ഏടിറങ്ങി…

ഒന്നിനും വേണ്ടിയല്ലേട്ടന്‍റെ, പുസ്തക-
ത്താളിലൊരാനയെ ഞാന്‍ വരച്ചു.

കൊമ്പുള്ള, വമ്പുള്ള, തുമ്പിക്കൈ നീണ്ടുള്ള
ആനവയറന്‍ കുറുമ്പനാന.

രണ്ടു ചെവിയും വരച്ചു ഞാനെങ്കിലും
കണ്ണുകള്‍ നല്‍കാന്‍ കഴിഞ്ഞതില്ല.

ഒന്നു തിരിഞ്ഞതേയുള്ളതിന്‍ മുമ്പവന്‍
ഏടിറങ്ങിപ്പോയി കൂട്ടുകാരേ…

ഏടിറങ്ങീ കൊമ്പന്‍ തൊടിയിറങ്ങി,
തൊടിയിറങ്ങീ പിന്നെ പടിയിറങ്ങി…

പടിയിറങ്ങിപ്പോയ വമ്പനെ കണ്ടെങ്കില്‍
വന്നു പറയണേ നാട്ടുകാരേ…

കൊട്ടിലു തീര്‍ത്തു തളയ്ക്കുവാനല്ലെടോ
കണ്ണുകള്‍ രണ്ടും കൊടുത്തിടേണ്ടേ…?

ഇല്ലെങ്കില്‍ പാവം വിശന്നു മുന്നില്‍ കണ്ട-
തൊക്കെയും തിന്നാല്‍ കുഴപ്പമല്ലേ…!

അല്ലെങ്കില്‍ പാവം കിണറ്റിലോ തോട്ടിലോ
ചെന്നു പടിഞ്ഞാല്‍ കടുപ്പമല്ലേ….

– എം.വി. മോഹനന്‍

തുടർപ്രവർത്തനം

കണ്ണുകൾ ലഭിക്കുന്നതിന് മുമ്പ് ഏടിൽ നിന്നും ഇറങ്ങിപ്പോയ ആന നാട്ടിൽ എന്തെല്ലാം വിക്രിയകൾ കാണിച്ചിരിക്കാം? എന്തെല്ലാം കുഴപ്പങ്ങങ്ങളിൽ ചെന്ന് ചാടിയിരിക്കാം? നമുക്കീ ആനക്കഥ ഒന്നെഴുതി നോക്കാം. അല്ലേ, കൂട്ടുകാരെ…

0 Comments

Leave a Comment

FOLLOW US