രാധാകൃഷ്ണൻ മാഷ് ക്ലാസിൽ വന്നാൽ മാത്രമേ ചില മുഖത്തെ ചിരിക്ക് ജീവനുണ്ടാകാറുള്ളൂ… മാഷ് വന്നയുടൻ അനിലും രാഹുലും പരസ്പരം രഹസ്യം പറയുന്നുണ്ടായിരുന്നു മാഷ് അടുത്തെത്തി.
പിടിവലികൾ നടത്തിക്കഴിഞ്ഞതിന്റെ ക്ഷീണം ബാധിച്ച നോട്ട് ബുക്ക് മാഷ് ആവശ്യപ്പെട്ടപ്പോൾ കൊടുക്കാൻ ആവേശം രാഹുലിനായിരുന്നു.
തലേ ദിവസം മാഷേൽപിച്ച പ്രവർത്തനം സുഹൃത്ത് ഭംഗിയായി ചെയ്തതിന്റെയായിരുന്നു അത് എന്ന് മാഷ് തിരിച്ചറിഞ്ഞു.
‘മക്കളേ….’
മാഷ് വായന തുടങ്ങി: പതിവുപോലെത്തന്നെ ഭാവാത്മകമായി
രൂപാന്തരണം
—————
‘കാവൽ നിൽക്കാൻ തുടങ്ങിയിട്ട് ഏറെ നേരമായി. അമ്മയ്ക്കിനിയും വരാറായില്ലേ…?’ ഓരോ തവണയും എത്തിനോക്കിയിട്ട് ആ ചോദ്യം അപ്പു തന്നോടു തന്നെ ചോദിച്ചു. പ്രാർഥിക്കുന്നത് എന്താണെന്ന് അപ്പുനറിയാം.
അപ്പൂനെക്കുറിച്ചു തന്നെ.
ഇനി ഓട്ടമാണ് ഒന്നിനും നേരമില്ലാതെ… ജോലിക്ക് പോകാറായിരിക്കുന്നു. ഇടയ്ക്കിടെ അപ്പു വാച്ചിലേക്ക് നോക്കുന്നുണ്ടായിരുന്നു.
ഇങ്ങനെ പ്രാർഥിച്ചു പ്രാർഥിച്ചു തന്റെ ജീവിതം സുഖപ്പെടുത്തുന്ന നേരം ആ മാറാത്ത കാലുവേദന മാറാൻ വേണ്ടി ഒന്ന് പ്രാർഥിച്ചൂടേ ആവോ……
മുന്നോട്ടു പോക്കിന്റെ വഴികളിലത്രയും അമ്മ ഒരുക്കിത്തന്ന ഒതുക്കുപടികളിലൂടെയാണ് അപ്പു സഞ്ചരിച്ചത് ‘അപ്പുവിനൊപ്പം കയറാൻ അമ്മയ്ക്ക് വയ്യ എന്നതിനാൽ താഴെ നിന്ന് അവന്റെ യാത്ര അമ്മ നോക്കി നിന്നു.
തിരിച്ചു വന്ന അപ്പുവിന് അമ്മയുടെ ശീലങ്ങളോട് പുച്ഛമായി. നെയിൽ പോളിഷിടാത്ത കൈവിരലുകളും കൊലുസിടാത്ത കാലുകളും സ്റ്റിഫ്‌നസില്ലാത്ത സാരിയും മടുപ്പുളവാക്കി.
അച്ഛനില്ലാത്ത വളർച്ചയിൽ മകന്റെ ഉയർച്ച മാത്രമായിരുന്നു അമ്മയുടെ ലക്ഷ്യം. അവനെ അതിലേക്കടുപ്പിക്കുമ്പോഴെല്ലാം അമ്മ തന്നെ മറന്നു പോയിരുന്നു. നിറങ്ങളില്ലാത്ത ലോകത്ത് മകന് വേണ്ടി നിറങ്ങളൊരുക്കി അവൾ തളർന്നു പോയിരുന്നു. ഉദ്യോഗത്തിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ തനിക്കു വേണ്ടി അവർക്ക് ഒന്നും കരുതാനില്ലായിരുന്നു: ഇനിയും അവന് വേണ്ടിത്തന്നെ.
കാലത്തിന്റെ കുത്തൊഴുക്കിന് എല്ലാറ്റിനെയും കുത്തിയൊലിച്ചുകൊണ്ടു പോകാൻ കഴിയുമല്ലോ….
വിശ്രമമില്ലാത്ത ജീവിതമേൽപിക്കുന്ന തിരക്കുകൾക്കിടയിൽ ചിന്തകൾക്ക് ചേക്കേറാൻ നേരം കിട്ടാറില്ലായിരുന്നു.
തന്നെ കുറിച്ചുള്ള പ്രാർഥന മതി എന്ന മകന്റെ പരസ്യ പ്രസ്താവന അമ്മയെ ഒരു പടി കൂടി താഴെയിറക്കി.
അന്നാദ്യമായി മകന്റെ പ്രാർഥന എന്താണെന്ന് ആ അമ്മ ഒന്ന് ശ്രദ്ധിച്ചു.
‘ഈശ്വരാ… ബാധ്യതകളില്ലാതെയാകണേ…’
‘ഇനി കേൾക്കേണ്ട…’
‘താൻ ഒരു ബാധ്യതയാകുമോ?’
മനസ്സിൽ പ്രാരബ്ധം മറച്ചു പിടിച്ച ഭൂതകാല ചിത്രത്തിന്റെ ഏടുകൾ നെടുവീർപ്പിന്റെ കാറ്റേറ്റു ഓരോന്നായി മറഞ്ഞു കൊണ്ടിരുന്നു. ഭൂതകാല സംസ്കാരത്തിന്റെ താളുകൾ വ്യക്തമായി അമ്മയ്ക്ക് വായിക്കാനെന്നവണ്ണം വ്യക്തമായി… തിരക്കുകൾക്കിടയിൽ മകനെ പഠിപ്പിക്കാൻ മറന്ന മൂല്യബോധത്തിന്റെ ഏടുകളിലെ അക്ഷരങ്ങൾക്ക് നിറം മങ്ങിയിരുന്നു.
മാഷ് വായന നിറുത്തിയതും വല്ലാത്ത നിശ്ശബ്ദത ക്ലാസിനകത്ത് തളം കെട്ടി നിന്നു.
നിശ്ശബ്ദതക്കൊടുവിൽ മാഷ് തുടർന്നു.
‘അമ്മയെയും ഭാഷയെയും നമ്മുടെ സംസ്കാര പാരമ്പര്യത്തേയും മറന്നു തുടങ്ങിയിരിക്കുന്ന ഒരു തലമുറ ഇവിടെ രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു. കാരണങ്ങൾ ഏറെയാണ്. ന്യായീകരണങ്ങളുണ്ട്. കുടുംബ ബന്ധക്രമത്തിൽ വന്ന മാറ്റം, ആഗോളവത്കരണം, സാങ്കേതികവിദ്യാ വികാസം അങ്ങനെ അങ്ങനെ ഒട്ടനവധി വിഷയങ്ങളുണ്ട്. ഇവിടെ നിന്നും നമുക്കൊരു കഥ രൂപപ്പെടുത്തിയാലോ. ഒന്നു ശ്രമിച്ചു നോക്കൂ…’
-ഗീത മഠത്തിൽ