ആമ്പല്‍ പാഠാസൂത്രണം

പ്രിയപ്പെട്ട അധ്യാപക സുഹൃത്തുക്കളേ,

പാഠാസൂത്രണ മാതൃക തുടരുന്നു. ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി സമ്പുഷ്ടമാക്കുമല്ലോ. അധ്യാപികയുടെ വിലയിരുത്തല്‍ പേജ് പ്രത്യേകം എഴുതി സൂക്ഷിക്കണം (തീയതി സഹിതം ഒരു പുസ്തകത്തിലാവുന്നതാണ് നല്ലത്. നിരന്തര മൂല്യനിര്‍ണയത്തിന് ഏറ്റവുമധികം പ്രയോജനപ്പെടുന്നതാണിത്). ആമ്പല്‍ കൈപുസ്തകത്തിലെ 12-ാം പേജില്‍ പഠനപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ എന്ന ഭാഗം മനസിരുത്തിക്കൊണ്ടുവേണം അധ്യാപിക ക്ലാസ് മുറിയില്‍ പ്രവേശിക്കേണ്ടത്. ഓരോ ക്ലാസിന് ശേഷവും കുട്ടികളേറ്റെടുക്കേണ്ടുന്ന തുടര്‍പ്രവര്‍ത്തനം അധ്യാപികയ്ക്ക് തീരുമാനിക്കാം. ഇത് ഒരു ഗൃഹപാഠത്തിന്‍റെ നിര്‍ബന്ധിതാവസ്ഥയിലേക്ക് മാറേണ്ടതില്ല. ഇത്തവണ ക്ലാസില്‍ ലഘു ഉപന്യാസം, പ്രസംഗം എന്നീ വ്യവഹാര രൂപങ്ങള്‍ കുട്ടികളോടൊത്തു ചെയ്യുന്നതിന്‍റെ പാഠാസൂത്രണമാണ് നല്‍കുന്നത്. ഇക്കാര്യങ്ങളില്‍ മുന്‍പരിചയമുള്ള കുട്ടികള്‍ ധാരാളമുണ്ടാകാം. അവര്‍ക്ക് ആശയപരമായ വ്യക്തത വരുത്തുന്നതിന് ഊന്നല്‍ നല്‍കണം. തല്‍ക്ഷണപ്രസംഗത്തിന് ഒരു നിശ്ചിത സമയം അനുവദിക്കുന്നതാണ് നല്ലത്. ഈ പ്രവര്‍ത്തനങ്ങള്‍ രണ്ട് മണിക്കൂറില്‍ ഒതുക്കാന്‍ നിര്‍ബന്ധം പിടിക്കേണ്ടതില്ല. തുടര്‍ച്ചകളില്‍ സമയക്ലിപ്തത ആലോചിക്കാവുന്നതാണ്.

എം.ടി. ശശി ഭാഷാധ്യാപകന്‍, മലയാളം മിഷന്‍

 

 

 

 

 

 

 

അധ്യാപികയുടെ പേര് :
സമയം : 2 മണിക്കൂര്‍
യൂണിറ്റ് : ഒന്നല്ലേ ചോര
പാഠഭാഗം : പൊലിക… പൊലിക…

ആശയപരമായ സവിശേഷതകള്‍

കഴിഞ്ഞ ക്ലാസുകളില്‍നിന്ന് കേരളീയ ഭൂതകാലത്തെക്കുറിച്ച്, ജീവിക്കാനായി നടന്ന ജനമുന്നേറ്റങ്ങളെക്കുറിച്ച് ചില മനോഭാവങ്ങള്‍ കുട്ടികളില്‍ രൂപപ്പെട്ടിട്ടുണ്ട്.

ഭാഷാപരമായ സവിശേഷതകള്‍/പഠന നേട്ടങ്ങള്‍

  • ഒരു വിഷയത്തിലൂന്നി സംഘങ്ങളില്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതിനും പൊതുവായ ധാരണകളില്‍ എത്തിച്ചേരുന്നതിനും.
  • വിവരണങ്ങള്‍ വായിച്ച് ആശയം ഗ്രഹിക്കുന്നതിന്.
  • സ്വന്തമായ ശൈലിയില്‍ പ്രസംഗം, ഉപന്യാസം എന്നിവ തയാറാക്കുന്നതിന്.

പഠനസഹായികള്‍

  1. ‘പൊലിക പൊലിക’യുടെ ഓഡിയോ.
  2. ലേഖനങ്ങളുടെ പകര്‍പ്പുകള്‍, പുസ്തകങ്ങള്‍
  3. ഗ്രന്ഥകാരന്മാരുടെ പടങ്ങള്‍
  4. പ്രസംഗങ്ങളുടെ ഓഡിയോ
  5. പ്രാസംഗികരുടെ പടങ്ങള്‍

അധ്യാപിക നമസ്കാരം പറഞ്ഞുകൊണ്ട് ക്ലാസില്‍ കടന്നുവരുന്നു. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം ‘പൊലിക… പൊലിക…’ പാഠഭാഗം ഒന്നോരണ്ടോ കുട്ടികളെക്കൊണ്ട് ചൊല്ലിക്കുന്നു (ഈ സമയമാകുമ്പോഴേക്കും കുട്ടികള്‍ കാണാതെ പഠിച്ചിട്ടുണ്ടാകും. അല്ലാത്തപക്ഷം ടീച്ചര്‍ ചൊല്ലുകയോ, ഓഡിയോ കേള്‍പ്പിക്കുകയോ ചെയ്യാം).

