വരവേൽക്കാം വലയ സൂര്യഗ്രഹണത്തെ

ഈ ഡിസംബർ 26-ന് ആകാശത്തൊരു വിസ്മയക്കാഴ്ചയുണ്ട്. അതെ, വലയ സൂര്യഗ്രഹണം തന്നെ. ഒരു മനുഷ്യായുസ്സിൽ അപൂർവ്വമായി മാത്രം കാണാൻ സാധിക്കുന്ന ഒരാകാശ വിസ്മയമാണത്. അതുകൊണ്ടു തന്നെ വലയ സൂര്യഗ്രഹണം നിരീക്ഷിക്കാനും സൂര്യനെക്കുറിച്ച് കൂടുതൽ അറിയാനും ഉള്ള ഈ അവസരം ആരും പാഴാക്കല്ലേ.

സൂര്യഗ്രഹണം – എന്തെല്ലാം കഥകൾ!

ഭൂമിയും ചന്ദ്രനും സൂര്യനും കൃത്യം ഒരു നേർരേഖയിൽ വരുമ്പോൾ ചന്ദ്രബിംബം സൂര്യബിംബത്തെ മറയ്ക്കും. അപ്പോഴാണ് സൂര്യഗ്രഹണം ഉണ്ടാവുന്നത്. എന്നാൽ ശാസ്ത്രസാങ്കേതിക വിദ്യകളൊന്നും വികസിക്കാതിരുന്ന ഒരു കാലത്ത് കത്തിജ്വലിച്ചു നിന്ന സൂര്യൻ പട്ടാപ്പകൽ പെട്ടെന്നങ്ങ് മറയുകയും അന്ധകാരം പരക്കുകയും ചെയ്തപ്പോൾ ആദിമ മനുഷ്യർ വല്ലാതെ ഭയപ്പെടുകയും അവരവരുടെ ഭാവനയ്ക്കനുസരിച്ച് പല കഥകളും മെനഞ്ഞുണ്ടാക്കുകയും ചെയ്തു. രാഹു, കേതു എന്നീ സർപ്പങ്ങൾ സൂര്യനെ വിഴുങ്ങുന്നതാണ് സൂര്യഗ്രഹണം എന്ന പുരാണകഥയ്ക്കാണ് ഇന്ത്യയിൽ പ്രചാരം കൂടുതൽ. അതല്ല സ്വർഭാനു എന്ന അസുരൻ മന്ത്രം ചൊല്ലി സൂര്യന്റെ തേജസ്സ് കെടുത്തുമ്പോൾ അത്രി മഹർഷി വന്ന് മന്ത്രം ചൊല്ലി സ്വർഭാനുവിനെ നിർവ്വീര്യനാക്കി സൂര്യനെ രക്ഷിക്കുന്നു എന്നാണ് മറ്റൊരു കഥ. ഇങ്ങനെ രസകരമായ പല കഥകളും സങ്കല്പങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട് കേട്ടോ. സൂര്യഗ്രഹണ സമയത്ത് സൂര്യനെ വിഴുങ്ങുന്നത് ഒരു വ്യാളിയാണെന്ന് ചൈനക്കാരും ഒരു ഭീമൻ തവളയാണെന്ന് വിയറ്റ്നാംകാരും ഒരു ഭീമൻ കരടിയാണെന്ന് അമേരിക്കയിലെ പോമോ ഗോത്രവർഗ്ഗക്കാരും അതല്ല ഭീമൻ പക്ഷിയാണെന്ന് ഹംഗറിക്കാരും വിശ്വസിച്ചുപോന്നു. സൂര്യചന്ദ്രന്മാർ തമ്മിലുള്ള യുദ്ധമായും സൂര്യന്റെ പിണങ്ങിപ്പോവലായും സൂര്യനിലെ തീ കെട്ടുപോവുന്നതായുമൊക്കെ സൂര്യഗ്രഹണത്തെ സങ്കല്പിച്ചവരുമുണ്ട്!

