ഭാഷാ വ്യവഹാരരൂപങ്ങളുടെ ക്ലാസ്സ്റൂം വിനിമയ സാധ്യതകള്‍

മലയാളം മിഷന്‍ പരിശീലന പരിപാടികളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ് കുട്ടി ഭാഷപഠിക്കുന്നത് എന്തിനാണ് എന്നത്. ചര്‍ച്ചകള്‍ക്കൊടുവില്‍ അധ്യാപകര്‍ ഉത്തരം കണ്ടെത്തുന്നത് വ്യത്യസ്തരൂപത്തില്‍ നിത്യജീവിതത്തില്‍ പ്രയോഗിക്കുന്നതിനു വേണ്ടിയാണ് ഭാഷ പഠിക്കുന്നത് എന്നതാണ്. ഇത് എങ്ങനെയാണ് സാധ്യമാവുന്നത്. സംഭാഷണം, ചര്‍ച്ച, കത്ത്, കഥ, കവിത, കുറിപ്പ് തുടങ്ങി നിരവധിയായ രൂപങ്ങളിലൂടെയാണ് ഇത് സാധ്യമാവുന്നത്? ഈ രൂപങ്ങളെ പൊതുവെ ‘ഭാഷാവ്യവഹാരരൂപങ്ങള്‍’ എന്ന് വിളിക്കാം. ഓരോ കാലത്തെയും നിത്യജീവിതത്തിലെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് വ്യവഹാര രൂപങ്ങള്‍ ഉടലെടുക്കുന്നത്. ഉദാഹരണമായി സമകാലിക സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ ഏറെ കാണുന്ന ഒരു ആശയ വിനിമയ രൂപമാണ് ‘ട്രോളുകള്‍’. വാസ്തവത്തില്‍ ഏറ്റവും ആധുനികമായ സമൂഹ മാധ്യമ ഭാഷാ വ്യവഹാരരൂപങ്ങളില്‍ ഒന്നായി ഇതിനെ കണക്കാക്കാം.

ആശയവിനിമയത്തിന് ഉപയോഗിക്കുന്ന മാധ്യമമെന്ന നിലയില്‍ വ്യവഹാരരൂപത്തിന്‍റെ ഘടനയും സ്വാഭാവവും നിര്‍ണ്ണയിക്കാവുതാണ്. കൈമാറാനുള്ള ആശയത്തിന്‍റെ സ്വഭാവം, വിനിമയ സാധ്യതകള്‍, സാമൂഹിക സന്ദര്‍ഭം, വിനിമയംചെയ്യപ്പെടുന്ന കാലഘട്ടത്തിലെ ജനങ്ങളുടെ ഭാഷ, ശാസ്ത്രസാങ്കേതിക വിദ്യകളുടെയും ദൃശ്യശ്രാവ്യ മാധ്യമങ്ങളുടേയും സ്വാധീനം തുടങ്ങിയവയൊക്കെ തന്നെ നവംനവങ്ങളായ വ്യവഹാരരൂപങ്ങള്‍ രൂപംകൊള്ളുന്നതിനും നിലവിലുള്ളവയുടെ ഘടനയും രീതിയും പുതുക്കുന്നതിനും നല്ല പങ്കുവഹിക്കുന്നു. പഴയകാലത്തെ ‘വിളംബരം’ ഇന്ന് പരസ്യം, നോട്ടീസ്, പോസ്റ്റര്‍, ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് പോസ്റ്റുകള്‍, ട്വിറ്റര്‍ തുടങ്ങിയ രൂപങ്ങളിലേക്ക് കാലികമായ പരിണാമം സംഭവിച്ചു.

നമ്മുടെ പഠനകേന്ദ്രങ്ങളില്‍ ഇത്തരം വ്യവഹാരരൂപങ്ങള്‍ നിത്യജീവിതത്തില്‍ പ്രയോഗിക്കാനുള്ള കഴിവ് പ്രവര്‍ത്തനങ്ങളിലൂടെ ഉണ്ടാക്കിയെടുക്കേണ്ടതാണ്. അധ്യാപികയുടെ ഭാവനയ്ക്കും ഉയര്‍ന്ന ചിന്തക്കും അനുസരിച്ച് വ്യത്യസ്തങ്ങളായ വ്യവഹാരരൂപങ്ങള്‍ കണ്ടെത്താന്‍ കഴിയും. സാഹിത്യരൂപങ്ങള്‍ക്ക് ഒപ്പം തന്നെ സാമാന്യമായ വ്യവഹാര രൂപങ്ങള്‍ക്കും പുതിയ പാഠ്യപദ്ധതിയില്‍ ഏറെ പ്രാധാന്യമുണ്ട്.

അധ്യാപിക ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് പഠിതാവിന്‍റെ പ്രായം, താല്‍പ്പര്യങ്ങള്‍, ഭാഷാപരമായ വികാരത്തിന്‍റെ തലം, പ്രായോഗിക ജീവിതത്തിലെ ആവശ്യങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ്. ഇത് പരിചയപ്പെടുത്താനും പ്രയോഗിക്കാനുമുള്ള അവസരങ്ങള്‍ ഉണ്ടാക്കിയെടുക്കലാണ് അധ്യാപിക നേരിടുന്ന വെല്ലുവിളി. ഭാഷാവ്യവഹാരരൂപങ്ങളുടെ തുടര്‍ച്ചയായ സ്വീകരണത്തിലൂടെയും പ്രയോഗത്തിലുടെയും പഠിതാവിന്‍റെ ഭാഷാപരമായ കഴിവുകള്‍ അനുദിനം വികസിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

സേതുമാധവന്‍.എം, രജിസ്ട്രാര്‍, മലയാളം മിഷൻ

 

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content