അധ്യാപിക: നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള കേരളത്തിലെ സാമൂഹിക ജീവിതത്തെക്കുറിച്ച് നമ്മള്‍ കുറേ കാര്യങ്ങള്‍ മനസ്സിലാക്കിയല്ലോ? എന്തൊക്കെയായിരുന്നു അത്?
കുട്ടികള്‍ പല ഉത്തരങ്ങളും പറയുന്നു. ഇത് ഒരു ചര്‍ച്ചയിലേക്ക് മാറണം. ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിമുഖത കാണിക്കുന്നവരെ ലഘുവിവരണങ്ങള്‍ നല്‍കി അധ്യാപികതന്നെ സജീവമാക്കണം. ചര്‍ച്ചകള്‍ ക്രോഡീകരിക്കാന്‍ കുട്ടികള്‍ക്കുതന്നെ അവസരം നല്‍കണം. അവര്‍ നോട്ടുബുക്കില്‍ കുറിക്കട്ടെ. കുറിപ്പില്‍ കടന്നുവരുന്ന കാര്യങ്ങള്‍ അധ്യാപിക പൊതുശ്രദ്ധയില്‍ കൊണ്ടുവരണം.

ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍:

കേരള സമൂഹത്തില്‍ അക്കാലത്ത് നിലനിന്നിരുന്ന വിവേചനങ്ങള്‍, അസമത്വങ്ങള്‍.
ജീവിതത്തിലെ സവിശേഷതകള്‍.
അതിനെതിരായി നടന്ന സമരങ്ങള്‍……

ഇത്തരം ആശയങ്ങളില്‍ കുട്ടികള്‍ എത്തിച്ചേരും. തുടര്‍ന്ന് ഈ ആശയങ്ങള്‍ ഉള്‍പ്പെടുത്തി ലഘു ഉപന്യാസം എഴുതാന്‍ കുട്ടികളോട് ആവശ്യപ്പെടാം (അധ്യാപിക കൊണ്ടുവന്നിട്ടുള്ള ലഘു ലേഖനങ്ങളെ സംബന്ധിച്ച് കുട്ടികള്‍ക്ക് വിശദീകരണം നല്‍കാം. ലേഖനകര്‍ത്താക്കളുടെ പടങ്ങള്‍ കാണിക്കാം. ഉപന്യാസത്തിന്‍റെ ഘടന നിര്‍ണ്ണയിക്കുന്നതിന് ഉദാഹരണമായി നല്‍കുന്ന ലേഖനങ്ങള്‍ കുട്ടികളെ സഹായിക്കാനുതകണം.

ആവശ്യമായ സമയം അനുവദിക്കുക. കുട്ടികളുടെ സംശയങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുക.

കുട്ടികള്‍ എഴുതി തീര്‍ന്നതിന് ശേഷം എല്ലാ സൃഷ്ടികളും വായിക്കാന്‍ അവസരം നല്‍കുക. മറ്റ് കുട്ടികളോട് ഓരോ അവതരണത്തിലും തിരുത്തലുകള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുവാന്‍ നിര്‍ദേശിക്കാം. ആരോഗ്യകരമായ ഒരു ചര്‍ച്ചയാണ് നടക്കേണ്ടത്. ഭാവനയുടെ ഏറ്റക്കുറച്ചിലൊക്കെ ഉണ്ടാകാമെങ്കിലും പൊതുവെ അധ്യാപിക നല്‍കിയ ആശയം, ലഘു ഉപന്യാസത്തിന്‍റെ ഘടന, ഭാഷ എന്നിവ വന്നിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. എല്ലാവരെയും അഭിനന്ദിക്കണം.

എഴുതിക്കഴിഞ്ഞ ഉപന്യാസത്തിലെ ആശയങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പ്രസംഗിക്കാന്‍ കഴിയുന്നവര്‍ക്ക് അവസരം നല്‍കുക. അതിനായി പ്രസംഗത്തിന്‍റെ ഓഡിയോ/വിഡീയോ കേള്‍പ്പിക്കാം. ചില പ്രമുഖ പ്രാസംഗികരുടെ പടം കാണിക്കാം. എല്ലാവരും തയാറാകണമെന്നില്ല. തയാറായവര്‍ക്ക് അവസരം നല്‍കാം. മറ്റുള്ളവര്‍ക്ക് ഇനി ഒരുങ്ങാനാവശ്യമായ പ്രോത്സാഹനം നല്‍കുക. പ്രസംഗവും ലഘു ഉപന്യാസവും മൂല്യനിര്‍ണയം നടത്തേണ്ടതില്ല. ഇനി വരുന്ന അവസരങ്ങളില്‍ മെച്ചപ്പെടുത്തി പ്രയോഗിക്കുന്നതിനായി ഫയല്‍ ചെയ്യേണ്ടതാണ്. പഠനസഹായിയായി കൊണ്ടുവന്ന ഏതെങ്കിലും പ്രസംഗം കേള്‍പ്പിച്ച് ക്ലാസ് അവസാനിപ്പിക്കാം.

അധ്യാപികയുടെ ക്ലാസ് വിലയിരുത്തല്‍

   മികച്ച പ്രകടനം കാഴ്ച വെച്ചവര്‍:
ശരാശരി പ്രകടനം കാഴ്ച വെച്ചവര്‍:
ശരാശരിക്ക് താഴെ പ്രകടനം കാഴ്ച വെച്ചവര്‍:

ആമ്പല്‍ പാഠാസൂത്രണം – 3: pdf

 

0 Comments

Leave a Comment

FOLLOW US