അന്ധവിശ്വാസങ്ങൾ വേണ്ടേ വേണ്ട

എന്നാൽ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മനുഷ്യൻ ചന്ദ്രനിലും ചൊവ്വയിലുമൊക്കെ കുടിയേറാൻ ഒരുങ്ങുകയും പാർക്കർ പോലുള്ള സൗരപര്യവേക്ഷണ പേടകങ്ങൾ സൗര രഹസ്യങ്ങൾ ചുരുൾ നിവർത്തുകയും ചെയ്യുന്ന ഇക്കാലത്തും ഗ്രഹണവുമായി ബന്ധപ്പെട്ട പല അന്ധവിശ്വാസങ്ങളും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട് എന്നത് ലജ്ജാകരമാണ്. ഗ്രഹണമെന്നത് ഏതോ വലിയ ആപത്തു വരുന്നതിന്റെ സൂചനയാണ്, ആ സമയത്തു പുറത്തിറങ്ങാതെ വാതിലുകളടച്ച് വീട്ടിൽ ഇരിക്കണം, കിണറുകൾ മൂടിയിട്ടില്ലെങ്കിൽ വെള്ളം അശുദ്ധമാവും, ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കരുത്, വെള്ളം കുടിക്കരുത്, ആ സമയത്ത് മാരകമായ വികിരണങ്ങൾ ഭൂമിയിലേക്കെത്തും, അന്തരീക്ഷത്തിൽ രോഗാണുക്കൾ പെരുകും എന്നിങ്ങനെ നീളുകയാണ് അന്ധവിശ്വാസങ്ങളുടെയും അബദ്ധ ധാരണകളുടെയും പട്ടിക. പകൽ അല്പനേരത്തേക്ക് സൂര്യൻ മറയുന്നതിന് എന്തൊക്കെ പുകിലുകളാണ് അന്ധവിശ്വാസികൾ കാട്ടിക്കൂട്ടുന്നത്! അന്ധവിശ്വാസങ്ങളും അബദ്ധ ധാരണകളും തുടച്ചു നീക്കാനും സമൂഹത്തിൽ ശാസ്ത്രബോധം വളർത്താനുമുള്ള ഒരവസരമായി വലയ സൂര്യഗ്രഹണത്തെ പ്രയോജനപ്പെടുത്താൻ നമുക്ക് കഴിയണം.

ഗ്രഹണം ഉണ്ടാവുന്നതിങ്ങനെ

ഭൂമി സൂര്യനു ചുറ്റും ചന്ദ്രൻ ഭൂമിക്കു ചുറ്റും പരിക്രമണം നടത്തിക്കൊണ്ടിരിക്കുകയാണല്ലോ. അതിനിടയിൽ ഭൂമിയും ചന്ദ്രനും സൂര്യനും ഒരു നേർരേഖയിൽ അതായത് ഭൂമിക്കും സൂര്യനും ഇടയിൽ ചന്ദ്രൻ വരുമ്പോൾ മാത്രമാണ് സൂര്യഗ്രഹണം ഉണ്ടാവുന്നത്. സൂര്യനെക്കാൾ ചെറിയ ചന്ദ്രന് എങ്ങനെയാണ് സൂര്യനെ മറയ്ക്കാൻ കഴിയുക എന്നാണോ സംശയം. ഭൂമിയിൽ നിന്നു ചന്ദ്രനിലേക്കുള്ള ദൂരവും സൂര്യനിലേക്കുള്ള ദൂരവും തമ്മിൽ വലിയ വ്യത്യാസമുള്ളതുകൊണ്ടു തന്നെ ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യനും ചന്ദ്രനും ഒരേ വലിപ്പമായാണ് നമുക്കു തോന്നുക. ചന്ദ്രബിംബം സൂര്യബിംബത്തെ അങ്ങു മറയ്ക്കുമ്പോൾ ചന്ദ്രന്റെ നിഴൽ ഭൂമിയിൽ പതിക്കും. ഭൂമിയിൽ ഈ നിഴലിന്റെ തീവ്രത കൂടിയ മദ്ധ്യഭാഗം പതിക്കുന്നതെവിടെയാണോ അവിടെ പൂർണ്ണ സൂര്യഗ്രഹണവും നിഴലിന്റെ തീവ്രത കുറഞ്ഞ ബഹിർഭാഗമായ ഉപച്ഛായ പതിക്കുന്ന ഇടങ്ങളിൽ ഭാഗിക സൂര്യഗ്രഹണവും എതിർച്ഛായ പതിക്കുന്ന ഇടങ്ങളിൽ വലയ സൂര്യഗ്രഹണവും ദൃശ്യമാവും. ചന്ദ്രന്റെ വലിപ്പം ഭൂമിയെക്കാൾ കുറവായതുകൊണ്ടാണ് സൂര്യഗ്രഹണ സമയത്ത് ഭൂമിയിൽ എല്ലായിടത്തും ചന്ദ്രന്റെ നിഴൽ പതിയാത്തത്.

