത്. അവർ അതിനടിയിൽ ചെറിയ അക്ഷരങ്ങളിൽ ഇതൊന്നും ശരിയല്ല എന്ന് എഴുതി വയ്ക്കാറുണ്ടെത്രെ. പക്ഷേ അത് നമുക്ക് വായിക്കാനൊന്നും സമയം കിട്ടാറില്ല.
ഒരു നല്ല ഭാഷാ പ്രവർത്തനമാണ് പരസ്യ നിർമ്മാണം. കുറഞ്ഞ വാക്കുകളിൽ കൂടുതൽ ആശയങ്ങൾ മനസ്സിൽ തട്ടുന്ന തരത്തിൽ അവതരിപ്പിക്കാനുള്ള കഴിവ്. അതുകൊണ്ടാണ് പരസ്യങ്ങൾ നമ്മുടെ മനസ്സിൽ തങ്ങുന്നത്. നമുക്കും അതുപോലുള്ള ഒരു പ്രവർത്തനമാവാം. ജയശ്രി ടീച്ചർ പറഞ്ഞു.
നമുക്ക് അത്യാവശ്യമില്ലാത്ത ഏതെങ്കിലും ഒരു വസ്തുവിൻെറ പരസ്യം നിർമ്മിക്കണം. അത് വായിക്കുമ്പോൾ, കേൾക്കുമ്പോൾ ഓരോരുത്തർക്കും വേണമെന്ന തോന്നലുണ്ടാവണം. അതാണ് ഇന്നത്തെ തുടക്ക പ്രവർത്തനം.

നൗഷിജ വീണ്ടും എഴുന്നേറ്റ് നിന്ന് ചോദിച്ചു. പരസ്യം ടി.വി.യിൽ എങ്ങനെ കാണും എന്ന് എഴുതിയാലും പോരെ.
ടീച്ചർ സന്തോഷത്തോടെ കൈയ്യടിച്ചു. പരസ്യത്തിൻെറ തിരക്കഥയും എഴുതാലോ!
അത്യാവശ്യമില്ലാത്ത സാധനങ്ങളൊന്നും തന്നെ കിട്ടുന്നില്ല. ഗായത്രി സങ്കടപ്പെട്ടു.
പഴയകാല വീട്ടുപകരണങ്ങൾ ആവാം നിലവിൽ ഉപയോഗത്തിലില്ലാത്തവ.
ഉരൽ , ആട്ടുകല്ല്, അമ്മിക്കല്ല് എന്നിവ. എല്ലാവരും പരസ്യം തയ്യാറാക്കാനുള്ള ശ്രമത്തിലാണ്.
എന്താ തയ്യാറല്ലേ.

മികച്ച പരസ്യങ്ങൾ പൂക്കാലത്തിലേക്ക് അയക്കാൻ മറക്കരുത്.

 

 

പി. രാധാകൃഷ്ണൻ ആലുവീട്ടിൽ

0 Comments

Leave a Comment

FOLLOW US