കവിത രചിച്ചുപഠിക്കാം – കവിതയിലെ പ്രഭാതങ്ങൾ
(കേൾക്കുവാനായി താഴെ ക്ലിക്ക് ചെയ്യുക)

 

വിതാ രചനയുടെ എത്ര പടവുകൾ കയറി. വൈലോപ്പിളളി പ്രഭാതത്തെ ആവിഷ്കരിച്ചത് ആസ്വദിച്ചില്ലേ? കാക്ക എന്ന കവിതയിൽ മറ്റൊരു രീതിയിലാണ് അദ്ദേഹം പ്രഭാതത്തെ ചിത്രീകരിക്കുന്നത്.

പൊന്നു പുലരിയുണർന്നെണീറ്റു
ചെന്നു കിഴക്കു തീ പൂട്ടിടുമ്പോൾ
കാളുന്ന വാനത്തുനാളികേര-
പ്പൂളൊന്നു വാടിക്കിടന്നിടുമ്പോൾ
മുത്തൊക്കുമത്താഴവറ്റുവാനിൻ
മുറ്റത്തു ചിന്നിയടിഞ്ഞിടുമ്പോൾ

എന്നാണ്.
നോക്കൂ, കാക്കയ്ക്ക് തീപ്പൂട്ടലും നാളികേരപ്പൂളും അത്താഴവറ്റും എത്ര പ്രധാനമാണ്. പ്രഭാതത്തെ ധാരാളം കവികൾ വ്യത്യസ്ത രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്.

ഇരുട്ടെങ്ങു പോയ്
എങ്ങു പോയ്
പായയെല്ലാം ചുരുട്ടുന്നു
ചുറ്റും വെളിച്ചം വെളിച്ചം

എന്ന് എം.എൻ.പാലൂർ.

പ്രിയതമേ പ്രഭാതമേ
വിരിഞ്ഞു നിന്നെ നോക്കിടുന്ന
പൂവുകൾക്കു ദാരശോഭ
ചൊരിയുവാനൊരുങ്ങി
വരും വൈഭവ പ്രവാഹമേ

എന്ന് അയ്യപ്പപ്പണിക്കർ.

മഞ്ഞത്തെച്ചിപ്പൂങ്കുല പോലെ
മഞ്ജിമ വിടരും പുലർകാലേ

എന്ന് ചങ്ങമ്പുഴ.

പ്രഭാതം എന്നു ചിന്തിക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് പ്രകാശമല്ലേ? ഇരുട്ടിന്റെ മറകൾക്കും മലകൾക്കുമപ്പുറത്തു നിന്ന് എത്തി നോക്കുന്ന ചുവന്നു തുടുത്ത സൂര്യബിംബം. കരിക്കുവെട്ടുമ്പോൾ ചീറ്റിത്തെറിക്കുന്ന വെള്ളമെന്ന് പി.കുഞ്ഞിരാമൻ നായർ ഇതിനെ ദർശിക്കുന്നുണ്ട്. നമുക്കും സ്വന്തമായി, സ്വതന്ത്രമായി, ലളിതമായി പ്രഭാതത്തെ അവതരിപ്പിക്കാം. പ്രഭാതം വന്നു എന്നത് ഒരു കുട്ടി എഴുതിയത് പ്രഭാതം വിരിഞ്ഞു എന്നാണ്. വിരിഞ്ഞു എന്നു പറയുമ്പോൾ പ്രഭാതം ഒരു പൂവായി മാറുന്നു. അപ്പോൾ പൂ വിരിഞ്ഞു എന്നത് എന്താകും. പൂ ചിരിച്ചു എന്നാണ് ഒരു കുട്ടി എഴുതിയത്.

പ്രഭാതത്തിലെ കാഴ്ചകൾ രസകരമായി ആവിഷ്കരിക്കാം. മഞ്ഞു തുള്ളികൾ ഇലകളിൽ പറ്റിപ്പിടിച്ചു നിൽക്കുന്നതും പുൽക്കൊടിത്തുമ്പിലെ മഞ്ഞുകണങ്ങളിൽ സൂര്യപ്രകാശം തട്ടുമ്പോൾ മാണിക്യക്കല്ലുകളായിത്തീരുന്നതും കിളികൾ ചിലച്ചു പറക്കുന്നതും അങ്ങനെ എത്രയെത്ര കാഴ്ചകൾ. പൂക്കളോടും ശലഭങ്ങളോടുമൊപ്പം പത്രക്കാർ, പാൽക്കാർ, വിദ്യാലയത്തിലേക്കു പോകുന്ന കുട്ടികൾ, തൊഴിൽ ചെയ്യാൻ പോകുന്നവർ, ഇരമ്പിപ്പായുന്ന വാഹനങ്ങൾ, ഉണരുന്ന തെരുവ്… ഒന്നെഴുതി നോക്കൂ, കാവ്യാത്മകമായി. പ്രഭാതം നമ്മുടെ വാക്കുകളിൽ, വരികളിൽ ജീവൻ തുടിച്ചുണരട്ടെ.

എഴുതുമ്പോൾ പദ്യരൂപത്തിൽ മാത്രം എഴുതണമെന്നില്ല. ഗദ്യത്തിലും കവിതയെഴുതാം. നോക്കൂ. പ്രഭാതം കണ്ട ഒരു കവിഭാവന.

മണ്ണുമൂടിയ ഒരു സ്വർണവിത്ത് കാറ്റടിച്ച് പൊടി പാറിയപ്പോൾ പ്രത്യക്ഷമാകുന്നുണ്ട് കിഴക്കു ദിക്കിൽ.
ഇരുട്ടിന്റെ കൂട്ടിൽ നിന്നും ഒരു ചുവന്ന പക്ഷി പറന്നു വന്നു മുനിഞ്ഞിരിക്കുന്നുണ്ട് കിഴക്കു ദിക്കിൽ.
ആഴിയിൽ മുങ്ങി കെടാതെ കിടന്ന ഒരു അൽഭുത കനൽക്കട്ട പൊങ്ങി വരുന്നുണ്ട് കിഴക്കു ദിക്കിൽ.
കറുത്ത വലിയ സ്ലേറ്റിൽ വെളുത്ത ചോക്കുകൊണ്ടെഴുതിയ ഒരു അക്ഷരം മിന്നിത്തിളങ്ങുന്നുണ്ട് കിഴക്കു ദിക്കിൽ.

ആട്ടെ, നിങ്ങളുടെ അതുല്യമായ ഭാവന ചിറകുവിടർത്തട്ടെ.

 

എടപ്പാൾ സി.സുബ്രഹ്മണ്യൻ

0 Comments

Leave a Comment

FOLLOW US