എല്ലാ അമാവാസിയിലും സൂര്യഗ്രഹണമില്ല

അമാവാസി ദിവസങ്ങളിലാണ് സൂര്യഗ്രഹണം ഉണ്ടാവുന്നത്. എന്നാൽ എല്ലാ അമാവാസി നാളിലും ഗ്രഹണം സംഭവിക്കുന്നില്ലല്ലോ എന്ന സംശയമുണ്ടാവും പലർക്കും. ഇതിനു കാരണമുണ്ട്. ഭൂമിയുടെ സൂര്യനു ചുറ്റുമുള്ള പരിക്രമണ പഥവും ചന്ദ്രന്റെ ഭൂമിക്കു ചുറ്റുമുള്ള പരിക്രമണ പഥവും തമ്മിൽ ഏതാണ്ട് അഞ്ച് ഡിഗ്രിയുടെ ഒരു ചെരിവുണ്ട്. അതുകൊണ്ട് എല്ലാ അമാവാസിയിലും സൂര്യനും ചന്ദ്രനും ഭൂമിയും ഒരു നേർ രേഖയിൽ വരില്ല. ഭൂമിയും ചന്ദ്രനും സൂര്യനും ഒരു നേർരേഖയിൽ വരുന്ന അമാവാസിയിൽ മാത്രമേ സൂര്യഗ്രഹണം സംഭവിക്കൂ.

സൂര്യൻ ഒരു വലയം പോലെ!

ഈ ഡിസംബർ 26-ന് വലയ സൂര്യഗ്രഹണമാണല്ലോ. എന്നു വച്ചാൽ ഗ്രഹണ സമയത്ത് സൂര്യൻ ഒരു വള പോലെ, അല്ലെങ്കിൽ ഒരു വലയം പോലെയാണ് ദൃശ്യമാവുക. എങ്ങനെയാണീ വലയ സൂര്യഗ്രഹണം സംഭവിക്കുന്നതെന്നാണോ സംശയം? ദീർഘവൃത്താകൃതിയുള്ള സഞ്ചാരപാതയിലൂടെയാണല്ലോ ചന്ദ്രൻ ഭൂമിയെ ചുറ്റുന്നത്. ഈ പരിക്രമണത്തിനിടയിൽ ചന്ദ്രൻ ചിലപ്പോൾ ഭൂമിയോട് ഏറ്റവും അടുത്തായിരിക്കും. ചിലപ്പോൾ ഭൂമിയിൽ നിന്നും ഏറ്റവും അകലെയും. ചന്ദ്രൻ ഭൂമിയിൽ നിന്നും ഏറെ അകലെ ആയിരിക്കുന്ന സമയത്ത് ചന്ദ്രബിംബത്തിന്റെ വലിപ്പം സൂര്യബിംബത്തെ അപേക്ഷിച്ച് അല്പം ചെറുതായിട്ടാണ് നമുക്കനുഭവപ്പെടുക. ആ സമയത്ത് ചന്ദ്രന് സൂര്യനെ പൂർണ്ണമായും മറയ്ക്കാൻ സാധിക്കില്ല. അപ്പോൾ സൂര്യൻ ഒരു വലയ രൂപത്തിലാണ് ദൃശ്യമാവുക. കേരളത്തിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ വടക്കൻ ജില്ലകളിൽ വലയ സൂര്യഗ്രഹണവും മറ്റു ജില്ലകളിൽ ഭാഗിക സൂര്യഗ്രഹണവുമാണ് ദൃശ്യമാവുക. രാവിലെ ഏതാണ്ട് എട്ടുമണിയോടെ തുടങ്ങുന്ന ഗ്രഹണം 11 മണിയോടെ കഴിയും. രാവിലെ 9.25 മുതലുള്ള ഏതാനും മിനിട്ടുകളാണ് കേരളത്തിലെ വടക്കൻ ജില്ലകളിൽ വലയസൂര്യഗ്രഹണം അതിന്റെ പൂർണ്ണതയിൽ ദൃശ്യമാവുക,

സുരക്ഷിതമായി നിരീക്ഷിക്കാം

സൂര്യഗ്രഹണം സുരക്ഷിതമായിത്തന്നെ നിരീക്ഷിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ഗ്രഹണ സമയത്തും അല്ലാത്തപ്പോഴും സൂര്യനെ നേരിട്ടു നോക്കുന്നത് കണ്ണിന് അപകടകരമാണ്. അതുകൊണ്ട് സൂര്യഗ്രഹണം നിരീക്ഷിക്കാനായി പ്രത്യേകം തയ്യാറാക്കിയ, സോളാർ ഫിൽറ്ററുകൾ ഉള്ള സൗരക്കണ്ണട ഉപയോഗിക്കണം. അതും ഏതാനും സെക്കന്റുകൾ മാത്രമേ തുടർച്ചയായി നോക്കാവൂ. ടെലിസ്കോപ്പിലൂടെയോ എക്സ്റേ ഫിലിമിലൂടെയോ കൂളിങ് ഗ്ലാസ്സിലൂടെയോ ഒന്നും സൂര്യഗ്രഹണം നിരീക്ഷിക്കരുത്. സൗര പ്രൊജക്റ്ററുകൾ ഉപയോഗിച്ച് സൂര്യബിംബത്തെ ഒരു ചുവരിൽ പതിപ്പിച്ച് അത് നിരീക്ഷിക്കുന്നതും സുരക്ഷിതമാണ്.

അസുലഭ അവസരം

സൗരരഹസ്യങ്ങൾ ചുരുൾ നിവർത്താനുള്ള അപൂർവ്വ അവസരമായാണ് ശാസ്ത്രലോകം സൂര്യഗ്രഹണത്തെ കാണുന്നത്. സൂര്യന്റെ ബാഹ്യ അന്തരീക്ഷ പാളിയായ കൊറോണയെക്കുറിച്ചു പഠിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണത്. 1868-ലെ ഒരു സമ്പൂർണ്ണ സൂര്യഗ്രഹണ സമയത്ത് സൗര സ്പെക്ട്രം നിരീക്ഷിച്ചു നടത്തിയ പഠനങ്ങളാണ് ഹീലിയം എന്നൊരു മൂലകം ഉണ്ടെന്ന് തിരിച്ചറിയാൻ സഹായിച്ചതും അതിന്റെ കണ്ടെത്തലിലേക്ക് നയിച്ചതും. അതുപോലെ ആൽബർട്ട് എൻസ്റ്റൈന്റെ പൊതു ആപേക്ഷികതാ സിദ്ധാന്തത്തിനു തെളിവു ലഭിച്ചതും 1919 ലെ ഒരു സമ്പൂർണ്ണ സൂര്യഗ്രഹണത്തിൽ നിന്നായിരുന്നു. ഇതുപോലെ എത്രയോ വിലപ്പെട്ട കണ്ടെത്തലുകൾക്കുള്ള അവസരമാണ് ഓരോ സൂര്യഗ്രഹണവും.

 

സീമ ശ്രീലയം അധ്യാപിക, ശാസ്ത്ര എഴുത്തുകാരി

0 Comments

Leave a Comment

FOLLOW US